05:36am 12 October 2024
NEWS
പ്രകൃതി നൽകിയ ദുരിതങ്ങളുടെ ആഘാതത്തിൽ ഇപ്പോഴും വിറങ്ങലിച്ചു നിൽക്കുകയാണ് വയനാട്
14/09/2024  08:58 PM IST
കോയാമു കുന്നത്ത്
പ്രകൃതി നൽകിയ ദുരിതങ്ങളുടെ ആഘാതത്തിൽ ഇപ്പോഴും വിറങ്ങലിച്ചു നിൽക്കുകയാണ് വയനാട്

പ്രകൃതി സൗന്ദര്യത്തിന്റെ സ്വർഗ്ഗഭൂമിയിൽ സമാനതകളില്ലാത്ത ദുരന്തങ്ങൾ സമ്മാനിച്ചുകൊണ്ട് പ്രകൃതി നൽകിയ ദുരിതങ്ങളുടെ ആഘാതത്തിൽ ഇപ്പോഴും വിറങ്ങലിച്ചു നിൽക്കുകയാണ് വയനാട്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ഏറ്റവും മനോഹര സ്വർഗ്ഗഭൂമിയായ വയനാട്ടിൽ വാക്കുകൾക്കതീതമായ പ്രകൃതി സൗന്ദര്യം നിറഞ്ഞ മുണ്ടക്കൈ- ചൂരൽമലയിൽ പ്രകൃതി നൽകിയ ശിക്ഷയുടെ ആഘാതം അക്ഷരങ്ങൾ കൊണ്ട് പ്രതിഫലിപ്പിക്കാനാവില്ല.  സമാനതകളില്ലാത്ത ദുരിതങ്ങൾ സമ്മാനിച്ച പുത്തുമല ദുരന്തത്തിന്റെയും കവളപ്പാറ ദുരന്തത്തിന്റെയും അഞ്ചാം വാർഷികത്തിന് എട്ട് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെയാണ് പുത്തുമലയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ചൂരൽമലയിൽ സമാനതയില്ലാത്ത ക്രൂരമുഖം പ്രകൃതി പുറത്തെടുത്തതെന്നത് ജനങ്ങളെ ഭയവിഹ്വലരാക്കിയിരിക്കുകയാണ്. നാൽപത് വർഷങ്ങൾക്കുമുമ്പ് 1984 ജൂലായ് 9 ന് രാത്രിയിൽ മുണ്ടക്കൈയിൽ നടന്ന മറ്റൊരു ഉരുൾപൊട്ടലും തീരാത്ത വേദനയായി ഇപ്പോഴും തുടരുമ്പോഴാണ് കേരളജനത കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന് 2024 ജൂലായ് 31 അർദ്ധരാത്രി പിന്നിട്ടതോടെ ജനങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത്.

