03:16pm 06 November 2026
NEWS
വഖഫ് ബോർഡ് കോടതി വിധി: 'ഒരു വെടിക്ക് ഒട്ടേറെ പക്ഷികൾ'
29/07/2026  11:47 AM IST
നെല്ലിക്കുത്ത് ഹനീഫ
വഖഫ് ബോർഡ് കോടതി വിധി: ഒരു വെടിക്ക് ഒട്ടേറെ പക്ഷികൾ
HIGHLIGHTS

തങ്ങൾക്ക് പ്രാതിനിധ്യമില്ലാത്ത ബോർഡ് മരവിപ്പിക്കാൻ മുസ്ലിംലീഗും കോടതിയിൽ

കേരള വഖഫ് ബോർഡ് മരവിപ്പിച്ച് കൊണ്ടുള്ള ഹൈക്കോടതി വിധി വെറുമൊരു നിസ്സാര വ്യവഹാരമല്ല. ആ വാർത്തയും നിസ്സാരമല്ല. അത് മുസ്ലിംസമുദായത്തിന്റെ നെറുകിൽ ഏറ്റ കനത്ത പ്രഹരമാണെന്ന് സമസ്ത ഉൾപ്പെടെയുള്ള വിവിധ മുസ്ലിം സംഘടനകൾ ആണയിട്ട് പറയുന്നു. രണ്ട് അമുസ്ലിം പ്രതിനിധികളെ വഖഫ് ബോർഡിൽ അംഗമാക്കണമെന്ന 2025-ലെ കേന്ദ്ര സർക്കാറിന്റെ നയനിലപാടുകൾ ഉയർത്തി കേരളാ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട നാല് ഹർജികൾ ശൂന്യതയിൽ നിന്ന് പൊട്ടി മുളച്ചതല്ലെന്നും, അതിന് പിറകിൽ, മുൻ പ്രതിപക്ഷ നേതാവും, ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ വി.ഡി  സതീശനും, മുസ്ലിംലീഗും, സംഘ്പരിവാറും കൂടി നടത്തിയ ഗൂഢാലോചനയുടെ ഗുണഫലമാണ് ഇപ്പോഴത്തെ കോടതി വിധിയെന്നും പി.ഡി.പിയും, വിവിധ മുസ്ലിം സംഘടനകളും ആരോപിക്കുന്നു. അതിരൂക്ഷമായ ഭാഷയിലാണ് 'സമസ്ത' യുടെ പത്രം 'സുപ്രഭാതം' മുഖപ്രസംഗം എഴുതിയത്. മുസ്ലിം സമുദായത്തിന്റെ താത്പ്പര്യങ്ങൾക്ക് വിരുദ്ധമായി സ്വാർത്ഥ ലാഭങ്ങൾ മാത്രം ലക്ഷ്യമിടുന്ന മുസ്ലിംലീഗ് നേതാക്കളുടെ പല ചുവട് മാറ്റങ്ങൾക്കും കനത്ത വില നൽകേണ്ടി വരുമെന്ന് മുസ്ലിം സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. 'അണയാൻ പോകുന്ന വിളക്കിന്റെ ആളിക്കത്തലായിട്ടാണ്' മുസ്ലിംലീഗിന്റെ ചുവട് മാറ്റത്തെ മുസ്ലിംസംഘടനകൾ വിശേഷിപ്പിക്കുന്നതും.

