12:55am 03 June 2026
NEWS
വയനാട് തുരങ്കപ്പാത: ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തുവെന്ന് പരിസ്ഥിതി സ്‌നേഹികൾ എന്തുകൊണ്ടു പറയുന്നു ?
14/07/2025  07:54 PM IST
ചെറുകര സണ്ണീലൂക്കോസ്
വയനാട് തുരങ്കപ്പാത: ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തുവെന്ന് പരിസ്ഥിതി സ്‌നേഹികൾ എന്തുകൊണ്ടു പറയുന്നു ?

വയനാട് തുരങ്കപ്പാത പദ്ധതിക്കുള്ള കേന്ദ്ര പാരിസ്ഥിതിക അനുമതി സംബന്ധിച്ച അന്തിമവിജ്ഞാപനം പുറത്തിറങ്ങി. നിർമ്മാണത്തിനായി തെരഞ്ഞെടുത്ത ഭോപ്പാൽ ആസ്ഥാനമായ ദിലീപ് ബിൽഡ് കോൺലിമിറ്റഡിന് 1341 കോടി രൂപയ്ക്ക് തുരങ്കത്തിന്റെ നിർമ്മാണവും, കൊൽക്കത്ത ആസ്ഥാനമായ റോയൽ ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിക്ക് 160 കോടി രൂപയ്ക്ക് അപ്രോച്ച്‌റോഡിന്റെ നിർമ്മാണവും നടത്തുന്നതിനുള്ള വർക്ക് ഓർഡർ നൽകാനുള്ള നടപടികൾ ആരംഭിച്ചതായി കൊങ്കൺ റെയിൽ അധികൃതർ വ്യക്തമാക്കി. കൊങ്കൺ റെയിൽവേ, സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, കിഫ്ബി എന്നിവയുടെ തൃകക്ഷി കരാറിലാണ് തുരങ്കപ്പാത നിർമ്മാണം.

കോഴിക്കോട്, വയനാട് ജില്ലകളെ സംബന്ധിച്ച് താമരശ്ശേരി ചുരത്തിന് സമാന്തരമായി ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപ്പാതയുടെ നിർമ്മാണോദ്ഘാടനം ജൂലൈ മാസത്തിൽ നിർവ്വഹിക്കുമെന്ന് തിരുവമ്പാടി എം.എൽ.എ (സി.പി.എം) ലിന്റോ ജോസഫ് പ്രഖ്യാപിച്ചിട്ടുണ്ട്. നിർദ്ദിഷ്ട നാല് വരി തുരങ്കപ്പാതയ്ക്ക് 2134 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.
തുരങ്കപ്പാത പദ്ധതിക്ക് അന്തിമ അനുമതി നൽകാമെന്ന് സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റി വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തിരുന്നത് പരിഗണിച്ചാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് അനുമതി നൽകിയത്. എന്നാൽ ഒരു വൻകിട പദ്ധതി നടക്കണമെന്ന് താൽപ്പര്യപ്പെടുന്ന മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പുമന്ത്രിയുടെയും സമ്മർദ്ദത്തിന് വഴങ്ങി അനുമതിക്ക് ശുപാർശ ചെയ്ത പരിസ്ഥിതി ആഘാതനിർണ്ണയ അതോറിറ്റി വിദഗ്ദ്ധ സമിതിയുടെ തീരുമാനം ഒട്ടും ശാസ്ത്രീയമല്ലെന്നും വൻദുരന്തം ക്ഷണിച്ചുവരുത്തുന്നതും ആത്മഹത്യപരവുമാണെന്നാണ് ഒരു വിഭാഗം പരിസ്ഥിതി വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. 

കോഴിക്കോട്ടും നിന്ന് മൈസൂരിലേക്കും ബാംഗ്ലൂരിലേക്കും മറ്റും എത്താൻ ദൂരവും സമയവും താമരശ്ശേരി ചുരത്തിലെ ബ്ലോക്ക് ഒഴിവാകുന്നു എന്നതുമാണ് പദ്ധതികൊണ്ടുള്ള നേട്ടമായി കണക്കാക്കപ്പെടുന്നത്. അതുകൊണ്ടാവണം പദ്ധതി സൃഷ്ടിക്കാനിടയുള്ള പാരിസ്ഥിതിക ആഘാതം ചർച്ച ചെയ്യാനേ തുനിയാതെ, മുഖ്യധാരാ മാധ്യമങ്ങൾ എല്ലാം കേരളത്തിന്റെ ഒരു സ്വപ്നപദ്ധതി യാഥാർത്ഥ്യമാകുന്നു എന്ന നിലയിൽ പദ്ധതിയെ ആവേശപൂർവ്വം സ്വാഗതം ചെയ്യുന്നത്.

പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയാൽ വികസനവിരുദ്ധരായി, നാടിനുവിരുദ്ധരായി ചിത്രീകരിക്കപ്പെടുമോ എന്ന ഭയാശങ്ക പ്രതിപക്ഷ രാഷ്ട്രീയകക്ഷികൾക്കുമുണ്ടെന്ന് തോന്നുന്നു.
എന്തുകൊണ്ടാണ് നിർദ്ദിഷ്ട വയനാട് തുരങ്കപ്പാത ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തുന്ന ഒന്നാണെന്ന് പരിസ്ഥിതി സ്‌നേഹികൾ പറയാൻ കാരണം? ഈ ചോദ്യത്തിന്റെ ഉത്തരത്തിന് വളരേയേറെ പ്രാധാന്യമുണ്ട്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു മലയോര ഗ്രാമമാണ് ആനക്കാംപൊയിൽ. താമരശ്ശേരി താലൂക്കിലെ തിരുവമ്പാടി- നെല്ലിപ്പൊയിൽ വില്ലേജുകളിൽ ആനക്കംപൊയിൽ മുത്തപ്പൻപുഴ, മറിപ്പുഴ ഭാഗത്തുനിന്നാരംഭിച്ച് സ്വർഗ്ഗംകുന്നിനടിയിലൂടെ കള്ളാടിയിലേക്കും അവിടുന്നു റോഡ് മാർഗ്ഗം മേപ്പടിയിലേക്കുമാണ് നിർദ്ദിഷ്ടതുരങ്കപ്പാത എത്തിച്ചേരുന്നത്.

അതായത് തുരങ്കപ്പാത കടന്നുപോകുന്നത് സമുദ്രനിരപ്പിൽ നിന്നും വളരെയധികം ഉയരത്തിലുള്ള മലയും, കാടും, ചെങ്കുത്തായതും അരുവികളും പുഴകളും എല്ലാം ചേർന്ന ആവാസവ്യവസ്ഥയിൽ കൂടിയാണ്.
ഹ്യൂം സെന്റർ ഫോർ എക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി, കേരളശാസ്ത്ര സാഹിത്യ പരിഷത്തുമായി ചേർന്ന് വയനാട്ടിലെ ഉരുൾപൊട്ടൽ സാധ്യതകളെക്കുറിച്ച് ഒരു സമഗ്രപഠനം 2020 ൽ നടത്തുകയുണ്ടായി. പഠനറിപ്പോർട്ട് 2020 ഡിസംബറിൽ കേരള ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരിച്ചു. അതിലവർ ആമുഖമായി നാല് കാര്യങ്ങൾ പറയുന്നുണ്ട്.

(1) നവകേരളത്തിനായുള്ള വികസന നിർമ്മാണ പ്രവർത്തനങ്ങൾ പദ്ധതികൾക്ക് രൂപം നൽകുമ്പോൾ, വർദ്ധിച്ചുവരുന്ന ജനങ്ങളുടെ ആവശ്യം നിറവേറ്റാൻ ശോഷിച്ചുവരുന്ന വിഭവങ്ങളുടെ ഉപയോഗത്തിൽ നീതിയിലും കരുതലിലും അധിഷ്ഠിതമായ സാമൂഹികനിയന്ത്രണം ആവശ്യമാണ്.

(2) കാലാവസ്ഥാവ്യതിയാനം ഉയർത്തുന്ന വെല്ലുവിളികളെ നേരിടുന്നതിനും അതിജീവിക്കുന്നതിനും കെട്ടുറപ്പുള്ള ഒരു സമൂഹത്തിന്റെ നിർമ്മിതി 

(3) അതീവ പരിസ്ഥിതി ലോലമായ കേരളത്തിന്റെ ഭൂഭാഗത്ത് വികസനവും ജീവിതവും ആസൂത്രണം ചെയ്യുമ്പോൾ ശാസ്ത്രീയ സമീപനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകത

(4) പാരിസ്ഥിതികമായും സാമൂഹികമായും ഉണ്ടാകുന്ന പുതിയ വെല്ലുവിളികളെ ശാസ്ത്രീയമായി മനസ്സിലാക്കുന്നതിനും സാമൂഹിക നീതിയിലധിഷ്ഠിതമായി പരിഹാരം കാണുന്നതിനും ജനങ്ങളെ സജ്ജരാക്കൽ.

