04:43pm 06 November 2026
NEWS
2025 ആദ്യം ബീഹാറിൽ തുടങ്ങും യുദ്ധം; കളിക്കളത്തിൽ നിറയുന്ന കാഴ്ചകൾ
10/05/2025  10:29 PM IST
അഡ്വ. എം. മനോഹരൻപിള്ള
2025 ആദ്യം ബീഹാറിൽ തുടങ്ങും യുദ്ധം; കളിക്കളത്തിൽ നിറയുന്ന കാഴ്ചകൾ

2024 ന്റെ ബാക്കിയായി നിൽക്കുന്ന ഇൻഡ്യൻ മഹായുദ്ധത്തിന്റെ ബാക്കിയാണ് ബീഹാർ. 2024 ൽ നടന്ന മഹാരാജ്യം പിടിക്കാനുള്ള യുദ്ധത്തിന്റെ ആദ്യഘട്ടമായ ആന്ധ്ര എൻ.ഡി.എ സഖ്യം പിടിച്ചെടുത്തു. മന്ത്രിസഭാ പുനഃസംഘടന മുതൽ കേന്ദ്ര ബഡ്ജറ്റ് വരെയുള്ള എല്ലാ കാര്യങ്ങളിലും കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടങ്ങളുണ്ടായിരുന്നു.

മന്ത്രിമാരുടെ എണ്ണം കൂടി

ബീഹാറിൽ നിന്നുള്ള മൂന്നാം മോദി സർക്കാരിലെ മന്ത്രിമാരുടെ എണ്ണം എട്ടായി. സതീഷ് ചന്ദ്ര ദുബെ, ലലൻസിംഗ്, ചിരാഗ് പസ്വാൻ എന്നിവർക്ക് പുറമെയാണിത്. ജിതൻ റാം മഞ്ചി എന്നിവരെല്ലാം കേന്ദ്ര നേതാക്കളാണ്.നിത്യനന്ദറായ്, രാജ്ഭൂഷൺ ചൗധരി, സതീഷ് ചന്ദ്രദുബെ, രാംനാഥതാക്കൂർ എന്നീ രാജ്യസഭാ എം.പിമാരെയും മന്ത്രിമാരാക്കിയിട്ടുണ്ട്.ബി.ജെ.പിയിലെ വൈശ്യർ, രജപുട്‌സ്, കായസ്ത എന്നീ വിഭാഗങ്ങൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകിയിട്ടില്ല.

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ സംബന്ധിച്ചിടത്തോളം ഇനി ഒരു അങ്കത്തിന് കൂടി ബാല്യം ഉണ്ടോ എന്ന പ്രശ്‌നം ബാക്കി നിൽക്കുന്നുണ്ട്. പക്ഷേ എൻ.ഡി.എ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നിതീഷ് കുമാറിന്റെ പേരാണ് ബി.ജെ.പി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
കോൺഗ്രസ്- ഇന്ത്യാ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻപോയ നിതീഷ്‌കുമാറിനെ തിരിച്ചുകൊണ്ടുവന്നു ബീഹാറിൽ മുഖ്യമന്ത്രിയാക്കിയതാണ് നരേന്ദ്രമോദിയുടെ രാഷ്ട്രീയചാണക്യബുദ്ധി. 2025-26 കേന്ദ്ര ബഡ്ജറ്റിൽ 3.17 ലക്ഷം കോടി രൂപയുടെ സംസ്ഥാന വിഹിതമാണ് നിതീഷ് കുമാർ സർക്കാരിന് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ നീക്കിവച്ചത്. 2025 ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമായിരുന്നു.

ബി.ജെ.പി എന്തുകളിക്കും?

