
വയനാട് സാലറി ചാലഞ്ചിൽ പ്രതീക്ഷിച്ചതിന്റെ പകുതി തുക പോലും കിട്ടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുണ്ടക്കെെ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി പ്രഖ്യാപിച്ച സാലറി ചലഞ്ചിൽ 500 കോടി രൂപയെങ്കിലും കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, 231 കോടി രൂപയാണ് പിരിഞ്ഞുകിട്ടിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയിൽ ലിന്റോ ജോസഫ് എംഎൽഎയ്ക്ക് മറുപടി നൽകവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വയനാട് സാലറി ചലഞ്ചിൽ 300 കോടി പോലും തികച്ച് ലഭിച്ചില്ല. പണം സ്വീകരിക്കാൻ തുറന്ന ട്രഷറി അക്കൗണ്ടിലെ മാർച്ച് പത്തുവരെയുള്ള കണക്കുകൾ പ്രകാരം കൃത്യം 231,20,97,062 രൂപയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ജീവനക്കാർ കുറഞ്ഞത് അഞ്ച് ദിവസത്തെ ശമ്പളം നൽകണമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. എല്ലാവരും അഞ്ച് ദിവസത്തെ ശമ്പളം നൽകിയിരുന്നെങ്കിൽ 660 കോടി രൂപയായിരുന്നു ലഭിക്കേണ്ടിയിരുന്നത്. നേരത്തെ ഉണ്ടായ പ്രളയത്തോടനുബന്ധിച്ച് സാലറി ചാലഞ്ച് വഴി 1246 കോടി രൂപയാണ് സർക്കാർ സമാഹരിച്ചത്.
സ്പാർക് മുഖേന ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 128.41 കോടി രൂപയാണ് ലഭിച്ചത്. ലീവ് സറണ്ടർ വഴി 68.55 കോടി രൂപയും പിഎഫ് മുഖേന 23.26 കോടി രൂപയും ലഭിച്ചു. സ്പാർക്കിതര ജീവനക്കാരുടെ വിഹിതമായി ലഭിച്ചത് 13.87 കോടി രൂപയാണ്.











