08:29am 11 November 2026
NEWS
വയനാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വയനാട് ജില്ലയിലെ കോൺഗ്രസിലും സിപിഎമ്മിലും വിഭാഗീയത
16/07/2025  09:15 AM IST
സുരേഷ് വണ്ടന്നൂർ
വയനാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വയനാട് ജില്ലയിലെ കോൺഗ്രസിലും സിപിഎമ്മിലും വിഭാഗീയത

വയനാട്:കോൺഗ്രസിൽ അക്രമവും പോസ്റ്റർ യുദ്ധവും .
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി മുള്ളൻകൊല്ലിയിൽ നടന്ന കോൺഗ്രസ് യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനെ ഒരു വിഭാഗം പ്രവർത്തകർ കൈയേറ്റം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിന്റെ പ്രതികാരമായി ഡി.സി.സി സെക്രട്ടറിയടക്കമുള്ളവരെ പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ച് ഒരു വിഭാഗം മർദ്ദിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഈ സംഭവങ്ങൾ കെ.പി.സി.സി ഗൗരവമായി കാണുകയും, പ്രശ്നത്തിൽ ഇടപെടാൻ തീരുമാനിക്കുകയും ചെയ്തപ്പോഴാണ് മുതിർന്ന മൂന്ന് നേതാക്കൾക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.എൽ. പൗലോസ്, സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ, ഡി.സി.സി സെക്രട്ടറി കെ.ഇ. വിനയൻ എന്നിവർക്കെതിരെ 'ഇവർ ക്രിമിനലുകൾ, ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുക' എന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകൾ ഉയർന്നത്.

മാസങ്ങളായി തുടരുന്ന മുള്ളൻകൊല്ലി മണ്ഡലത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഡി.സി.സി നേതൃത്വം പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് കൈയേറ്റം നടന്നതെന്ന് ഒരു വിഭാഗം പറയുന്നു. ഡി.സി.സി ട്രഷററായിരുന്ന എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡി.സി.സി നേതൃത്വത്തിനെതിരെ നേരത്തെയും ആരോപണങ്ങൾ ഉയർന്നിരുന്നു.

സിപിഎമ്മിലും വിഭാഗീയത മറനീക്കി പുറത്ത്

കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് പിന്നാലെ സിപിഎമ്മിലെ വിഭാഗീയതയും പരസ്യമായി. പുൽപ്പള്ളി ഏരിയാ കമ്മറ്റി അംഗവും കർഷക സംഘം ജില്ലാ പ്രസിഡന്റുമായ എ.വി. ജയനെ സാമ്പത്തിക ആരോപണങ്ങളുടെ പേരിൽ തരംതാഴ്ത്തിയതാണ് പാർട്ടിയിലെ തർക്കങ്ങൾക്ക് കാരണം. ഇതിനെതിരെ എ.വി. ജയൻ പരസ്യമായി പ്രതികരിക്കുകയും, തന്നെ തരംതാഴ്ത്തിയതിന് പിന്നിൽ സുൽത്താൻ ബത്തേരിയിൽ നടന്ന ജില്ലാ സമ്മേളനത്തിൽ രൂപം കൊണ്ട വിഭാഗീയതയാണെന്ന് ആരോപിക്കുകയും ചെയ്തു.

എ.വി. ജയനെ അനുകൂലിക്കുന്നവർ സിപിഎമ്മിലെ 'കുറുവ സംഘ'ത്തിനെതിരെയാണ് തങ്ങളുടെ പോരാട്ടമെന്ന് പ്രഖ്യാപിച്ചു. പാർലമെന്ററി മോഹങ്ങളും സാമ്പത്തിക താൽപ്പര്യങ്ങളും പാർട്ടി നേതൃത്വത്തെ വഴിതെറ്റിക്കുന്നുവെന്നും ഇവർ ആരോപിക്കുന്നു. പുൽപ്പള്ളിക്ക് പുറമെ കണിയാമ്പറ്റയിലും സിപിഎമ്മിൽ സമാനമായ പ്രശ്നങ്ങൾ ഉടലെടുത്തിട്ടുണ്ട്.
ജില്ലയിലെ പ്രബലരായ ഇരു പാർട്ടികളിലെയും ആഭ്യന്തര പ്രശ്നങ്ങൾ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img