ആകെയുള്ള 243 നിയമസഭാ സീറ്റുകളാണ് മത്സരത്തിനുവേണ്ടി നിശ്ചയിച്ചിരിക്കുന്നത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 40 സീറ്റിൽ എൻ.ഡി.എ മുന്നണി 29 സീറ്റും, ഇന്ത്യാസഖ്യം 11 സീറ്റുമാണ് കരസ്ഥമാക്കിയത്. മുഖ്യമത്സരം ബി.ജെ.പിയും ആർ.ജെ.ഡിയും തമ്മിലായിരുന്നു. ആർ.ജെ.ഡി 75 സീറ്റും, ബി.ജെ.പി 74 സീറ്റും നേടി. 27 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 19 നേടി. 12 സീറ്റിൽ മത്സരിച്ച സി.പി.ഐ(എം.എൽ) 12 സീറ്റും, സി.പി.എം 2 സീറ്റും, സി.പി.ഐ 2 സീറ്റും നേടി ഇടതുപക്ഷ സ്വാധീനം ഉറപ്പിച്ചു. എ.ഐ.എം.ഐ.എം എന്ന മുസ്ലീം വിഭാഗ സംഘടന 5 സീറ്റ് കഴിഞ്ഞ തവണ  നേടി. ഇത്തവണ വഖഫ് വിഷയത്തിന്റെ പേരിൽ അവർ ഇന്ത്യാസഖ്യത്തിൽ ചേരാൻ സാധ്യത കാണുന്നുണ്ട്. ആർ.ജെ.ഡിയും കോൺഗ്രസും തമ്മിലുള്ള സീറ്റ് ഐക്യം പ്രായോഗികമായി എത്രമാത്രം ശരിയാകുമോ എന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ല.

ബി.ജെ.പി കൂടുതൽ സീറ്റുകൾ നേടാൻ ശ്രമിക്കും. അങ്ങനെ വന്നാൽ ആർ.ജെ.ഡിയെക്കാൾ മുന്നിൽ പോകാൻ സാധ്യത ബി.ജെ.പിക്കാണ്. ബി.ജെ.പി ഒറ്റക്കക്ഷിയായാൽ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിക്കപ്പെടുന്നത് അവരെയായിരിക്കും. കേന്ദ്രമന്ത്രിസ്ഥാനത്തേയ്ക്ക് നിതീഷ് കുമാറിനെ മാറ്റാനുള്ള സാധ്യതയിലേക്ക് അതെത്തും. ഭാവിയിൽ കേന്ദ്രമന്ത്രി സ്ഥാനത്തിൽ നിന്നും നിതീഷ്‌കുമാർ ഉയരുമോ?

നിതീഷ് ഡെൽഹിക്ക് പറക്കുമോ?

നിതീഷ്‌കുമാറിന്റെ തുടക്കം യൂണിയൻ കാബിനറ്റ് മന്ത്രിയായിട്ട് ദൽഹിയിലായിരിക്കും. ബി.ജെ.പി കൂടുതൽ സീറ്റുകൾ നേടുകയും ബീഹാറിൽ ഭരണം ഉറപ്പിക്കുകയും ചെയ്തുകഴിഞ്ഞാൽ, നിതീഷ്‌കുമാറിന് കാബിനറ്റ് മന്ത്രിപദവിയും മെച്ചപ്പെട്ട വകുപ്പും നൽകും. ആർ.എസ്.എസ് ആചാര്യന്മാർക്ക് നൽകുന്ന വൈസ് പ്രസിഡന്റ് പദവിയിലേക്കുള്ള നിതീഷ്‌കുമാറിന്റെ തുടക്കമായിരിക്കും ഇത്.
നിതീഷ്‌കുമാറിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു നിർണ്ണായക ഘട്ടത്തിലേക്ക് ബീഹാർ രാഷ്ട്രീയം  നീങ്ങുന്നതിന്റെ സൂചനയാണ് രാഷ്ട്രീയ നിരീക്ഷകർ നൽകുന്നത്.

യാദവകുലം വീണ്ടും ബീഹാറിൽ കെട്ടടങ്ങുമോ?

