10:01am 06 November 2026
NEWS
മുണ്ടക്കൈ, ചൂരൽമല മേഖലകളുടെ പുനർനിർമാണത്തിനായി 529.50 കോടി രൂപയുടെ പലിശരഹിത വായ്പ അനുവദിച്ച് കേന്ദ്രസർക്കാർ

14/02/2025  03:18 PM IST
nila
മുണ്ടക്കൈ, ചൂരൽമല മേഖലകളുടെ പുനർനിർമാണത്തിനായി 529.50 കോടി രൂപയുടെ പലിശരഹിത വായ്പ അനുവദിച്ച് കേന്ദ്രസർക്കാർ

തിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല മേഖലകളുടെ പുനർനിർമാണത്തിന് കേന്ദ്രസർക്കാർ പലിശരഹിത വായ്പ അനുവദിച്ചു. 529.50 കോടി രൂപയുടെ കാപെക്‌സ് വായ്പയാണ് അനുവദിച്ചിരിക്കുന്നത്. 16 പദ്ധതികൾക്കായാണ് പണം അനുവദിച്ചത്. 2024-25 സാമ്പത്തിക വർഷത്തേക്കാണ് വായ്പ അനുവദിച്ചിരിക്കുന്നത്. മുഴുവൻ തുകയും 2025 മാർച്ച് 31ന് മുൻപ് വിനിയോഗിക്കണമെന്നും കേന്ദ്രത്തിന്റെ കത്തിൽ പറയുന്നു. ഫണ്ട് വകമാറ്റി ചിലവഴിക്കാനാകില്ലെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

മാർച്ച് 31ന് മുൻപായി പദ്ധതികളുടെ നിർമാണം പൂർത്തിയാക്കേണ്ടി വരുമെന്ന് കേന്ദ്രം നിർബന്ധം പിടിച്ചാൽ നിർമ്മാണ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാകും. വളരെ കുറഞ്ഞ കാലയളവിനുള്ളിൽ പണി പൂർത്തിയാക്കി റീഇംപേഴ്‌സ്‌മെന്റിന് സമർപ്പിക്കേണ്ടി വരുമോ എന്ന ആശങ്കയാണ് നിലവിലുള്ളത്. അങ്ങനെയാണെങ്കിൽ കേന്ദ്രം നൽകിയ വായ്പ വയനാടിന്റെ പുനർനിർമാണത്തിന് എത്രത്തോളം സഹായകരമാകുമെന്നതിലും ആശങ്ക ഉയരുന്നുണ്ട്. 

16 പദ്ധതികൾക്കായി 529.50 കോടി രൂപയുടെ കാപെക്‌സ് വായ്പയാണു കേന്ദ്രം അനുവദിച്ചത്. സംസ്ഥാനങ്ങൾക്കുള്ള മൂലധന നിക്ഷേപ സഹായമായി പലിശയില്ലാതെ 50 വർഷത്തേക്കു നൽകുന്ന വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പണം അനുവദിച്ചത്.

പദ്ധതികളും അനുവദിച്ച തുകയും

  1. ∙ നെടുമ്പാല, എൽസ്‌റ്റോൺ എസ്‌റ്റേറ്റുകളിലെ ടൗൺഷിപ്പിൽ പുനരധിവാസത്തിനു പൊതുകെട്ടിടങ്ങളുടെ നിർമാണം - 111.32 കോടി
  2. ∙ ടൗൺഷിപ്പിലെ റോഡ് നിർമാണം - 87.24 കോടി
  3. ∙ പുന്നപ്പുഴ നദിയിൽ 8 കി.മീ ഭാഗത്ത് ഒഴുക്ക് ക്രമീകരിക്കൽ - 65 കോടി
  4. ∙ ഫയർ ആൻഡ് റെസ്‌ക്യൂ സ്‌റ്റേഷൻ - 21 കോടി
  5. ∙ മുട്ടിൽ മേപ്പാടി റോഡ് നവീകരണം - 60 കോടി
  6. ∙ ചൂരൽമല പാലം നിർമാണം - 38 കോടി
  7. ∙ വെള്ളാർമല, മുണ്ടക്കൈ സ്‌കൂളുകളുടെ പുനർനിർമാണം - 12 കോടി
  8. ∙ രോഗബാധിതർക്കുള്ള കെട്ടിട നിർമാണം - 15 കോടി
  9. ∙ എൽസ്‌റ്റോൺ ടൗൺഷിപ്പിൽ 110 കെവി സബ് സ്‌റ്റേഷൻ - 13.50 കോടി
  10. ∙ കാരപ്പുഴ ജലശുദ്ധീകരണ പ്ലാന്റ് - 22.50 കോടി
  11. ∙ അപ്രോച്ച് റോഡുകൾ ഉൾപ്പെടെ 6 ഹെലിപ്പാഡുകളുടെ നിർമാണം - 9 കോടി
  12. ∙ കൽപ്പറ്റ സിവിൽ സ്‌റ്റേഷനിൽ ഡിഡിഎംഎ കോംപ്ലക്‌സ് ഉൾപ്പെടെ ഡി ബ്ലോക്ക് നിർമാണം - 30 കോടി
  13. ∙ ജില്ലയിൽ വിവിധോദ്ദേശ്യ ഷെൽറ്ററുകളുടെ നിർമാണം - 28 കോടി
  14. ∙ ചൂരൽമല-അട്ടമല റോഡ് - 9 കോടി
  15. ∙ പുഞ്ചിരിമട്ടം - വനറാണി പാലവും അപ്രോച്ച് റോഡും - 7 കോടി
  16. ∙ ജിഎൽപിഎസ് എട്ടാം നമ്പർ പാലവും അപ്രോച്ച് റോഡും - 7 കോടി
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img