09:17am 30 July 2026
NEWS
പതിനാറുകാരിയെ അർധരാത്രിയിൽ വീട്ടിൽനിന്ന് കൊണ്ടുപോയി ലഹരി നൽകി; യുവതിയടക്കം രണ്ട് പേർ കൂടി അറസ്റ്റിൽ
30/07/2026  06:08 AM IST
nila
പതിനാറുകാരിയെ അർധരാത്രിയിൽ വീട്ടിൽനിന്ന് കൊണ്ടുപോയി ലഹരി നൽകി; യുവതിയടക്കം രണ്ട് പേർ കൂടി അറസ്റ്റിൽ

മാനന്തവാടി: അർധരാത്രിയിൽ രക്ഷിതാക്കളുടെ അറിവില്ലാതെ 16 വയസ്സുകാരിയെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയി ലഹരി നൽകുകയും തുടർന്ന് അപകടത്തിൽപ്പെടുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. അഞ്ചുകുന്ന് കല്ലിട്ടാംകുഴി സ്വദേശി ജെനീലിയ (19), കണിയാരം പാലാക്കുളി പോത്തനാട്ടിൽ എ.വി. അജിത്ത് (23) എന്നിവരെയാണ് മാനന്തവാടി പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. സംഭവവുമായി ബന്ധപ്പെട്ട് റോബിൻ കെ. ജോയ് (20), അമൽ കൃഷ്ണ (20), കെ.വി. ജിതിൻ (22), സി. അജിത്കുമാർ (23) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഈ മാസം 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി വീട്ടിൽ ഉറങ്ങാൻ കിടന്ന പെൺകുട്ടിയെ ഒരു പെൺസുഹൃത്ത് പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. "ചായ കുടിക്കാൻ പോകാം" എന്ന് പറഞ്ഞാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. തുടർന്ന് യുവാക്കൾക്കൊപ്പം ചേർന്ന് പെൺകുട്ടിക്ക് നിർബന്ധിച്ച് മദ്യം നൽകുകയും സിഗരറ്റ് വലിപ്പിക്കുകയുമായിരുന്നുെന്നാണ് പൊലീസ് പറയുന്നത്.

ഇതിനിടെ കണിയാരം ഭാഗത്ത് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ നിലയിൽ പെൺകുട്ടിയെ അമൽ കൃഷ്ണയ്ക്കൊപ്പമാണ് കണ്ടെത്തിയത്. തുടർന്ന് ചികിത്സയ്ക്കായി ആദ്യം മാനന്തവാടി ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.

രാത്രി ഒന്നരയോടെയാണ് മകൾ അപകടത്തിൽപ്പെട്ട വിവരം ഫോൺവിളിയിലൂടെ രക്ഷിതാക്കൾ അറിയുന്നത്. വീട്ടിൽ പരിശോധിച്ചപ്പോൾ അടുക്കള വാതിൽ തുറന്നുകിടക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. ചികിത്സയ്ക്കിടെ ബോധം വീണ്ടെടുത്ത ശേഷമാണ് ഒരു പെൺസുഹൃത്തും രണ്ട് യുവാക്കളും ചേർന്നാണ് തന്നെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയതെന്ന് പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞത്.

കാലിനും മുഖത്തും ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണ്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളും മാനന്തവാടി പൊലീസ് പരിശോധിച്ചുവരികയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img