യാദവകുലത്തിനെ ഭിന്നിപ്പിച്ചുകൊണ്ടാണ് ബി.ജെ.പി ബീഹാറിൽ ഇടിച്ചുകയറിയത്. ലാലുപ്രസാദ് യാദവ് നയിച്ച രാഷ്ട്രീയ ജനതാദളും(ആർ.ജെ.ഡി) ഒന്നിച്ചുനിന്ന ജെ.ഡി.യുവും ബീഹാറിൽ ഒരു വൻശക്തിയായപ്പോൾ അഴിമതി ആരോപണങ്ങളിലൂടെയാണ് കേന്ദ്രം ജയിലഴികൾ തീർത്തതും ലാലുവിനെയും കുടുംബത്തെയും വേട്ടയാടിയതും. ലാലുവിന്റെ രാഷ്ട്രീയ ജീവിതം മിക്കവാറും ജയിലറകൾക്കുള്ളിലായിരുന്നു. ലാലുവിന്റെ ഭാര്യയും പെൺമക്കളും ഏറ്റെടുത്ത ബീഹാർ ഭരണം വഴിയാധാരമായ അവിടെ നിന്നാണ് നിതീഷ്‌യുഗം ആരംഭിക്കുന്നത്.

ബീഹാറിൽ കാലക്രമേണ കോൺഗ്രസ് ഭരണം അവസാനിച്ചു തുടങ്ങിയപ്പോഴാണ് ലാലുവിന്റെ മേധാവിത്വം തുടങ്ങിയത്. കേന്ദ്രത്തിലേക്ക് ഒതുങ്ങിയ കോൺഗ്രസ് 2014 വരെ ദൽഹി ഭരണം ഉപയോഗിച്ചാണ് ലാലുവിനെയും നിതീഷിനെയും നേരിട്ടത്. നിതീഷും ലാലുവും നേരിട്ട് ഏറ്റുമുട്ടിത്തുടങ്ങിയതിനുശേഷമാണ് നിതീഷ്‌കുമാർ ബി.ജെ.പിയുടെ സഹായം തേടിയത്. അങ്ങനെ ആർ.ജെ.ഡിയിലെ തലമുറമാറ്റം തേജസ്വി യാദവിലെത്തി. ഇപ്പോൾ ബീഹാറിൽ ഇൻഡ്യാസഖ്യമുന്നണിയെ നയിക്കുന്നത് ലാലുവിന്റെ റാന്തൽവിളക്കാണെങ്കിലും മുൻനിരയിൽ നേതൃസ്ഥാനത്തുള്ളത് തേജസ്വിയാദവാണ്.

ഇപ്പോൾ ബി.ജെ.പിയും ആർ.ജെ.ഡിയുമാണ് നേരിട്ട് ഏറ്റുമുട്ടുന്ന രണ്ട് പ്രധാന കക്ഷികൾ. ചെറുയാദവകക്ഷികളെല്ലാം ബി.ജെ.പിയുടെ ചിറകിനടിയിലാണ്. രാംവിലാസ് പാസ്വാന്റെ മകൻ ചിരാഗ് പാസ്വാൻ ഇപ്പോൾ കേന്ദ്രമന്ത്രിയാണ്. യാദവ് വിഭാഗങ്ങളെ ഭിന്നിപ്പിച്ചുഭരിക്കുന്ന തന്ത്രമാണ് ബി.ജെ.പിയുടേത്.

കോൺഗ്രസ് ഇപ്പോൾ ബീഹാറിൽ അഞ്ചാമത്തെ കക്ഷിയാണ്. ബി.ജെ.പിയുടെ വളർച്ച ഒരു ഭാഗത്ത് കോൺഗ്രസിനെ ക്ഷീണിപ്പിക്കുമെങ്കിലും പതുക്കെ പതുക്കെ ചെറുയാദവകക്ഷികളെ ക്ഷയിപ്പിക്കുകയും ചെയ്യും. കാലക്രമേണ ആ കക്ഷികളുടെ തകർച്ചയും ക്ഷയവും ബി.ജെ.പിയെ കുടുതൽ ശക്തമാക്കും.

