06:08pm 05 September 2026
NEWS
സ്രഷ്ടാവിന്റെ നാമത്തിൽ മതാവശ്യങ്ങൾക്ക് നൽകുന്ന ദാനമാണ് വഖഫ്
10/05/2025  10:05 PM IST
പി. ജയചന്ദ്രൻ
സ്രഷ്ടാവിന്റെ നാമത്തിൽ മതാവശ്യങ്ങൾക്ക് നൽകുന്ന ദാനമാണ് വഖഫ്
HIGHLIGHTS

വഖഫ് ചെയ്യുന്ന ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല. കയ്യേറ്റക്കാരോട് അനുകമ്പയുണ്ടെങ്കിൽ വേറെ ഭൂമികണ്ടെത്തി അവരെ പുനരധിവസിപ്പിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
- കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി (സെക്രട്ടറി, ദക്ഷിണ കേരള ജം ഇയത്തുൽ ഉലമ വിദ്യാഭ്യാസ ബോർഡ്  & പ്രസിഡന്റ്, കേരളാ മുസ്ലീം ജമാഅത്ത് ഫെഡറേഷൻ)

? രാജ്യം ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു വിഷയമാണല്ലോ വഖഫ് എന്നത്. കുരുടന്മാർ ആനയെ കണ്ടെന്നപോലെ പലരും തങ്ങളുടേതായ വ്യാഖ്യാനങ്ങളാണ് ഈ വാക്കിന് നൽകുന്നത്. അതിനപ്പുറം വഖഫ് എന്നാൽ എന്താണെന്ന് പലർക്കും അറിയില്ല എന്നതാണ് വാസ്തവം.

വഖഫ് എന്നത് ഒരു അറബ് വാക്കാണ്. ദാനം എന്നാണ് അതിനർത്ഥം. മുസ്ലീങ്ങൾക്കിടയിലാണ് സാധാരണയായി വഖഫ് നടക്കാറുള്ളത്. മറ്റുള്ളവർ വഖഫ് ചെയ്യാറില്ല. പണ്ടുകാലത്ത് ഏക്കർകണക്കിന് വസ്തുക്കൾ സ്വന്തമായിട്ടുണ്ടായിരുന്ന മുസ്ലീങ്ങൾ മരിക്കാറാവുകയോ പ്രായാധിക്യമെത്തുകയോ ഒക്കെ ചെയ്യുമ്പോൾ തങ്ങളുടെ വസ്തുവിൽ ഒരു ഭാഗം വഖഫ് ചെയ്യാറുണ്ടായിരുന്നു. ദീനിനുവേണ്ടി വഖഫ് ചെയ്യുന്നു എന്നുപറഞ്ഞുകൊണ്ടാണ് ചെയ്തിരുന്നത്. ആ വസ്തുക്കൾ പിന്നെ വർഷങ്ങളോളം വെറുതെ കിടക്കുന്നത് കണ്ടിട്ട്, സ്വന്തമായി ഒരു തുണ്ടുഭൂമിപോലും ഇല്ലാതിരുന്ന പലരും കയ്യേറി താമസിച്ചു എന്നേയുള്ളൂ. എന്നുകരുതി അതിന്റെ അവകാശവം മുസ്ലീങ്ങൾക്കില്ലാതെയാകുന്നില്ല. രാജ്യത്താകെ ആയിരക്കണക്കിന് ഏക്കർ വസ്തുവാണ് ഇങ്ങനെ വഖഫ് ചെയ്തിട്ടുള്ളത്. മുസ്ലീങ്ങളല്ലാതെ മറ്റ് സമുദായക്കാരാരും വഖഫ് ചെയ്തിട്ടില്ല.

ഈ തരത്തിൽ വഖഫ് ചെയ്ത ഭൂമി കയ്യേറി അവിടങ്ങളിൽ വീടുവച്ച് താമസമാക്കിയ കൂട്ടത്തിൽ അമുസ്ലീങ്ങൾ മാത്രമല്ല, മുസ്ലീങ്ങളുമുണ്ട് ധാരാളമായി തന്നെ. എന്നാലിപ്പോൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ മുസ്ലീങ്ങൾക്കെതിരാണല്ലോ. മുസ്ലീങ്ങളോടും ക്രിസ്ത്യൻ വിഭാഗത്തോടുമൊക്കെ ശത്രുതാ മനോഭാവത്തോടെയാണ് പെരുമാറുന്നത്. എല്ലാം വർഗ്ഗീയമായിട്ടാണ് അവർ നോക്കിക്കാണുന്നത്. അതേസമയം തെക്കൻ കേരളത്തിലുള്ള അമുസ്ലീങ്ങൾക്ക് വർഗ്ഗീയതയില്ല. എല്ലാ മതവിഭാഗങ്ങളുമായും നല്ല സൗഹൃദത്തിൽ കഴിയുന്നവരാണവർ. സാഹോദര്യബന്ധം പുലർത്തുന്നവരാണ്.

