
ബംഗളുരു: കർണാടകത്തിലെ മുൻഡിജിപി ഓം പ്രകാശിനെ കൊലപ്പെടുത്തിയതിൽ അദ്ദേഹത്തിന്റെ ഭാര്യ പല്ലവിയ്ക്ക് പുറമെ മറ്റാർക്കൊക്കെ പങ്കുണ്ട് എന്ന സംശയം ബാക്കിനിൽക്കുകയാണ്. പല്ലവി അന്വേഷണവുമായി സഹകരിക്കാൻ കൂട്ടാക്കാത്തതും സംഭവസമയത്ത് മകൾ കൃതി ഉണ്ടായിരുന്നു എന്ന വെളിപ്പെടലുമാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. അമ്മയും സഹോദരിയും ചേർന്നാണ് അച്ഛനെ കൊലപ്പെടുത്തിയതെന്നാണ് ഓം പ്രകാശിന്റെ മകൻ കാർത്തികേഷ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. വീടിന്റെ ഗ്രൗണ്ട് ഫ്ലോറിലാണ് ഓം പ്രകാശും ഭാര്യയും താമസിച്ചിരുന്നത്. മകനും മകളും മറ്റേ നിലകളിലും. സംഭവം നടക്കുമ്പോൾ കാർത്തികേഷ് വീട്ടിലുണ്ടായിരുന്നില്ല. ആ വീട്ടിൽ കുറച്ചുദിവസങ്ങളായി സ്വത്തുതർക്കം നിലനിൽക്കുന്നുണ്ട്. ഓംപ്രകാശ് അദ്ദേഹത്തിന്റെ സഹോദരി സരിതകുമാരിയ്ക്ക് ഭൂമി നൽകിയത് ചോദ്യം ചെയ്ത് പല്ലവി നിരന്തരം വഴക്കിട്ടിരുന്നു.അതുപോലെ ചില സ്വത്തുക്കൾ കാർത്തികേഷിന്റെ പേരിൽ എഴുതിവെച്ചതും പല്ലവിയ്ക്കും കൃതിയ്ക്കും ഇഷ്ടപ്പെട്ടിരുന്നില്ല. പല്ലവിയ്ക്ക് സ്‌കിസോഫ്രീനിയയുടെ അസുഖമുണ്ടെന്നും അതിന് ചികിത്സ നടത്തിയതായും സൂചനയുണ്ട്. അമ്മയും സഹോദരിയും ഡിപ്രെഷന് അടിമകളാണെന്ന് കാർത്തികേഷിന്റെ പരാതിയിലുണ്ട്. ഭർത്താവ് തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതായി പല്ലവി പലതവണ ബന്ധുക്കളോടും കുടുംബസുഹൃത്തുക്കളോടും പരാതിപ്പെട്ടിട്ടുണ്ട്. എന്നാൽ അമ്മയും സഹോദരിയും അച്ഛനെ കൊല്ലാൻ പ്ലാനിട്ടു എന്നാണ് കാർത്തികേഷിന്റെ പരാതിയിൽ പറയുന്നത്. 20ന് ഉച്ചതിരിഞ്ഞ് ഒന്നിച്ച് ഭക്ഷണം കഴിക്കവെ പല്ലവിയും ഓം പ്രകാശും വഴക്കിട്ടു. വഴക്ക് മൂത്തപ്പോൾ പല്ലവി ഓം പ്രകാശിന്റെ കണ്ണിൽ മുളകുപൊടി വാരിയെറിഞ്ഞു. അയാൾ കണ്ണെരിഞ്ഞ് ഞെരിപൊരി കൊണ്ടപ്പോൾ പല്ലവി ഡൈനിങ് ടേബിളിൽ ഉണ്ടായിരുന്ന കറിക്കത്തി കൊണ്ട് ഭർത്താവിനെ പലതവണ കുത്തുകയും കുപ്പികൊണ്ട് തലയ്ക്കും മുഖത്തും അടിക്കുകയും ചെയ്തു എന്ന് വ്യക്തമായിട്ടുണ്ട്. കൃതിയുടെ സാന്നിധ്യം അപ്പോൾ ഉണ്ടായിരുന്നോ അതല്ല അവൾ ശബ്ദംകേട്ട് പിന്നീട് വന്നുചേർന്നതാണോ എന്നാണിനി അറിയേണ്ടത്. ശല്യക്കാരനായ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന് പല്ലവി കുടുംബ സുഹൃത്തായ ഐ പി എസ് ഉദ്യോഗസ്ഥന്റെ ഭാര്യയോട് ഫോൺ ചെയ്ത് പറഞ്ഞിരുന്നു. അവരാണ് പോലീസിൽ വിവരമറിയിച്ചത്. അയൽവാസി വിളിച്ചറിയിച്ചതിനെ തുടർന്ന് കാർത്തികേഷ് വീട്ടിലെത്തുമ്പോൾ അവിടെ പോലീസും അയൽക്കാരും ഉണ്ടായിരുന്നു. വീട്ടിൽ നിരന്തരം വഴക്കായതിനാൽ ഓം പ്രകാശ് ഏതാനും ദിവസംമുമ്പ് സഹോദരി സരിതകുമാരിയുടെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. 18ന് കൃതി അവിടെയെത്തി അച്ഛനെ കൂട്ടിക്കൊണ്ടുവരികയായിരുന്നു. 19ന് കൃതിയുടെ ജന്മദിനമായിരുന്നു. അക്കാര്യം പറഞ്ഞാണ് അച്ഛനെ വിളിച്ചുകൊണ്ടുവന്നത്. കുറ്റം പോലീസിനോട് ഏറ്റുപറയാൻ പല്ലവി കൂട്ടാക്കിയിട്ടില്ല. പോലീസ് സ്റ്റേഷനിൽ കയറാൻ തന്നെ അവർ വിമുഖത കാട്ടി. സാഹചര്യതെളിവുകൾ കണക്കിലെടുത്താണ് പല്ലവിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൃതിയെ നിംഹാൻസിൽ മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ചോദ്യം ചെയ്യാനാണ് തീരുമാനം. വിശദമായ അന്വേഷണത്തിനായി കേസ് സിസിബി (സെൻട്രൽ ക്രൈം ബ്രാഞ്ച്)യ്ക്ക് കൈമാറിയിട്ടുണ്ട്.
Photo Courtesy - Google











