
വാട്ടർ മെട്രോ എറണാകുളം ടെർമിനലിന്റെ മാതൃക
കൊച്ചി : യാഥാർത്ഥ്യമാകുന്നത് രണ്ടാമത്തെ ഏറ്റവും വലിയ ടെർമിനൽ പൈലിംഗ് പുരോഗമിക്കുന്നു കൊച്ചി വാട്ടർ മെട്രോ പദ്ധതിയുടെ ഭാഗമായി എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം നിർമ്മിക്കുന്ന പുതിയ വാട്ടർ മെട്രോ ടെർമിനലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഹൈക്കോടതി ടെർമിനൽ കഴിഞ്ഞാൽ വാട്ടർ മെട്രോ ശൃംഖലയിലെ ഏറ്റവും വലിയ ടെർമിനലാണിത്. കഴിഞ്ഞ 8ന് പൈലിംഗ് ജോലികൾ ആരംഭിച്ചു. കെ.എം.ആർ.എൽ പ്രോജക്ട്സ് ഡയറക്ടർ ഡോ. എം.പി രാംനവാസ്, വാട്ടർ ട്രാൻസ്പോർട്ട് ചീഫ് ജനറൽ മാനേജർ ഷാജി പി ജനാർദ്ദനൻ എന്നിവരുടെ സാന്നിധ്യത്തിലാണ് പൈലിംഗ് ആരംഭിച്ചത്.
32 കോടി രൂപ ചെലവ് വരുന്ന ടെർമിനൽ ഒരു വർഷത്തിനകം പൂർത്തിയാകും. പരമ്പരാഗത കേരളീയ വാസ്തുശില്പ രീതിയിലായിരിക്കും ടെർമിനലിന്റെ രൂപകൽപ്പന. രണ്ടു നിലകളിലായി 18,000 ചതുരശ്ര അടി (ഓരോ നിലയിലും 9,000 ചതുരശ്ര അടി വീതം)യാണ് വിസ്തീർണം. കെട്ടിടത്തിന്റെ ഒന്നാം നില പൂർണ്ണമായും വാണിജ്യ ആവശ്യങ്ങൾക്കായി മാറ്റിവയ്ക്കും.
45 മീറ്റർ ആഴത്തിൽ 1 മീറ്റർ, 600 എം.എം വ്യാസമുള്ള ആകെ 72 പൈലുകളാണ് നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. നിലവിൽ 24 മണിക്കൂറും പൈലിംഗ് നടത്തുന്നുണ്ട്. കൂൾ ഹോം ബിൽഡേഴ്‌സ് (Kool Home Builders) ആണ് കോൺട്രാക്ടിംഗ് കമ്പനി. കിറ്റ്കോയാണ് ഡിസൈൻ കൺസൾട്ടൻ്റ്.
ടെർമിനൽ പ്രവർത്തനസജ്ജമാകുമ്പോൾ മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി, കുമ്പളം, ഇടക്കൊച്ചി എന്നിവിടങ്ങളിലേക്ക് എറണാകുളം ടെർമിനലിൽ നിന്ന് നേരിട്ട് സർവീസ് നടത്താൻ കഴിയും. വാട്ടർ മെട്രോയുടെ ഏറ്റവും തിരക്കുള്ള ടെർമിനൽ ആയിരിക്കും ഇത്. എറണാകുളം സെൻ്റ് തെരേസാസ് കോളേജ്, സ്‌കൂൾ, ലോ കോളേജ്, സിറ്റി പോലീസ് കമ്മീഷണർ ഓഫീസ് സ്ഥിതി ചെയ്യുന്ന റവന്യൂ ടവർ, ജനറൽ ആശുപത്രി, മഹാരാജാസ് കോളേജ്, ജില്ലാ കോടതി, കണയന്നൂർ താലൂക്ക് ഓഫീസ്, ശിവക്ഷേത്രം എന്നിവിടങ്ങളിൽ എത്തുന്നവർക്ക് എളുപ്പത്തിൽ ആശ്രയിക്കാൻ കഴിയുന്ന വാട്ടർ മെട്രോ ടെർമിനൽ ആകും ഇത്.
രണ്ടു ഫ്ലോട്ടിംഗ് ജെട്ടികളാണ് വിഭാവന ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഒരു ഫ്ലോട്ടിംഗ് ജെട്ടിയാകും പൂർത്തിയാക്കുക. ബോട്ടുകൾക്കുള്ള ചാർജിംഗ് പോയിന്റുകൾ, ഫ്യുവലിംഗ് സ്റ്റേഷൻ എന്നിവ ഇവിടെ സജ്ജീകരിക്കും.പുതിയ ബോട്ടുകളുടെ ആവശ്യകത മുൻനിർത്തി 15 ബോട്ടുകളുടെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. കൂടാതെ ഇടക്കൊച്ചി, വരാപ്പുഴ ടെർമിനലുകളുടെ ടെൻഡർ നടപടികളും പൂർത്തിയായിവരുന്നു. ഇടക്കൊച്ചിക്ക് 20 കോടി രൂപയും വരാപ്പുഴയ്ക്ക് 16 കോടി രൂപയും ചെലവ് പ്രതീക്ഷിക്കുന്നു.
Photo Courtesy - Google









