
റിയാദ്/ദോഹ: പശ്ചിമേഷ്യയിൽ ഇസ്രായേലും അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അതീവ ഗുരുതരമായി തുടരുന്നതിനിടെ, മേഖലയിലെ സുരക്ഷാ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ലക്ഷ്യമിട്ടുള്ള വിദേശകാര്യ മന്ത്രിമാരുടെ നിർണ്ണായക യോഗം റിയാദിൽ ആരംഭിച്ചു. സൗദി അറേബ്യയുടെ നേതൃത്വത്തിൽ ചേരുന്ന ഈ കൺസൾട്ടേറ്റീവ് യോഗത്തിൽ ഖത്തർ ഉൾപ്പെടെ പത്തോളം രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.മൂന്നാഴ്ചയായി തുടരുന്ന യുദ്ധം മേഖലയിലുണ്ടാക്കിയ സുരക്ഷാ ഭീഷണികളും സമാധാനം പുനഃസ്ഥാപിക്കാനുള്ള മാർഗ്ഗങ്ങളുംയോഗത്തിൽ ചർച്ചചെയ്യും.യോഗത്തിൽ പങ്കെടുത്ത തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാൻ സമാധാനപരമായ ചർച്ചകൾക്ക് ഊന്നൽ നൽകി. ഇസ്രായേലിന്റെയും അമേരിക്കയുടെയും നീക്കങ്ങളെ അന്താരാഷ്ട്ര നിയമലംഘനമായി കാണുന്നതോടൊപ്പം തന്നെ, ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണങ്ങളെയും തുർക്കി അപലപിച്ചു. യുദ്ധം ദീർഘകാലം നീണ്ടുനിൽക്കുന്നത് അയൽരാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ എന്നെന്നേക്കുമായി തകർത്തേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.സൗദി, ഖത്തർ, കുവൈറ്റ്, യുഎഇ, ബഹ്‌റൈൻ, ഈജിപ്ത്, ജോർദാൻ, പാകിസ്ഥാൻ, സിറിയ, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന ഈ യോഗം ഏറെ നിർണ്ണായകമാണ്. വരും ദിവസങ്ങളിൽ ഇന്ധനവിലയിലുണ്ടായേക്കാവുന്ന വർദ്ധനവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും പരിഹരിക്കാൻ ഈ ഉന്നതതല ഇടപെടൽ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.











