
ദി റിയൽ കേരള സ്റ്റോറി
കേരളം നമ്പർ വൺ ആണ്. അതിപ്പോൾ ആരോഗ്യരംഗത്തായാലും വിദ്യാഭ്യാസരംഗത്തായാലും അടിസ്ഥാന സൗകര്യവികസനത്തിന്റെ കാര്യത്തിലായാലും കേരളം എപ്പോഴും ഒന്നാമതുതന്നെ. 2015 മേയ് 26 മുതലാണ് ഈ അഭൂതപൂർവ്വമായ വളർച്ചയിലേക്ക് നാം നടന്നുതുടങ്ങിയത്. ഇന്ന് വികസനക്കുതിപ്പ് അതിന്റെ പാരമ്യത്തിൽ നിൽക്കുമ്പോൾ കേരളത്തിന് അവകാശപ്പെടാൻ നേട്ടങ്ങളുടെ പട്ടിക മാത്രം. വ്യവസായ സൗഹൃദാന്തരീക്ഷം മുതൽ ശാസ്ത്ര, സാങ്കേതികഗവേഷണ രംഗത്ത് കൈവരിച്ചുകൊണ്ടിരിക്കുന്ന കുതിച്ചുചാട്ടംവരെ കേരളത്തിന് മാത്രം സ്വന്തം.
ഇടതുപക്ഷസർക്കാരും അതിന്റെ പാർശ്വവർത്തികളായി നിലകൊള്ളുന്നവരും കഴിഞ്ഞ കുറച്ചുനാളുകളായി വിളമ്പിക്കൊണ്ടിരിക്കുന്ന അല്ലെങ്കിൽ സൃഷ്ടിച്ചുവെച്ചിരിക്കുന്ന അവകാശവാദം ഇങ്ങിനൊക്കെയാണ്. എന്നാൽ ഈ അവകാശവാദങ്ങളിൽ പലതും യാഥാർത്ഥ്യത്തോട് നീതിപുലർത്തുന്നതല്ല.
മേൽപ്പറഞ്ഞ വസ്തുകളിൽ അല്ലെങ്കിൽ അവകാശപ്പെടുന്ന കണക്കുകളിൽ ചിലതൊക്കെ ശരിയാണെന്ന് അംഗീകരിക്കുമ്പോഴും, ബഹുഭൂരിപക്ഷവും കണക്കിന്റെ കളികളും പി.ആർ. ഏജൻസികളിലൂടെ സൃഷ്ടിച്ചെടുത്തതും മാത്രമാണ്. അതുകൊണ്ടാണല്ലോ ജനങ്ങളുടെ ന്യായമായ ഏതൊരവകാശവും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നിരാകരിക്കപ്പെടുന്ന സമകാലികസാഹചര്യം സംജാതമായത്. ക്ഷേമപെൻഷനിൽ ഒരുകാരണവശാലും കുടിശ്ശിക വരുത്തില്ലെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറിയത്. 2011-16 കാലത്തെ ഉമ്മൻചാണ്ടി സർക്കാരിന്റെ ഏറ്റവും വലിയ വീഴ്ചയായി ഇടതുപക്ഷം വിലയിരുത്തിയത് ക്ഷേമപെൻഷനുകൾ സമയബദ്ധിതമായി കൊടുത്തുതീർപ്പാക്കിയില്ല എന്നതായിരുന്നു. അന്ന് ഉമ്മൻചാണ്ടി സർക്കാരിനെ കണക്കറ്റ് വിമർശിക്കുകയും പരിഹസിക്കുകയും ചെയ്ത അന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ മുഖ്യമന്ത്രി ആയപ്പോൾ ജനം ഏറെ പ്രതീക്ഷയും പ്രത്യാശയും വെച്ചുപുലർത്തി. പക്ഷേ, ആദ്യനാളുകളിൽ കണ്ട ശൂരത്വം പിന്നീട് ഏട്ടിലൊതുങ്ങി എന്നത് ചരിത്രം.
