06:10am 21 January 2025
NEWS
വഖഫ് ഭൂമിവിവാദം; കർണാടകത്തിലെ സിദ്ധരാമയ്യ ഗവണ്മെന്റും പ്രതിരോധത്തിൽ
03/12/2024  02:06 PM IST
വിഷ്ണുമംഗലം കുമാർ, ബംഗളൂരു
വഖഫ് ഭൂമിവിവാദം; കർണാടകത്തിലെ സിദ്ധരാമയ്യ ഗവണ്മെന്റും പ്രതിരോധത്തിൽ

വഖഫ് നിയമത്തിന്റെ അലകും പിടിയും മാറ്റാൻ കേന്ദ്രം തയ്യാറെടുക്കുമ്പോൾ കോൺഗ്രസ്സ് ഭരിക്കുന്ന കർണാടകത്തിൽ വഖഫ് ഭൂമിവിവാദം കത്തിപ്പിടിക്കുന്നത് മറ്റൊരു തരത്തിലാണ്. കഴിയുന്നത്ര ഭൂമി വഖഫിന്റെതാക്കി മാറ്റി രേഖകളുണ്ടാക്കാൻ ന്യൂനപക്ഷ ക്ഷേമ- വഖഫ് മന്ത്രി സമീർ അഹമ്മദ് ഖാൻ തന്നെ നേരിട്ടിറങ്ങി എന്നാണ് മുഖ്യപ്രതിപക്ഷമായ ബിജെപി ആരോപിക്കുന്നത്. ആരോപണം മാത്രമല്ല ആ പാർട്ടി പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുകയും ചെയ്തിരിക്കുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി വ്യക്തിപരമായി വളരെ അടുപ്പമുള്ള സമീർ അഹമ്മദ് ഖാൻ ദേശീയതലത്തിൽ അറിയപ്പെടുന്ന കോൺഗ്രസ്സിലെ പ്രമുഖ മുസ്ലിംനേതാവാണ്. വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് അദ്ദേഹം സംസ്ഥാനത്ത് പലേടത്തും അദാലത്ത് നടത്തുന്നുണ്ട്. വടക്കൻ കർണാടകയിലെ വിജയപുര ജില്ലയിൽ അദാലത്ത് നടത്തവെ, അവിടെ 14000 ഏക്കറോളം ഭൂമി വഖഫിന്റെ വകയായി ഉണ്ടായിരുന്നെന്നും അതിൽ 780 ഏക്കർ മാത്രമെ അവശേഷിക്കുന്നുള്ളുവെന്നും ബാക്കി അന്യാധീന പ്പെട്ടുപോയെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അതൊക്കെ കണ്ടെത്തി തിരിച്ചുപിടിക്കാനുള്ള                 ദൗത്യത്തിലാണ് മന്ത്രി ഏർപ്പെട്ടിരിക്കുന്നത്. വിജയപുര ജില്ലയിലെ ഹൊനവാഡ് ഗ്രാമത്തിലെ 1500 ഏക്കർ കൃഷിഭൂമി തിരിച്ചുപിടിക്കാൻ മന്ത്രി ഉദ്യോഗസ്ഥന്മാർക്ക് നിർദ്ദേശം നൽകി. ഭൂമി ഒഴിയാൻ നോട്ടീസ് ലഭിച്ച ഹൊനവാഡയിലെ നാനൂറോളം കർഷകർ ഞെട്ടിത്തെറിച്ചുപോയി. തലമുറകളായി കൃഷി ചെയ്തു പോരുന്ന ഭൂമി ഒഴിയണമെന്നാണ് ഗവണ്മെന്റ് ആവശ്യപ്പെട്ടത്. മതിയായ രേഖകൾ കർഷകരുടെ കൈവശമുണ്ടായിരുന്നിട്ടും അതൊന്നും പരിഗണിക്കാതെ വഖഫ് അവകാശം പറഞ്ഞായിരുന്നു ഗവണ്മെന്റ് നീക്കം. കർഷകർ ക്ഷുഭിതരും പരിഭ്രാന്തരുമായി എന്ന് പറയേണ്ടതില്ലല്ലോ. അവർ സംഘടിച്ച് ഗവണ്മെന്റ് നീക്കത്തെ ചെറുത്തു. കർഷകരെല്ലാം ഹിന്ദുക്കളായതിനാൽ അതിന് ഒരു വർഗ്ഗീയനിറം വന്നുചേരുകയും ചെയ്തു.