പക്ഷേ യു.പിയിലെയും വടക്കേ ഇൻഡ്യയിലേയും കാര്യം. അവിടങ്ങളിലെ ഹിന്ദുക്കൾ നല്ലൊരു വിഭാഗം മുസ്ലീങ്ങൾക്ക് എതിരാണ്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലും കറകളഞ്ഞ മുസ്ലീം വിരോധിയാണ്. അദ്ദേഹത്തിന്റെ പ്രസംഗവും പ്രവർത്തിയുമൊക്കെ മുസ്ലീം വിരുദ്ധമാണ്. അതുകൊണ്ടുതന്നെ അവിടങ്ങളിലെ ഒരു വിഭാഗം ഹിന്ദു സഹോദരങ്ങൾക്കും മുസ്ലീങ്ങളോട് വലിയ വിരോധമാണ്.

? വഫഫ് വിഷയം ഇപ്പോൾ പെട്ടെന്ന് ഉയർന്നുവരാൻ കാരണം എന്താണ്.

മുനമ്പത്താണല്ലോ തുടക്കം. അതിന് കാരണം, ഇപ്പോഴാണ് ആ വസ്തുക്കൾ വഖഫ് അല്ലാതാക്കണമെന്നും, അവിടെ വീടുവച്ചു താമസിക്കുന്നവർക്ക് പതിച്ചു നൽകണമെന്നുമുള്ള ആവശ്യം ഉയർന്നുവന്നത്. അങ്ങനൊരാവശ്യം ഉയർന്നുവന്നപ്പോൾ സ്വാഭാവികമായും മുസ്ലീം നോതാക്കൾ പറഞ്ഞു, അത് വഖഫ് ചെയ്ത ഭൂമിയാണെന്ന്. അന്ന് നൂറുകണക്കിന് ഏക്കർ ഭൂമി സ്വന്തമായിട്ടുണ്ടായിരുന്ന, മുസ്ലീം സമ്പന്നന്മാരാണ് അതിലൊരു ഭാഗം വഖഫ് ചെയ്തത്. അവിടെ കാലം ചെന്നപ്പോൾ പലരും കടന്നുകയ്യേറി വീടുവച്ച് താമസവും തുടങ്ങി. ആ വസ്തുവാണ് നിയമഭേദഗതി നടത്തി ദേശസാൽക്കരിച്ചത്. അതുകൊണ്ട് പക്ഷേ വഖഫ് ഭൂമി വഖഫ് ഭൂമി അല്ലാതാകുന്നില്ല എന്നുള്ളതാണ് ഞങ്ങളുടെ നിലപാട്.
അതിനെതിരായിട്ടാണ് ഇപ്പോൾ മുസ്ലീങ്ങൾ രംഗത്ത് വന്നിട്ടുള്ളത്. കേരളാ മുസ്ലീം ജമാഅത്ത് ഫെഡറേഷന്റെ നേതൃത്വത്തിൽ രാജ് ഭവൻമാർച്ചുൾപ്പെടെ നടത്തി. എൻ.കെ. പ്രേമചന്ദ്രനായിരുന്നു ഉദ്ഘാടകൻ. മുനമ്പത്തേത് മുസ്ലീങ്ങളുടെ വസ്തുവാണെന്നും, മറ്റുള്ളവർ കയ്യേറ്റം നടത്തുകയാണ് ചെയ്തിട്ടുള്ളതെന്നും, അങ്ങനെ കയ്യേറിയവർക്ക് പതിച്ചുകൊടുക്കാൻ നിലവിൽ ഒരു നിയമവും പറയുന്നില്ലെന്നും, അതിന് ആർക്കും അവകാശമില്ലെന്നും, പകരം മുസ്ലീങ്ങൾക്ക് തന്നെ പതിച്ചു നൽകണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

