04:30am 16 September 2026
NEWS
വിഎസിന് മരണദണ്ഡന വിധിച്ചത് സ്വരാജോ യുവ വനിതാ നേതാവോ?
28/07/2025  09:14 PM IST
nila
വിഎസിന് മരണദണ്ഡന വിധിച്ചത് സ്വരാജോ യുവ വനിതാ നേതാവോ?

ജീവിച്ചിരുന്ന വിഎസ് അച്യുതാനന്ദനനെക്കാൾ ശക്തനാണോ മരിച്ച വിഎസ്? അതെ എന്ന് പറയേണ്ട സാഹചര്യമാണ് കേരള രാഷ്ട്രീത്തെ ഉറ്റുനോക്കുകയും ഇടപെടുകയും ചെയ്യുന്ന ഏതൊരാൾക്കും പറയാൻ കഴിയുക. വിഎസിന്റെ ചിതയിലെ കനൽ അശേഷം അണയും മുമ്പ് സിപിഎമ്മിലെ അദ്ദേഹത്തിന്റെ പ്രതിയോ​ഗികളാകെ പ്രതിരോധത്തിലാണ്. അതിന് കാരണമാകട്ടെ, പണ്ടുപണ്ടൊരു സിപിഎം സംസ്ഥാന സമ്മേളത്തിൽ ഒരു യുവനേതാവ് വിഎസിന് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് നടത്തിയ പ്രസം​ഗവും. ആ വിവാദത്തിലേക്ക് കടക്കും മുമ്പ് എന്താണ് ക്യാപിറ്റൽ പണിഷ്മെന്റ് എന്നും അതിനോട് വി എസ് എങ്ങനെ പ്രതികരിച്ചു എന്നും നമുക്കൊന്ന് നോക്കാം..

എന്താണ് ക്യാപിറ്റൽ പണിഷ്മെന്റ്? വലിയ ഹൈപ്പൊന്നും കൊടുക്കാതെ ലളിതമായി പറഞ്ഞാൽ വധശിക്ഷ. ഒരു കുറ്റം ചുമത്തി അധികാരികൾ ഒരാൾക്ക് വധശിക്ഷ വിധിക്കുന്നതാണ് ക്യാപിറ്റൽ പണിഷ്മെന്റ്. ഇനി വലിയ ഹൈപ്പൊക്കെ കൊടുത്ത് പറഞ്ഞാലും അത് വധശിക്ഷ തന്നെയാണ്. 
2015-ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ, വി.എസ്. അച്യുതാനന്ദനെ ചില പ്രതിനിധികൾ അതി രൂക്ഷമായി വിമർശിച്ചുവെന്നും, പാർട്ടിയിലെ ഒരു യുവ നേതാവ് വി എസിന് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രണ്ട് മുൻ സി.പി.എം എംഎൽഎമാർ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ രാഷ്ട്രീയ കേരളത്തിൽ വിവാദമായിരിക്കുന്നത്. ഒരു വനിതാ നേതാവാണ് അത് ക്യാപിറ്റൽ പണിഷ്മെന്റ് ആവശ്യപ്പെട്ടത് എന്നാണ് ഒരു നേതാവ് വെളിപ്പെടുത്തിയത്.

ക്യാപിറ്റൽ പണിഷ്മെന്റ് മാധ്യമസൃഷ്ടിയാണെന്ന നിലപാടാണ് അന്നും ഇന്നും സിപിഎമ്മിന്റെ ഔദ്യോ​ഗിക നേതൃത്വത്തിനുള്ളത്. എന്നാൽ, പണ്ടുതന്നെ ക്യാപിറ്റൽ പണിഷ്മെന്റ് എന്ന യുവനേതാക്കളുടെ ആവശ്യത്തിന് വി എസ് മറുപടി നൽകിയിട്ടുണ്ട് എന്നതാണ് വാസ്തവം. കർഷക സമരവും, ഏറ്റുവാങ്ങിയ കൊടിയ മർദ്ദനവുമെല്ലാം ഓർമ്മിപ്പിച്ച വി എസ്, തൂക്കുകയറിനെ പോലും ഭയക്കാതെയാണ് താൻ കമ്മ്യൂണിസ്റ്റു പാർട്ടിയിലേക്ക് വന്നതെന്നും പ്രവർത്തിച്ചതെന്നും വി എസ് പൊതുസമ്മേളനത്തിൽ തന്നെ പറഞ്ഞിരുന്നു.  'തൂക്കുകയറിനെയും വെല്ലുവിളിച്ചുകൊണ്ട് നേരിട്ട ഞങ്ങളെ ഇപ്പോൾ ക്യാപിറ്റൽ പണിഷ്‌മെന്റ് എന്ന് പറഞ്ഞ് ഭയപ്പെടുത്താൻ ശ്രമിച്ചാൽ അത് വിലപ്പോകില്ല എന്നുകൂടി ഞാൻ ഈ അവസരത്തിൽ അറിയിക്കുകയായിരുന്നു' എന്നായിരുന്നു അന്ന് വി.എസ് പ്രതികരിച്ചത്. അങ്ങനെയുള്ള തന്നെ ക്യാപിറ്റൽ പണിഷ്മെന്റ് എന്ന് പറഞ്ഞ് ഭയപ്പെടുത്തേണ്ട എന്ന സന്ദേശം തന്നെയായിരുന്നു വി എസ് നൽകിയത്. അതവിടെ നിൽക്കട്ടെ, ഇപ്പോഴത്തെ വിവാദത്തിലേക്ക് വരാം. ആരാണ് അന്ന് സംസ്ഥാന സമ്മേളനത്തിൽ വി എസിന് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് പറഞ്ഞത് എന്ന കാര്യത്തിൽ ഇന്നും വ്യക്തതയില്ല എന്നതാണ് വാസ്തവം.

