
കൊച്ചി: യുദ്ധതന്ത്രങ്ങൾ നിമിഷം തോറും മാറിമറിയുകയാണ്. സേനകൾ തമ്മിൽ നേരിട്ടുള്ള യുദ്ധം എന്ന സങ്കൽപ്പം തന്നെ പഴഞ്ചനാകുന്നു. ഇന്ത്യയുടെ കര, വ്യോമ, നാവികസേനകൾ മാറ്റങ്ങൾ മുൻകൂട്ടി കണ്ടറിഞ്ഞ് മാറ്റത്തിൻ്റെ പാതയിലാണ്. പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ ശിൽപ്പശാലകളും യോഗങ്ങളും ചേരുന്നു.
ആറ് ഡൊമയിനുകൾ
കര, സമുദ്രം, ആകാശം, ബഹിരാകാശം, സൈബർ, കോജിനേറ്റീവ് ( ബൗദ്ധിക ,ചിന്താ) എന്നിങ്ങനെ ആറ് മേഖലകൾ കേന്ദ്രീകരിച്ച് ഇന്ത്യയുടെ സൈനിക കഴിവുകൾ വർദ്ധിപ്പിക്കാനും പദ്ധതികൾ ആവിഷ്കരിക്കാനുമുള്ള മൾട്ടി ഡൊമയിൻ ഓപ്പറേഷൻസ് (എംഡി ഒ) സെമിനാറിന് ബെംഗ്ലരൂവിൽ തുടക്കമായി.
റാൻ സംവാദ് എന്ന് പേരിട്ട ദ്വിദിന സെമിനാർ ഇൻ്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് (ഐ.ഡി.എസ്) ഹെഡ്ക്വാർട്ടേഴ്സിന് കീഴിൽ എയർഫോഴ്സ് ട്രെയിനിംഗ് കമാൻഡാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ സെമിനാർ ഉദ്ഘാടനം ചെയ്തു.
സെമിനാറിൻ്റെ ആദ്യ ദിനം സംസാരിച്ച സേനാമേധാവികൾ യുദ്ധങ്ങളിൽ അതിവേഗം മാറിമറിയുന്ന തന്ത്രങ്ങളെക്കുറിച്ച് വിശദീകരിച്ചു. ആധുനിക കാലത്തെ യുദ്ധം ഒരേ സമയം ബഹിരാകാശത്തും സൈബർ സ്പെയിസിലും ഇലക്ട്രോ മാഗ്‌നെറ്റിക് സ്പെക്ട്രത്തിലും കോജിനേറ്റീവ് തലത്തിലുമാണ് നടക്കുന്നതെന്ന് ഇൻ്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ചെയർമാനും ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുമായ എയർ മാർഷൽ അഷ്തോഷ് ദീക്ഷിത് പറഞ്ഞു. ഇന്ത്യയുടെ സൈനിക കാഴ്ചപ്പാട് മൾട്ടി ഡൊമയിൻ ഓപ്പറേഷൻസ് (എംഡി ഒ) കണക്കിലെടുത്തുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് സംസാരിച്ച ചീഫ് ഓഫ് ആർമി സ്റ്റാഫ് ജനറൽ ഉപേന്ദ്ര ദ്വിവേദി യുദ്ധമുറകളിലും തന്ത്രങ്ങളിലും കരസേനയുടെ അധുനികവൽക്കരണത്തെപ്പറ്റി വിശദീകരിച്ചു. ഏത് ഡൊമയനിൽ നിന്നുമുള്ള ഭീഷണികൾ നേരിടാൻ കെൽപ്പുള്ള ഇൻ്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്സ് ( ഐ.ബി ജി ) ,ദിവ്യാസ്ത്ര ഡ്രോൺ ബാറ്ററികൾ, കമാൻഡ് സൈബർ ഓപ്പറേഷൻ സ് വിംഗുകൾ എന്നിവ ഇതിൻ്റെ ഭാഗമാണെന്ന് അദ്ദേഹം വിശദീകരിച്ചു.
2035 ൽ 200 യുദ്ധക്കപ്പലുകൾ.....
2035-ഓടെ ഇന്ത്യൻ നാവികസേനയ്ക്ക് 200 യുദ്ധക്കപ്പലുകളെന്നതാണ് പ്രഖ്യാപിത ലക്ഷ്യമെന്ന് സെമിനാറിൽ സംസാരിച്ച നാവിക സേനാമേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി പറഞ്ഞു. നാവികരില്ലാത്ത വിദൂര നിയന്ത്രിതവും സ്വയം പ്രവർത്തിക്കാൻ ശേഷിയുള്ളതുമായ യുദ്ധക്കപ്പലുകൾ നിർമ്മിക്കുന്നതിന് നാവികസേന മുൻഗണന നൽകുന്നു . സമുദ്രത്തിൻ്റെ അടിത്തട്ട് മുതൽ ബഹിരാകാശം വരെ നീളുന്നതാണ് ആധുനിക മാരിടൈം ഡൊമയിനെന്നും നാവിക സേനാ മേധാവി ചൂണ്ടിക്കാട്ടി. ഇന്ന് സമാപിക്കുന്ന സെമിനാർ ഡൊമയിൻ മേഖലയിലെ പുതിയ തന്ത്രങ്ങൾക്കും നയങ്ങൾക്കും രൂപം നൽകും.
Photo Courtesy - Google