തേജസ്വി സൂര്യയുടെ

ഇടപെടൽ

കർഷരുടെ ഭൂമി സൂത്രത്തിൽ കൈവശപ്പെടുത്താൻ വഖഫ് ബോർഡ് പരിശ്രമിക്കുന്നതായി വടക്കൻ കർണാടകയിൽ നിന്നുള്ള മുതിർന്ന ബിജെപി എം എൽ എ ബസനഗൗഡ പാട്ടീൽ യത് നാൽ കുറച്ചുനാളുകളായി ആരോപിക്കുന്നുണ്ടെങ്കിലും പാർട്ടിനേതൃത്വത്തിൽ നിന്ന് അതിന് വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല. ഹൊനവാഡിലെ കർഷകർ പോയി കണ്ടത് യുവനേതാവും ബംഗളുരു സൗത്തിൽ നിന്നുള്ള എം പി യുമായ തേജസ്വി സൂര്യയെയാണ്. വഖഫ് ബിൽ പരിശോധിക്കുന്ന ജോയിന്റ് പാർലമെന്ററി കമ്മിറ്റി(ജെപിസി) അംഗമാണ് അദ്ദേഹം. വഖഫ് ബോർഡ് അവകാശവാദമുന്നയിക്കുന്ന ഭൂമി കർഷകരുടെ പിതൃസ്വത്താ ണെന്നും 1995 ലെയും 2013 ലെയും വഖഫ് നിയമത്തിലെ പിഴവുകളാണ് തെറ്റിദ്ധാരണയ്ക്ക് കാരണമെന്നും സൂക്ഷ്മപരിശോധനയിലൂടെ തേജസ്വി സൂര്യ കണ്ടെത്തി. സംസ്ഥാനത്ത് പലേടത്തും ഇത്തരം പ്രശ്‌നങ്ങളുണ്ടെന്നും പിന്നീട് നടന്ന അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ഹൊനവാഡിലെ കർഷകരുടെ മൊഴിയെടുക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് തേജസ്വി സൂര്യ ജെ പി സി ചെയർമാൻ ജഗദാംബികപാലിന്                   കത്തെഴുതിയിരുന്നു. അതുപ്രകാരം ജഗദാംബികപാൽ  കർണാടകത്തിലെത്തി ഹുബ്ബള്ളി, വിജയപുര, ബെളഗാവി എന്നിവിടങ്ങളിൽ സിറ്റിംഗ് നടത്തി കർഷകരുടെ പരാതി നേരിട്ട് കേൾക്കുകയും അവരുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. തേജസ്വി സൂര്യയും ഒപ്പമുണ്ടായിരുന്നു. കർണ്ണാടക ത്തിലെ പ്രശ്‌നങ്ങൾ അതീവ ഗൗരവമുള്ളതാണെന്നാണ് ജഗദാംബികപാൽ മാധ്യമങ്ങളോട് പറഞ്ഞത്.

നോട്ടീസുകൾ പിൻവലിക്കുന്നു

കലബുറഗി, ബിദാർ, ശിവമോഗ ജില്ലകളിലും സമാനപ്രശ്‌നം ഉയർന്നുവന്നതിനെ തുടർന്ന് ബിജെപി സംസ്ഥാനമൊട്ടാകെ പ്രതിഷേധ പരിപാടികൾ     സംഘടിപ്പിച്ചുവരികയാണ്. എന്നാൽ രണ്ടാം പ്രതിപക്ഷ പാർട്ടിയായ ജെഡിഎസ്സ് വഖഫ് വിഷയത്തിൽ അത്ര താല്പര്യം കാട്ടിയില്ല. കാരണം അവർ അഭിമാനപ്പോരാട്ടം കാഴ്ചവെച്ച ചന്നപട്ടണയിൽ അവർക്ക് മുസ്ലിം വോട്ടുകൾ ആവശ്യമായിരുന്നു. ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്ന മൂന്നു മണ്ഡലങ്ങളിലും വഖഫ് പ്രശ്‌നം ദോഷകരമായി ബാധിക്കുമെന്ന് മനസ്സിലാക്കിയ മുഖ്യമന്ത്രി സിദ്ധരാമയ്യ റവന്യൂ, ന്യൂനപക്ഷക്ഷേമ, വഖഫ് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്തയോഗം വിളിച്ച് വഖഫ് പ്രശ്‌നം വിശദമായി ചർച്ചചെയ്തു. മന്ത്രി ഖാനും സന്നിഹിതനായിരുന്നു. ബിജെപി പ്രതിഷേധ പരിപാടികൾ ശക്തിപ്പെടുത്തവെ, കർഷകർക്ക് നൽകിയ എല്ലാ നോട്ടീസുകളും പിൻവലിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ബിജെപി പ്രശ്‌നം രാഷ്ട്രീയവൽക്കരിക്കുകയാന്നെന്ന് കുറ്റപ്പെടുത്തിയ സിദ്ധരാമയ്യ ഗസറ്റ് വിജ്ഞാപനത്തിലെ പിഴവാണ് കർഷകർക്ക് നോട്ടീസ് നൽകാൻ ഇടയായതെന്നാണ് വിശദീകരിച്ചത്. മുഖം നഷ്ടമായ മന്ത്രി സമീർ അഹമ്മദ് ഖാൻ നിശ്ശബ്ദത പാലിക്കുകയാണെങ്കിലും ഉപതെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം വഖഫ് വിവാദം കൂടുതൽ ശക്തിയോടെ ഉയർത്തിക്കൊണ്ടുവരാനിടയുണ്ട്. സമീർ അഹമ്മദ് ഖാന്റെ രാജി ആവശ്യപ്പെട്ടാണ് ബിജെപി സമരപരിപാടികളുമായി മുന്നോട്ടു പോകുന്നത്. കോൺഗ്രസ്സിലെ തന്നെ ഏതാനും മുതിർന്ന നേതാക്കൾ ഖാനെതിരെ പരാതിയുമായി ഹൈക്കമാണ്ടിനെ സമീപിച്ചതായും വാർത്തയുണ്ട്

