എറണാകുളം : കൊച്ചിയിലെ വീടുകളിലെയും ഫ്ലാറ്റുകളിലെയും മലിനജലം ശുദ്ധീകരിച്ച് കനാലിലേക്ക് ഒഴുക്കുന്ന മുട്ടാർ മലിനജല സംസ്ക്കരണ പ്ലാന്റിനാവശ്യമായ വെറ്റ് വെൽ പമ്പിംഗ് സ്റ്റേഷൻ ജനസാന്ദ്രതയുള്ള തേവര പേരണ്ടൂർ കനാലിന് (ഗ്രീൻ മെഡോസ് റോഡ്) സമീപം സ്ഥാപിക്കില്ലെന്ന് കേരള ജല അതോറിറ്റി മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന് ഉറപ്പു നൽകി.
ജനസാന്ദ്രതയുള്ള സ്ഥലത്ത് നിന്ന് വെറ്റ് വെൽ പമ്പിംഗ് സ്റ്റേഷൻ മാറ്റണമെന്ന നാട്ടുകാരുടെ പരാതിയിൽ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേരള ജല അതോറിറ്റിയുടെ തീരുമാനം. സാങ്കേതിക സൗകര്യങ്ങളുള്ള മറ്റൊരു സ്ഥലം കണ്ടെത്തി പമ്പിംഗ് സ്റ്റേഷൻ സ്ഥാപിക്കുമെന്ന് ജല അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. കൊച്ചി മെട്രോക്ക് വേണ്ടി കേരള ജല അതോറിറ്റിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കണയന്നൂർ താലൂക്കിൽ ഇടപ്പള്ളി നോർത്ത് വില്ലേജിലെ 81, 82 സർവ്വേ നമ്പറുകളിൽ നിന്നായി 7.91 ആർ ഭൂമിയേറ്റെടുത്ത് വെറ്റ് വെൽ നിർമ്മിക്കുന്നതിനായിരുന്നു പദ്ധതി.കൊച്ചിയിലെ പേരണ്ടൂർ, ഇടപ്പള്ളി കനാലുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം അപകടകരമായ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ചെന്നൈ ബഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് കായൽ പുനർജീവന പദ്ധതിയുടെ ഭാഗമായി മുട്ടാർ മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ കൊച്ചി മെട്രോ ലിമിറ്റഡിനെ ഏൽപ്പിച്ചത്. പ്ലാന്റിനാവശ്യമായ വെറ്റ് വെൽ പമ്പിംഗ് സ്റ്റേഷൻ ഗ്രീൻ മെഡോസ് റോഡിൽ സ്ഥാപിക്കാൻ തീരുമാനിച്ചപ്പോഴാണ് മനക്കപറമ്പ് റോഡ് റസിഡൻസ് അസോസിയേഷൻ പരാതിയുമായി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. സമീപത്തെ നഗരസഭകളിൽ നിന്നുള്ള മലിനജലം ഗ്രീൻ മെഡോസ് വെറ്റ് വെല്ലിൽ എത്തിച്ച് ശുദ്ധീകരിക്കാൻ പദ്ധതിയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. സ്കൂളും അംഗനവാടിയുമുള്ള പ്രദേശത്ത് ശാസ്ത്രീയ പഠനം നടത്താതെയാണ് വെറ്റ് വെൽ സ്ഥാപിക്കുന്നതെന്നും നാട്ടുകാർ പരാതിപ്പെട്ടു. അസോസിയേഷന് വേണ്ടി അഖിൽ സോമനാണ് പരാതി നൽകിയത്. കമ്മീഷൻ സിറ്റിംഗിൽ മലിനീകരണ നിയന്ത്രണ ബോർഡ്, വാട്ടർ അതോറിറ്റി, കെ.എം. ആർ. എൽ. പ്രതിനിധികൾ ഹാജരായിരുന്നു.
മനുഷ്യാവകാശ കമ്മിഷൻ സിറ്റിംഗ് 22 ന് എറണാകുളം റസ്റ്റ് ഹൗസിൽ എറണാകുളം : മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് 22 ന് രാവിലെ 10 ന് പത്തടിപ്പാലം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടത്താനിരുന്ന സിറ്റിംഗ് എറണാകുളം പൊതുമരാമത്ത് റസ്റ്റ് ഹൗസിലേക്ക് മാറ്റിയതായി കമ്മീഷൻ അറിയിച്ചു.







