02:43pm 28 October 2026
NEWS
പേടകത്തിൽ ചോക്കലേറ്റ് പെട്ടികൾ വെച്ചു; പാട്ടുപാടി മകൾക്ക് അന്ത്യയാത്ര നൽകി രാജേഷ്; കണ്ണീരണിഞ്ഞ് ദിവയ്ക്ക് വിട നൽകി നാട്
28/10/2026  08:21 AM IST
nila
പേടകത്തിൽ ചോക്കലേറ്റ് പെട്ടികൾ വെച്ചു; പാട്ടുപാടി മകൾക്ക് അന്ത്യയാത്ര നൽകി രാജേഷ്; കണ്ണീരണിഞ്ഞ് ദിവയ്ക്ക് വിട നൽകി നാട്

മാനന്തവാടി: മകളെ അവസാനമായി കാണാനെത്തിയ അച്ഛന്റെ കൈയിൽ ചോക്കലേറ്റ് പെട്ടികൾ. അവ പേടകത്തിൽ വച്ചതോടെ പിടിച്ചുനിൽക്കാനാകാതെ പൊട്ടിക്കരഞ്ഞ് ബന്ധുക്കളും നാട്ടുകാരും. എടവക രണ്ടേനാലിൽ കാറിടിച്ച് മരിച്ച ആറാം ക്ലാസ് വിദ്യാർഥിനി ദിവയുടെ സംസ്കാരച്ചടങ്ങുകൾ കണ്ണീരിൽ കുതിർന്നു.

മകളുടെ മരണവാർത്തയറിഞ്ഞ് ഓസ്ട്രിയയിൽനിന്ന് നാട്ടിലെത്തിയ പിതാവ് രാജേഷ്, ദിവയ്ക്കുള്ള ചോക്കലേറ്റ് പെട്ടികൾ പേടകത്തിൽ വച്ചപ്പോഴാണ് ദുഃഖം കടിച്ചമർത്തി നിന്നവരുടെ നിയന്ത്രണം വിട്ടത്. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ ആരംഭിച്ചത്.

വീട്ടിൽനിന്ന് വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം ദീപ്തിഗിരി സെന്റ് തോമസ് പള്ളിയിൽ എത്തിച്ചു. രൂപതയുടെ പ്രത്യേക അനുമതിയോടെ കുർബാനയും അർപ്പിച്ചു. കുർബാനയ്ക്കിടെ ഗായകസംഘത്തോടൊപ്പം രാജേഷും പാട്ടുപാടി. മകളെ അവസാനമായി യാത്രയാക്കാനുള്ള അച്ഛന്റെ ആ നിമിഷം കണ്ടുനിന്നവരുടെയും കണ്ണുകൾ നിറച്ചു.

കഴിഞ്ഞ ശനിയാഴ്ച സഹോദരൻ ഡെറിക്കിനൊപ്പം നടന്നുപോകുന്നതിനിടെയാണ് ദിവയെ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാട്ടുപാടാനും കഥകളും കവിതകളും എഴുതാനും ചിത്രം വരയ്ക്കാനും മിടുക്കിയായിരുന്നു ദിവ. ഈ കഴിവുകളിലൂടെ സമൂഹമാധ്യമങ്ങളിലും കുട്ടി ശ്രദ്ധ നേടിയിരുന്നു. ചിരിയും സർഗാത്മകതയും കൊണ്ട് പലരുടെയും മനസ്സിൽ ഇടം നേടിയ ദിവയുടെ വിയോഗം കുടുംബത്തിനും നാടിനും തീരാനൊമ്പരമായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img