05:47pm 26 April 2026
NEWS
വയനാട് ദുരന്തബാധിതർക്ക് മുസ്ലീം ലീ​ഗ് നിർമ്മിച്ചു നൽകിയ വീടുകളിൽ നാളെ ഗൃഹപ്രവേശനം
26/04/2026  10:37 AM IST
nila
വയനാട് ദുരന്തബാധിതർക്ക് മുസ്ലീം ലീ​ഗ് നിർമ്മിച്ചു നൽകിയ വീടുകളിൽ നാളെ ഗൃഹപ്രവേശനം

കല്പറ്റ: മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്കായി മുസ്ലീം ലീ​ഗ് നിർമ്മിച്ച് നൽകിയ ഒന്നാംഘട്ട വീടുകളുടെ ​ഗൃഹപ്രവേശന കർമ്മം നാളെ നടക്കും.  മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച 105 വീടുകളിൽ 51 വീടുകളിലാണ് നാളെ മുതൽ താമസം തുടങ്ങുന്നത്. ഈ വീടുകളുടെ സമർപ്പണചടങ്ങ് ഫെബ്രുവരി 28ന് മുസ്ലീം ലീ​ഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചിരുന്നു.

തിങ്കളാഴ്ച വൈകീട്ട് നാലിന് തൃക്കൈപ്പറ്റയിലാണ് ​ഗൃഹപ്രവേശന ചടങ്ങുകൾ. മുട്ടിൽ-മേപ്പാടി സംസ്ഥാനപാതയോട് ചേർന്ന് തൃക്കൈപ്പറ്റ വെള്ളിത്തോടാണ് എട്ടു സെന്റിൽ 1060 ചതുരശ്ര അടിയിൽ വീടുകൾ നിർമിച്ചിരിക്കുന്നത്. ​ഗൃഹപ്രവേശന ചടങ്ങിൽ ദുരിതബാധിതരുടെ അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ഉണ്ടാവുക. ഗൃഹപ്രവേശവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും സ്വകാര്യപരിപാടികളും നടക്കുന്നതിനാൽ 30 വരെ പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഇവിടേക്ക് പ്രവേശനമുണ്ടാകില്ല. ഗുണഭോക്താക്കളുടെ ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന പരിപാടിയായതിനാൽ അവരുടെ സ്വകാര്യത മാനിക്കണമെന്നും ഇവിടേക്കു വരുന്നത് ഒഴിവാക്കണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം പറഞ്ഞു. 

സർക്കാരിന്റെ ഗുണഭോക്തൃപ്പട്ടികയിൽ ഉൾപ്പെടുകയും എന്നാൽ, സർക്കാർ നൽ‌കുന്ന വീട് വേണ്ടെന്നുവെച്ച് മുസ്‌ലിം ലീഗിന് അപേക്ഷനൽകുകയും ചെയ്തവരെയാണ് പരിഗണിച്ചത്. മേപ്പാടി ഗ്രാമപ്പഞ്ചായത്തിൽത്തന്നെ വീടുകൾ വേണമെന്ന ആവശ്യത്തിന് പരിഗണനനൽകിയാണ് വെള്ളിത്തോട് സ്ഥലം വാങ്ങിയത്. മൂന്ന് കിടപ്പുമുറികൾ, രണ്ട് ശൗചാലയങ്ങൾ, അടുക്കള, ഡൈനിങ് ഹാൾ, വർക്ക് ഏരിയ, സിറ്റൗട്ട്, കട്ടപാകിയ മുറ്റം, മുൻവശത്ത് ഏഴുമീറ്റർ വീതിയിൽ ടൈൽ പാകിയ റോഡ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. ശുദ്ധജലത്തിന് കിണർകുഴിച്ച് ടാങ്ക് സജ്ജീകരിച്ചിട്ടുണ്ട്. വീടുകൾക്കാവശ്യമായ ഫർണിച്ചറുകളും മുസ്‌ലിം ലീഗാണ് നൽകിയത്. ആവശ്യമെങ്കിൽ രണ്ടാംനില പണിയാനുള്ള തറബലത്തോടെയാണ് നിർമാണം.

രണ്ടാംഘട്ടത്തിൽ നൽകുന്ന വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. കമ്യൂണിറ്റി ഹാൾ, പാർക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങളും മുസ്‌ലിം ലീഗിന്റെ ഭവനസമുച്ചയത്തിൽ ഒരുങ്ങും.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img