
ശ്രീമതി.വിജയരാജമല്ലിക കുസാറ്റ് വായനവാര ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുന്നു
കൊച്ചി: 'കാഴ്ച അല്ല, കാഴ്ച്ചപ്പാടുകളാണ് നമുക്ക് വായന നൽകുന്നത്', എഴുത്തുകാരി ശ്രീമതി.വിജയരാജമല്ലിക കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) വായനാവാരം ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. 'വായന നമ്മെ പലരീതിയിൽ സ്വാധീനിക്കും. എന്നാൽ ഈ സത്യാനന്തരകാലത്ത് വായനയിൽ എത്രമാത്രം സത്യത്തിന്റെ കണികകളുണ്ട് എന്നു കൂടി നാം ശ്രദ്ധിക്കണം' എന്നുകൂടി അവർ കൂട്ടിച്ചേർത്തു.
കുസാറ്റ് രജിസ്ട്രാർ ഡോ. അരുൺ എ.യു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുസാറ്റ് ഓഡിറ്റ് ഓഫീസർ ശ്രീ. റാഷി മക്കാർ, കുസാറ്റ് ഇൻസ്ട്രുമെന്റേഷൻ വകുപ്പ് അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ ശ്രീ. എസ് ശിവകുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ജൂൺ 25 ന് എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീ. സുനിൽ പി ഇളയിടം സമാപന ചടങ്ങിൽ മുഖ്യാതിഥിയാകും. വിവിധ രചനാമത്സരങ്ങൾ, പ്രസംഗമത്സരങ്ങൾ, കവിതാരചന , പുസ്തക പ്രദർശനം എന്നിവ വായനവാരത്തിൽ സംഘടിപ്പിക്കും.








