
വയനാട് മണ്ഡലത്തിന്റെ ജാതി-മത ഘടന തന്നെയാണ് ആ മണ്ഡലത്തെ ഒരു വർഗ്ഗീയ വിവാദത്തിൽ കക്ഷിയാക്കുന്നത്. 2009 ന് മുൻപ് നടന്ന മണ്ഡല പുനർസംവിധാനം വഴിയാണ് 2009 ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ വയനാട് മണ്ഡലം രൂപീകൃതമായത്. മുസ്ലീം ലീഗിന് ഒരു മൂന്നാം ലോക്സഭാ മണ്ഡലം രൂപീകരിച്ചുകൊടുത്തു എന്ന ആക്ഷേപം അന്നത്തെ കേന്ദ്ര കോൺഗ്രസ്സ് സർക്കാരിനെതിരെ ഉയർന്നിരുന്നു. തെരഞ്ഞെടുപ്പ് വന്നപ്പോൾ മൂന്നാമതൊരു ലോക്സഭാ സീറ്റ് എന്ന ആവശ്യം ലീഗ് ഉന്നയിച്ചു. അന്ന് ലീഗിനെ ഒതുക്കാൻ മുസ്ലീം സമുദായക്കാരനായ കോൺഗ്രസ്സ് നേതാവ് എം.ഐ. ഷാനവാസിനെ സ്ഥാനാർത്ഥിയാക്കി ജയിപ്പിച്ചു. 2014 ലും ഇതേ കളിപ്പിക്കലിൽ ലീഗ് വഴങ്ങിക്കൊടുത്തു. അന്ന് യു.ഡി.എഫ് സർക്കാരായിരുന്നതുകൊണ്ട് ലീഗിനെ കീഴ്പ്പെടുത്തൽ കുറെക്കൂടി എളുപ്പമായി.
2024 ൽ എസ്.ഡി.പി.ഐയുമായും ജമാഅത്തെയുമായും ഒരു സംസ്ഥാന ലവൽ പാക്കേജ് രഹസ്യമായി യു.ഡി.എഫ് ഉണ്ടാക്കിയിരുന്നു. എന്നാൽ എൽ.ഡി.എഫും കണ്ണും നട്ടിരുന്നത് ആ മുസ്ലീം വോട്ടിനുവേണ്ടിയായിരുന്നതുകൊണ്ട് സി.പി.എം യു.ഡി.എഫിനെതിരെ വർഗ്ഗീയ ആരോപണമുയർത്തിയില്ല. മാത്രവുമല്ല കേരളത്തിലെ മുസ്ലീം വോട്ട് അടങ്കലായി പിടിക്കാൻ മത്സരിച്ചു സെമിനാറുകളം ഐക്യദാർഢ്യ സഭകളും സംഘടിപ്പിച്ചിട്ടും മുസ്ലീം വോട്ട് കിട്ടിയില്ല. നാല് മുസ്ലീം സ്ഥാനാർത്ഥികളെ നിർത്തി. ലീഗ് പോലും രണ്ട് പേരിലൊതുങ്ങി. എൽ.ഡി.എഫാണെങ്കിൽ മുസ്ലീം ലീഗിൽ നിന്ന് ഒരാളെ ചാക്കിട്ടുപിടിച്ചു മലപ്പുറത്ത് നിർത്തി. കോഴിക്കോട് മുൻ ബേപ്പൂർ എം.എൽ.എ, മന്ത്രി, രാജ്യസഭാ എം.പി എന്നീ യോഗ്യതയുള്ള മുസ്ലീം സ്ഥാനാർത്ഥിയെ നിർത്തിയിട്ടും ജയിച്ചില്ല. സിറ്റിംഗ് എം.പിയായ ആരിഫ് ആലപ്പുഴയിൽ തോറ്റതോടെ ഒറ്റാലിൽ കിടന്നതുമില്ല, കിഴക്കുനിന്ന് ഒഴുകിവരുമെന്നതും ഇല്ല എന്ന അവസ്ഥയിലായി.