ഒരു പെൺകുട്ടിയുടെ ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശത്തെ തുടർന്ന് അച്യുതാനന്ദൻ ആലപ്പുഴ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയെന്ന് മുതിർന്ന സിപിഎം നേതാവും മുൻ എംപിയുമായ സുരേഷ് കുറുപ്പ് ഒരു മലയാള ദിനപത്രത്തിന്റെ ഞായറാഴ്ച സപ്ലിമെന്റിൽ പ്രസിദ്ധീകരിച്ച 'എന്റെ വിഎസ് ഇങ്ങനെയായിരുന്നു' എന്ന ലേഖനത്തിൽ പറയുന്നു. കടുത്ത വിഎസ് പക്ഷക്കാരനായിരുന്നു സുരേഷ് കുറുപ്പ്. 2015 ലെ പാർട്ടി ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ ഒരു യുവ നേതാവ് വിഎസിന് 'വധശിക്ഷ' ആവശ്യപ്പെട്ടതായി അദ്ദഹം തന്റെ ലേഖനത്തിൽ വ്യക്തമായി പറയുന്നു. തന്റെ കൊച്ചുമക്കളുടെ പ്രായം മാത്രമുള്ള ആളുകൾ സമ്മേളനത്തിൽ വിഎസിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതായി അദ്ദേഹം പറഞ്ഞു.

ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ, വി.എസിന് വധശിക്ഷ നൽകണമെന്ന് ഒരു കൊച്ചു പെൺകുട്ടി പറഞ്ഞു. ഈ അപമാനം സഹിക്കാൻ കഴിയാതെ വി.എസ് വേദി വിട്ടു. ഒറ്റയ്ക്ക്, ദുഃഖിതനായി, പക്ഷേ തല കുനിക്കാതെ, ഒന്നും പറയാതെ, ആരെയും നോക്കാതെ, അദ്ദേഹം യോഗസ്ഥലത്ത് നിന്ന് വീട്ടിലേക്ക് പോയി എന്നാണ് സുരേഷ് കുറുപ്പ് തന്റെ ലേഖനത്തിൽ എഴുതിയത്. 

2015ലെ സിപിഎം ആലപ്പുഴ സമ്മേളനത്തിൽ വിഎസിനെതിരെ കാപ്പിറ്റൽ പണിഷ്‌മെന്റ് ആവശ്യം മാത്രമല്ല, അതിലും ​ഗുരുതരമായ ആരോപണങ്ങളും ഉണ്ടായതായി വിഎസിന്റെ മുൻ പി എ എ സുരേഷും വെളിപ്പെടുത്തി. സുരേഷ് കുറുപ്പിന്റെ വാദങ്ങളെ ശരിവെച്ചു കൊണ്ടാണ് സുരേഷ് രംഗത്തുവന്നത്. ആലപ്പുഴ സമ്മേളനം വിഎസിനെ അധിക്ഷേപിക്കാൻ വേണ്ടി മാത്രമാണ് നടത്തിയതെന്നാണ് സുരേഷ് പറയുന്നത്. 

2012ലെ ക്യാപിറ്റൽ പണിഷ്‌മെന്റ് പരാമർശത്തിൽ വിഎസിന് വലിയ വേദനയും വിഷമവും ഉണ്ടായിരുന്നുവെന്നും സുരേഷ് പറഞ്ഞു. പിന്നീട് ഇതിന് മറുപടി പറയാൻ വിഎസ് നിർബന്ധിക്കപ്പെടുകയായിരുന്നു. ആലപ്പുഴ സമ്മേളനം വിഎസ് വധം ആട്ടക്കഥയായിരുന്നു. അത്രത്തോളം ഒരു മനുഷ്യനെ ഇരുത്തിക്കൊണ്ട് അധിക്ഷേപിച്ചു. ഒരു പരാമർശം മാത്രമല്ല അധിക്ഷേപിക്കുന്ന നിരവധി പരാമർശങ്ങൾ ഉണ്ടായതോടെയാണ് പ്രതിഷേധിച്ചുകൊണ്ടാണ് വിഎസ് സമ്മേളനം ബഹിഷ്‌കരിച്ചുകൊണ്ട് പുറത്തേക്ക് പോയത്.

