09:50pm 29 September 2026
NEWS
അൽ ജസീറയും ഇസ്രായേലും തമ്മിൽ വാക്പോര് മുറുകുന്നു
29/09/2026  03:11 PM IST
nila
അൽ ജസീറയും ഇസ്രായേലും തമ്മിൽ വാക്പോര് മുറുകുന്നു

ദോഹ:ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അൽ ജസീറയെ 'വിഷലിപ്തമായ' (Toxic) മാധ്യമമെന്ന് വിശേഷിപ്പിച്ച പരാമർശത്തെ ശക്തമായി തള്ളി അൽ ജസീറ മീഡിയ നെറ്റ്‌വർക്ക്. പ്രൊഫഷണൽ ചുമതലകൾ നിർവഹിക്കുന്ന അൽ ജസീറയ്ക്കും അതിലെ മാധ്യമപ്രവർത്തകർക്കും എതിരെ തുടർച്ചയായി നടക്കുന്ന പ്രചാരണങ്ങളുടെ ഭാഗമാണ് ഈ പ്രസ്താവനയെന്ന് അൽജസീറ വ്യക്തമാക്കി.  
​സംഭവസ്ഥലത്തുനിന്ന് വസ്തുതകൾ റിപ്പോർട്ട് ചെയ്യുക, സംഭവങ്ങൾ രേഖപ്പെടുത്തുക, വിവരങ്ങൾ കൃത്യമായി നൽകുക എന്നിവയാണ് തങ്ങൾ ചെയ്യുന്നത്. യു.എൻ വേദിയിൽ നിന്ന് ഇത്തരമൊരു പരാമർശം ഉയർന്നത് ഗ്രൗണ്ടിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്നും അൽ ജസീറ ചൂണ്ടിക്കാട്ടി.  
​ഗാസയിൽ കൃത്യനിർവഹണത്തിനിടെ നിരവധി മാധ്യമപ്രവർത്തകരെയുംക്യാമറാമാന്മാരെയും അൽ ജസീറയ്ക്ക് നഷ്ടമായിട്ടുണ്ട്. അൽ ജസീറയുടെ പ്രവർത്തനം നിരോധിക്കുന്നതിനും ഓഫീസുകൾ പൂട്ടുന്നതിനും പിന്നാലെയാണ് ഇത്തരം വിമർശനങ്ങൾ ഉണ്ടാകുന്നത്. ഇത് അൽ ജസീറയെ മാത്രം ബാധിക്കുന്ന ഒന്നല്ലെന്നും സ്വതന്ത്രവും സത്യസന്ധവുമായ വിവരങ്ങൾ അറിയാനുള്ള പൊതുജനങ്ങളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അവർ അഭിപ്രായപ്പെട്ടു.  
​അന്താരാഷ്ട്ര നിയമപ്രകാരം മാധ്യമപ്രവർത്തകരെ സംരക്ഷിക്കാനും ആക്രമണങ്ങൾക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും അന്താരാഷ്ട്ര സമൂഹവും യു.എൻ ബോഡികളും മാധ്യമ സ്വാതന്ത്ര്യ സംഘടനകളും തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റണമെന്ന് അൽ ജസീറ ആവശ്യപ്പെട്ടു. പ്രൊഫഷണൽ, ധാർമ്മിക മാനദണ്ഡങ്ങൾ പാലിച്ചാണ് തങ്ങളുടെ എഡിറ്റോറിയൽ തീരുമാനങ്ങൾ പൂർണ്ണമായും സ്വതന്ത്രമായി കൈക്കൊള്ളുന്നതെന്നും അൽ ജസീറ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img