വയനാടിന്റെ ജാതിഘടന
വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ ഏഴുമണ്ഡലങ്ങൾ ചേരുന്നതാണ് വയനാട് ലോക്സഭാ മണ്ഡലം. 2011 ലെ സെൻസസ് പ്രകാരം മതഘടനയിൽ 48 ശതമാനം മുസ്ലീങ്ങളാണ്. 13 വർഷങ്ങൾ പിന്നിട്ട ഇപ്പോൾ അത് അമ്പതിനോ അറുപതിനോ മേൽപ്പോയി കാണും.
ക്രിസ്ത്യൻ വിഭാഗങ്ങൾ 2011 ൽ 10.6% ആണെങ്കിൽ കുടിയേറ്റ വിഭാഗങ്ങളിലെ വർദ്ധനവ് കൂടുതലും ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ നിന്നായിരിക്കും.
വയനാടിന്റെ അവകാശികൾ എന്ന് ചരിത്രം സാംസ്ക്കാരിക പശ്ചാത്തലങ്ങളിൽ സൂചിപ്പിക്കുന്ന പട്ടികജാതിക്കാരും പട്ടിക വർഗ്ഗക്കാരും ചേർന്നുള്ള ജനസംഖ്യ 14.12% ആണ്. മറ്റ് ചില സ്ഥിതിവിവരക്കണക്കുകൾ പ്രകാരം അവരുടെ എണ്ണത്തിൽ ശോഷണം സംഭവിച്ചിട്ടുണ്ട്. ഇവരെക്കൂടി ചേർത്താണ് ഹിന്ദു വിഭാഗങ്ങളെ കണക്കാക്കുന്നത്. മറ്റ് ഭൂരിപക്ഷ സമുദായങ്ങളും ബുദ്ധർ, ജയിനന്മാർ, സിക്കുകാർ എല്ലാം ചേർന്നാലും രണ്ട് ശതമാനത്തിലധികം വരില്ല.
ലീഗിനെ കളിപ്പിച്ച്
കോൺഗ്രസ്സ് വയനാട്
വശത്താക്കി
1952 മുതൽ ഫിറോസ് ഗാന്ധിയും പിന്നെ ഇന്ദിരാഗാന്ധിയും ഷീലാകൗളും സോണിയാഗാന്ധിയും 2024 ൽ രാഹുൽഗാന്ധിയും എം.പിയായിരിക്കുന്ന ഉത്തർപ്രദേശിലെ റായ്ബറേലി ലോക്സഭാസീറ്റ് എങ്ങനെ നെഹ്റു കുടുംബസീറ്റായോ അതേപോലെ വയനാട് സീറ്റ് കണ്ണുനട്ടിരുന്ന മുസ്ലീം ലീഗിനെ കളിപ്പിച്ച് വയനാടും ഇപ്പോൾ റായ്ബറേലിയാക്കിയിരിക്കുന്നു. ഏറനാട് എം.എൽ.എ പി.കെ. ബഷീറിന്റെ വാപ്പ പി. സീതിഹാജി പറഞ്ഞപോലെ പച്ചക്കൊടി പിടിക്കാൻ മുസ്ലീംലീഗുകാർ വയനാട്ടിൽ നിന്ന് കുറ്റിപ്പുറത്തോ തിരൂരോ ഉള്ള റെയിൽവേ സ്റ്റേഷനുകളിൽ പോകേണ്ടിവരും.
വയനാട് തിരിച്ചുപിടിക്കാൻ ലീഗിന്റെ പുതിയ തന്ത്രങ്ങളാണ് വരാൻ പോകുന്നത്. അസംബ്ലി തെരഞ്ഞെടുപ്പിൽ പി.വി. അൻവർ വഴി നിലമ്പൂരും തിരുവമ്പാടിയുടെ കൈമാറ്റവും ഉറപ്പിച്ചുകൊണ്ട് വയനാടിന്റെ ആധിപത്യം മുസ്ലീംലീഗീന്റെ കൈകളിലാകും എന്ന് ലീഗ് വിശ്വസിക്കുന്നു.