ചരിത്ര സ്മാരകങ്ങളിലും

അവകാശവാദം               

 പ്രശ്‌നം തൽക്കാലം കെട്ടടങ്ങിയെങ്കിലും ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ വീണ്ടും ഉയർന്നുവരാനിടയുണ്ട്. ജഗദാംബികപാൽ നേരിട്ടെത്തി കർഷകരുടെ മൊഴിയെടുത്തത് സിദ്ധരാമയ്യ ഗവണ്മെന്റിന് ക്ഷീണമാണ്. വിജയപുര, ബിദാർ, കലബുറഗി എന്നിവിടങ്ങളിലെ         അമ്പത്തിമൂന്നിലേറെ ചരിത്ര സ്മാരകങ്ങൾ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന വാദവുമായി അതിനിടയിൽ വഖഫ് ബോർഡ് മുന്നോട്ടുവന്നിട്ടുണ്ട്. നിലവിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (എഎസ്‌ഐ)യുടെ നിയന്ത്രണത്തിലാണ് ഇവയുള്ളത്. വിജയപുരയിലെ പ്രസിദ്ധമായ ഗോൽ ഗംബസ്, ഇബ്രാഹിം റൗസ, ബാരകമൻ എന്നിവയും ബിദാറിലെയും കലബുറഗിയിലെയും കോട്ടകളും ഇതിൽ ഉൾപ്പെടും. രേഖാപരമായി  എ എസ് ഐയ്ക്ക് കൈമാറിയ ചരിത്രസ്മാരകങ്ങളുടെ ഉടമസ്ഥതാവകാശം അവർക്ക് തന്നെയാണ്. അവ തിരിച്ചെടുക്കാനാവില്ല.         രേഖാപരമായി നിയമാനുസൃതം കൈമാറ്റം ചെയ്യപ്പെടാത്തത് വഖഫ് ബോർഡിന് അവകാശപ്പെടാനാവും. ചില ചരിത്രസ്മാരകങ്ങൾ മൂന്നാംകക്ഷി കൈവശപ്പെടുത്തി അവയുടെ പവിത്രത നഷ്ടപ്പെടുത്തുന്ന വിധത്തിൽ ദുരുപയോഗം ചെയ്തതായി വഖഫ് ബോർഡ് വാദിക്കുന്നുണ്ട്. വഖഫിന് കൈമാറിയ പല കെട്ടിടങ്ങളും ഭൂമിയും മറ്റു ചിലർ ദുരുപയോഗം ചെയ്യുന്നതായുള്ള ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. ഹൈന്ദവരുടെ ചില മഠങ്ങളും ആരാധനാലയങ്ങളും വഖഫ് ഭൂമിയിലാണ് നിലകൊള്ളുന്നത് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനത്തെ വഖഫ് സ്വത്തുക്കളെപ്പറ്റി മുസ്ലിം സമുദായത്തിനുള്ളിൽ തന്നെ ഭിന്നാഭിപ്രായമുണ്ട്. വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട് മുസ്ലിങ്ങളും ഹിന്ദുക്കളും തമ്മിലും മുസ്ലിംസമുദായത്തെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ, സാമൂഹ്യസംഘടനകൾ തമ്മിലും ആരംഭിച്ചിട്ടുള്ള വടംവലി അനുദിനം ശക്തിപ്പെടുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img img