
മാനന്തവാടി: വയനാട്ടിലെ നരഭോജി കടുവയെ ചത്തനിലയിൽ കണ്ടെത്തി. ഇന്നു പുലർച്ചെ 2.30ഓടെയാണ് പ്രിയദർശിനി എസ്റ്റേറ്റിന് സമീപത്തെ വനമേഖലയിൽ കടുവയുടെ മൃതശരീരം കണ്ടെത്തിയത്. പഞ്ചാരക്കൊല്ലിയിലെ രാധയെ കൊലപ്പെടുത്തിയ കടുവ തന്നെയാണിതെന്ന് വനംമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. പെൺകടുവയാണ് ചത്തത്.
പഴകിയതും പുതിയതുമായ മുറിവുകൾ ശരീരത്തിൽ ഉണ്ടായിരുന്നു. ഈ മുറിവുകളാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. മരണകാരണം കണ്ടെത്താൻ വിശദമായ പോസ്റ്റ് മോർട്ടം നടത്തും. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ട്. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിൽ ചത്തതാണോയെന്നും സംശയമുണ്ട്. കടുവയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു.
പ്രിയദർശിനി എസ്റ്റേറ്റിന് സമീപത്തെ വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്. കടുവയുടെ കഴിഞ്ഞ ദിവസത്തെ ഫോട്ടോയും കിട്ടിയ ജഡത്തിലെയും ഐഡൻറിഫിക്കേഷൻ മാർക്കുകൾ ഒത്തു നോക്കിയാണ് ചത്തത് നരഭോജി കടുവ തന്നെയാണ് എന്ന് സ്ഥിരീകരിച്ചത്
ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വെടിവച്ചു കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം കടുവയ്ക്കായി കാടുകയറിയുള്ള പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് കടുവയെ ചത്തനിലയിൽ കണ്ടെത്തിയത്.










