04:42pm 06 November 2026
NEWS
കൊച്ചിയിൽ നടിയുടെ നേതൃത്വത്തിൽ നടന്നത് ഹണിട്രാപ്പോ? പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
06/11/2026  09:26 AM IST
nila
കൊച്ചിയിൽ നടിയുടെ നേതൃത്വത്തിൽ നടന്നത് ഹണിട്രാപ്പോ? പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കൊച്ചി: ചികിത്സയ്ക്കെന്ന വ്യാജേന ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദിച്ച് കവർച്ച നടത്തിയ സംഭവത്തിൽ നടി അതുല്യ ചന്ദ്രയ്ക്ക് മുഖ്യപങ്കുണ്ടെന്ന് പൊലീസ്. അതുല്യയുടെ ബന്ധുവും ഡോക്ടറും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പ്രശ്നം പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് അതുല്യയും ബിബിൻ പെരുമ്പള്ളിയും ഡോക്ടറോട് പണം ആവശ്യപ്പെട്ടതായും പൊലീസ് പറയുന്നു. പണം നൽകാൻ വിസമ്മതിച്ചതോടെ മർദിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് ആരോപണം. സംഭവത്തിൽ ഹണിട്രാപ്പ് സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.

എറണാകുളം കുരീക്കാട് സ്വദേശിയായ ഡോക്ടറുടെ പരാതിയിലാണ് നടിയും സംഘവും ഉൾപ്പെടെ 12 പേർക്കെതിരെ കേസെടുത്തത്. ഡോക്ടറെ തടഞ്ഞുവച്ച് മർദിക്കുകയും 3.25 ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകളും മറ്റ് ഉപകരണങ്ങളും കവർന്നെടുക്കുകയും ചെയ്തെന്നാണ് പരാതി. ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ഒൻപത് പ്രതികളെക്കൂടി പിടികൂടാനുണ്ടെന്നും ഇവർക്കായി അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. വൈറ്റില പൊന്നുരുന്നിയിലെ ജൂനിയർ ജനത റോഡിലുള്ള അപ്പാർട്ട്മെന്റിലേക്ക് അതുല്യ ചന്ദ്രയാണ് ഡോക്ടറെ വിളിച്ചുവരുത്തിയത്. പ്രതികളിലൊരാളുടെ മാതൃസഹോദരിക്ക് ഗുരുതര ആരോഗ്യപ്രശ്നമുണ്ടെന്നും അടിയന്തര ചികിത്സ വേണമെന്നും അറിയിച്ചായിരുന്നു വിളി. എന്നാൽ ഫ്ലാറ്റിലെത്തിയ ഡോക്ടറെ സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് എഫ്ഐആറിലെ വിവരങ്ങൾ.

ബിബിൻ പെരുമ്പള്ളി ഡോക്ടറുടെ മുഖത്തടിക്കുകയും കസേരയിൽ ബലമായി ഇരുത്തിയശേഷം വാരിയെല്ലുകളുടെ ഭാഗത്ത് പലതവണ ഇടിക്കുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു. ഡോക്ടറുടെ രണ്ട് മൊബൈൽ ഫോണുകൾ, സ്മാർട് വാച്ച്, ഇയർപോഡുകൾ എന്നിവ രണ്ടാം പ്രതി കൈക്കലാക്കിയെന്നും പരാതിയിലുണ്ട്. ഇവയ്ക്ക് ആകെ 3.25 ലക്ഷം രൂപ വിലവരും. അതുല്യ ചന്ദ്ര അസഭ്യം പറയുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും മറ്റ് പ്രതികൾ മർദനത്തിൽ പങ്കുചേർന്നതായും ഡോക്ടർ മൊഴി നൽകിയിട്ടുണ്ട്.

മർദനത്തെത്തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളും പ്രതികൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിലുള്ള ഭയവുമാണ് പരാതി നൽകാൻ രണ്ട് ദിവസം വൈകിയതിന് കാരണമെന്ന് ഡോക്ടർ വ്യക്തമാക്കിയിട്ടുണ്ട്. മോഷണം പോയ വസ്തുക്കൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. ബിബിൻ പെരുമ്പള്ളിയുടെ സഹായിയും കേസിലെ പ്രതിയുമായ കെ.ബി. വിഷ്ണുവിനെതിരെ എട്ടോളം കേസുകളുണ്ടെന്നും പൊലീസ് പറയുന്നു.

അതേസമയം, സിനിമാരംഗത്തും സജീവമായിരുന്ന അതുല്യ ചന്ദ്രയുടെ അവസാന ചിത്രം 'ഉയിർ' ആണ്. 'ഡൈസ് ഇറേ', 'ഇന്നലെ വരെ', 'ഓ ബേബി' തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 'ലോക' എന്ന ചിത്രത്തിലെ പൊലീസ് വേഷത്തിലൂടെ ശ്രദ്ധ നേടിയ ബിബിൻ പെരുമ്പള്ളി 'ആശാൻ', 'കാട്ടാളൻ' തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img