08:02pm 04 September 2026
NEWS
എൻ.ഡി. അപ്പച്ചൻ വയനാട് ഡിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചു
25/09/2025  01:46 PM IST
nila
എൻ.ഡി. അപ്പച്ചൻ വയനാട് ഡിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചു

 മുതിർന്ന കോൺഗ്രസ് നേതാവ് എൻ.ഡി. അപ്പച്ചൻ വയനാട് ഡിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചു. വയനാട്ടിൽ കോൺ​ഗ്രസിനുള്ളിൽ ഗ്രൂപ്പ്‌ പോര് അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് എൻ ഡി അപ്പച്ചൻ സ്ഥാനമൊഴിയുന്നത്. അപ്പച്ചനെ ഡിസിസി പ്രസിഡന്റ് പദവിയിൽ നിന്നും മാറ്റാൻ കോൺ​ഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെ നേതൃത്വത്തിന്റെ ആവശ്യം മാനിച്ചാണ് അപ്പച്ചന്റെ രാജി. 

പ്രാദേശിക കോൺഗ്രസ് നേതാക്കളുടെയും ഡിസിസി ഭാരവാഹിയുടെയും ആത്മഹത്യ ഉൾപ്പെടെ ഗൗരവതരമായ പ്രശ്‌നങ്ങൾ വയനാട്ടിലെ കോൺഗ്രസുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിരുന്നു. ഇതെല്ലാം സംഘടനാ തലത്തിലെ ഭിന്നതകൾക്ക് ആക്കംകൂട്ടി. പ്രിയങ്കാ ഗാന്ധി മണ്ഡലത്തിൽ രണ്ട് ആഴ്ചയോളം പര്യടനം നടത്തുന്നതിനിടെയാണ് പഞ്ചായത്ത് മെമ്പറുടെ ആത്മഹത്യ ഉൾപ്പെടെ ഉണ്ടാകുന്നത്. പിന്നാലെ എൻ.എം. വിജയന്റെ മരുമകളുടെ ആത്മഹത്യാശ്രമവുമുണ്ടായി. ഇക്കാര്യങ്ങളിൽ ഹൈക്കമാൻഡ് അടക്കം അതൃപ്തി അറിയിച്ചിരുന്നു.

തുടർന്ന് ജില്ലാ നേതൃതലത്തിൽ മാറ്റംവേണമെന്ന് ഹൈക്കമാൻഡ് അടക്കം ആവശ്യപ്പെടുകയായിരുന്നു. പിന്നാലെയാണ് അപ്പച്ചന്റെ രാജി. പ്രിയങ്കാ ഗാന്ധി മണ്ഡലം പര്യടനം കഴിഞ്ഞ് തിരികെപ്പോയി ദിവസങ്ങൾക്കകമാണ് രാജിയുണ്ടാവുന്നത്. അതിനിടെ ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ പേരിൽ ബത്തേരി അർബൻ ബാങ്കിലുണ്ടായിരുന്ന വായ്പ കെപിസിസി അടച്ചുതീർക്കുകയുംകൂടി ചെയ്തതോടെ പ്രശ്‌നം തണുക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img