05:03am 15 October 2026
NEWS
വാട്സാപ് ഉള്ളവർ സൂക്ഷിക്കുക; 5000 നൽകിയാൽ 18,000, 90,000 നൽകിയാൽ 4 ലക്ഷം! പണത്തട്ടിപ്പിന് പിന്നിൽ വൻ സംഘം?
03/10/2026  08:58 AM IST
nila
വാട്സാപ് ഉള്ളവർ സൂക്ഷിക്കുക; 5000 നൽകിയാൽ 18,000, 90,000 നൽകിയാൽ 4 ലക്ഷം! പണത്തട്ടിപ്പിന് പിന്നിൽ വൻ സംഘം?

കൽപറ്റ: വാട്സാപ് ഗ്രൂപ്പിലൂടെ വൻതുകയുടെ പണത്തട്ടിപ്പ്. വയനാട് കേന്ദ്രീകരിച്ച് ‘റിയ മണി ഹെൽപ്’ എന്ന പേരിൽ രൂപീകരിച്ച വാട്സാപ് ഗ്രൂപ്പിലാണ് സാധാരണക്കാരെ ലക്ഷ്യമിട്ട് തട്ടിപ്പ് നടക്കുന്നത്. ആളുകളുടെ അനുമതിയില്ലാതെയാണ് പലരെയും ഗ്രൂപ്പിൽ അംഗങ്ങളാക്കുന്നത്. തുടർന്ന് ചെറിയ നിക്ഷേപത്തിലൂടെ വൻതുക മിനിറ്റുകൾക്കുള്ളിൽ സ്വന്തമാക്കാമെന്ന വാഗ്ദാനങ്ങളാണ് ഗ്രൂപ്പിൽ പ്രചരിപ്പിക്കുന്നത്.

5000 രൂപ നൽകിയാൽ 15 മിനിറ്റിനുള്ളിൽ 18,000 രൂപയും 10,000 രൂപ നൽകിയാൽ 45 മിനിറ്റിനുള്ളിൽ 30,000 രൂപയും ലഭിക്കുമെന്നാണ് സന്ദേശങ്ങളിലൂടെ വിശ്വസിപ്പിക്കുന്നത്. 90,000 രൂപ നൽകിയാൽ നാല് ലക്ഷം രൂപവരെ തിരികെ ലഭിക്കുമെന്നും തട്ടിപ്പുകാർ വാഗ്ദാനം ചെയ്യുന്നു. ‘സെൻഡിങ് ചാർജ്’ എന്ന പേരിലാണ് ആദ്യം പണം ആവശ്യപ്പെടുന്നത്.

തട്ടിപ്പിന്റെ വിശ്വാസ്യത വർധിപ്പിക്കാനായി പണം നൽകിയവർക്ക് തുക തിരികെ ലഭിച്ചതിന്റെ ഗൂഗിൾ പേ സ്ക്രീൻഷോട്ടുകളും ഗ്രൂപ്പിൽ പങ്കുവയ്ക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ ചെറിയ തുക വാങ്ങി വാഗ്ദാനം ചെയ്ത തുക തിരിച്ചുനൽകുന്നതാണ് തട്ടിപ്പുകാരുടെ രീതിയെന്നാണ് വിവരം. ഇതോടെ വിശ്വാസം നേടിയെടുത്ത ശേഷം വലിയ തുക ആവശ്യപ്പെടും. പണം നൽകിയാൽ ഉടൻ തന്നെ ഗ്രൂപ്പിൽനിന്ന് പുറത്താക്കുകയും ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്യും.

ഇത്തരത്തിൽ നിരവധി പേർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എന്നാൽ നാണക്കേടും മറ്റും ഭയന്ന് പലരും പരാതി നൽകാൻ തയ്യാറാകുന്നില്ലെന്നും സൂചനയുണ്ട്.

ടെലിഗ്രാമിൽ നിന്ന് വാട്സാപിലേക്ക്

ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് ടെലിഗ്രാം കേന്ദ്രീകരിച്ച് നടന്നിരുന്ന തട്ടിപ്പുകൾക്ക് സമാനമായ രീതിയിലാണ് പുതിയ തട്ടിപ്പും. എന്നാൽ വാട്സാപ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചുള്ള തട്ടിപ്പിൽ കൂടുതൽ വലിയ തുകയാണ് ലക്ഷ്യമിടുന്നതെന്നാണ് വിവരം.

മാനന്തവാടി, വൈത്തിരി, ബത്തേരി താലൂക്കുകളിൽ നിന്നുള്ള നിരവധി പേരെ ഇത്തരം ഗ്രൂപ്പുകളിൽ അംഗങ്ങളാക്കിയിട്ടുണ്ട്. സാമൂഹിക, പൊതുരംഗങ്ങളിൽ സജീവമായവരും ഗ്രൂപ്പിൽ ഉൾപ്പെട്ടതായി പറയുന്നു. ഫോൺ നമ്പറുകൾ തട്ടിപ്പുസംഘത്തിന് എങ്ങനെ ലഭിച്ചുവെന്നതും ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യമാണ്.

ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് നിലവിലെ സംശയം. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരും സാങ്കേതിക പരിജ്ഞാനം കുറവുള്ളവരും ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തവരുമാണ് പ്രധാനമായും ഇരകളാകുന്നത്.

പൊലീസ് അന്വേഷണം ആരംഭിച്ചു

വാട്സാപ് ഗ്രൂപ്പുകൾ വഴി നടക്കുന്ന പണത്തട്ടിപ്പിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഐടി സെൽ വഴിയാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഇത്തരം ഗ്രൂപ്പുകളിൽ ഉൾപ്പെട്ടിട്ടുള്ളവർ എത്രയും വേഗം ഗ്രൂപ്പിൽനിന്ന് പുറത്തുപോകണമെന്നും പൊലീസ് നിർദേശിച്ചു.

തട്ടിപ്പുസംഘത്തിന്റെ പ്രവർത്തനങ്ങളും പണം കൈമാറുന്നതിനായി ഉപയോഗിക്കുന്ന അക്കൗണ്ടുകളും ഫോൺ നമ്പറുകളും ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് പൊലീസ് നീക്കം. തട്ടിപ്പിന് ഇരയായവർ പരാതി നൽകണമെന്നും അധികൃതർ ആവശ്യപ്പെടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img