
കൊച്ചിയെക്കുറിച്ചുള്ള ഗൃഹാതുര ഓർമ്മകളുമായി വാട്ടർ മെട്രോയിൽ യാത്ര നടത്തി ചീഫ് ഇലക്ഷ്ൻ കമ്മീഷണർ ഗ്യാനേഷ് കുമാർ. കേരള സന്ദർശനത്തിനെത്തിയ അദ്ദേഹം ജില്ലാകളക്ടറായി സേവനം അനുഷ്ടിച്ചപ്പോഴുള്ള ഓർമ്മകളുമായാണ് കൊച്ചിയിലെത്തിയത്. വൈകിട്ട് 3 മണിക്ക് ഹൈക്കോർട്ട് ടെർമിനലിലെത്തിയ അദ്ദേഹത്തെ കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബഹ്റ, ചീഫ് ജനറൽ മാനേജർ ഷാജി ജനാർദ്ദനനൻ, വാട്ടർ മെട്രോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സാജൻ പി ജോൺ എന്നിവർ ചേർന്ന് സ്വീകരിച്ചു..
തുടർന്ന് കൊച്ചി കായലിലൂടെ ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട യാത്ര നടത്തിയ അദ്ദേഹം ഫോർട്ട് കൊച്ചി വാട്ടർ മെട്രോ ടെർമിനലും സന്ദർശിച്ചു.യാത്രയ്ക്കിടെ കൊച്ചിയിലെ തന്റെ ഔദ്യോഗിക കാലഘട്ടത്തിലെ അനുഭവങ്ങൾ ജ്ഞാനേഷ് കുമാർ പങ്കുവെച്ചു. താൻ എറണാകുളം ജില്ലാ കളക്ടറായും കൊച്ചി കോർപ്പറേഷൻ കമ്മീഷണറായും സേവനമനുഷ്ഠിച്ചിരുന്ന കാലത്തും ജലഗതാഗത സംവിധാനം ഉണ്ടായിരുന്നെങ്കിലും ഇതുപോലെ സുസംഘടിതവും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമായ ഒരു സംവിധാനം അന്നില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
“കൊച്ചി എത്രമാത്രം വികസിച്ചുവെന്നതിന് മികച്ച ഉദാഹരണമാണ് വാട്ടർ മെട്രോ. നഗരത്തിന്റെ പുരോഗതിയുടെ ശക്തമായ സൂചികയാണിത്,” അദ്ദേഹം പറഞ്ഞു. യാത്ര ഏറെ സുഖകരമാണെന്നും പൊതുജനങ്ങൾ ഈ സംവിധാനം ആവേശത്തോടെ സ്വീകരിച്ചുവെന്ന് ബോധ്യപ്പെട്ടു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐഐടി കാൻപൂർ മുൻ വിദ്യാർത്ഥിയായ ജ്ഞാനേഷ് കുമാർ വാട്ടർ മെട്രോയിലെ സാങ്കേതിക സംവിധാനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. ജലാശയങ്ങളുള്ള ഇന്ത്യയിലെ മറ്റു നഗരങ്ങളിലും ഇത്തരം പദ്ധതികൾ നടപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “ഇന്ത്യയിൽ വെള്ളമുള്ളിടത്തൊക്കെ വാട്ടർ മെട്രോ പോലുള്ള സംവിധാനങ്ങൾ വരണം. അത്ര മികച്ച ആശയമാണിത്,” ഇന്ത്യയിലെ 18 നഗരങ്ങളിൽ വാട്ടർ മെട്രോ നടപ്പാക്കാനുള്ള സാധ്യത പഠനം കെഎംആർഎൽ നടത്തിക്കൊണ്ടിരിക്കുന്ന കാര്യം ലോക്നാഥ് ബെഹ്റ ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹം പറഞ്ഞു.
മെട്രോയും വാട്ടർ മെട്രോയും പോലുള്ള പൊതുഗതാഗത സംവിധാനങ്ങൾ ജനങ്ങളിലേക്ക് ബോധവൽക്കരണ സന്ദേശങ്ങൾ എത്തിക്കുന്നതിനും ഫലപ്രദമായി ഉപയോഗിക്കാമെന്ന് ഗ്യാനേഷ് കുമാർ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ബോധവൽക്കരണ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഇത്തരം സംവിധാനങ്ങൾ മികച്ച വേദിയാകുമെന്നും, ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന്റെ ശക്തിയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും രാജ്യത്തിനകത്തും വിദേശ സന്ദർശകർക്കുമെല്ലാം പരിചയപ്പെടുത്താൻ ഇതുവഴി കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ലോകോത്തര നിലവാരത്തിലുള്ള യാത്ര അനുഭവമാണ് കൊച്ചിക്കാർക്ക് വാട്ടർ മെട്രോ നൽകുന്നതെന്ന് സന്ദർശക ബുക്കിൽ എഴുതിവെച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്.
ചീഫ് ഇലക്ടറൽ ഓഫീസർ കേരള രത്തൻ ഖേൽക്കർ, സീനിയർ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ മനീഷ് ഗാർഗ്, ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സഞ്ജയ് കുമാർ, ഡയറക്ടർ ജനറൽ (മീഡിയ) ആശിഷ് ഗോയൽ, എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക, കൊച്ചി മെട്രോ ജോയിന്റ് ജനറൽ മാനേജർ സുബ്രമണ്യ അയ്യർ, സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ (പബ്ലിക് റിലേഷൻസ് ആൻഡ് സോഷ്യൽ മീഡിയ) കെ.കെ. ജയകുമാർ, മാനേജർ ജയശങ്കർ, വാട്ടർ മെട്രോ ഫ്ലീറ്റ് മാനേജർ പ്രദീപ് കാർത്തികേയൻ എന്നിവരും യാത്രയിൽ പങ്കെടുത്തു.
Photo Courtesy - Google