ഒന്നും രണ്ടും പ്രളയങ്ങളും തുടർന്നുവന്ന കൊവിഡ് മഹാമാരിയും തീർത്ത പ്രതിസന്ധിയുടെ പേരിൽ കാലം കഴിച്ചുകൂട്ടിയ പിണറായി വിജയൻ സർക്കാരിന് പിന്നീട് പറയാനുണ്ടായിരുന്നത് കേന്ദ്രസർക്കാരിന്റെ നിരന്തരമായ അവഗണനയും ജി.എസ്.ടി. സമ്പ്രദായത്തിലൂടെ വന്നുഭവിച്ച ധനക്കമ്മിയുടെ കണക്കുമാണ്. 2017 ൽ ജി.എസ്.ടി. നടപ്പാക്കിയപ്പോൾ കേരളത്തിനത് ഗുണകരമാണ് ്എന്നവകാശപ്പെട്ട അന്നത്തെ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പിന്നീട് മലക്കം മറിഞ്ഞത് ചരിത്രം. എന്തുതന്നെ ആയാലും രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഏറ്റവും വലിയ പരിവേദനം ജി.എസ്.ടി. നടപ്പാക്കിയതിലൂടെ വന്നുചേർന്ന നികുതി ഇടിവും കേന്ദ്രത്തിന്റെ നിരന്തരമായ സാമ്പത്തിക ബുദ്ധിമുട്ടിക്കലുമാണ്. എന്നാൽ കണക്കുകളുടെ പട്ടികയിലൂടെ സഞ്ചരിച്ചാൽ സർക്കാർ മുന്നോട്ടുവെയ്ക്കുന്ന വാദങ്ങൾ പലതും കേവലന്യായീകരണങ്ങൾ മാത്രമാണെന്ന് ബോദ്ധ്യമാകും.
സംസ്ഥാനത്തിന് ലഭ്യമാകേണ്ട കേന്ദ്രവിഹിതം ഗണ്യമായി കുറയുന്നു അല്ലെങ്കിൽ കുറയ്ക്കുന്നു എന്ന് പരിവേദനം വിളമ്പുമ്പോൾ നാം ഓർക്കേണ്ട ഒരുകാര്യം സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രവിഹിതം തീരുമാനിക്കുന്നത് ഭരണഘടനാ ബോഡിയായ കേന്ദ്ര ധനക്കമ്മീഷനാണ് എന്നതാണ്. അവിടെ കേന്ദ്രസർക്കാരിന് പ്രത്യേകിച്ച് റോളൊന്നുമില്ല. ഓരോ സംസ്ഥാനങ്ങളുടേയും വരവുചെലവ് കണക്കുകളും പദ്ധതി നിർവ്വഹണത്തിലെ കാര്യക്ഷമതയും വിലയിരുത്തിയാണ് കമ്മീഷൻ തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. പിന്നെ കേന്ദ്രത്തിന് ചെയ്യാവുന്ന കാര്യം സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി സംബന്ധിച്ചാണ്. ബജറ്റിന് മുകളിലൂടെ പണം കണ്ടെത്താൻ വേണ്ടി തോമസ്ഐസക്കിന്റെ ഭാവനയിൽ ഉരുത്തിരിഞ്ഞ കിഫ്ബി വഴിഎടുക്കുന്ന കടവും സംസ്ഥാനത്തിന്റെ പൊതുകടമായി പരിഗണിക്കേണ്ടിവരും എന്നത് കേന്ദ്രം കൈക്കൊണ്ട നീതിയുക്തമായ തീരുമാനമാണ് എന്നാണ് ധനകാര്യവിദഗ്ദ്ധർ വിലയിരുത്തുന്നത്. എന്നാലിത് അംഗീകരിക്കാൻ തയ്യാറാകാത്ത സംസ്ഥാനം ഇനിയെത്രനാൾ തൊട്ടതിനും പിടിച്ചതിനുമെല്ലാം കടമെടുത്ത് മുന്നോട്ടുപോകും എന്ന പൊതുജനങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകുന്നില്ല.
2023-24 സാമ്പത്തികവർഷം, ഇന്ത്യയിലും കേരളത്തിലുമുള്ള തൊഴിലിലും മൊത്ത സംയോജിത മൂല്യത്തിലുമുള്ള വിവിധ മേഖലകളുടെ വിഹിതത്തിന്റെ കണക്ക് പരിശോധിച്ചാൽ കേരളം എവിടെയാണ് മുന്നേറുന്നത്, എവിടെയാണ് പിന്നാക്കം നിൽക്കുന്നത് എന്ന് ബോദ്ധ്യമാകും.