മോദി വന്നശേഷമാണ് ആ ഭൂമി ദേശസാൽക്കരിച്ചതും, താമസക്കാർ എല്ലാവരും കൂടി മോദിക്ക് അപേക്ഷ നൽകിയതും മറ്റും. അത് ശരിയല്ല. സമുദായത്തിനുവേണ്ടി പള്ളിയും മദ്രസുകളും മറ്റും പണിത് ഉപയോഗിക്കുവാനാണ് വഖഫ് ചെയ്യുന്നത്. അങ്ങനെ വഖഫ് ചെയ്യുന്ന ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല എന്നാണ് വിശ്വാസം. സ്രഷ്ടാവിന്റെ നാമത്തിൽ ദാനം ചെയ്യുന്ന ഭൂമി വഖഫ് ആയിത്തന്നെ വേണം കൈകാര്യം ചെയ്യുവാൻ. അവിടെ കയ്യേറി താമസിക്കുന്നവരോട് സർക്കാരിന് അനുകമ്പയുണ്ടെങ്കിൽ അവർക്ക് സർക്കാർ വേറെ സ്ഥലം കണ്ടെത്തി നൽകുകയാണ് ചെയ്യേണ്ടത്.

? മുനമ്പത്തെ വസ്തുവിന്റെ കാര്യം ഉദാഹരണമായിട്ടെടുക്കാം. രേഖാമൂലം എഴുതിവച്ചിട്ടാണോ വഖഫ് ചെയ്യുന്നത്.

അതെ. രേഖ ചമച്ചുതന്നെയാണ് ഭൂമി വഖഫ് ചെയ്യുന്നത്. എങ്കിലല്ലേ നിയമപരമായ നിലനിൽപ്പുണ്ടാവുകയുള്ളൂ. മുനമ്പത്തെ ഭൂമിക്കും വഖഫ് ചെയ്തതായി രേഖയുണ്ട്. അതുകൊണ്ടാണല്ലോ അത് വിട്ടുകിട്ടണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നത്.

എന്നാൽ ചിലത് എഴുതിവച്ചിട്ടില്ല. ഒരുപക്ഷേ അന്ന് വഖഫ് ചെയ്തവർക്ക് അതേപ്പറ്റി വലിയ വിവരമില്ലാതിരുന്നതായിരിക്കാം കാരണം. അതേസമയം ഭൂരിഭാഗം വഖഫിനും രേഖയുണ്ട്. ഉദാഹരണത്തിന് ഞാൻ എന്റെ പേരിലുണ്ടായിരുന്ന രണ്ടേക്കർ വസ്തു, എന്റെ മരണശേഷം മന്നാനിയാ ബനാത്ത് യതീംഖാനയ്ക്ക് കിട്ടത്തക്ക വിധം വഖഫ് ചെയ്തിട്ടുണ്ട്. ഇനിയത് എന്റെ മക്കൾക്കുപോലും തിരിച്ചെടുക്കാനവകാശമില്ല. മന്നാനിയാ ബനാത്ത് യതീംഖാനയുടെ ആവശ്യത്തിന് വേണ്ടി മാത്രമേ എടുക്കുവാൻ പാടുള്ളൂ. അതാണ് വഖഫ് പറയുന്നത്.

ഇതുപോലെ പണ്ട് നൂറും ഇരുന്നൂറുമൊക്കെ ഏക്കർ ഭൂമിയുണ്ടായിരുന്ന ചിലർ അതിലൊരു ഭാഗം വഖഫ് ചെയ്തിട്ടുണ്ട്. മുസ്ലീങ്ങൾ മാത്രമല്ല, എല്ലാ മതവിഭാഗക്കാരും അത് കയ്യേറി. എന്നുകരുതി അത് കയ്യേറ്റക്കാർക്ക് വീതിച്ചു നൽകണമെന്നുപറയുന്നത് എവിടത്തെ ന്യായമാണ്.


? അങ്ങനെയാണെങ്കിൽ നാളെ ഏതൊരു വ്യക്തിയുടെ ഏതൊരു വസ്തുവും വഖഫ് ചെയ്തതാണെന്ന് അവകാശപ്പെടാമല്ലോ.


