
തിരുവൻവണ്ടൂർ: നോമ്പാചരണത്തിലൂടെ ലോകത്തിലെ തിന്മകളെ അതിജീവിച്ച് നന്മയിലേക്ക് വളരുകയും ആത്മീയ പുതുക്കലിലൂടെ ജീവന്റെ രൂപാന്തരത്തിലേക്ക് ഉയരുകയും ചെയ്യണമെന്ന് കുറിയാക്കോസ് മോർ സേവേറിയോസ് പറഞ്ഞു. മലങ്കര സുറിയാനി ക്നാനായ സമുദായം കല്ലിശ്ശേരി മേഖല വനിതാ സംഗമം തിരുവൻവണ്ടൂർ സെന്റ് മേരീസ് ക്നാനായ പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നോമ്പുകാലം ആത്മപരിശോധനയ്ക്കും പ്രലോഭനങ്ങളെ അതിജീവിച്ച് വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നതിനുമുള്ള അനുഗ്രഹീതമായ അവസരമാണെന്ന് അദ്ദേഹം പറഞ്ഞു. ആത്മീയ ജീവിതത്തിൽ സ്ത്രീകളുടെ പങ്ക് നിർണായകമാണെന്നും കുടുംബത്തിലും സമൂഹത്തിലും വിശ്വാസ മൂല്യങ്ങൾ നിലനിർത്തുന്നതിൽ വനിതകൾ മുൻപന്തിയിൽ നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വനിതാ സമാജം കല്ലിശ്ശേരി മേഖല പ്രസിഡണ്ട് ഫാ. ജേക്കബ് തുരുത്തിക്കോണം അധ്യക്ഷത വഹിച്ചു. വനിതാബോധിനി ചീഫ് എഡിറ്റർ സീന എബ്രഹാം മുഖ്യ സന്ദേശം നൽകി.
വികാരി ജനറൽ ഫാ. വി. ഐ. ഏബ്രഹാം ഇളയശ്ശേരിൽ, ഫാ. ഡോ. തോമസ് ഏബ്രഹാം മലേശ്ശേരിൽ, വത്സമ്മ ജേക്കബ്, ഡെയ്സി ചാക്കോ, ജിഷാ മാത്യു, സാലമ്മ ഏബ്രഹാം, മോനച്ചൻ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
വിവിധ കലാമത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനവും നടത്തി.