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ മേപ്പാടി പഞ്ചായത്തിലാണ് മുണ്ടുക്കൈ- ചൂരൽ- പുത്തുമല പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായുള്ള മലനിരകളും, നീലഗിരി ബയോസ്ഫിയർ മേഖലകളിൽ ഉൾപ്പെടുത്താൻ നിർദ്ദേശവുമുള്ള മലനിരകൾ. വയനാട്ടിലെ ഏറ്റവും കൂടുതൽ ഉയരമുള്ള പുത്തുമലയും, രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ചെമ്പ്രമലയുമടക്കം സമുദ്രനിരപ്പിൽ നിന്നും രണ്ടായിരത്തിലധികം അടികൾ ഉയർച്ചയിലുള്ള മലനിരകളുള്ള പ്രദേശത്താണ് പ്രകൃതിയുടെ താണ്ഡവം. വയനാട് ജില്ലയ്ക്ക് പുറമെ മലപ്പുറം, കോഴിക്കോട് ജില്ലകളുമായി വനാതിർത്തിയും, മലകളുടെ പങ്കാളിത്തവും പങ്കിടുന്ന പ്രദേശമെന്നതിലുപരി തമിഴ്‌നാടിന്റെ അതിർത്തി പ്രദേശമാണ് വെള്ളാർമലയിലെ മലനിരകളും, പുന്നപ്പുഴയും, മുണ്ടക്കൈ മലനിരകളിൽ നിന്നുള്ള നീരുറവകളും നദികളും. വയനാടിനെയും മലപ്പുറത്തെയും കോഴിക്കോടിനെയും മാത്രമല്ല തമിഴ്‌നാട്ടിലെ കാർഷിക സമൃദ്ധിയെയും, ടൂറിസം മേഖലയെയും നാണ്യവിളകളെയും പരിപോഷിച്ചിരുന്നു. മുണ്ടക്കൈ- അട്ടമല- പുത്തുമല മേഖലകൾ വനമേഖലയെന്നതിലുപരി വൈദേശിക ഭരണത്തിന്റെയും കുടിയേറ്റത്തിന്റെയും ഭാഗമായി നാണ്യവിളകളുടെ കലവറയായി മാറിയിരുന്നു.  നൂറ്റാണ്ടുകളുടെ പഴമയും ചരിത്രവും പേറുന്ന തേയിലത്തോട്ടങ്ങളും, ഏലം-കാപ്പിത്തോട്ടങ്ങളും ഈ മേഖലയുടെ സ്വർഗ്ഗതുല്യമായ പ്രകൃതി സൗന്ദര്യത്തിന് മാറ്റ് കൂട്ടിയിരുന്നു. കേരളത്തിലെ തോട്ടം തൊഴിലാളികളുടെ സംഘടനാ ചരിത്രത്തിൽ സംഘടിതസമരങ്ങൾക്കും അവകാശ പോരാട്ടത്തിനും സാക്ഷ്യം വഹിച്ച ജനതയും മണ്ണും ഉൾക്കൊള്ളുന്ന പ്രദേശമാണ് ഇപ്പോൾ സമാനതകളില്ലാത്ത പ്രകൃതിദുരന്ത മേഖലയായി മാറിയിരിക്കുന്നത്. കേരളത്തിലെ പാലക്കാട്, മലപ്പുറം, കർണ്ണാടകയിലെ മംഗലാപുരം, തമിഴ്‌നാട്ടിലെ നീലഗിരി മേഖലകളിൽ നിന്ന് നിരവധി വർഷങ്ങൾക്ക് മുമ്പ് അടിമസമാന തോട്ടം തൊഴിലാളി ജീവിതം നയിച്ചിരുന്നവരാണ് ഈ പ്രദേശത്തെ ഭൂരിഭാഗം ജനതയും. പിന്നീട് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കുടിയേറ്റ കർഷകരും എത്തിയതോടെ തോട്ടം മേഖലയ്‌ക്കൊപ്പം കാർഷിക വിളവുകൾ കൊണ്ടും സ്വർഗ്ഗസമാനമായ ഭൂപ്രദേശമായി മാറി. സമീപകാലങ്ങളിലായി അന്യസംസ്ഥാന അതിഥി തൊഴിലാളികളാണ് ബഹുഭൂരിഭാഗം തോട്ടങ്ങളിലും തൊഴിൽ ചെയ്യുന്നത്.

ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ ചരിത്രത്തോടൊപ്പം, നാണ്യ വിളകളായ ചായപ്പൊടി, ഏലം, കുരുമുളക് കയറ്റുമതിയിലൂടെയും ഉൽപ്പാദനത്തിലൂടെയും പ്രസിദ്ധമായ ഈ മേഖല അട്ടമലയിൽ നടന്ന ഒരു രാഷ്ട്രീയ കൊലപാതകത്തിലൂടെയും സമീപകാലത്ത് ശ്രദ്ധ നേടിയിരുന്നു. സി.പി.ഐ(എം)- സി.പി.ഐ സംഘർഷത്തിൽ ഒരു സി.പി.ഐ പ്രവർത്തകനും മൂന്ന് സി.പി.ഐ(എം) പ്രവർത്തകരും കൊലചെയ്യപ്പെട്ട സംഭവം ഈ മേഖലയുടെ കറുത്ത അധ്യായമായി നിലനിൽക്കുന്നു.

പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ മലനിരകളിൽ ചെറുതും വലുതുമായ മണ്ണിടിച്ചിലുകളും മലയിടിയുന്നതും പതിവായിരുന്നു. മലനിരകൾ നിറഞ്ഞ ഈ പ്രദേശത്ത് അടിയന്തിരാവസ്ഥക്കാലത്തടക്കം കൂപ്പ് അടിസ്ഥാനത്തിൽ മരംമുറികളും ക്ലിയർ ഫെല്ലിംഗും നടന്നിരുന്നു. പിന്നീട് ഏലത്തോട്ടങ്ങളുടെയും, കാപ്പിത്തോട്ടങ്ങളുടെയും മറവിൽ വൻ മരംമുറികളും, മൃഗവേട്ടയും സാധാരണമായിരുന്നു. 1984 ലെ മുണ്ടക്കൈ ഉരുൾപൊട്ടലോടുകൂടിയാണ് മുണ്ടക്കൈ വനമേഖലയിലെ അനധികൃതവും സംഘടിതവുമായ മരം മുറികൾക്കെതിരേയും വനം കയ്യേറ്റത്തിനെതിരേയും നടപടികൾ ശക്തമായത്. വനം കയ്യേറ്റവും, മരം മുറിയും നിലച്ചെങ്കിലും വനം വകുപ്പ് അധികൃതരുടെ പീഡനം ഈ മേഖലയിൽ ശക്തമായി തുടരുകയാണ്. പരിസ്ഥിതി ദുർബല പ്രദേശമെന്ന പരിധിയിൽ ഉൾപ്പെടുത്തി സാധാരണക്കാരിൽ സാധാരണക്കാരായ നാമമാത്ര കൃഷിക്കാരെ ദ്രോഹിക്കുന്നതിൽ ചില വനംവകുപ്പ് ഉദ്ദ്യോഗസ്ഥർ ആനന്ദം കണ്ടെത്തുകയാണ്. വൻകിട തോട്ടമുടമകളെയും, സർക്കാരിൽ ലയിക്കേണ്ടതായ റവന്യൂഭൂമി അനധികൃതമായി കൈവശം വെച്ച് ഉടമകളായവരെയും തൊടാതെ വീടും പുരയിടവും മാത്രമുള്ളവരെ പീഡിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവർ നടത്തുന്ന പീഡനങ്ങൾ മുണ്ടക്കൈ മേഖലയിലെ ജനങ്ങളുടെ ജീവിതകഥയാണ്. സമീപകാലത്തായി വർദ്ധിച്ചിരിക്കുന്ന വന്യമൃഗങ്ങളുടെ വിളയാട്ടവും മൂലം കാർഷികമേഖലയിൽ ദുരിതം വർദ്ധിച്ചു. ഇതോടൊപ്പം പ്രകൃതി സൗന്ദര്യത്തിന്റെ മറവിൽ നിരവധി റിസോർട്ടുകളും, ഹോം സ്റ്റേകളും നിറഞ്ഞിരിക്കയാണ്. അനധികൃതവും അംഗീകാരവുമില്ലാത്ത റിസോർട്ടുകൾക്ക് പുറമെ സാഹസിക ടൂറിസ്റ്റ് പോയിന്റുകൾ ഈ മേഖലയിൽ കൂൺ പോലെ ഉയർന്നുവരുന്നു.