ഇടതിൽ മാർക്‌സിസ്റ്റ്- ലെനിനിസ്റ്റ് വിഭാഗം മുന്നിൽ

അടിയന്തിരാവസ്ഥക്കാലത്ത് ബീഹാറിൽ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാർട്ടി സി.പി.ഐ ആയിരുന്നു. അന്ന് സി.പി.ഐയ്ക്ക് 30 എം.എൽ.എമാരുണ്ടായിരുന്നു. ഇന്ദിരാകോൺഗ്രസ്സിന്റെ സഖ്യകക്ഷിയായിരുന്നു അന്ന് സി.പി.ഐ.
അടിയന്തിരാവസ്ഥ തണുത്തപ്പോൾ സി.പി.എം അൽപ്പം മുന്നോട്ടുകയറിവന്നു. ഇടതുപക്ഷത്തോടൊപ്പം നിന്ന ജനങ്ങൾക്ക് പാർട്ടികളിലുള്ള വിശ്വാസം നഷ്ടപ്പെടുകയും പാർട്ടിസമ്മേളനങ്ങൾ ആഘോഷഭരിതവും ആർഭാടപൂർവ്വവും നടത്തപ്പെടുകയും ചെയ്യുകയും ചെയ്തതോടെ ജനപിന്തുണ ശോഷിച്ചുകൊണ്ടിരുന്നു.
രാജാറാം സിംഗ് സി.പി.ഐ (എം.എൽ) നിന്നുള്ള എം.എൽ.എ ആയിരുന്നു. പവ്വാൻസിംഗ് ആണ് ആ ലോക്‌സഭാ മണ്ഡലത്തിൽ നിന്നും ജയിച്ച ഏക സി.പി.ഐ (എം.എൽ) എം.പി.
ബി.ജെ.പിയുടെ മുൻപിൽ ഇടതുപക്ഷം ഒരു ചെറിയകക്ഷി മാത്രമാണ്. ഇടതുപക്ഷത്തുള്ള സി.പി.ഐ എം.എല്ലും സി.പി.ഐയും സി.പി.എമ്മും മൂന്നും കൂടി ഒരുമിച്ചുചേർന്നാൽപ്പോലും ബി.ജെ.പിയുമായി ഏറ്റുമുട്ടാനാവില്ല.മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ബീഹാർ പോലുള്ള സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റുകാരുടെ അവസ്ഥ. അത് മറികടന്നുകയറാനുള്ള കഴിവൊന്നും അവർക്കില്ല.

സോണിയ, രാഹുൽ ഇ.ഡി പ്രതികൾ

'നാഷണൽ ഹെറാൾഡ്' പത്രത്തിനെതിരായ, കോൺഗ്രസ് പാർട്ടിക്കെതിരായ ഇ.ഡി ചാർജ് ചെയ്ത കേസ്സിൽ കുറ്റപത്രം നൽകിക്കഴിഞ്ഞാൽ കേസ്സുകൾ കൂടുതൽ പ്രക്ഷുബ്ധമാകും. പ്രിയങ്കാഗാന്ധി എം.പിയുടെ ഭർത്താവായ റോബർട്ട് വദ്ര കൂടി ഈ കേസ്സിൽ പ്രതിയായ കുറ്റപത്രവും കൂടി വരുമ്പോൾ കോൺഗ്രസ്സ് കൂടുതൽ പ്രതിക്കൂട്ടിലാകും.

അന്തർദേശീയ ബിസിനസ്സ് ബന്ധങ്ങളുള്ള വഡേദരയുടെ ഡി.എൽ.എഫ് ഷെയർ വിഷയങ്ങൾ ബി.ജെപിയുടെയും ഇ.ഡിയുടെയും മുന്നിലുണ്ട്.
കോൺഗ്രസ്സിന്റെ ഗുജറാത്തിലെ സമ്മേളനം വെറുതെ ഒരു ചൊറിച്ചിലായിപ്പോയി. 2027 ലാണ് ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ്. ഇപ്പോൾ നാഷണൽ ഹൊറാൾഡ് വിഷയം ഇ.ഡി പൊക്കിെയടുക്കാൻ കാരണം ധൃതിപിടിച്ചുള്ള ഗുജറാത്ത് സമ്മേളനം തന്നെ.

