12:47pm 10 September 2026
NEWS
ഇറാനിലെ പെൺകുട്ടികളുടെ സ്കൂളിൽ മിസൈൽ ആക്രമണം നടത്തിയത് അമേരിക്കയെന്ന് റിപ്പോർട്ട്
06/03/2026  12:29 PM IST
nila
ഇറാനിലെ പെൺകുട്ടികളുടെ സ്കൂളിൽ മിസൈൽ ആക്രമണം നടത്തിയത് അമേരിക്കയെന്ന് റിപ്പോർട്ട്

വാഷിങ്ടൻ: ഇറാനിൽ ഇസ്രയേൽ–അമേരിക്കൻ സൈനിക നടപടി ആരംഭിച്ച ദിവസമായ ശനിയാഴ്ച പെൺകുട്ടികൾ പഠിക്കുന്ന ഒരു സ്കൂളിൽ നടന്ന മിസൈൽ ആക്രമണത്തിൽ യുഎസ് സൈന്യത്തിന് പങ്കുണ്ടാകാമെന്ന റിപ്പോർട്ടുകൾ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് യുഎസ് സൈനിക വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അന്തിമ റിപ്പോർട്ട് തയ്യാറാക്കിയിട്ടില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ റോയിറ്റേഴ്സിനോട് വ്യക്തമാക്കി. സ്കൂളിലുണ്ടായ മിസൈൽ ആക്രമണത്തിൽ നൂറ്റമ്പതിലേറെ പെൺകുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

ആക്രമണത്തിൽ ഉപയോഗിച്ച ആയുധങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടെ കൂടുതൽ തെളിവുകൾ പുറത്തുവന്നാൽ മാത്രമേ ആക്രമണം നടത്തിയതാരാണെന്ന് വ്യക്തമായി പറയാനാകൂ. സ്കൂൾ ആക്രമണവുമായി ബന്ധപ്പെട്ട് നിരവധി വാദങ്ങൾ പ്രചരിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, ഉറപ്പുള്ള തെളിവുകളുടെ അഭാവത്തിൽ ഒന്നും സ്ഥിരീകരിക്കാൻ വാർത്താ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല.

സ്കൂളിൽ നടന്ന ആക്രമണത്തിന് യുഎസ് സൈന്യത്തിന് പങ്കുണ്ടെന്ന സൂചനകളോടെ റിപ്പോർട്ട് നൽകിയതായിരുന്നു ന്യൂയോർക്ക് ടൈംസ്. സ്കൂളിനോട് ചേർന്നുള്ള ഇറാൻ റവല്യൂഷനറി ഗാർഡിന്റെ നാവിക താവളത്തെ ലക്ഷ്യമിട്ട് യുഎസ് ആക്രമണം നടന്ന സമയത്താണ് സ്കൂളിലും മിസൈൽ പതിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതുവഴി യുഎസ് അബദ്ധത്തിൽ സ്കൂൾ ലക്ഷ്യമാക്കിയിരിക്കാമെന്ന സംശയമാണ് ഉയർന്നത്.

അതേസമയം, സ്കൂൾ ആക്രമണത്തെക്കുറിച്ച് യുഎസ് സൈന്യം അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ ആക്രമണത്തിന് പിന്നിൽ ഇറാൻ തന്നെയാണെന്ന വാദവും യുഎസ് നേരത്തേ മുന്നോട്ടുവച്ചിരുന്നു.

കുട്ടികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തെ ലക്ഷ്യമിട്ട ആക്രമണം ലോകമൊട്ടാകെ ശക്തമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. സംഭവത്തെ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മിഷൻ ഉൾപ്പെടെ ശക്തമായി അപലപിക്കുകയും, ന്യായീകരിക്കാനാവാത്ത കുറ്റമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img