ഹാരിസൺ മലയാളം പ്ലാന്റേഷൻ, പോഡാർ പ്ലാന്റേഷൻ,എ.വി.ടി-ചുളിക്ക എസ്റ്റേറ്റ് തുടങ്ങിയവയാണ് ഈ മേഖലയിലെ പ്രധാന ചായത്തോട്ടങ്ങൾ. പുറമെ ചെറുതും വലുതുമായ നിരവധി ഏലം- കാപ്പിത്തോട്ടങ്ങൾ കൊണ്ട് സമൃദ്ധമായിരുന്നു മുണ്ടക്കൈ, അട്ടമല- പുത്തുമല-ചൂരൽമല പ്രദേശങ്ങൾ. ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളുടെ ശക്തമായ ചെറുത്തുനിൽപ്പിലൂടെ അടിമസമാനമായ ജീവിതത്തിൽ നിന്ന് ഭേദപ്പെട്ട ജീവിതപശ്ചാത്തലത്തിലേക്ക് തൊഴിലാളികളുടെ ജീവിതം ഉയർന്നുവന്നിരുന്നു. സാമൂഹ്യപശ്ചാത്തല മേഖലകളും മാറിത്തുടങ്ങിയ ഘട്ടത്തിൽ കേന്ദ്ര സർക്കാരിന്റെ പുത്തൻ സാമ്പത്തിക നയങ്ങളും- ഡങ്കൽ-ഗാട്ട് കരാറുകളും ആസിയാൻ ഉടമ്പടികളും തോട്ടം മേഖലയിലെ തൊഴിലാളികളുടെ ജീവിതം നരകതുല്യമാക്കുകയും, തൊഴിൽ മേഖലയിലെ ജീവിതസുരക്ഷിതത്വം പരിപൂർണ്ണമായി ഇല്ലാതാവുകയും ചെയ്തു. ഇതോടെ ഈ മേഖലയുടെ ഭൂചരിത്രവും മാറ്റപ്പെട്ടു. വനമേഖലയും തോട്ടം മേഖലയും മാത്രമായി നിലനിന്നിരുന്ന ഭൂമേഖല പിന്നീട് ചെറുതും വലുതുമായ വീടുകൾ നിറഞ്ഞ ജനവാസ കേന്ദ്രങ്ങളായി മാറുകയായിരുന്നു. തൊഴിലാളികൾ മുപ്പതും നാൽപ്പതും അൻപതും വർഷത്തെ അധ്വാനത്തിൽ നിന്ന് പിരിയുമ്പോൾ ലഭിക്കുന്ന തുച്ഛമായ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തി 5 സെന്റ് വിസ്തൃതി മുതലുള്ള ചെറുഭൂമിയിടങ്ങൾ സ്വന്തമാക്കുകയും നിരവധി വീടുകൾ ഈ പ്രദേശത്താകെ ഉയരുകയും ചെയ്തു. രണ്ടാം തലമുറയിൽപ്പെട്ട യുവതീയുവാക്കൾ തോട്ടം തൊഴിലാളി ജീവിതത്തിന് പ്രാധാന്യം നൽകാതെ പഠനത്തിനും, തൊഴിലുകൾക്കും വിദേശ തൊഴിലിനും പ്രാമുഖ്യം നൽകിയതോടെ ഈ മേഖലകളിലെ സാമൂഹ്യജീവിതത്തിനും മാറ്റം വന്നു.

