
ദോഹ: ഇന്ത്യൻ പ്രവാസികൾക്കിടയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ വാരിയേഴ്സ് എഫ്സി ആദ്യമായി നടത്തിയ ലെജൻഡ്സ് ടൂർണമെൻ്റിൽ ഒക്ടോബർ 03ന് നടന്ന ആവേശകരമായ ഫൈനലിൽ MBST ഖത്തർ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഡാറ്റാപ്ലസ് എഫ്സിയെ പരാജയപ്പെടുത്തി പ്രഥമ കപ്പ് ഉയർത്തിയത്.
ഫൈനൽ മത്സരത്തിന് മുന്നോടിയായി നടന്ന മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ UK FC പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഖത്തർ മാസ്റ്റേഴ്സിനെ തോൽപിച്ചു. കുട്ടികൾക്കായി 04 ടീമുകൾ പങ്കെടുത്ത ജൂനിയർ കപ്പ് ടൂർണമെൻ്റിൽ ടിക്കിസ്റ്റ എഫ്സിയെ പരാജയപ്പെടുത്തി ബ്ലാസ്റ്റേഴ്സ് സ്പോർട്സ് സെൻ്റർ വിജയികളായി.
ഖത്തറിലെ 08 പ്രശസ്ത ടീമുകൾ പങ്കെടുത്ത് ലീഗ് അടിസ്ഥാനത്തിൽ UDST ഗ്രൗണ്ടിൽ സെപ്റ്റംബർ 19ന് ആരംഭിച്ച് ഉടനീളം ത്രസിപ്പിക്കുന്ന മത്സരങ്ങൾ തിങ്ങിനിറഞ്ഞ ഗാലറിക്ക് സമ്മാനിച്ചാണ് ഒക്ടോബർ 03ന് വക്രയിലെ ജെംസ് ഗ്രൗണ്ടിൽ ടൂർണമെൻ്റ് കൊടിയിറങ്ങിയത്.
റേഡിയോ സുനോ RJ അഷ്ടമി നേതൃത്വം നൽകിയ സമാപന ചടങ്ങിൽ അബ്ദുൾ അസീസ് QFA, മസൂദ് ചാലിയാർ, ഷഹീദ് നബീന-MBST, ഷൈജിത്ത് ജിറ്റകോ പ്ലാന്റ് ഹയർ, എന്നിവർ മുഖ്യാതിഥികളായിരുന്നു. ടൂർണമെന്റിന് നൽകിയ ഉദാരമായ പിന്തുണയ്ക്ക് എല്ലാ സ്പോൺസർമാരെയും പ്രത്യേകം ആദരിച്ചു.
നജീബിനെ ടൂർണമെന്റിലെ മികച്ച കളിക്കാരനായും ജമാലിനെ മികച്ച പ്രതിരോധക്കാരനായും അഷ്റഫിനെ മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുത്തു. ടോപ് സ്കോറർ അവാർഡ് സതീശനും ഹാരിസും പങ്കിട്ടു.
സംഘടനാ മികവ് കൊണ്ടു ശ്രദ്ധേയമായ ടൂർണമെൻ്റിൻ്റെ അടുത്ത പതിപ്പ് ഇതിലും മികച്ചതായിരിക്കുമെന്ന സൂചന നൽകുകയും അചഞ്ചലമായ പിന്തുണ നൽകിയ കാണികൾക്കും ക്ലബ്ബുകൾക്കും സംഘാടക സമിതി നന്ദി അറിയിച്ച് സമാപന ചടങ്ങ് ഉപസംഹരിച്ചു.