പഠനറിപ്പോർട്ട് വയനാട്ടിലെ ഉരുൾപൊട്ടൽ സാധ്യതയെക്കുറിച്ച് പറഞ്ഞതിങ്ങനെ: 

വയനാട്ടിൽ ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യത കണക്കാക്കുമ്പോൾ അവിടുത്തെ ആ വിസ്തീർണ്ണത്തിൽ 21 ശതമാനവും(449 ചതുരശ്ര കിലോമീറ്റർ) അതിതീവ്രമേഖലയിൽപ്പെടുമ്പോൾ 49%(1043 ച. കീ) മിതസാധ്യത മേഖലയിലും, 30%(640 ച. കീ) പ്രദേശങ്ങൾ കുറഞ്ഞ സാധ്യതാമേഖലയിലുമാണുള്ളത്.

അതിതീവ്രമഴയുണ്ടാകുമ്പോൾ വയനാട്ടിൽ ഉരുൾപൊട്ടലുകളെക്കാളേറെ മണ്ണിടിച്ചിൽ ഉണ്ടാകാറുണ്ട്. ഈ രണ്ട് പ്രതിഭാസങ്ങളുടെയും കാരണം നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി കുന്നിടിക്കുന്നതും വെള്ളം ഒഴുക്കുന്ന സ്വാഭാവിക വഴികളെ തടസ്സപ്പെടുത്തുന്നതുകൊണ്ടുമാണെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് പഠനം പറയുന്നു.

വയനാട്ടിൽ 30 ഡിഗ്രിയിലധികം മലമ്പ്രദേശങ്ങൾ മേപ്പാടി, വൈത്തിരി, മുപ്രൈനാട്, പൊഴുതന, വെള്ളമുണ്ട, തൊണ്ടർനാട്, മാനന്തവാടി, മുട്ടിൽ, തിരുനെല്ലി, കോട്ടത്തറ, പഞ്ചായത്തുകളിലുണ്ട്. ആ പ്രദേശങ്ങളിലെല്ലാം അതീവ ഉരുൾപൊട്ടൽ സാധ്യതയുള്ള ഇടങ്ങളാണെന്ന് പരിഷത്ത് റിപ്പോർട്ട് 2020 ലേ ചൂണ്ടിക്കാണിച്ചിരുന്നു. കൂടാതെ 2019 ൽ പുറത്തിറക്കിയ വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശവും വയനാട്ടിലെ മണ്ണിൽ ചെറുതായോ വലുതായോ ക്ഷതം ഏൽപ്പിക്കുന്ന ഏത് പ്രവൃത്തിയിലും വളരെ ശാസ്ത്രീയമായ ഇടപെടൽ ആവശ്യമാണെന്നായിരുന്നു.
ഈ മുന്നറിയിപ്പുകളെ വയനാട്ടിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കാൻ ഇറങ്ങിത്തിരിച്ചവരാരും ഗൗരവമായി കണക്കിലെടുത്തിട്ടില്ല എന്നതാണ് വസ്തുത.

നിർദ്ദിഷ്ട തുരങ്കപ്പാത കടന്നുപോകുന്നത് ഒരു കുന്നിനടിയിലൂടെയാണ്. വളരെ ഉയരമുള്ള മല തുരന്ന് ചെങ്കുത്തായ പ്രദേശത്തുകൂടിയാണെന്ന് പദ്ധതി രേഖയിൽ തന്നെ പറയുന്നുണ്ട്. അതായത് പാതയുടെ ഒരു ഭാഗം ഉരുൾപൊട്ടൽ മലയിടിച്ചിൽ സാധ്യത കൂടുതലുള്ള ഭാഗത്തുകൂടിയാണ് കടന്നുപോകുന്നത്. 8.11 കി.മീ നീളവും നാല് വരി പാതയുമുള്ളതാണ് ഇരട്ട തുരങ്കപ്പാത. ആനക്കാംപൊയിൽ നിന്നും മറിപ്പുഴ വരെ പി.ഡബ്ല്യു.ഡി റോഡ് നിലവിലുണ്ട്. മറിപ്പുഴയിൽ ഇരുവഴിഞ്ഞിപ്പുഴക്ക് കുറുകേ പാലം പണിത് കുണ്ടൻതോട് വഴി സ്വർഗ്ഗംകുന്നിൽ എത്താം. സ്വർഗ്ഗം കുന്നിൽ സ്വകാര്യ ഭൂമിയിൽ നിന്ന് മേപ്പാടി ഭാഗത്ത് തൊള്ളായിരം റോഡ് പ്രദേശത്തേക്ക് കുന്നിനും വനത്തിനും അടിയിലൂടെ 10 മീറ്റർ വീതമുള്ള നാലുവരി പാത(ഇരട്ട തുരങ്കം) എന്നുപറയുന്നത് ഭൂമിക്കും പരിസ്ഥിതിക്കും ഏൽപ്പിക്കുന്ന ആഘാതം ഒട്ടും ചെറുതായിരിക്കില്ല എന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.