തോട്ടം തൊഴിലാളികളായി അടിമജീവിതം നയിച്ചിരുന്നവരും എസ്റ്റേറ്റ് ലായങ്ങളിൽ ശ്വാസം കിട്ടാതെ ജീവിച്ചിരുന്നവരുമായ ഒരു ജനതയുടെ സാമൂഹ്യമായ ഉയിർത്തെഴുന്നേൽപ്പിന്റെ ജീവിത പോരാട്ടങ്ങൾക്ക് മുകളിലാണ് ഇപ്പോൾ പ്രകൃതി സംഹാരതാണ്ഡവം നടത്തിയിരിക്കുന്നത്. തോട്ടം തൊഴിലാളികളായി ജീവിതം നയിച്ചിരുന്നവരേയും, അവരുടെ മക്കൾ അടങ്ങുന്നവരെയുമാണ് കൂട്ടത്തോടെ പ്രകൃതി തിരിച്ച് വിളിച്ചിരിക്കുന്നത്. കൂടെ പുതിയതായി എത്തിയ ഒരു രേഖകളിൽ പോലും അടയാളപ്പെടുത്താത്ത അന്യസംസ്ഥാന അതിഥി തൊഴിലാളികളും പ്രകൃതിയുടെ കലിതുള്ളലിനു ഇരയായിരിക്കുന്നു. അതിഥി തൊഴിലാളികളുടെ എണ്ണം, പേര് വിവരം തുടങ്ങിയവയൊന്നും എവിടെയും അടയാളപ്പെടുത്തിയിട്ടില്ല. തൊഴിൽ ഉടമയുമായി ബന്ധമില്ലാതെ കരാർ അടിസ്ഥാനത്തിൽ ഏജന്റുമാർ മുഖേന എത്തുന്ന അതിഥി തൊഴിലാളികളിൽ 134 പേരെ വിവിധ സ്ഥലങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി രക്ഷാകേന്ദ്രങ്ങളിൽ പാർപ്പിച്ചിട്ടുണ്ട്. ചൂരൽ മേഖലയിൽ ഒലിച്ചുപോയ രണ്ട് ലായങ്ങളിൽ കൂട്ടത്തോടെ അതിഥി തൊഴിലാളികളാണ് താമസിച്ചിരുന്നതെന്നാണ് ജനങ്ങൾ പറയുന്നത്. റിസോർട്ടുകളിലും, ഹോം സ്റ്റേകളിലും തൊഴിലാളികളിൽ ഭൂരിഭാഗവും ഇവരായിരുന്നു. സമീപകാലത്തായി എസ്റ്റേറ്റുകളും തോട്ടങ്ങളും നടത്തിപ്പിനായി ലീസിന് നൽകുകയാണ്. ലീസിന് നൽകുന്നതോടെ ഉടമയ്ക്ക് തൊഴിൽ നിയമങ്ങൾ ഒന്നും ബാധകമല്ലാത്ത സ്ഥിതിയാണ്. യഥാർത്ഥ ഉടമകൾ ആരെന്നുപോലും തിരിച്ചറിയാത്ത വിധം തോട്ടങ്ങളുടെ ഉടമസ്ഥാവകാശം മാറിയതോടെ യാതൊരു തിരിച്ചറിയൽ സംവിധാനങ്ങളും ഇല്ല. അതുകൊണ്ടുതന്നെ പ്രകൃതി ദുരന്തത്തിൽപ്പെട്ട അതിഥി തൊഴിലാളികളുടെ വ്യക്തമായ കണക്ക് പോലും പറയാനാവില്ല. പ്രഭവകേന്ദ്രത്തിന് സമീപം വനവാസികളായ ചോലനായ്ക്കന്മാരായ ആദിവാസി കോളനികളും ഉണ്ടായിരുന്നു. ഗുഹാവാസികളായിരുന്ന ഇവരിൽ ചിലരെ വനം വകുപ്പ് രക്ഷപ്പെടുത്തിയിരുന്നു. ഇവരുടെയും കൃത്യമായ കണക്കു ലഭ്യമല്ല.

മേപ്പാടിയിൽ നിന്ന് 13 കിലോമീറ്റർ റോഡ് ദൂരമാണ് ദുരന്തമേഖലയായി മാറിയ ചൂരൽമലയിേലക്കുള്ളത്. അവിടെനിന്ന് രണ്ടരകിലോമീറ്റർ ദൂരത്താണ് മുണ്ടക്കൈ. പ്രകൃതിദുരന്തത്തിന്റെ ആദ്യപ്രഭവകേന്ദ്രമായ വെള്ളാലിപ്പാറയിലേക്കും, പുഞ്ചിരിമട്ടത്തേക്കും കിലോമീറ്ററുകളുടെ ദൂരവ്യത്യാസമാണ് ഉള്ളത്. പുഞ്ചിരിമട്ടത്ത് ഒന്നിലധികം തവണ ഉരുൾപൊട്ടലുണ്ടായതായാണ് കണക്കാക്കുന്നത്. പ്രഭവകേന്ദ്രത്തിൽ നിന്ന് ഏഴ് കിലോമീറ്റർ ദൂരത്തിലധികം നാശനഷ്ടങ്ങൾ വിതച്ചുകൊണ്ടാണ് ദുരന്തം ഇരമ്പിപ്പാഞ്ഞത്. വെള്ളാലിപ്പാറയിൽ  നിന്ന് പുഞ്ചിരിമട്ടം, അട്ടമല- മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾ എന്നിവിടങ്ങളിലെ 700 ലധികം ഹെക്ടർ സ്ഥലം നശിപ്പിച്ചുകൊണ്ടായിരുന്നു പ്രകൃതിയുടെ കലിപ്പ്. സൂചിപ്പാറ വെള്ളച്ചാട്ടം- സീതക്കുണ്ട് വെള്ളച്ചാട്ടം എന്നീ പ്രധാനപ്പെട്ട വലിയ വെള്ളച്ചാട്ടങ്ങൾ മറികടന്നാണ് പുന്നപ്പുഴയിലൂടെ 40 കിലോമീറ്റർ ദൂരത്തുള്ള ചാലിയാറിൽ എത്തിയത്. വെള്ളാലിപ്പാറയിൽ നിന്നും പുഞ്ചിരിമട്ടത്ത് നിന്നും തുടങ്ങിയ ഉരുൾപൊട്ടലിന്റെ ഭീകരദൃശ്യത്തിന്റെ അനാവരണമാണ് ചാലിയാർ പുഴയിൽ നിന്നും ഇത്രയധികം മൃതദേഹങ്ങളും അവശിഷ്ടങ്ങളും കണ്ടെത്തിയതിലൂടെ വ്യക്തമാകുന്നത്. വനമേഖലയും, ഏലത്തോട്ട മേഖലയുമായതിനാൽ പ്രഭവകേന്ദ്രമായ വെള്ളാലിപ്പാറയിലും, പുഞ്ചിരിമട്ടത്തും ജനവാസം കുറവാണ്.