ഞാനത് പറഞ്ഞെങ്കിലും രേഖയുണ്ടാകണം. ഇവിടെ മുനമ്പത്തെ ഭൂമി വഖഫ് ചെയ്തതാണെന്നുള്ളതിന് രേഖയുണ്ട്. അതുപോലെ വേറെ പല വസ്തുക്കളും വഖഫ് ചെയ്തതാണെന്നറിയാമെങ്കിലും വ്യക്തമായ രേഖയില്ലാത്തതുകൊണ്ടാണ് ഞങ്ങൾ വലിയ അവകാശവാദം ഉന്നയിക്കാത്തത്. അതല്ലല്ലോ മുനമ്പത്തെ കാര്യം. അതിന് ശരിയായ രേഖയുണ്ട്. അതുകൊണ്ട് ആ വസ്തു മടക്കിക്കിട്ടുക തന്നെ വേണം. കയ്യേറി താമസിക്കുന്നവരെ പുനരധിവസിപ്പിക്കേണ്ടത് ഞങ്ങളുടെ ചുമതലയല്ല. സർക്കാരിന്റേതാണ്. അവർ അതാണ് നോക്കേണ്ടത്.

? പുതിയ വഖഫ് നിയമം മുസ്ലീങ്ങൾക്ക് ഗുണകരമാണോ?

അല്ലെന്നുള്ളതുകൊണ്ടാണല്ലോ കേസുകൾ പെരുകുന്നത്. ഞങ്ങളും  കേരളാ മുസ്ലീം ജമാഅത്ത് ഫെഡറേഷനും താമസംവിനാ കേസ് കൊടുക്കും. ഏതായാലും ഇക്കാര്യത്തിൽ മുസ്ലീങ്ങൾ ഒറ്റക്കെട്ടാണ്. ഗവൺമെന്റ് പാസ്സാക്കിയ വഖഫ് നിയമം വഖഫിനെതിരാണ്. മുസ്ലീങ്ങൾക്ക് അനുകൂലമായിട്ടല്ല അത് പാസ്സാക്കിയിട്ടുള്ളത്. മുനമ്പത്തെ ഭൂമി കൈവശക്കാർക്ക് വിട്ടുനൽകണം എന്നാണ് ബി.ജെ.പി സർക്കാർ പാസ്സാക്കിയ വഖഫ് നിയമം പറയുന്നത്. എന്നാൽ ഫാറൂഖ് കോളേജിന്റെ വിഷയം വേറെയാണ്. അവിടെ കാര്യങ്ങൾ കൈകാര്യം ചെയ്തുകൊണ്ടിരുന്നവർ ചിലരുടെ കയ്യിൽ നിന്ന് പണം വാങ്ങി അവർക്ക് ഭൂമി എഴുതിക്കൊടുത്തിട്ടുണ്ട്. അത് നിയമവിരുദ്ധ പ്രവർത്തിയാണ്. അതുപക്ഷേ വസ്തു വാങ്ങിയവർ അറിഞ്ഞില്ല.

? മോദി സർക്കാർ അധികാരത്തിൽ വന്നശേഷം ഇൻഡ്യയിലെ മുസ്ലീങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി എന്താണ്.

