
ദോഹ: 'സീറോ വേസ്റ്റ്' (Zero Waste) എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് ഖത്തർ അതിവേഗം അടുക്കുന്നു. അന്താരാഷ്ട്ര ശൂന്യമാലിന്യ ദിനാചരണത്തിന്റെ (International Day of Zero Waste) ഭാഗമായി, മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിക്കുന്ന പദ്ധതി രാജ്യവ്യാപകമായി വ്യാപിപ്പിക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം പ്രഖ്യാപിച്ചു. പരിസ്ഥിതി സൗഹൃദമായ 'സർക്കുലർ ഇക്കോണമി' പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.വീടുകളിൽ നിന്ന് തന്നെ മാലിന്യ സംസ്കരണം തുടങ്ങണമെന്നാണ് മന്ത്രാലയത്തിന്റെ ആഹ്വാനം. ഇതിനായി ലളിതമായ രണ്ട് ബിൻ (Two-bin system) സംവിധാനമാണ് നടപ്പിലാക്കുന്നത്.പ്ലാസ്റ്റിക്, പേപ്പർ, ഗ്ലാസ്, ലോഹങ്ങൾ തുടങ്ങിയ പുനരുപയോഗിക്കാൻ കഴിയുന്നവയ്ക്ക്നീല ബിനും,ഭക്ഷണാവശിഷ്ടങ്ങൾ, ക്ലീനിംഗ് സാമഗ്രികൾ തുടങ്ങിയ ജൈവ-പൊതു മാലിന്യങ്ങൾക്ക്.ഗ്രേ ബിനുമാണ് ഉപയോഗിക്കേണ്ടത്.തരംതിരിക്കുന്ന മാലിന്യങ്ങൾ നേരിട്ട് റീസൈക്ലിംഗ് പ്ലാന്റുകളിലേക്ക് അയക്കുന്നതിലൂടെ ലാൻഡ്‌ഫില്ലുകളിലേക്ക് എത്തുന്ന മാലിന്യത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കും.
2019-ൽ പൈലറ്റ് പ്രോജക്റ്റായി ആരംഭിച്ച ഈ പദ്ധതിക്ക് ദോഹയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. പൊതുജനങ്ങളുടെ സഹകരണത്തോടെ 85 ശതമാനത്തിലധികം വിജയം കൈവരിക്കാൻ ദോഹയ്ക്ക് സാധിച്ചു. ഈ സംവിധാനത്തിലൂടെ ഇതിനോടകം 2,000 ടണ്ണിലധികം പുനരുപയോഗ യോഗ്യമായ മാലിന്യങ്ങൾ ശേഖരിക്കപ്പെട്ടു. 2022-ലെ ഫിഫ ലോകകപ്പ് വേളയിൽ ഈ മാതൃക അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.ദോഹയിലെ വിജയത്തിന് പിന്നാലെ ഉം സലാൽ, അൽ ദായീൻ, അൽ ഖോർ, അൽ ഷമാൽ തുടങ്ങിയ മുനിസിപ്പാലിറ്റികളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. ഇത് ശേഖരിക്കപ്പെടുന്ന മാലിന്യത്തിന്റെ ഗുണനിലവാരവും അളവും വർദ്ധിപ്പിക്കാൻ സഹായിച്ചതായി മന്ത്രാലയം ചൂണ്ടിക്കാട്ടി.
മാലിന്യ സംസ്കരണം ഒരു ദൈനംദിന ശീലമായി മാറ്റാൻ പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി വിപുലമായ പ്രചാരണ പരിപാടികളാണ് മന്ത്രാലയം ആസൂത്രണം ചെയ്തിരിക്കുന്നത്. രാജ്യം വിഭാവനം ചെയ്യുന്ന സുസ്ഥിരമായ ഭാവിയിലേക്കുള്ള പ്രധാന ചുവടുവെപ്പായി ഈ പദ്ധതിയെ അധികൃതർ വിലയിരുത്തുന്നു.