പുഞ്ചിരിമട്ടത്തെ യഥാർത്ഥ ദുരിത ചിത്രം ഇതെഴുന്നതുവരെയും വ്യക്തമായിട്ടില്ല. ഇതേസമയം ഈ മേഖലയിൽ വൻകിട കെട്ടിടങ്ങളോ, ക്വാറികളോ പ്രവർത്തിക്കുന്നില്ല. കോടിക്കണക്കിന് വർഷങ്ങളായി മനുഷ്യനും പ്രകൃതിയും തമ്മിൽ നടത്തിവരുന്ന പരസ്പര പോരാട്ടത്തിന്റെ പകതീർക്കാനെന്ന വണ്ണം പ്രകൃതി മനുഷ്യന് മേൽ ഏൽപ്പിക്കുന്ന പ്രഹരമായി ഉരുൾപൊട്ടലുകൾ.

വേനൽമഴ പ്രതീക്ഷിച്ചതുപോലെ ഇപ്രാവശ്യം വയനാട്ടിൽ ലഭിച്ചിരുന്നില്ല. എന്നാൽ ജൂൺ-ജൂലായ് മാസങ്ങളിൽ വെയിൽ ലഭിച്ച ദിനങ്ങൾ പോലും വിരലിലെണ്ണാവുന്നതാണ്. ജൂലായ് 30-31 ദിവസങ്ങളിൽ മഴവ്യാപകമായി ക്രമാതീതമായി ഉയർന്നു. മുണ്ടക്കൈ പ്രദേശത്ത് ദുരന്തസമയത്ത് 500 മി.മീറ്റർ മഴയാണ് വയനാട്ടിലെ മറ്റൊരു സ്ഥലമായ തൊണ്ടർനാട് മേഖലയിൽ ഉണ്ടായത്. 330 മി.മീറ്റർ മഴയും കുറഞ്ഞ സമയത്ത് ലഭിച്ചിട്ടുണ്ട്. വയനാട്ടിൽ പെയ്ത മഴയുടെ പ്രത്യാഘാതമെന്നോണമാണ് നാദാപുരം മേഖലയിലെ വിലങ്ങാട് മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുള്ളത്.