ഇസ്ലാമിന്റെ നിയമങ്ങളെയൊക്കെ ഒന്നൊന്നായി ഇല്ലാതാക്കുകയാണ് മോദി ചെയ്യുന്നത്. ഇപ്പോൾ തന്നെ ഇസ്ലാമിന്റെ പ്രധാനപ്പെട്ട വസ്തുക്കൾ, പള്ളികൾ- ഒക്കെ പിടിച്ചെടുത്തു. യു.പിയിലെ പല പള്ളികളും അങ്ങനെ പിടിച്ചെടുത്തു. മോദിയുടെ ഇരട്ട സഹോദരൻ യോഗിയല്ലേ അവിടെ ഭരിക്കുന്നത്. അതുകൊണ്ടുതന്നെ മുസ്ലീങ്ങൾക്കെതിരെ ആര് എന്ത് ചെയ്താലും അവർക്കനുകൂലമായിട്ടാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. അത്ര കടുത്ത മുസ്ലീം വിരോധിയാണ് ആർ.എസ്.എസുകാരനായ യോഗി. അതേസമയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ചും കേരളത്തിൽ അങ്ങനുള്ള പ്രശ്‌നങ്ങളില്ല. കേരളത്തിലെ ഹിന്ദുക്കൾ 99 ശതമാനവും ജനാധിപത്യവാദികളാണ്. അവർക്ക് കൂട്ടുകച്ചവടം വരെയുണ്ട്. ഹിന്ദുവിന്റെ വീട്ടിലോ മുസ്ലീമിന്റെ വീട്ടിലോ ഒരു കല്യാണം വന്നാൽ, പെരുന്നാളുവന്നാൽ, ഓണം വന്നാൽ.. ഒക്കെ പരസ്പരം പങ്കെടുക്കും. സഹകരിക്കും. അല്ലാതെ വർഗ്ഗീയമായി കാണില്ല. എന്റെ മതപ്രസംഗങ്ങളിൽ പകുതിയോളം ശ്രോതാക്കൾ ഹിന്ദുക്കളാണ്. ഇരുപത്തിയഞ്ചാമത്തെ വയസ്സ് മുതൽ മതപ്രഭാഷണങ്ങൾ നടത്തുന്ന വ്യക്തിയാണ് ഞാൻ. അവിടൊക്കെ ധാരാളം ഹിന്ദുക്കൾ വരാറുണ്ട്. സംഭാവനകൾ നൽകാറുമുണ്ട്. എന്റെ നാട്ടിൽ ഒരു മന്നാത്ത് യതീംഖാനയുണ്ട്. പെൺകുട്ടികൾക്കുവേണ്ടിയുള്ള യതീംഖാനയാണ്. അവിടെ ഒരു പരിപാടി സംഘടിപ്പിച്ചാൽ വന്നുചേരുന്നവരിൽ കൂടുതലും ഹിന്ദുക്കളാണ്. അവിടെ ഒരു കുട്ടിയുടെ സംരക്ഷണത്തിന് 25000 രൂപയാണ് ഒരു വർഷത്തേക്ക്. അതിൽ നല്ലൊരു ശതമാനവും അമുസ്ലീങ്ങളാണ് നൽകുന്നത്.

അതുപോലെ തങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം എന്നുപറഞ്ഞ് എന്നെ കാണാൻ വരികയും സംഭാവനകൾ നൽകുകയും ചെയ്യുന്ന നിരവധി ഹിന്ദുക്കളുണ്ട്.

പ്രവാചകന്റെ കാലം മുതൽ ഹിന്ദുക്കൾ ഇസ്ലാമിലേക്ക് വന്നിട്ടുണ്ട്. ഉമറു ഇബനിൽ ഹത്താബ് ഒക്കെ മറ്റ് മതക്കാരായിരുന്നു. അയാൾ നബിയുടെ തലയെടുക്കാൻ വേണ്ടിവന്നയാളാണ്. അതിനായി പോകുന്ന വഴിക്ക് അയാളൊരാളെ കണ്ടു. താൻ നബിയുടെ തലയെടുക്കാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ ആ ആൾ ചോദിച്ചു, വീട് ശുദ്ധിയാക്കിയിട്ടുവേണ്ടേ നാട് ശുദ്ധിയാക്കാനെന്ന്. നിന്റെ സഹോദരിയുമൊക്കെ ഇസ്ലാം മതം സ്വീകരിച്ചത് നീ അറിഞ്ഞില്ലേ എന്നു ചോദിച്ചു.  അതുകേട്ട ഉമർ കോപിഷ്ടനായി അതറിഞ്ഞിട്ടേ ഇനി പോകുന്നുള്ളു എന്നുപറഞ്ഞു സഹോദരിയുടെ വീട്ടിലേക്കു പോയി. അവിടെ ചെന്നപ്പോൾ വീടിന്റെ കതക് അടച്ചിരിക്കുകയാണ്. കോപത്താൽ അത് ചവിട്ടിത്തുറന്ന ഉമർ സഹോദരിയേ ക്രൂരനായി മർദ്ദിച്ചു. അപ്പോൾ അവർ പറഞ്ഞു 'ഉമറേ... നീ എന്നെ കൊല്ലുകയല്ലേ ഇഞ്ചിഞ്ചായി വധിച്ചാലും ഈ വിശ്വാസത്തിൽ നിന്ന് എന്നെ പിന്തിരിപ്പിക്കുവാൻ നിനക്ക് സാധിക്കുകയില്ല എന്ന്. ഉമർ ചെല്ലുമ്പോൾ അവർ ഖുറാൻ പാരായണം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അതോടെ അതിന്റെ അർത്ഥഗാംഭീര്യം മനസ്സിലാക്കിയ ഉമർ സഹോദരിയോട് പശ്ചാത്തപിക്കുകയും, തന്നെ നബിയുടടുക്കൽ എത്തിക്കണം എന്ന് പറയുകയും ചെയ്തു.
അങ്ങനെ നബിയുടടുക്കൽ ചെന്നു. അതുവരെ രഹസ്യമായിട്ടായിരുന്നു നബിയുടെ പ്രവർത്തനം. അതറിഞ്ഞ ഉമർ പറഞ്ഞു, ഇനി നമുക്ക് രഹസ്യമായിട്ടുവേണ്ട. എതിർക്കുന്നവർ വരട്ടെ, പറയുക മാത്രമല്ല, ഒരു വശത്ത് ഉമറും, മറ്റൊരു വശത്ത് അബൂബക്കർ സിദ്ദിഖും, നടുക്ക് നബിയുമൊത്ത് ജാഥ നയിക്കുകയും ചെയ്തു.

