09:04am 21 April 2026
NEWS
മുതലാളി രാജൻ എന്ന് കേട്ടില്ലല്ലോ; കൂലിപ്പണിക്കാരൻ രാജൻ എന്ന് കേൾക്കേണ്ടിവരുമ്പോൾ ആത്മാഭിമാനം വർധിക്കുമെന്ന് മന്ത്രി കെ രാജൻ
20/04/2026  12:50 PM IST
nila
മുതലാളി രാജൻ എന്ന് കേട്ടില്ലല്ലോ; കൂലിപ്പണിക്കാരൻ രാജൻ എന്ന് കേൾക്കേണ്ടിവരുമ്പോൾ ആത്മാഭിമാനം വർധിക്കുമെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിലെ ഒരു വീട്ടിൽ വിള്ളൽ ഉണ്ടായെന്ന ആരോപണത്തെ തുടർന്ന് താൻ നേരിട്ട് പരിശോധിച്ച സംഭവത്തിൽ വിശദീകരണവുമായി റവന്യൂവകുപ്പ് മന്ത്രി കെ രാജൻ. വീടിന് വിള്ളലുണ്ടായി എന്ന് വ്യാപക പ്രചാരണം നടത്ത പശ്ചാത്തലത്തിൽ തനിക്ക് നേരിട്ട് ബോധ്യപ്പെടാനാണ് സ്ഥലത്തെത്തി പരിശോധിച്ചതെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിർമാണ സമയത്ത് താപനില വ്യത്യാസം മൂലമുള്ള സാധാരണ ‘ഷ്രിങ്കേജ്’ ആണ് കാണപ്പെട്ടതെന്നും, ഇത് സ്ട്രക്ചറൽ ക്രാക്ക് അല്ലെന്നും ബന്ധപ്പെട്ട എൻജിനീയർമാർ ഉറപ്പുനൽകിയതായി മന്ത്രി വ്യക്തമാക്കി. വീടിന്റെ ശക്തിയെയോ സുരക്ഷയെയോ ബാധിക്കുന്ന പ്രശ്നമല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീടിനുള്ളിൽ പെൻസിൽ ഉപയോഗിച്ച് അടയാളപ്പെടുത്തിയ ഭാഗങ്ങൾ തന്നെയാണോ എന്ന് ഉറപ്പാക്കാനാണ് അവ പരിശോധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മഴവെള്ളം ചോർന്നതാണ് സംഭവമെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി. 24 മണിക്കൂർ നീണ്ട വാട്ടർ പോണ്ടിംഗ് ടെസ്റ്റിന്റെ ഭാഗമായി വെള്ളം നിറച്ചപ്പോഴാണ് ചോർച്ച ശ്രദ്ധയിൽപെട്ടതെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടം പൂർത്തിയാക്കിയതിന് ശേഷം കരാർ കമ്പനിയും കിഫ്‌കോണും ചേർന്ന് ഘട്ടംഘട്ടമായി പരിശോധന നടത്തുകയും, ഉടമയ്ക്കൊപ്പം സംയുക്ത പരിശോധനയ്ക്കു ശേഷം മാത്രമാണ് വീടുകൾ കൈമാറുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. വീട് കൈമാറിയതിന് ശേഷം പ്രശ്നങ്ങൾ ഉണ്ടായാൽ, സിവിൽ വർക്ക് സംബന്ധിച്ച് കരാർ കമ്പനിക്ക് അഞ്ച് വർഷത്തെ ഡിഫക്ട് ലൈബിലിറ്റി വാറന്റി ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി.