ആലപ്പുഴ സമ്മേളനത്തിൽ വിഎസിനെതിരെ അതിരൂക്ഷമായി പറഞ്ഞവർക്കെല്ലാം സ്ഥാനക്കയറ്റം കിട്ടിയിട്ടുണ്ടെന്ന് സുരേഷ് പറയുന്നു. സംസ്ഥാന കമ്മിറ്റിയിൽ വരെ സ്ഥാനം കിട്ടിയവരുണ്ടെന്ന് സുരേഷ് പറയുന്നു. ആലപ്പുഴ സമ്മേളനത്തിൽ വിഎസിനെ അധിക്ഷേപിച്ച യുവ വനിത നേതാവ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലെത്തിയെന്ന് അദേഹം പറഞ്ഞു. തിരുവനന്തപുരത്തും ആലപ്പുഴയിലും നടന്ന സമ്മേളനങ്ങളിൽ സംഘടിതമായ ആക്രമണമാണ് വിഎസിനെതിരെ നടത്തിയതെന്ന് സുരേഷ് പറഞ്ഞു.

വിഎസിന്റെ മരണത്തിന് പിന്നാലെ ക്യാപിറ്റൽ പണിഷ്മെന്റ് വീണ്ടും ചർച്ചകളിലേക്ക് കൊണ്ടുവന്നത് മുൻ സിപിഎം എംഎൽഎയും പാർട്ടി സംസ്ഥാന സമിതി അം​ഗവുമായിരുന്ന പിരപ്പൻകോട് മുരളിയാണ്. 'ക്യാപിറ്റൽ പണിഷ്‌മെന്റ്' പ്രയോഗം കെട്ടുകഥയല്ലെന്നും  വി.എസ് അച്യുതാനന്ദനെതിരേ നടത്തിയ ആ പരാമർശം, സമ്മേളനത്തിൽ പങ്കെടുത്ത താൻ നേരിട്ട് കേട്ടിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 

സമ്മേളനം നടക്കുമ്പോൾ, നന്നായി സംസാരിക്കുന്ന ഒരു ചെറുപ്പക്കാരൻ പാർട്ടിക്കകത്ത് വിഭാഗീയതയുണ്ടാക്കുന്ന വി.എസിന് 'ക്യാപിറ്റൽ പണിഷ്‌മെന്റ്' കൊടുക്കുകയാണ് വേണ്ടതെന്ന് പ്രസംഗിച്ചു എന്നാണ് പിരപ്പൻകോട് മുരളി വെളിപ്പെടുത്തിയത്. പാർട്ടിയുടെ സ്ഥാപകനായ വിഎസിനെക്കുറിച്ച് ഇങ്ങനെയൊരു പരാമർശം വരുമ്പോൾ ഡയസിൽനിന്ന് അതിനെ ചെറുക്കേണ്ടത് ആവശ്യമായിരുന്നു. പക്ഷേ, ഡയസിൽ ഉണ്ടായിരുന്ന പാർട്ടി നേതാക്കൾ എല്ലാവരും അത് ആസ്വദിക്കുകയായിരുന്നു എന്നും പിരപ്പൻകോട് മുരളി വെളിപ്പെടുത്തി. അന്ന് താൻ സംസ്ഥാന സമ്മേളന പ്രതിനിധിയായിരുന്നു എന്നും അദ്ദേഹം പറയുന്നു.

അന്ന് ഡിവൈഎഫ്ഐ നേതാവായിരുന്ന ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റം​ഗം എം സ്വരാജാണ് ക്യാപിറ്റൽ പണിഷ്മെന്റ് പ്രയോ​ഗം നടത്തിയത് എന്നാണ് പറയപ്പെടുന്നത്. എന്നാൽ, ഇതിന് തെളിവുകളൊന്നുമില്ല. താൻ സ്വരാജിന്റെ പേര് പറഞ്ഞില്ലെന്നും എം വി ​ഗോവിന്ദനാണ് സ്വരാജിന്റെ പേര് പറഞ്ഞതെന്നും പിരപ്പൻകോട് മുരളി പറയുന്നു. സുരേഷ് കുറുപ്പ് പറഞ്ഞ ആ യുവവനിതാ നേതാവ് ആരെന്നും വ്യക്തതയില്ല. ക്യാപിറ്റൽ പണിഷ്മെന്റ് എന്ന വിവാദം മാധ്യമസൃഷ്ടി മാത്രമെന്നാണ് എം വി ​ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ പറയുന്നത്.  ആലപ്പുഴ സമ്മേളനത്തിൽ വധശിക്ഷയെക്കുറിച്ച് ആരും ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്ന് സിപിഎം യുവനേതാവ് ചിന്ത ജെറോം വിവാദത്തോട് പ്രതികരിക്കവെ വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും സിപിഎമ്മിന് വലിയ പ്രതിസന്ധിയാണ് ക്യാപിറ്റൽ പണിഷ്മെന്റ് വിവാദം സമ്മാനിച്ചിരിക്കുന്നത്. വി എസിന്റെ മരണത്തോടെ പഴയ വിഎസ് പക്ഷക്കാരിൽ പലരും ഇനിയും തുറന്നുപറച്ചിലുമായി എത്തിയാലും അത്ഭുതപ്പെടാനില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img