12:30pm 11 November 2026
NEWS
വയനാടിന് 'കുമ്പിളിൽ കഞ്ഞി': കേന്ദ്ര ദുരിതാശ്വാസം 260.56 കോടി; 2221 കോടി ആവശ്യപ്പെട്ട കേരളം അവഹേളിതരായെന്ന് ഭരണ-പ്രതിപക്ഷം
03/10/2025  09:21 AM IST
സുരേഷ് വണ്ടന്നൂർ
വയനാടിന് കുമ്പിളിൽ കഞ്ഞി: കേന്ദ്ര ദുരിതാശ്വാസം 260.56 കോടി; 2221 കോടി ആവശ്യപ്പെട്ട കേരളം അവഹേളിതരായെന്ന് ഭരണ-പ്രതിപക്ഷം

​തിരുവനന്തപുരം/ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തമേഖലയുടെ പുനർനിർമ്മാണത്തിനായി കേന്ദ്രസർക്കാർ 260.56 കോടി രൂപ മാത്രം അനുവദിച്ചതിൽ സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ പ്രതിഷേധം ശക്തമായി. 2221.03 കോടി രൂപ ആവശ്യപ്പെട്ട കേരളത്തിന് അനുവദിച്ച തുക 'കുമ്പിളിൽത്തന്നെ' എന്ന നിലയിലുള്ള 'നക്കാപ്പിച്ച'യായിപ്പോയെന്ന് റവന്യു മന്ത്രി കെ. രാജൻ വിമർശിച്ചു. ഇത് അത്യന്തം അവഹേളനമാണെന്നും, കേന്ദ്രത്തിന് ശക്തമായ അതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തിന്റെ നടപടി രാഷ്ട്രീയ വിവേചനമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതികരിച്ചു.

​വയനാട് ദുരന്തത്തിൽനിന്ന് കരകയറാൻ 2221.03 കോടി രൂപയുടെ പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്‌മെന്റ് റിപ്പോർട്ടാണ് കേരളം ആദ്യം സമർപ്പിച്ചത്. പിന്നീട് പ്രധാനമന്ത്രിയുടെ നിർദ്ദേശാനുസരണം 1202 കോടിയുടെ നഷ്ടം കാണിച്ച് വീണ്ടും അപേക്ഷ നൽകി.
​അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചില്ല; സഹായം കുറഞ്ഞു

​വയനാട് ദുരന്തത്തെ എൽ ത്രീ (അതി തീവ്ര ദുരന്തം) വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിൽക്കണ്ട് അഭ്യർത്ഥിച്ചിരുന്നു. അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചിരുന്നെങ്കിൽ ഐക്യരാഷ്ട്ര സഭയുടെയും മറ്റ് എൻ.ജി.ഒകളുടെയും നല്ല സാമ്പത്തികസഹായം ലഭ്യമാകുമായിരുന്നുവെന്നും റവന്യു വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ദുരന്തം നടന്ന് മൂന്ന് മാസത്തിനുള്ളിൽ കേരളം റിപ്പോർട്ട് സമർപ്പിച്ചെങ്കിലും, അഞ്ചുമാസം കഴിഞ്ഞാണ് വയനാട് ദുരന്തത്തെ തീവ്രദുരന്ത പട്ടികയിൽ ഉൾപ്പെടുത്തിയത്.

​ബാദ്ധ്യത എഴുതിത്തള്ളാനുള്ള വകുപ്പ് എടുത്തുകളഞ്ഞു

​അതിതീവ്ര ദുരന്തത്തിൽപ്പെടുന്ന ഇരകളുടെ ദേശസാൽകൃത ബാങ്കുകളിലെ കടം എഴുതിത്തള്ളാനും പുതിയ വായ്പ അനുവദിക്കാനും അനുമതി നൽകുന്ന 2005-ലെ ഡിസാസ്റ്റർ ആക്ടിന്റെ സെക്ഷൻ 13 കേന്ദ്രം ഇതിനിടെ എടുത്തുകളഞ്ഞതും തിരിച്ചടിയായി.

​അസമിന് 1270 കോടി; 11 തലസ്ഥാന നഗരങ്ങൾക്ക് പ്രളയ സഹായം

​കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉന്നത സമിതിയാണ് ദേശീയ ദുരന്ത ലഘൂകരണ ഫണ്ടിൽ (എൻ.ഡി.എം.എഫ്) നിന്ന് സഹായം അനുവദിച്ചത്. കേരളത്തിന് 260.56 കോടി അനുവദിച്ചപ്പോൾ, 2022-ലെ പ്രളയവും മണ്ണിടിച്ചിലും കണക്കിലെടുത്ത് അസാമിന് 1270.78 കോടി രൂപ അനുവദിച്ചു. ഇരു സംസ്ഥാനങ്ങളിലും അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പാണ്.

​ഇതുകൂടാതെ, തിരുവനന്തപുരം അടക്കം 11 തലസ്ഥാന നഗരങ്ങൾക്ക്ക വെള്ളപ്പൊക്കം നേരിടാനായി 2444.42 കോടി രൂപയും അനുവദിച്ചു.
​റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പ്രതികരിച്ചു: "കേന്ദ്രത്തിന്റെ നടപടിയിലെ കടുത്ത വിവേചനം പാർലമെന്റിൽ ഉന്നയിക്കാൻ കേരളത്തിൽ നിന്നുള്ള ലോക് സഭാംഗങ്ങളോട് ആവശ്യപ്പെടും. അവഗണനയ്ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരേണ്ടതാണ്."

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img