ഇപ്പോൾതന്നെ എത്രയോ ഹിന്ദുക്കൾ ഇസ്ലാമിലേക്ക് വന്നിട്ടുണ്ട്. അതൊന്നും ആരും നിർബന്ധിച്ചിട്ട് വരുന്നതല്ല. ഇസ്ലാം മതത്തിലെ ആശയങ്ങളോട് താൽപ്പര്യം തോന്നിയിട്ട് വരുന്നവരാണ്. ഒരു ലക്ഷത്തിൽപ്പരം പ്രവാചകന്മാരെയാണ് ദൈവം, ഭൂമിയിലേക്കയച്ചത്. അതിൽ അവസാനത്തെ നബിയാണ് മുഹമ്മദ് നബി. ഒരു കാര്യം നമ്മൾ മനസ്സിലാക്കണം. ഖുറാനൊന്നും ആരാലും എഴുതിയുണ്ടാക്കാനാവില്ല. സ്രഷ്ടാവിന്റെ ഭാഗത്തുനിന്നുവന്ന മലക്കുകൾ കേൾപ്പിച്ചതാണ്. അത് മറ്റുള്ളവർക്ക് പറഞ്ഞുകൊടുത്ത് ഗ്രന്ഥമാക്കുകയായിരുന്നു. പ്രവാചകൻ ആർക്കും ശിഷ്യപ്പെട്ടു പഠിച്ചിട്ടില്ല. ഒരു സ്‌ക്കൂളിലും പോയി പഠിച്ചിട്ടില്ല.

? വടക്കേ ഇൻഡ്യയിൽ നൂറ്റാണ്ടുകളായി മുസ്ലീങ്ങൾ കൈവശം വച്ച് ആരാധിച്ചുപോരുന്ന പല പള്ളികളിൽ നിന്നും ഹൈന്ദവ വിഗ്രഹങ്ങൾ കണ്ടെടുത്തതായി പറയുന്നുണ്ടല്ലോ.

അതൊക്കെ ചിലർ വെറുതെ പറഞ്ഞുണ്ടാക്കുന്നതാണ്. ഒരു പ്രദേശത്തുള്ള ഹിന്ദുക്കൾ മൊത്തത്തിൽ ഇസ്ലാമിലേക്ക് വരുമ്പോൾ അവിടുണ്ടായിരുന്ന ക്ഷേത്രം പള്ളിയായി ഉപയോഗിച്ചിട്ടുണ്ടാകാം. അല്ലാതെ പിടിച്ചെടുത്തിട്ടൊന്നുമില്ല.

? നരേന്ദ്രമോദി അധികാരത്തിൽ വന്നശേഷം മുസ്ലീങ്ങൾക്കിടയിൽ ഒരു ഭീതി ഉടലെടുത്തിട്ടുണ്ടോ.

ബി.ജെ.പി ഗവൺമെന്റ് വന്നശേഷം പ്രധാനമന്ത്രി മോദിയുടെ പോക്കിൽ മുസ്ലീങ്ങൾക്കിടയിലും എതിർപ്പുണ്ട്. അല്ലാതെ ഭീതിയൊന്നുമില്ല. കാരണം മുസ്ലീങ്ങൾ മരണഭയം ഉള്ളവരല്ല. മരിക്കുന്നെങ്കിൽ നല്ലനിലയിൽ മരിക്കണമെന്നാഗ്രഹിക്കുന്നവരാണ്. ശത്രുക്കൾ വധിച്ചാൽ രക്തസാക്ഷികളാകും എന്ന് വിശ്വസിക്കുന്നവർ. അവരൊരിക്കലും മരണത്തെ ഭയക്കുന്നില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW
img