2009 ലും 2014 ലും ഷാനവാസിനെ കാണിച്ചാണ് കോൺഗ്രസ് ലീഗിനെ വീഴ്ത്തിയത്. 2019 ൽ കർണ്ണാടകത്തിലും കേരളത്തിലും ഏതെങ്കിലും ഉറപ്പുള്ള സീറ്റിൽ രാഹുൽഗാന്ധിക്കുവേണ്ടി കോൺഗ്രസ് നേതൃത്വം നോക്കിയിരുന്നു. 2004 മുതൽ എം.പിയായിരുന്ന അമേഠിയിൽ വിജയസാധ്യതയിൽ ആശങ്കയുമുണ്ടായിരുന്നു. രാഹുൽഗാന്ധി 50000 വോട്ടിന് പരാജയപ്പെട്ടു. 2019 ൽ കേരളത്തിൽ രാഹുൽഗാന്ധി ഉൾപ്പെടെ 10 സീറ്റുകളിൽ ജയിച്ചു. ആലപ്പുഴ മാത്രം എൽ.ഡി.എഫ് ജയിച്ചു.
2024 ൽ വയനാട്ടിലെ സ്ഥാനാർത്ഥിത്വം രാഹുൽഗാന്ധിയെക്കാൾ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യമായിരുന്നു. നെഹ്റു കുടുംബത്തിന്റെ പരമ്പരാഗതമായ റായ്ബറേലിയിൽ സോണിയാഗാന്ധി മത്സരരംഗം വിടുന്നതുകൊണ്ട് അവിടെ മത്സരിക്കണമെന്ന ആഗ്രഹം ആരോടും പ്രകടിപ്പിച്ചില്ലെങ്കിലും കുടുംബത്തിൽ സൂചിപ്പിച്ചുകാണും. സോണിയാഗാന്ധിയുടെ മനസ്സിൽ പ്രിയങ്കയായിരുന്നുവെന്ന് അവരുടെ ഭർത്താവായ റോബർട്ട് വദ്രയുടെ അവകാശവാദം വടക്കേ ഇൻഡ്യൻ മീഡിയകളിലൂടെയാണ് പുറത്തുവന്നത്. അരമന രഹസ്യങ്ങൾ പലപ്പോഴും കാലക്രമത്തിൽ അങ്ങാടിപ്പാട്ടാകാറുണ്ട്.
രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ ആണ് രാഹുലിന്റെ റായ്ബറേലിയിലെ സ്ഥാനാർത്ഥിത്വം പുറത്തുവന്നത്. കോൺഗ്രസ് നേതൃത്വം അത് സമാജ്വാദി പാർട്ടിയുടെയും ആർ.ജെ.ഡിയുടെയും മറ്റും ആവശ്യമാക്കി തലയൂരി.
തെരഞ്ഞെടുപ്പ്
കണക്കുകൾ
2009 മുതൽ വയനാട് മണ്ഡലത്തിൽ കോൺഗ്രസ്സിനെ നേരിട്ടത് എൽ.ഡി.എഫിൽ നിന്ന് സി.പി.ഐയാണ്. എം.ഐ. ഷാനവാസ് 49.86 ശതമാനം വോട്ടും 1,53000 വോട്ടിന്റെ ഭൂരിപക്ഷവും നേടി. സി.പി.ഐ സ്ഥാനാർത്ഥി റഹ്മത്തുള്ള 2,57,264 വോട്ടുകളും എൻ.സി.പി സ്ഥാനാർത്ഥിയായി മത്സരിച്ച കെ. മുരളീധരൻ ഒരു ലക്ഷത്തോളം വോട്ടും ബി.ജെ.പിക്ക് 31000 വോട്ടും ലഭിച്ചു.