26 കഴിയണ്ടേ

2026 കഴിഞ്ഞല്ലേ 2027 ലെ ഗുജറാത്ത് വരികയുള്ളൂ. 2027 വരെ നീട്ടിക്കൊണ്ട് ഗുജറാത്തിന് പോകാൻ സമയമുണ്ട്.
2026 ൽ പശ്ചിമബംഗാൾ, ആസ്സാം, തമിഴ്‌നാട്, പോണ്ടിച്ചേരി, കേരളം എന്നീ സംസ്ഥാനങ്ങളുണ്ട് മുമ്പിൽ.
പശ്ചിമബംഗാളിൽ കോൺഗ്രസ്സിന് വലിയ റോളില്ല. അവിടെ മമതാ ബാനർജിയാണ് ഇൻഡ്യാ മുന്നണി നയിക്കുന്നത്.
മൂന്നും നാലും കക്ഷികളാണ് അവിടെ കോൺഗ്രസ്സും ഇടതുപക്ഷവും. നേരിട്ട് ഏറ്റുമുട്ടുന്നത് മമതയും ബി.ജെ.പിയും തമ്മിലാണ്. അവിടെ പോരാട്ടം നിരന്തരമായി നടക്കുകയാണ്. ഏറ്റവും അവസാനം മുർഷിദാബാദിൽ എത്തിനിൽക്കുകയാണ്. മമതയുടേത് ഒറ്റയാൾ പോരാട്ടമാണ്. മമത, ബി.ജെ.പി, ഗവർണ്ണർ സി.വി ആനന്ദ് ബോസ്, ഹൈക്കോടതി എന്നിവരെല്ലാം ഉൾപ്പെട്ട സംയുക്ത പോരാട്ടം.
ആസ്സാമിൽ ബി.ജെ.പിയും കോൺഗ്രസ്സും തമ്മിലുള്ള മുന്നണിപ്പോരാട്ടമാണ് നടക്കുന്നത്.
തമിഴ്‌നാട്ടിൽ ഡി.എം.കെയാണ് ഇൻഡ്യാമുന്നണിയെ നിയന്ത്രിക്കുന്നത്.  അവിടെ ദ്രാവിഡ കക്ഷികളുടെ ഏറ്റുമുട്ടൽ നടക്കുന്നുണ്ട്. ഒപ്പം സിനിമാരാഷ്ട്രീയവും. ബി.ജെ.പിയിൽ അമിത്ഷാ നേരിട്ടാണ് പാർട്ടിയെയും മുന്നണിയെയും നയിക്കുന്നത്. ഇടതുപക്ഷ മുന്നണി ഡി.എം.കെയുടെ ഇൻഡ്യാമുന്നണിയിലാണ്. സിനിമാനടൻ വിജയ് നയിക്കുന്ന ടി.ടി.വി സ്വതന്ത്രമായി രംഗത്തുണ്ട്. ഹിന്ദു-മുസ്ലീം പോരാട്ടം ഒരു ഭാഗത്ത് നടക്കുന്നുണ്ട്.
പോണ്ടിച്ചേരിയുടേത് ഏകദേശം തമിഴ്‌നാടിന്റെ സാമ്യമുള്ള രാഷ്ട്രീയമാണ്.
പിന്നെ കേരളമാണ് ബാക്കി നിൽക്കുന്നത്. ശക്തമായ ത്രികോണമത്സരത്തിന് ബി.ജെ.പി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലിറങ്ങിക്കഴിഞ്ഞു. മൂന്നാം ഭരണത്തിന് സി.പി.എം ഒന്നാം സ്ഥാനത്തുണ്ട്. ഇതിനിടയിൽ തിരിച്ചുവരവിന് കോൺഗ്രസ്സും രംഗത്തുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img