 വഖഫ് ബോർഡ് പിരിച്ച് വിടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ഷോൺ ജോർജ്ജ് സമർപ്പിച്ച ഹർജിയിൽ, നിലവിലേത് വികലമായ ബോർഡാണെന്നും, പുനഃസംഘടനക്കുള്ള തയ്യാറെടുപ്പിലാണ് സർക്കാറെന്നും ചൂണ്ടിക്കാട്ടി റവന്യൂ സെക്രട്ടറി അഡ്വക്കേറ്റ് ജനറൽ മുഖേന കോടതിയ്ക്ക് വിശദീകരണ പത്രിക സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹർജിക്കാരന് അനുകൂലമായി ഡിവിഷൻബഞ്ച് ഉത്തരവിട്ടത്.  2025-ലെ നിയമ ഭേദഗതി പ്രകാരം, മതിയായ അംഗങ്ങളുടെ പ്രാതിനിധ്യമില്ലാതെ ബോർഡിന് പ്രവർത്തിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് സൗമെൻസൻ, ജസ്റ്റിസ് വി.എം ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് ഇടക്കാല ഉത്തരവിറക്കിയത്. ഭരണ നിർവ്വഹണം ബോർഡിന്റെ ചുമതലയുള്ള ജോയന്റ് സെക്രട്ടറി നിർവ്വഹിക്കണമെന്നും, ഗൗരവതരമായ തീരുമാനങ്ങളെടുക്കരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഈ വിധിക്കെതിരെ സ്റ്റേ ആവശ്യപ്പെട്ട് കേരള വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചിട്ടുമുണ്ട്.

വഖഫ് ബോർഡും മുനമ്പം ഭൂമിയും

വിവാദമായ മുനമ്പം ഭൂമി 'ഉമീദ് പോർട്ടലി'ൽ രജിസ്റ്റർ ചെയ്തതോടെയാണ് ഒടുവിലായി വഖഫ് ബോർഡ് വാർത്തകളിൽ നിറഞ്ഞത്. മുനമ്പം വിഷയത്തിൽ നേരത്തെയുള്ള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതോടെയാണ് മുനമ്പം ഭൂമി  'ഉമീദ് പോർട്ടലി'ൽ രജിസ്റ്റർ ചെയ്യുന്നത്. മുനമ്പം വഖഫ് ഭൂമിയല്ലെന്നും, ആ പ്രശ്നം പത്ത് മിനിറ്റ് കൊണ്ട് പരിഹരിക്കാം എന്നുമാണ് നേരത്തെ വി.ഡി സതീശൻ പറഞ്ഞിരുന്നത്. 'പോണ പോക്കിൽ ഇടത് സർക്കാർ ഞങ്ങൾക്ക് പണി തന്നു' എന്നാണ് വി.ഡി സതീശൻ ഇപ്പോൾ അതേക്കുറിച്ച് പറയുന്നതും. മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഉറച്ച വിശ്വാസത്തിലാണ് അദ്ദേഹം. മുനമ്പം വിഷയത്തിൽ സംഘ്പരിവാറിനും, തീവ്ര ക്രൈസ്തവ സംഘടനൾക്കും, ഭൂമി കയ്യേറ്റക്കാർക്കും അനുകൂലമായ സമീപനമായിരുന്നു മുസ്ലിംലീഗിന്റേത്. അവരുടെ നിലപാട് നിയമപരമായി സ്ഥാപിച്ചെടുക്കാനാണ് ബി.ജെ.പി യും, മുസ്ലിംലീഗും ഇക്കാര്യത്തിൽ പരസ്പരം കൈകോർത്തതും. മുനമ്പം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വഖഫ് ബോർഡ് സ്വീകരിച്ച നടപടികളുടെ നിയമ സാധുത റദ്ദാക്കാനാണ് ബി.ജെ.പി യും, ലീഗും കോടതിയെ സമീപിച്ചതും. ഇത്തരം നീക്കങ്ങൾ മുസ്ലിം സമുദായത്തിന് ആപത്ക്കരമാണെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.എം അലിയാർ വ്യക്തമാക്കി. സംഘ്പരിവാർ അജണ്ടയ്ക്ക് മുസ്ലിംലീഗ് ചൂട്ട് പിടിക്കുന്നവരായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മോദിസർക്കാർ കൊണ്ടുവന്ന വഖഫ് നിയമ ഭേഗഗതി പ്രകാരം രണ്ട് അമുസ്ലിം അംഗങ്ങളേയും, ശിയാ വിഭാഗം അംഗത്തേയും വഖഫ് ബോർഡിൽ നിയമിക്കാത്തത് കാരണം വഖഫ് ബോർഡ് പിരിച്ചുവിട്ട് പുതിയ ബോർഡ് രൂപീകരിക്കണമെന്നും, ബോർഡ് ഇതിനകം കൈക്കൊണ്ട എല്ലാ തീരുമാനവും അസാധു ആക്കണമെന്നും ആയിരുന്നു ഹർജിക്കാർ ആവശ്യപ്പെട്ടത്. മുസ്ലിംലീഗ് നേതാക്കളും വഖഫ് ബോർഡിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാന സർക്കാറിന്റെ നിലപാട് കോടതിയെ ബോധിപ്പിക്കാൻ ഹാജരായ അഡ്വക്കറ്റ് ജനറൽ ജാജുബാബു ഹർജിക്കാരെ പിന്തുണച്ചതോടെ അവർക്ക് അനുകൂലമായി കോടതിവിധി പുറപ്പെടുവിച്ചു. ഇതിലൂടെ 'ഒരു വെടിക്ക് പല പക്ഷികളാണ്' ഹർജിക്കാർക്കും, സർക്കാറിനും, മുസ്ലിംലീഗിനും, അവരുടെയെല്ലാം പരാന്നജീവികൾക്കും കിട്ടുന്നതെന്ന് മുസ്ലിം സംഘടനകൾ ആരോപിക്കുന്നു. മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ കോടതി വ്യവഹാരങ്ങൾ തുടങ്ങാനിരിക്കുന്ന നിർണ്ണായക വേളയിലാണ് നിലവിലുള്ള വഖഫ് ബോർഡിനെ ഹൈക്കോടതി മരവിപ്പിക്കുന്നത്. ഇതോടെ മുഖ്യമന്ത്രി സതീശന്റെ കോർട്ടിലേക്ക് വീണ്ടും പന്ത് എത്തുകയാണ്. പുതിയ പശ്ചാത്തലത്തിൽ മുനമ്പം വഖഫ് ഭൂമി അല്ലെന്ന് കോടതിവിധി വരുന്നതെങ്കിൽ, എല്ലാം കോടതിയുടെ തലയിലിട്ട് തടിയൂരാൻ വി.ഡി സതീശൻ സർക്കാറിനും, മുസ്ലിംലീഗിനും കഴിയും.