2014 ആയപ്പോൾ ഷാനവാസിന്റെ നില കുറച്ച് പരുങ്ങലിലായി. 41.21 % ആയി വോട്ടുകുറഞ്ഞു. ഭൂരിപക്ഷം 20870 ആയി കുറഞ്ഞു. സി.പി.ഐ സ്ഥാനാർത്ഥിയായിരുന്ന സത്യൻ മൊകേരി 3,56,105(38.92%) വോട്ട് നേടി. സി.പി.ഐയുടെ സ്ഥാനാർത്ഥികൾ നേടിയ സർവ്വകാല റിക്കാർഡായിരുന്നു. ബി.ജെ.പിയുടെ വോട്ട് 80752 വർദ്ധിച്ചതുകൊണ്ട് സി.പി.ഐയ്ക്ക് ഹിന്ദുവോട്ട് കിട്ടി എന്ന ആരോപണത്തിൽ കഴമ്പില്ല. എസ്.ഡി.പി.ഐ 15,000 വോട്ട് നേടി പ്രാതിനിധ്യം തെളിയിച്ചു. പി.വി. അൻവറിന്റെ കന്നി കഥകളി അരങ്ങേറ്റമായിരുന്നു വയനാട്. കഥകളിയുടെ കർട്ടൻ പിടിച്ചുകൊടുത്ത് സി.പി.എം അൻവറിന് 37,123 വോട്ട് കൊടുത്തു സത്യൻ മൊകേരിയെ തോൽപ്പിച്ചു. 2016 ൽ നിലമ്പൂരിൽ സി.പി.എമ്മിനൊപ്പം നിന്ന് സി.പി.ഐയുടെകൂടി ചേർന്ന് അൻവറിനെ ജയിപ്പിച്ചു. ഇപ്പോൾ മൊത്തം മുന്നണിയെയും വലപ്പിച്ച് അൻവർ സർവ്വതന്ത്രസ്വതന്ത്രനായി കൽക്കത്തയിൽ മമതയുടെ മോസ്ക്കോയിൽ അഭയം തേടിയിരിക്കുന്നു. രാഹുൽഗാന്ധിയുടെ ഡി.എൻ.എ കണ്ടുപിടിക്കാനുള്ള അൻവറിന്റെ യാത്ര പാണക്കാട് തങ്ങളുടെ ഏണിച്ചുവട്ടിൽ എത്തിനിൽക്കുകയാണ്.
സി.പി.ഐയ്ക്ക് പറ്റിയ
അബദ്ധ പഞ്ചാംഗങ്ങൾ
കമ്മ്യൂണിസത്തിന്റെ പ്രായോഗികതയെ ജനാധിപത്യത്തിലെ പൂഴിക്കടകൻ കൊണ്ട് അമ്മാനമാടിയവരാണ് എം.എനും ടി.വിയും വെളിയവും ഒക്കെ. അവർ ഇരുന്ന തഴമ്പുള്ള എം.എൻ. സ്മാരകത്തിലെ കസേരകളിൽ ഇരുന്നാൽ മാത്രം പോരാ പ്രായോഗിക രാഷ്ട്രീയത്തിന്റെ ഉൾക്കാഴ്ചകൾ കൂടി മനസ്സിലാക്കണം.
2009, 2014 കളിലെ രണ്ട് ലോകസഭാ തെരഞ്ഞെടുപ്പുകളും യു.ഡി.എഫ്- എൽ.ഡി.എഫ് നേരിട്ടുള്ള മത്സരമായിരുന്നു. 2014 മുതലാണ് ബി.ജെ.പിയുടെ പ്രധാന സാന്നിദ്ധ്യം തുടങ്ങിയത്. അന്ന് മുതൽ തിരുവനന്തപുരം പോലുള്ള തലസ്ഥാന മണ്ഡലത്തിൽ എൽ.ഡി.എഫ് മൂന്നാം സ്ഥാനത്താണ്. പന്ന്യൻ രവീന്ദ്രനനും പി.കെ.വിയും ജയിച്ച മണ്ഡലത്തിലാണീ മൂന്നാം സ്ഥാനം.
