
കടൽമത്സ്യങ്ങളിൽ മാത്രമല്ല, ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് മത്സ്യം വ്യാപകമായി ഉപയോഗിക്കുന്ന കേരളത്തിലും ആശങ്ക ഉയർത്തുന്നു. പുനെയിലെ എം ഐ ടി വേൾഡ് പീസ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് റോഹു, തിലാപ്പിയ തുടങ്ങിയ സാധാരണ ഉപയോഗിക്കുന്ന ശുദ്ധജല മത്സ്യങ്ങളിൽ മൈക്രോപ്ലാസ്റ്റിക് കണങ്ങൾ കണ്ടെത്തിയത്. മത്സ്യങ്ങളിലെ നാരുകൾ, കഷണങ്ങൾ, പെല്ലറ്റുകൾ തുടങ്ങിയ മൈക്രോപ്ലാസ്റ്റിക് കണങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.കേരളത്തിലെ മത്സ്യങ്ങളിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം ഈ പഠനം പരിശോധിച്ചിട്ടില്ലെങ്കിലും, മത്സ്യ ഉപഭോഗം കൂടുതലുള്ള സംസ്ഥാനമായ കേരളത്തിലും ശുദ്ധജല ആവാസവ്യവസ്ഥകളിലെ പ്ലാസ്റ്റിക് മലിനീകരണം നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പഠനം ചൂണ്ടിക്കാട്ടുന്നു.പുനെയിലെ 26 മൊത്തവ്യാപാരികളെയും വിതരണക്കാരെയും കേന്ദ്രീകരിച്ച പഠനത്തിൽ പ്രതിദിനം 37–40 ടൺ ശുദ്ധജല മത്സ്യം നഗരത്തിലെത്തുന്നതായും കണ്ടെത്തി. ആഴ്ചയിൽ രണ്ടുതവണ 250 ഗ്രാം വീതം മത്സ്യം കഴിക്കുന്ന ഒരാൾക്ക് 50 വർഷത്തിനിടെ 93,600 മുതൽ 1,24,800 വരെ മൈക്രോപ്ലാസ്റ്റിക് കണങ്ങൾ ശരീരത്തിലെത്താൻ സാധ്യതയുണ്ടെന്നാണ് പഠനത്തിന്റെ പ്രാഥമിക വിലയിരുത്തൽ. ആരോഗ്യപ്രത്യാഘാതങ്ങൾ സംബന്ധിച്ച് കൂടുതൽ പഠനം ആവശ്യമാണെന്നും ഗവേഷകർ വ്യക്തമാക്കി.
Photo Courtesy - Google