കോഴിക്കോട് നിന്ന് സുൽത്താൻ ബത്തേരിക്കെത്താൻ ദൂരം 25 കിലോമീറ്ററായി കുറഞ്ഞതിനാലും താമരശ്ശേരി ചുരത്തിലെ റോഡ് ബ്ലോക്ക് വരുത്തുന്ന താമസം ഒഴിവാക്കാൻ കഴിയുന്ന തുരങ്കപ്പാത വേഗം നിർവ്വഹിക്കണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി, കോഴഞ്ചേരി, മേപ്പാടി പഞ്ചായത്തുകളിലുള്ളവർ ജനകീയ കൺവൻഷൻ നടത്തി ആക്ഷൻ കമ്മറ്റി രൂപീകരിച്ചിരുന്നു. 2024 ജൂലൈ 30 നുണ്ടായ മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുത്തുമല, നെല്ലിമുണ്ട ഗ്രാമങ്ങളിലെ വൻപ്രകൃതിദുരന്തം തുരങ്കപ്പാത ആവശ്യക്കാരുടെ നിലപാടിൽ മാറ്റം വരുത്തിയതായി സൂചനകളൊന്നുമില്ല.

വിവിധ കാലങ്ങളിൽ വിവിധ ഏജൻസികൾ വയനാടിനെക്കുറിച്ച് നടത്തിയ പഠനങ്ങളിൽ ഈ ഗ്രാമങ്ങൾ ഒക്കെയുൾപ്പെടുന്ന മേപ്പാടി പഞ്ചായത്തിനെ അതീവ പാരിസ്ഥിതി. ദുർബലപ്രദേശമായിട്ടാണ് നിർണ്ണയിച്ചിട്ടുള്ളത്. അവിടെയാണ് മല തുരന്ന് 40 മീറ്റർ വീതിയുള്ള പാതയുണ്ടാക്കുക. നിർമ്മാണത്തിനാവശ്യമായ ഏകദേശം 6.5 ലക്ഷം ടൺ കല്ലും മണ്ണും അവിടെ നിന്നുതന്നെയാണ് തുരന്ന് എടുക്കുക. 25 ശതമാനത്തിലധികം ചെരിവുള്ള പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങളൊന്നും പാടില്ലെന്നിരിക്കെ തുരങ്കപാതയ്ക്കുവേണ്ടി അതീവ പരിസ്ഥിതിലോലമായ പ്രദേശത്ത് ഏൽപ്പിക്കുന്ന ക്ഷതം എന്തൊക്കെ ഭവിഷ്യത്തുക്കൾ സൃഷ്ടിക്കും എന്ത് ഓർക്കുന്നത് തന്നെ ഭയാനകമാണ്.
2024 ൽ ഉരുൾപൊട്ടൽ ഉണ്ടായ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് തുരങ്കപാതയുടെ ഭാഗമായ കള്ളാടിയോട് ചേർന്നുള്ള പ്രദേശങ്ങൾ. ഉരുൾപൊട്ടൽ സാധ്യതാ പ്രദേശത്താണ് തുരങ്കപ്പാത വരുന്നത് എന്ന കാര്യം സംസ്ഥാന പരിസ്ഥിതി ആഘാത സമിതി പ്രത്യേകം പറയുന്നുണ്ട്. പാത കടന്നുപോകുന്ന ഭാഗങ്ങൾ പരിസ്ഥിതി ദുർബല പ്രദേശങ്ങളാണ്. പശ്ചിമഘട്ടത്തിലെ ജൈവസമ്പന്നമായ കുന്നുകൾക്കും വനങ്ങൾക്കും അടിയിലൂടെയാണ് തുരങ്കം കടന്നുപോകുന്നതും. തുരങ്കം മാത്രം 5.76 കിലോമീറ്റർ ഉണ്ട്.

താമരശ്ശേരി ചുരത്തിന് ബദലായി നിർമ്മിക്കുന്ന തുരങ്കപ്പാതയുടെ പാരിസ്ഥിതിക ആഘാതം വളരെ വലുതായിരിക്കുമെന്നാണ് സംസ്ഥാന പരിസ്ഥിതി അവലോകന സമിതിയുടെ അനുമതിക്കൊപ്പമുള്ള 25 വ്യവസ്ഥകളിൽ നിന്ന് വ്യക്തമാകുന്നത്. അപകടസാധ്യതയെക്കുറിച്ചുള്ള ശാസ്ത്രീയ തെളിവുകളെല്ലാം നിരസിച്ചുകൊണ്ടാണ് തുരങ്കപ്പാതയ്ക്ക് അന്തിമാനുമതി നൽകിയിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img