മനുഷ്യൻ, പ്രകൃതി, ജീവിതം, സമ്പത്ത്, മരണം തുടങ്ങിയ പരസ്പര പൂരകമായ ഘടകങ്ങളുടെ അർത്ഥവ്യത്യാസങ്ങളെയും നിഗമനങ്ങളെയുമെല്ലാം തകർത്തെറിഞ്ഞ് കൊണ്ടുനടന്ന പ്രകൃതിദുരന്തം കേരളത്തിൽ തന്നെ ഏറ്റവും വലിയ ദുരന്തമാണ്. ദുരന്തത്തിൽ മരണപ്പെട്ടവരിൽ തിരിച്ചറിയാത്തവരും, കാണാതായവരും മനുഷ്യമനഃസാക്ഷിയെ എന്നും ഉലച്ചുകൊണ്ടിരിക്കും. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരാകട്ടെ സർവതും നഷ്ടപ്പെട്ട് പൂജ്യത്തിലേക്ക് മടങ്ങുകയും ചെയ്തു. കാരണങ്ങൾ തേടിയും, കണക്കുകൾ തേടിയുമുള്ള പഠനങ്ങളും, വിലയിരുത്തലുകളും തുടർന്നുകൊണ്ടിരിക്കുമെങ്കിലും, പ്രദേശത്തെ ജനങ്ങളുടെ ഉയിർത്തെഴുന്നേൽപ്പ് സമൂഹത്തിന് മുമ്പിൽ ചോദ്യച്ചിഹ്നമായി നിലനിൽക്കും. അക്ഷരങ്ങളും അക്കങ്ങളും വിവാദങ്ങളുമായി പ്രകൃതിദുരന്തചർച്ചകൾ അനസ്യൂതം തുടരുമ്പോൾ, തീർത്താൽ തീരാത്ത മുറിപ്പാടായി കാലങ്ങളോളം ദുരന്തങ്ങൾ നിലനിൽക്കുക തന്നെ ചെയ്യും.

ജൂലായ് 31 ന് അർദ്ധരാത്രി വരെ ജീവിത സ്വപ്നങ്ങൾ കണ്ടും, കണക്കുകൂട്ടലുകൾ നടത്തിയും അഗാധ നിദ്രയിൽ കഴിഞ്ഞിരുന്ന ഒരുപറ്റം മനുഷ്യജീവിതങ്ങൾ നിമിഷാർദ്ധങ്ങൾ കൊണ്ട് തിരിച്ച് ലഭിക്കാത്ത വിധം പ്രകൃതി തിരിച്ചെടുത്തിരിക്കുകയാണ്. ജാതിയുടെയും, മതത്തിന്റെയും, സമ്പത്തിന്റെയും വേർതിരിവുകളുള്ള മതിൽക്കെട്ടുകൾ സ്വയം നിർമ്മിക്കുകയും ശക്തിയോടും വാശിയോടും വൈരാഗ്യത്തോടെയും മനസ്സിൽ കൊണ്ട് നടന്നവരുടെ ജീവനെടുത്ത ദുരന്തത്തിന് ഒരൊറ്റ നിറം; മണ്ണിന്റെ നിറം മാത്രമായിരുന്നു. ഒഴുകിയെത്തിയ വെള്ളത്തിനും മണ്ണിന്റെ നിറം മാത്രമായിരുന്നു.

1984-ലെ ഉരുൾപ്പൊട്ടൽ

മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ മേഖല ദുരന്തങ്ങളുടെ മേഖലയായി മാറുകയാണ്. നാൽപത് വർഷങ്ങൾക്ക് മുമ്പ് അതായത് 1984 ജൂലായ് 9 ന് നടന്ന ഉരുൾപൊട്ടലിനെ തുടർന്നാണ് മുണ്ടക്കൈ മേഖല ശ്രദ്ധാകേന്ദ്രമായി മാറുന്നത്. മുണ്ടക്കൈ മേഖലയിലെ കരിമറ്റം ഏലംതോട്ടത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 13 തൊഴിലാളികൾ മരണപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. അന്നും രണ്ടുപേരുടെ മൃതദേഹങ്ങൾ ചാലിയാർ പുഴയിൽ നിന്ന് തിരിച്ചറിയാനാവാത്ത വിധം കണ്ടുകിട്ടിയിരുന്നു. മറ്റ് മൃതദേഹങ്ങൾ ഒന്നും വീണ്ടെടുക്കാനാവാത്ത അവസ്ഥയിൽ പിൻവാങ്ങിയതിന് പുറകെ ദുരന്തസ്ഥലത്തുനിന്ന് തേക്കിലക്കാട്ടിൽ ഷാജിയെന്ന യുവാവിന്റെ കാൽപാദം അദ്ദേഹത്തിന്റെ മാതാവിന് ലഭിച്ചത് ദുരന്തമുഖങ്ങളിൽ ഇന്നും വേദനിക്കുന്ന ഓരോർമ്മച്ചിത്രമാണ്. ഔദ്യോഗിക തിരച്ചിൽ അവസാനിപ്പിച്ച ഘട്ടത്തിൽ സ്വന്തം മകനെ തെരഞ്ഞ് നടന്ന മാതാവിന് ലഭിച്ച മകന്റെ ശരീരഭാഗം തുണിയിൽ പൊതിഞ്ഞ് ദുരന്തമുഖത്ത് നിൽക്കുന്ന മാതാവിന്റെ രൂപം പ്രകൃതിദുരന്തങ്ങളുടെ വ്യാപ്തിയുടെ പ്രതിരൂപമായി ഇന്നും നിലനിൽക്കുന്നു.

