11:44am 05 August 2026
NEWS
മാലിന്യ സംസ്കരണ നിയമം 2026: പരിസ്ഥിതി നഷ്ടപരിഹാരം ഈടാക്കാൻ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ സുപ്രീം കോടതി
05/08/2026  07:55 AM IST
നിയമകാര്യ ലേഖകൻ
മാലിന്യ സംസ്കരണ നിയമം 2026: പരിസ്ഥിതി നഷ്ടപരിഹാരം ഈടാക്കാൻ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ സുപ്രീം കോടതി

ന്യൂഡൽഹി:​പുതിയ മാലിന്യ സംസ്കരണ ചട്ടം, 2026-ന്റെ കീഴിൽ പരിസ്ഥിതി നഷ്ടപരിഹാരം  നിർണ്ണയിക്കുന്നതിനും ഈടാക്കുന്നതിനുമായി വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കാൻ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് സുപ്രീം കോടതി നിർദ്ദേശം നൽകി. ജസ്റ്റിസ് പമിദിഘണ്ഡം ശ്രീ നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
​നിയമങ്ങൾ നിർമ്മിക്കുന്നത് മാത്രമല്ല, അവ താഴെത്തട്ടിൽ കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പ്രധാനം എന്ന് കോടതി നിരീക്ഷിച്ചു. പരിസ്ഥിതി നഷ്ടപരിഹാരം ചുമത്തുന്നത് അധികാരികളുടെയോ കോടതികളുടെയോ തോന്നിയപടി ആകരുതെന്നും, എന്ത് പരിസ്ഥിതി ലംഘനത്തിന് എന്ത് ശിക്ഷാ നടപടി ലഭിക്കുമെന്ന് വ്യക്തമാക്കുന്ന കൃത്യമായ ഒരു നിയമവ്യവസ്ഥ ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.
​പിഴയ്ക്ക് പകരമല്ല: പരിസ്ഥിതി നഷ്ടപരിഹാരം എന്നത് സാധാരണ പിഴകൾക്ക് പകരമുള്ളതല്ല; പരിസ്ഥിതിക്ക് വരുത്തിയ നാശം പുനഃസ്ഥാപിക്കുന്നതിനായാണ്  ഇത് ഈടാക്കുന്നത്.
​നാശം തീരുന്നതുവരെ ബാധ്യത: പരിസ്ഥിതിക്ക് വരുത്തിയ നാശനഷ്ടങ്ങൾ പൂർണ്ണമായി മാറ്റപ്പെടുന്നത്  വരെ കുറ്റക്കാരുടെ നഷ്ടപരിഹാര ബാധ്യത തുടരും.
​സാഭവ്യതയുള്ള നാശങ്ങൾക്കും ബാധകം: യഥാർത്ഥത്തിൽ നാശനഷ്ടം സംഭവിച്ചിട്ടില്ലെങ്കിലും, നാശമുണ്ടാക്കാൻ സാധ്യതയുള്ളതോ അപകടകരമായതോ ആയ പ്രവർത്തനങ്ങൾക്കും നഷ്ടപരിഹാര ബാധ്യത ഉണ്ടാകും.
​വ്യക്തമായ മാനദണ്ഡങ്ങൾ: നഷ്ടപരിഹാര തുക കണക്കാക്കുമ്പോൾ ദൃശ്യമായതും അല്ലാത്തതുമായ നാശനഷ്ടങ്ങൾ, കുറ്റക്കാരന്റെ സാമ്പത്തിക ശേഷി, നാശം വിലയിരുത്തുന്നതിനുള്ള ചെലവ്, പുനഃസ്ഥാപന ചെലവ് എന്നിവ പരിഗണിക്കണം.
​ആനുപാതികതയും സുതാര്യതയും: ചുമത്തുന്ന നഷ്ടപരിഹാരം വരുത്തിയ നാശനഷ്ടത്തിന് ആനുപാതികമായിരിക്കണം. നഷ്ടപരിഹാരം തീരുമാനിക്കുമ്പോൾ കോടതികളും ട്രിബ്യൂണലുകളും അതിനുള്ള കാരണങ്ങളും ഉപയോഗിച്ച ഫോർമുലയും കൃത്യമായി രേഖപ്പെടുത്തണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img