
രാജ്യത്ത് മേയ് മാസത്തിൽ സാധാരണയെക്കാൾ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ദീർഘകാല ശരാശരിയുടെ 110 ശതമാനത്തിലധികം മഴ ഇത്തവണ ലഭിക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. കടുത്ത വേനൽച്ചൂട് അനുഭവിക്കുന്ന വിവിധ സംസ്ഥാനങ്ങൾക്ക് ഇത് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. 1971 മുതൽ 2020 വരെയുള്ള കണക്കുകൾ അനുസരിച്ച് മേയ് മാസത്തിലെ ശരാശരി മഴ 64.1 മില്ലിമീറ്ററാണ്. എന്നാൽ ഇത്തവണ അതിനെ മറികടക്കുന്ന മഴ ലഭിക്കാനാണ് സാധ്യത.
അടുത്ത ദിവസങ്ങളിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇടിയോടും ശക്തമായ കാറ്റോടും കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. മേയ് 5 വരെ പശ്ചിമ ബംഗാൾ, സിക്കിം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും കനത്ത മഴ പെയ്യാനും സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും മധ്യ ഇന്ത്യയിലും നാളെ മുതൽ മേയ് 6 വരെ ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യത പ്രവചിച്ചിട്ടുണ്ട്.
അതേസമയം, കിഴക്കൻ ഇന്ത്യയിലെ ചില മേഖലകളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമാകട്ടെ മഴ കുറവായിരിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പകൽ താപനില സാധാരണ നിലയിലോ അതിൽ താഴെയോ തുടരുമെങ്കിലും ഗുജറാത്ത്, മഹാരാഷ്ട്ര, കിഴക്കൻ തീരപ്രദേശങ്ങൾ, ഹിമാലയൻ താഴ്‌വരകൾ എന്നിവിടങ്ങളിൽ ഉഷ്ണതരംഗ ദിനങ്ങൾ വർധിക്കാമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ചുരുങ്ങിയ സമയത്തിനുള്ളിൽ അതിതീവ്ര മഴ ലഭിക്കാനിടയുള്ളതിനാൽ നഗരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും കാർഷിക നാശത്തിനും സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. അതിനാൽ സംസ്ഥാന സർക്കാരുകളും പൊതുജനങ്ങളും പ്രാദേശിക കാലാവസ്ഥാ മുന്നറിയിപ്പുകൾ ഗൗരവത്തോടെ പാലിക്കണമെന്ന് നിർദേശം നൽകി.