മേൽപ്പറഞ്ഞ കണക്കുകൾ നിയമസഭയുടെ മേശപ്പുറത്ത് വെച്ചുകൊണ്ട് (സാമ്പത്തിക സർവ്വേറിപ്പോർട്ട്) ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞത് ഇങ്ങിനെയായിരുന്നു - സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരുന്നത്. എന്നാൽ ഗുരുതരമായ അവസ്ഥ നാം തരണം ചെയ്തു. ഇനി നാം കടക്കുന്നത് കുതിച്ചുചാട്ടത്തിന്റെ പാതയിലേക്കാണ് (ഇതൊന്നും മാധ്യമങ്ങൾ വളച്ചൊടിച്ചതല്ല, സഭാരേഖകളിൽ എല്ലാം വ്യക്തം). പക്ഷേ, എല്ലാം മറികടന്നെന്ന് പറയുമ്പോഴും സംസ്ഥാനത്ത് കോരന് ഇപ്പോഴും കഞ്ഞി കുമ്പിളിൽ തന്നെ എന്നതാണ് വസ്തുത.
സാമ്പത്തികമായി ക്ലേശപ്പെടുന്നവർക്ക് ലഭ്യമാക്കിയിരുന്ന ക്ഷേമപെൻഷൻ ഇപ്പോഴും മാസങ്ങളുടെ കുടിശിക ഇട്ടുതന്നെയാണ് വിതരണം ചെയ്യുന്നത്. കാലാകാലങ്ങളിൽ പെൻഷൻ ഇനത്തിൽ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന വർദ്ധനവൊക്കെ ഇപ്പോഴും പ്രഖ്യാപനങ്ങളിൽ മാത്രമാണ്. പഞ്ചായത്ത് വാർഡുതലത്തിൽ ആരോഗ്യപ്രവർത്തകരായി നിലകൊള്ളുന്ന ആശാവർക്കർമാരുടെ സ്ഥിതി അതിദയനീയമാണ്. തുച്ഛമായ വേതനത്തിന് പണിയെടുക്കുന്ന ആശമാരുടെ ന്യായമായ ആവശ്യങ്ങൾ (ശമ്പളം 21,000 രൂപ, അഞ്ചുലക്ഷം രൂപയുടെ പെൻഷൻ ആനുകൂല്യം) പോലും പരിഗണിക്കാൻ സർക്കാരിന് സാധിക്കുന്നില്ല. എല്ലാത്തിനും കാരണം കേന്ദ്രഫണ്ട് ലഭ്യമാകാത്തതാണത്രേ. ഒടുവിൽ കേന്ദ്രം കേരളത്തിന് അഞ്ച് നയാപൈസ കൊടുക്കാൻ ബാക്കിയില്ലെന്ന് പറഞ്ഞതോടെ ഇതര മുട്ടാപ്പോക്കുകൾ പറഞ്ഞുള്ള തർക്കമായി. ഫലത്തിൽ ആശമാരുടെ അവസ്ഥ ഇപ്പോഴും പരിതാപകരമായി തുടരുന്നു (2025 മാർച്ച് 20 വരെയുള്ള സ്ഥിതി).
സംസ്ഥാനത്ത് പൊതുമേഖലയിൽ നിയമനങ്ങൾ നടക്കുന്നതേയില്ല (അപ്രഖ്യാപിത നിയമനനിരോധം ഒരു യാഥാർത്ഥ്യമാണ്). പി.എസ്.സി. റാങ്ക് ലിസ്റ്റുകൾ പലതും കാലാവധി കഴിയാറായി. അതിന്റെ ആശങ്കയിൽ യുവാക്കൾ കഴിയുമ്പോഴും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിനന്ദൻ അവകാശപ്പെടുന്നു ഇടതുപക്ഷസർക്കാർ ലക്ഷക്കണക്കിന് ആൾക്കാർക്ക് ജോലി നൽകിയെന്ന്. ഇനി വരുംവർഷങ്ങളിൽ രണ്ടുലക്ഷത്തിൽപ്പരം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. വാസ്തവത്തിൽ ഗോവിന്ദൻ ലഭ്യമാക്കി എന്നുപറയുന്ന തൊഴിൽ ആർക്കാണ് ലഭിച്ചത്? അതിനുള്ള കൃത്യമായ ഉത്തരം ലഭ്യമാകണമെങ്കിൽ സെക്രട്ടറിയേറ്റ് പടിക്കൽവരെ ചെന്നാൽമതി. വർഷങ്ങൾ നീണ്ട അധ്വാനത്തിനൊടുവിലും സർക്കാർ ജോലി മോഹം മാത്രമായി ശേഷിക്കുന്നവർ പലരും നോർത്ത് കവാടത്തിൽ സമരം ചെയ്തുമടങ്ങുന്നത് പതിവ്കാഴ്ചയാണ്. ശേഷിക്കുന്നവർ പട്ടത്തെ പി.എസ്.സി. ആസ്ഥാനത്തിന്റെ പടി കയറിയിറങ്ങി നടക്കുന്നു.
