
കൽപ്പറ്റ: വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അഞ്ച് കരാർ കമ്പനി ജീവനക്കാർക്കായുള്ള തെരച്ചിൽ ഇന്ന് കൂടുതൽ ശക്തമാക്കും. ദുരന്തസ്ഥലത്ത് കെടാവർ നായ്ക്കളെയും എത്തിച്ച് രക്ഷാപ്രവർത്തനം വ്യാപിപ്പിക്കാനാണ് തീരുമാനം. പ്രദേശത്ത് തുടരുന്ന കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തെരച്ചിലിന് വലിയ വെല്ലുവിളിയായി തുടരുകയാണ്.
മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ ഇന്നലെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പിന്നീട് എയർലിഫ്റ്റ് വഴി മൃതദേഹങ്ങൾ സ്വദേശങ്ങളിലെത്തിക്കും. വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഏഴ് പേരിൽ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
ഇന്നുച്ചയോടെ മണ്ണിടിച്ചിൽ നടന്ന സ്ഥലം മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശിക്കുമെന്നാണ് വിവരം.
ഇന്നലെ രാവിലെ 11.30ഓടെയാണ് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയോട് ചേർന്ന മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായത്. നിർമാണ ജോലികളിലുണ്ടായിരുന്ന തൊഴിലാളികൾ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ഉദ്യോഗസ്ഥർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരെ അതിഥി തൊഴിലാളികളായി തിരിച്ചറിഞ്ഞിട്ടുണ്ട്.
അപകടത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലെ താമസക്കാരെ സുരക്ഷിതമായി ചുളിക്ക സർക്കാർ എൽ.പി. സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്കുള്ള ഏക റോഡിലാണ് മണ്ണിടിച്ചിലുണ്ടായതോടെ ചൂരൽമല–അട്ടമല മേഖലകളിലേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
അതേസമയം, നിർമാണ തൊഴിലാളികൾക്ക് പുറമെ വിനോദസഞ്ചാരികളോ മറ്റ് യാത്രക്കാരോ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ല. ഈ സാധ്യതയും മുൻനിർത്തിയാണ് രക്ഷാസേനകൾ വ്യാപക തെരച്ചിൽ തുടരുന്നത്.









