
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത അത്താഴ വിരുന്നിൽ വെടിവെയ്പ്പ് നടന്ന സംഭവം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചെന്ന പ്രചാരണം ശക്തമാകുന്നു. ഇറാൻ യുദ്ധത്തെ തുടർന്ന് ജനപിന്തുണയിൽ വലിയ ഇടിവു സംഭവിച്ച ട്രംപിനെ വീണ്ടും ജനകീയനാക്കാനും വീരപരിവേഷം നൽകാനുമായി തയ്യാറാക്കിയ നാടകമാണ് ഏപ്രിൽ 25ലെ അത്താഴ വിരുന്നിൽ നടന്ന വെടിവെയ്പ്പ് എന്ന ആരോപണമാണ് ഉയരുന്നത്.
വാഷിങ്ടണിലെ ഹിൽട്ടൺ ഹോട്ടലിലായിരുന്നു വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകർക്കായി അത്താഴവിരുന്ന് സംഘടിപ്പിച്ചിരുന്നത്. കോൾ തോമസ് അലൻ എന്ന കാലിഫോർണിയ സ്വദേശിയാണ് വെടിയുതിർത്തത്. ഇയാൾ ഒരു അധ്യാപകനാണ്. ഇയാളുടെ പക്കൽ ഒരു സെമി ഓട്ടോമാറ്റിക് പിസ്റ്റൾ, ഷോട്ട്ഗൺ, മൂന്ന് കത്തികൾ എന്നിവ ഉണ്ടായിരുന്നു. അത്തഴവിരുന്നിന് തലേദിവസം തന്നെ ഇയാൾ ഈ ഹോട്ടലിൽ താമസിക്കുന്നുണ്ടായിരുന്നു. പ്രസിഡന്റ് ട്രംപ് എത്തുന്ന ഹോട്ടലിൽ ഒന്നിൽകൂടുതൽ ആയുധങ്ങളുമായി ഒരാൾ എത്തിയിട്ടും ഒരു പരിശോധനയും ഉണ്ടാകാതിരുന്നതാണ് വെടിവെയ്പ്പിന് പിന്നിൽ ഗുഢാലോചനയുണ്ടെന്ന വാദം ശക്തമാകാനുള്ള പ്രധാന കാരണം. ഇതിനു പുറമേ ഇയാൾ താൻ ചെയ്യാൻ പോകുന്ന കുറ്റകൃത്യം സംബന്ധിച്ച് വളരെ നേരത്തേ തന്നെ വീട്ടുകാർക്ക് സന്ദേശം അയച്ചിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
ഒരു പ്രസിഡന്റിനെതിരെ ഇത്രയും ‘ വധശ്രമങ്ങൾ’ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യം സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്. വളരെ ദുർബലമായ ആയുധനിയമങ്ങളോ മാനസികാരോഗ്യ പ്രശ്നങ്ങളോ അതുമല്ലെങ്കിൽ അല്ലെങ്കിൽ വ്യാജമോ ആയിരിക്കാം എന്നാണ് നെറ്റിസൺസ് ആരോപിക്കുന്നത്. ട്രംപോ അദ്ദേഹത്തിന്റെ കൂട്ടാളികളോ പിന്തുണ വർധിപ്പിക്കാൻ സംഭവം ആസൂത്രണം ചെയ്തിരിക്കാമെന്നും ചിലർ ആരോപിച്ചു. മറ്റുചിലർ, വൈറ്റ് ഹൗസിൽ പുതിയ ബോൾറൂം നിർമാണവുമായി ഇതിനെ ബന്ധപ്പെടുത്തി.
ട്രംപ് വൈറ്റ് ഹൗസിൽ ഏകദേശം 90,000 ചതുരശ്ര അടിയുള്ള ഒരു ബോൾറൂം നിർമിക്കാൻ ആഗ്രഹിക്കുന്നതായി പറഞ്ഞിട്ടുണ്ട്. ഇത് സ്വകാര്യ ഫണ്ടിംഗിലൂടെ നടത്തുമെന്നാണ് അവകാശവാദം. എന്നാൽ നാഷണൽ ട്രസ്റ്റ് ഫോർ ഹിസ്റ്റോറിക് പ്രിസർവേഷൻ ഉൾപ്പെടെ പലരും ഇതിനെ എതിർത്തിട്ടുണ്ട്. കോടതി ഇടപെടലിലൂടെ പദ്ധതി താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ട്രംപ് “നമുക്ക് ബോൾറൂം വേണം” എന്ന് പറഞ്ഞതും, പിന്നീട് സോഷ്യൽ മീഡിയയിൽ “ബോൾറൂം ഉണ്ടായിരുന്നെങ്കിൽ സംഭവം ഉണ്ടായിരിക്കില്ലായിരുന്നു” എന്ന് പറഞ്ഞതും സംശയങ്ങൾക്ക് ഇടയാക്കി.
ആക്രമണ സമയത്ത് ഫോക്സ് ന്യൂസ് റിപ്പോർട്ടറുടെ ലൈവ് സംപ്രേഷണം മുടങ്ങിയ സംഭവം ചിലർ സംശയകരമായി ചിത്രീകരിച്ചു. എന്നാൽ “ബോൾറൂമിൽ നെറ്റ്‌വർക്ക് പ്രശ്നങ്ങളുണ്ടായതിനാലാണ് സംപ്രേഷണം തടസ്സപ്പെട്ടത്” എന്ന് അവർ പിന്നീട് വിശദീകരിച്ചു.
2024-ൽ പെൻസിൽവേനിയയിലെ ബട്ലറിൽ ട്രംപിനെതിരായ വധശ്രമത്തിനു പിന്നാലെയും സമാന ഗൂഢാലോചന സിദ്ധാന്തങ്ങൾ പ്രചരിച്ചിരുന്നു. ഇത്തവണ, ട്രംപ് അനുകൂല വൃത്തങ്ങളിലുപോലും ചിലർ ഔദ്യോഗിക വിശദീകരണങ്ങളെ ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം, ഇത്തരം ഗൂഢാലോചന സിദ്ധാന്തങ്ങളെ വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞു.