നിയമവിരുദ്ധമായി വഖഫ് സ്വത്ത് മദ്യമാഫിയ ഉൾപ്പെടെയുള്ളവർക്ക് കള്ള വിൽപ്പന നടത്തിയ ലീഗ് പ്രമാണിമാർക്ക് ഇനി ആശ്വാസത്തോടെ വിശ്രമിക്കാം. 2025-ലെ വഖഫ് നിയമ ഭേദഗതിയിലൂടെ വഖഫ് സ്വത്തുക്കൾ കയ്യടക്കാൻ നോട്ടമിട്ട സംഘ്പരിവാറിന്റെ ഒരു ഘട്ടം ഇതോടെ വിജയിച്ചിരിക്കുകയാണ്. മുനമ്പം വഖഫ്ഭൂമി 'ഉമീദ് പോർട്ട'ലിൽ രജിസ്റ്റർ ചെയ്യപ്പെട്ടതോടെ ആപ്പിലായ റിസോർട്ട് മാഫിയകൾക്ക് ഇപ്പോഴത്തെ കോടതിവിധി തീർത്തും അനുഗ്രഹം തന്നെയാണ്. വഖഫ് ബോർഡിൽ ആരെല്ലാം ഉൾപ്പെട്ടാലും ശരി, സമസ്ത വക്താവും, ലീഗ് വിരുദ്ധനുമായ  'ഉമർ ഫൈസി, മുക്കം' ബോർഡിൽ അംഗമാകരുതെന്ന് നിർബന്ധമുള്ള 'പൂക്കോട്ടൂർ' ടൈപ്പ് തൊപ്പിക്കാരും ആത്മസുഖത്തിലാണ്. ചുരുക്കത്തിൽ ഒരു വെടിക്ക് പക്ഷികൾ പലത്. വിശ്വാസപരമായി അത്യധികം അപായകരമായ ഇപ്പോഴത്തെ ഹൈക്കോടതി വിധിക്കെതിരെ വഖഫ് ബോർഡിനോടൊപ്പം ചേർന്ന് ഹർജികളിലും അപ്പീലുകളിലും കക്ഷി ചേർന്ന് കേരളത്തിലെ മുസ്ലിം മത സംഘടനകൾ ശക്തമായ നിയമ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 