മുസ്ലീം വന്നാൽ ജയിപ്പിക്കാമെന്ന് കരുതി രണ്ടുപ്രാവശ്യം മലപ്പുറക്കാരെ നിർത്തി, കായിക്കുതൊട്ടില്ല. വയനാട്ടിൽ പ്രവർത്തിച്ചുവളർന്ന സത്യൻ മൊകേരിയാണ് ഏറ്റവും കൂടുതൽ വോട്ടുപിടിച്ചത്. ബി.ജെ.പിയുടെ വോട്ട് എങ്ങനെ വർദ്ധിച്ചു എന്ന കാര്യം ചിന്തിച്ചില്ല. അൻവറാണ് തോൽപ്പിച്ചതെന്ന് മനസ്സിലാക്കാൻ പാഴൂർ പടിവരെ ഒന്നും പോകണ്ട. സാധാരണ കണക്കുശാസ്ത്രം മതി.
2024 ആയപ്പോൾ ഇൻഡ്യാ സഖ്യത്തിന്റെ അഹങ്കാരമായി. രാഹുൽഗാന്ധിയുടെ ഇടതുവശത്ത് ഡി. രാജ ദൽഹിയിൽ ഇരിക്കുന്നതുകൊണ്ട് ആനിരാജയ്ക്കെതിരെ മത്സരിക്കാൻ രാഹുൽഗാന്ധി വയനാടിന് വരില്ലെന്ന മണ്ടൻ ബുദ്ധി ആരാണ് നൽകിയത് ?
പ്രിയങ്കാഗാന്ധി 64.99% വോട്ടുപിടിച്ചപ്പോൾ 2014 ൽ പിടിച്ചതിനേക്കാൾ സത്യൻ മൊകേരിക്ക് 10 കൊല്ലം കഴിഞ്ഞപ്പോൾ ഒന്നരലക്ഷം വോട്ടുകളാണ് കുറഞ്ഞത്.
ഇപ്പോഴാണ് ഡി. രാജയ്ക്ക് ഒന്ന് പരിതപിക്കണമെന്ന് തോന്നിയത്. രാഹുൽഗാന്ധിയുടെ വലതുവശത്ത് ഇരിക്കാൻ യെച്ചൂരി കൂടി ഇല്ലാ എന്നും മനസ്സിലാക്കിയപ്പോഴാണ് ഡി.രാജയ്ക്ക് ഒന്നു കരയണമെന്നെങ്കിലും തോന്നിയത്.
പ്രിയങ്കഗാന്ധിയുടെ
വിജയം: ഇടതുചുവടുമാറ്റം
തെരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങിയപ്പോഴാണ് ഉരുൾപൊട്ടൽ പോലെയുള്ള കള്ളപ്പണത്തിന്റെ കുത്തൊഴുക്ക് കണ്ട് സി.പി.ഐ മന്ത്രിമാരും എം.എൽ.എമാരും അന്തം വിടുന്നത്. ഇൻഡ്യാസഖ്യം നേതാവ് പ്രിയങ്കാഗാന്ധിയുടേതു സൗഹൃദമത്സരമാണെന്ന് സി.പി.ഐ കരുതിയിരിക്കുമ്പോഴാണ് പ്രിയങ്കാഗാന്ധി അല്ല പ്രിയങ്കാവദ്രയാണ് സ്ഥാനാർത്ഥി എന്ന ഉൾവിളിയുണ്ടായത്.
മുസ്ലീം ലീഗിന്റെ പാക്കിസ്ഥാൻ മോഡൽ പച്ചക്കൊടി അഴിപ്പിച്ച കോൺഗ്രസ് പൊതുതെരഞ്ഞെടുപ്പുകാലത്തെ പാക്കേജിൽപ്പെടാത്ത പച്ചക്കൊടിയന്മാർക്കൊപ്പം അൻവറിനെപ്പോലുള്ള പുത്തൻ കമ്മ്യൂണിസ്റ്റ് വിരുദ്ധന്മാരെയും കൂടെക്കൂട്ടി പാലക്കാട്ട് ഷാഫിപറമ്പിലിന്റെ മിനി വയനാടൻ പാക്കേജ് ആയിരുന്നെങ്കിൽ വയനാട്ടിൽ വർഗ്ഗീയ താണ്ഡവമായിരുന്നു.
