
കർണാടകം: 2022 ൽ സൂറത്കലിൽ ഫാസിൽ കൊലചെയ്യപ്പെട്ടതിന് പ്രതികാരമായാണ് ഈ മെയ് ഒന്നിന് ബജ് റങ്ദൾ പ്രവർത്തകനായ സുഹാസ് ഷെട്ടിയെ വധിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.ഫാസിൽ വധക്കേസിലെ ഒന്നാം പ്രതിയായിരുന്നു സുഹാസ്. പോലീസ് അറസ്റ്റുചെയ്ത എട്ടുപേരിൽ ഫാസിലിന്റെ സഹോദരൻ ആദിൽ മഹ്‌റൂഫും ഉൾപ്പെടും. അബ്ദുൾ സഫ്വാൻ എന്ന ആളാണ് ക്വട്ടേഷൻ ഏർപ്പാടാക്കിയതെന്ന് പോലീസ് പറയുന്നു. ഫാസിലിന്റെ അടുത്ത സുഹൃത്താണ് അബ്ദുൾ സഫ്‌വാൻ. സുഹാസും കൂട്ടാളികളും തന്നെയും വാദിക്കുമെന്ന് സഫ്‌വാൻ ഭയപ്പെട്ടിരുന്നത്രെ. ബിജെപി ഭരണത്തിലിരിക്കെയാണ് ഫാസിൽ വധിക്കപ്പെട്ടത്. കുടുംബത്തിന് ഗവണ്മെന്റ് ധനസഹായം നൽകിയിരുന്നില്ല. 2023 ൽ കോൺഗ്രസ്സ് അധികാരത്തിൽ വന്നശേഷം ഫാസിലിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകി. സ്പീക്കർ യു ടി ഖാദറാണ് ധനസഹായം ലഭ്യമാക്കാൻ മുൻകൈയെടുത്തത്. മംഗളൂരു മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം എൽ എ യാണ് ഖാദർ. സുഹാസ് വധിക്കപ്പെട്ടതിൽ ഫാസിലിന്റെ കുടുംബത്തിന് പങ്കില്ലെന്നും ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് അതിന്റെ പിന്നിലെന്നും യു ടി ഖാദർ ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. സർക്കാർ ഫാസിലിന്റെ കുടുംബത്തിന് നൽകിയ ധനസഹായത്തിൽനിന്നും അഞ്ചുലക്ഷം രൂപ സുഹാസിനെ വധിക്കാൻ ക്വട്ടേഷൻ സംഘത്തിന് കൈമാറി എന്നുള്ള പോലീസിന്റെ കണ്ടെത്തലും ഖാദറിന് ക്ഷീണമായി. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഫാസിലിന്റെ സഹോദരനും അടുത്ത സുഹൃത്തുമുണ്ട്. സുഹാസിനെ വധിക്കാൻ അക്രമികൾ സർക്കാരിന്റെ സഹായധനം ഉപയോഗിച്ചോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ മറുപടി നൽകിയില്ല. ആഭ്യന്തര മന്ത്രിയോടും ജില്ലയുടെ ചുമതലയുള്ള മന്ത്രി ദിനേഷ് ഗുണ്ടുറാവുവിനോടും സംസാരിച്ച ശേഷം പറയാമെന്നാണ് സിദ്ധരാമയ്യ പ്രതികരിച്ചത്. പക്ഷപാതപരമായ പ്രസ്താവന നടത്തിയ സ്പീക്കർ രാജിവെക്കാണണമെന്ന് ബിജെപി ആവശ്യപ്പെട്ടു. വർഗീയ വേർതിരിവ് ശക്തമായ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ ഭീകരാവസ്ഥയാണ് സർക്കാർ ധനസഹായം കൊലപാതകത്തിന് ക്വട്ടേഷൻ നൽകാൻ ഉപയോഗിച്ചു എന്ന വെളിപ്പെടലിലൂടെ വ്യക്തമാകുന്നത്.
Photo Courtesy - Google