ദോഷം പറയരുതല്ലോ പൊതുമേഖലയിലെ നിയമനത്തിന്റെ കാര്യം ഇങ്ങിനെ പ്രതിസന്ധിയിൽ തുടരുമ്പോഴും നിയമന അധികാരികളായ പി.എസ്.സി. ചെയർമാനും കൂട്ടർക്കും കിട്ടേണ്ടതും അതിനപ്പുറവും സമയാസമയം കിട്ടുന്നുണ്ട്. പി.എസ്.സി. അംഗമെന്ന നിലയിൽ ലക്ഷങ്ങൾ ഖജനാവിൽ നിന്നും കൈപ്പറ്റുന്ന വിദ്വാൻമാർക്ക് പിന്നെയും ലക്ഷങ്ങളുടെ വർദ്ധനവ് ലഭ്യമാക്കാൻ സർക്കാർതന്നെ തീരുമാനിച്ചത് അടുത്തിടെയാണ്. തങ്ങളുടെ മാസശമ്പളം 7000 ൽ നിന്നും 21,000 ആക്കി മാറ്റണമെന്ന് ആശമാർ ആവശ്യപ്പെടുമ്പോൾ അത് മൂന്നിരിട്ടിയാണെന്നും അന്യായമാണെന്നും പറഞ്ഞ അതേ സർക്കാർ തന്നെയാണ് പി.എസ്.സി. അംഗങ്ങൾക്ക് ലക്ഷങ്ങളുടെ വർദ്ധനവ് നൽകുന്നത്. ചെയർമാന്റെ ആകെ ശമ്പളം 2.24 ലക്ഷം രൂപയിൽ നിന്നും 3.87 ലക്ഷമായും അംഗങ്ങളുടേത് 2.19 ലക്ഷംരൂപയിൽ നിന്നും 3.80 ലക്ഷം രൂപയായുമാണ് വർദ്ധിപ്പിച്ചത്. എന്താ അല്ലേ ?
രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെ പി.എസ്.സി. അംഗങ്ങളുടെ വേതനത്തിന് തുല്യമായി ഇവിടെ നിജപ്പെടുത്തുക മാത്രമാണ് ചെയ്തത് എന്നാണ് സർക്കാർ ഭാഷ്യം. കേവലം മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തിൽ 20 പി.എസ്.സി. അംഗങ്ങളാണുള്ളത്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ 23 കോടി ജനങ്ങളുണ്ട്. അവിടെ പി.എസ്.സി. അംഗങ്ങളുടെ ആകെ എണ്ണം കേവലം എട്ട് മാത്രമാണ്. 240 കോടി ജനസംഖ്യയുള്ള ഇന്ത്യാ മഹാരാജ്യത്തിന്റെ ആകെ കാര്യങ്ങൾ നോക്കുന്ന യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷനിലാകട്ടെ (യു.പി. എസ്.സി). ആകെ അംഗങ്ങളുടെ എണ്ണം പത്താണ്. ഇവിടെ ഒരുകാര്യം വ്യക്തമാണ്. കേരളം നമ്പർ വൺ തന്നെ. എന്തിന്റെ കാര്യത്തിൽ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
നവകേരളസദസ്, ലോകകേരളസഭ, കേരളീയം എന്നീ പരിപാടികളും അതുമായി ബന്ധപ്പെട്ട് ചിലവിട്ട പണത്തിന്റെ കണക്കും അതിലൂടെ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടായി എന്നതും കൂടി പരിശോധിക്കുമ്പോൾ കേരളം നമ്പർ വൺവൺ ആയിതുടരുന്നതിന്റെ ആഴവും പരപ്പും ബോദ്ധ്യമാകും. കഴിഞ്ഞ ഒൻപതുകൊല്ലം സംസ്ഥാനത്ത് വിരമിച്ച ഉന്നത ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥർക്ക് നൽകുന്ന ഓണറേറിയവും ഇതര ആനുകൂല്യങ്ങളും, അവർക്ക് ലഭ്യമാക്കിയിരിക്കുന്ന സുഖസൗകര്യങ്ങളും അവർക്കായി വാങ്ങിക്കൂട്ടിയ ഇന്നോവ കാറുകളുടെ ചിലവുമൊക്കെ സംസ്ഥാനത്തിന്റെ പൊതുസമ്പത്തിൽ നിന്നാണ് ലഭ്യമാക്കുന്നതെങ്കിലും അതൊന്നും ഇവിടെ ചേർത്തുവെയ്ക്കുന്നില്ല.