ചൂരൽമല സ്വദേശികളോട് തന്റെ ബന്ധം ഒരു മന്ത്രിയുടെതിലുപരി കുടുംബാംഗത്തിന്റെതാണെന്ന് പറഞ്ഞ കെ രാജൻ, വീടുകൾ കൈമാറുമ്പോൾ ചെറിയ സംശയത്തിനും ഇടവരരുതെന്ന് തന്നെയാണ് തന്റെ നിലപാടെന്ന് വ്യക്തമാക്കി. മേശപ്പുറത്ത് കയറിയതിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയായി, നാടിന്റെ അഭിമാനം സംരക്ഷിക്കാൻ ആവശ്യമായിടത്ത് അതിലും ഉയരത്തിൽ കയറാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

ദന്തഗോപുരങ്ങളിലിരുന്ന് നിയന്ത്രിക്കുന്ന രീതി നേരത്തെയും ഞങ്ങൾക്കില്ല. വിള്ളലുണ്ടെന്ന ആരോപണമുയർന്ന വീടിന്റെ ഉടമയായ നൗഫലിനെ സാമൂഹികമാധ്യമങ്ങളിലൂടെയോ അല്ലാതെയോ ആക്രമിക്കുന്ന ഒരു പണിക്കും ആരും മുതിരരുത്. നൗഫൽ ദുരന്തബാധിതനായ മനുഷ്യനാണ്. അയാൾ വികാരപരമായി എന്തെങ്കിലും പറഞ്ഞു എന്ന് കരുതി അദ്ദേഹത്തെ ആക്രമിക്കുന്ന ഒരുപണിയും ചെയ്യരുത്. ‘കൂലിപ്പണിക്കാരൻ രാജൻ, തൃശ്ശൂരിൽനിന്നൊരു പണിക്കാരനെ കിട്ടി വാർക്കപ്പണിക്ക്’ എന്നൊക്കെ കേൾക്കേണ്ടിവന്നു. കൂലിപ്പണിക്കാരൻ രാജൻ എന്ന് കേൾക്കേണ്ടിവരുമ്പോൾ ആത്മാഭിമാനം വർധിക്കുന്നതല്ലാതെ ഒരു തരി പോലും അത് കുറഞ്ഞിട്ടില്ല. മന്ത്രിയായി അഞ്ചുവർഷം കഴിഞ്ഞ് പാർട്ടി ഓഫീസിലേക്ക് കയറിവരുമ്പോൾ മുതലാളി രാജൻ എന്ന് കേട്ടില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ടൗൺഷിപ്പിൽ വീടുകൾ നിർമിക്കുമ്പോൾ വാട്ടർ പോണ്ടിങ് ടെസ്റ്റ് നടത്തണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു. വ്യത്യസ്ത കാലാവസ്ഥകളിൽ എങ്ങനെ ആയിരിക്കും നിർമാണപ്രവർത്തനങ്ങളുടെ ഉറപ്പ് എന്നറിയാൻ വേണ്ടിയാണ് വാട്ടർ പോണ്ടിങ് ടെസ്റ്റ് നടത്താൻ നിശ്ചയിച്ചത്. നിർമിക്കപ്പെട്ട വീടിന്റെ ടെറസിൽ 24 മണിക്കൂർ വെള്ളം കെട്ടിനിർത്തുന്നതാണ് വാട്ടർ പോണ്ടിങ് ടെസ്റ്റ്. ടെറസിൽനിന്ന് വെള്ളം ഏതെങ്കിലും ഭാഗത്തേക്ക് ലീക്ക് ആയി പോകുന്നുണ്ട് എന്ന് കണ്ടാൽ അത് രേഖപ്പെടുത്തി, അതിന് മുകളിലുള്ള ടെറസിന്റെ ഭാഗത്ത് സാങ്കേതികമായ ഭാഷയിൽ പറഞ്ഞാൽ അപോക്‌സി ട്രീറ്റ്‌മെന്റ് നടത്തും. വെള്ളം ലീക്ക് ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താൻ അവിടെ വീണ്ടും 24 മണിക്കൂർ വെള്ളം കെട്ടി നിർത്തും. വെള്ളം കിനിഞ്ഞിറങ്ങുന്നില്ലെന്ന് ഉറപ്പാക്കിയാൽ വാട്ടർ പ്രൂഫിങ് നടത്തും. വാട്ടർ പ്രൂഫിങ് നടത്തിയ ശേഷം അതിന് മുകളിൽ രണ്ടുമുതൽ ഏഴ് സെമി വരെ കനത്തിൽ സ്‌ക്രീഡ് കോൺക്രീറ്റിങ് നടത്തും. പിന്നീട് ഒരു ചോർച്ചയും ബലക്ഷയവും ഉണ്ടാകില്ല. ഉന്നത സാങ്കേതികവിദഗ്ധരുടെ അഭിപ്രായപ്രകാരം തീരുമാനിച്ച കാര്യമാണിതെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img