എസ്.ഡി.പി.ഐയുടെ നേതൃത്വത്തിൽ നടന്ന പച്ചക്കൊടിയന്മാരുടെ നേതൃത്വത്തിൽ ഉണ്ടായ പാലക്കാട്ടെ വിജയതാണ്ഡവം കണ്ട് ആദ്യം പ്രതികരിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കാരണം പാലക്കാട്ട് ലീഡ് നില ഉയർന്നപ്പോൾ ബി.ജെ.പി വിരുദ്ധവിജയം എന്ന നിലയിൽ വിജയാഘോഷം തുടങ്ങിയത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്. അതാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചത്. ബി.ജെ.പിയെയും സി.പി.എമ്മിനെയും ഒരേ എതിർചേരിയിൽ നിർത്തിയുള്ള യു.ഡി.എഫിന്റെ എസ്.ഡി.പി.ഐയെ മുന്നിൽ നിർത്തിയുള്ള വിജയാഹ്ലാദം കണ്ടാണ് സി.പി.എം അതിനെ വർഗ്ഗീയ വിജയമായി വ്യാഖ്യാനിച്ചത്.
അതുകൊണ്ടാണ് വയനാട്ടിലെ പ്രിയങ്കയുടെ വിജയം യു.ഡി.എഫും വർഗ്ഗീയ തീവ്രവാദ കക്ഷികൾ മുസ്ലീം ലീഗിൽ തണലിൽ നിന്നുകൊണ്ട് നേടിയ വിജയമാണെന്ന ആരോപണം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനാണ് ഉന്നയിച്ചത്. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അതു ശരിവച്ചു. എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണനും ഇത് അംഗീകരിച്ച് ഏറ്റെടുത്തതോടെ എൽ.ഡി.എഫിന്റെ അഭിപ്രായമായി. ഈ മുസ്ലീം വർഗ്ഗീയ മുന്നണിയിൽ പി.വി. അൻവർ കൂടി പങ്കാളിയായതോടെ സി.പി.എം ന്റെ ജില്ലാസമ്മേളനങ്ങളും ഇതൊരു പ്രചരണ വിഷയമായി ഏറ്റെടുത്തു.
യു.ഡി.എഫിൽ മുസ്ലീം ലീഗ് ഈ സി.പി.എം പ്രചരണം മൗനമായി ആസ്വദിക്കുകയാണ്. ഒരു ഭാഗത്ത് കോൺഗ്രസുമായി സീറ്റ് വിലപേശാനും മൂന്നാം ലോക്സഭാ സീറ്റിനുപകരം അസംബ്ലി സീറ്റുകൾ കോൺഗ്രസ്സിൽ നിന്ന് നേടിയെടുക്കാനും ലീഗിന് പ്ലാനുണ്ട്. കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രിത്തർക്കം മുതലാക്കാനും ലീഗിന് ലക്ഷ്യമുണ്ട്. എൽ.ഡി.എഫിൽ നിന്ന് കേരള കോൺഗ്രസ് മാണിവിഭാഗം വിടുമെന്നതിന് പിന്നിൽ നടക്കുന്ന ഗൂഢാലോചനപോലെ തന്നെയാണ് യു.ഡി.എഫിൽ നിന്ന് ലീഗ് വിടും എന്ന പ്രചരണവും. ചില സീനിയർ ബിഷപ്പുമാർ പാണക്കാട് തങ്ങളെക്കണ്ട് ചർച്ച ചെയ്തത് മുനമ്പം പ്രശ്നത്തിനും വനം നിയമഭേദഗതിക്കുമപ്പുറമാണ്.
2026 ലെ അങ്കത്തിൽ പരാജയപ്പെട്ടാൽ 2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പുവരെയോ 2031 ലെ നിയമസഭാ അങ്കംവരെയോ കാത്തിരിക്കാനുള്ള ബാല്യം കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതൃത്വത്തിനില്ല. എല്ലാം മുസ്ലീം വർഗ്ഗീയ തുരുത്തുകളെയും കൈപ്പിടിയിലൊതുക്കിയുള്ള വിശാല ഐക്യമാണ് ലീഗ് ലക്ഷ്യമിടുന്നത്.