വസ്തുതകൾ ഇതൊക്കെയാണെങ്കിലും ചില ഘട്ടങ്ങളിലെങ്കിലും സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാതെ അല്ലെങ്കിൽ തൊടുന്യായങ്ങൾ പറഞ്ഞ് ഫയലുകൾ വൈകിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയകളികൾ എടുത്തുപറയേണ്ടതുണ്ട്. പക്ഷേ, ഫയലുകൾ വൈകുമ്പോഴും അതെല്ലാം 'സ്മൂത്താ'ക്കാൻ വേണ്ടി നിയോഗിക്കപ്പെട്ട സംസ്ഥാനസർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് ഡെൽഹിയിൽ സുഖമായി ഉണ്ടുറങ്ങുന്നുണ്ട് എന്നും ഓർക്കേണം. അദ്ദേഹത്തിന്റെ ഓണറേറിയമൊക്കെ സമയാസമയങ്ങളിൽ വർദ്ധിപ്പിക്കുന്നതുകൊണ്ട് കാര്യങ്ങളെല്ലാം 'സ്മൂത്താണ്'.
അപ്പോഴും ഒരുചോദ്യം ബാക്കി. തൊട്ടതിനും പിടിച്ചതിനുമെല്ലാം കേന്ദ്രം കനിയണമെങ്കിൽ, നമ്പർ വൺ ആയ കേരളത്തിന്റെ നേട്ടം അവർക്കുകൂടി അവകാശപ്പെട്ടതല്ലേ എന്ന്. ഇനി അങ്ങിനെ കേന്ദ്രത്തിന് ക്രെഡിറ്റ് നൽകാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ വേണ്ട. എല്ലാത്തിനും കേന്ദ്രത്തെ പഴിക്കുന്ന സംസ്ഥാനസർക്കാർ സ്വന്തം നിലയ്ക്ക് അധികവിഭവ സമാഹരണം നടത്താൻ എന്തുചെയ്തു എന്ന ചോദ്യം അപ്പോഴാണ് ഉയരുന്നത്. ഇവിടെ സംസ്ഥാനത്തിന് കാര്യമായ അവകാശവാദങ്ങളൊന്നും ഇല്ലെങ്കിലും അടുത്തിടെ കളിമാറിയെന്ന് സംസ്ഥാനം തന്നെ സമ്മതിക്കുന്നു. 2025 ഫെബ്രുവരി 21-22 തീയതികളിൽ കൊച്ചിയിൽ നടന്ന ഇൻവസ്റ്റ് കേരള സമ്മിറ്റിൽ 26 രാജ്യങ്ങളിൽ നിന്നായി 4000 ൽപ്പരം പ്രതിനിധികൾ പങ്കെടുത്തെന്നും അതിൽ 370 ൽപ്പരം താത്പര്യപത്രങ്ങളിലൂടെ 1,52,000 കോടിരൂപയുടെ നിക്ഷേപം ഇവിടെത്തിക്കാൻ സാധിച്ചെന്നും ഫെബ്രുവരി 23 ന് സംസ്ഥാനസർക്കാർ തന്നെ പരസ്യപ്പെടുത്തിയിട്ടുണ്ട് (തിളങ്ങി കേരളം).
അതായത് ആരൊക്കെ എന്തൊക്കെ തന്നാലും തന്നില്ലേലും സംസ്ഥാനം വികസനക്കുതിപ്പിൽ മുന്നേറുന്നു എന്നുസാരം. ഇവിടെ വരാൻ പോകുന്നത് 1,52,000 കോടിരൂപയുടെ നിക്ഷേപമാണ്. അതിലൂടെ സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനവും നികുതിവരുമാനവും കുതിച്ചുയരാൻ പോകുന്നു. ഇതിലൂടെ പ്രാപ്യമാകുന്ന ലക്ഷക്കണക്കിന് തൊഴിൽ അവസരങ്ങൾ വേറെ. സംഗതി ശുഭം! അപ്പോഴും ഒരുചോദ്യം ബാക്കി. ഇനിയെങ്കിലും ക്ഷേമപെൻഷനിൽ മാന്യമായ വർദ്ധനവ് വരുത്തി അത് മുടങ്ങാതെ കൃത്യമായി നൽകാൻ സാധിക്കുമോ? ഉത്തരം പറയേണ്ടത് സംസ്ഥാന സർക്കാരാണ്.