84 ജൂലായ് 9 ന്റെ ദുരന്തത്തിന്റെ മറ്റൊരു മുഖമായിരുന്നു മാതൃഭൂമി പത്രത്തിന്റെ ലേഖകനായിരുന്ന കെ. ജയചന്ദ്രന്റെ അറസ്റ്റ് ഉയർത്തിയ വിവാദം. ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ കണ്ടെത്തിയ മുള്ളൻപന്നിയുടെ ജഡം സർക്കിൾ ഇൻസ്‌പെക്ടറുടെ നിർദ്ദേശമനുസരിച്ച് പോലീസ് ജീപ്പിൽ കയറ്റുന്ന ചിത്രവും വാർത്തയും പത്രത്തിൽ വന്നതിനെ തുടർന്നാണ് പ്രതികാരനടപടിയായി പോലീസ് അറസ്റ്റ് ചെയ്തത്. അർദ്ധരാത്രിയിൽ വിളിച്ചുണർത്തി അറസ്റ്റ് ചെയ്യുകയും സ്റ്റേഷനിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. സംഭവം പുറംലോകമറിഞ്ഞതോടെ കേരളത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നു. അന്ന് വയനാട് ജില്ലയിലുണ്ടായിരുന്ന പോലീസ് സ്റ്റേഷനുകളിലേക്ക് ജനങ്ങൾ അതിക്രമിച്ച് കയറിയതും വൻ സംഭവമായി. ഒരു  പത്രപ്രവർത്തകൻ സാധാരണ ജനങ്ങളുടെ മനസ്സിൽ പ്രിയപ്പെട്ടവനായി മാറി. പത്രപ്രവർത്തന ചരിത്രത്തിലെ മായ്ക്കാനാവാത്ത ചരിത്രമായി ഇതു അവശേഷിക്കുന്നു.

നാൽപത് വർഷങ്ങൾക്കുശേഷം പുത്തുമലയിൽ 2019 ൽ ഉണ്ടായ പ്രകൃതിദുരന്തത്തിൽ 17 പേരാണ് ഔദ്യോഗികമായി മരണമടഞ്ഞത്. 50 ഓളം വീടുകളും എസ്റ്റേറ്റ് പാടികളും അടക്കം എല്ലാം നഷ്ടപ്പെട്ടു. കാണാതായ അഞ്ച് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയില്ല. ഇവിടെയും അതിഥി തൊഴിലാളികൾ അപകടത്തിൽപ്പെട്ടിരുന്നതായി ജനങ്ങൾ പരാതിപ്പെട്ടിരുന്നു.

പുത്തുമല ദുരന്തത്തിന്റെ അഞ്ചാം വാർഷികത്തിന് എട്ട് നാൾ മാത്രം അവശേഷിക്കെയാണ് രണ്ട് കിലോമീറ്റർ മാത്രം അകലെ ചൂരൽ മലയിലും, മുണ്ടക്കൈയിലും, അട്ടമലയിലും, പുഞ്ചിരിമട്ടത്തും സമാനതകളില്ലാത്തവിധം ദുരന്തം വിതച്ചത്. പ്രകൃതിയുടെ പ്രതികാരത്തിന്റെ വ്യാപ്തി ഇപ്പോഴും കണക്കുകൾ കൊണ്ടും അക്ഷരങ്ങൾ കൊണ്ടും വിവരിക്കാനാവില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img img