നിലപാട് വൈരുദ്ധ്യം

വഖഫ് ബോർഡ് വിഷയത്തിൽ കോൺഗ്രസ്സിലും, മുസ്ലിംലീഗിലും പ്രകടമായ വൈരുദ്ധ്യങ്ങളുണ്ട്. ബോർഡിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തുന്നതിന് എതിരാണ് കേന്ദ്ര കോൺഗ്രസ്സ് നിലപാട്. അതിന് നേർവിരുദ്ധ നിലപാടാണ് സംസ്ഥാന കോൺഗ്രസ്സിന്റേത്. 2025-ലെ ബോർഡ് ഭേദഗതി നിയമത്തിനെതിരെ മുസ്ലിംലീഗ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ടെങ്കിലും, അതിന് വിപരീതമായിട്ടാണ് സംസ്ഥാന വഖഫ് വകുപ്പ് കൈകാര്യം ചെയ്യുന്ന ലീഗ് മന്ത്രിയുടേത്. വഖഫ് ബോർഡിന്റെ പുതിയ നിയമത്തിന് എതിരായി പിണറായി സർക്കാർ ബോർഡ് രൂപീകരിച്ചതാണ് കോടതിവിധി എതിരാകാൻ കാരണമെന്ന കാപ്‌സ്യൂളാണ് മുസ്ലിംലീഗ് നേതാക്കൾ അണികളെ പറഞ്ഞ് ഫലിപ്പിക്കുന്നത്. എന്നാൽ കേന്ദ്ര സർക്കാറിന്റെ പുതിയ നിയമത്തിന് ശേഷം തമിഴ്‌നാട്ടിൽ പുനസംഘടിപ്പിക്കപ്പെട്ട വഖഫ് ബോർഡ് ഭംഗിയായി പ്രവർത്തിക്കുന്നുണ്ട് എന്ന കാര്യം ശ്രദ്ധേയമാണ്. ബോർഡിൽ രണ്ട് അമുസ്ലിം പ്രതിനിധികളെ ഉൾപ്പെടുത്തി ബോർഡ് പുനസംഘടിപ്പാമെന്ന് കേരള ഹൈകോടതിയിൽ സത്യവാങ്മൂലം നൽകിയത് ന്യൂനപക്ഷ - വഖഫ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലിംലീഗ് ഉൾപ്പെട്ട വി.ഡി സതീശൻ സർക്കാറാണ്. ഒരാഴ്ചയിലേറെ സമയം കേരളം ആഘോഷിച്ച കോൺഗ്രസ്സ് മുഖ്യമന്ത്രി തർക്കത്തിൽ വി.ഡി സതീശന് വേണ്ടി പടനയിച്ചവരാണ് മുസ്ലിംലീഗുകാർ എന്നത് ഇവിടെ അടിവര ഇടേണ്ടതുമാണ്. വി.ഡി സതീശൻ മുഖ്യമന്ത്രി ആയതിന് ശേഷം ലീഗിനുള്ള ആദ്യ പണി വീര്യം കുറഞ്ഞ മദ്യത്തിലും, രണ്ടാം പണി പി.എം ശ്രീ യിലും, മൂന്നാം പണി വഖഫ് ബോർഡിലുമായി മുന്നേറുകയാണെന്നാണ് മുസ്ലിം സമുദായം പറയുന്നത്. പണികൾ ഏറ്റുവാങ്ങാൻ ഇനിയും ലീഗ് നേതാക്കളുടെ ജീവിതം ബാക്കി.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കേരളാ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമ്പോൾ, സാധാരണ നിലയിൽ നിലവിലുള്ള ബോർഡ്-കോർപ്പറേഷൻ ഭരണ സമിതിയുടെ കാലാവധി പൂർത്തീകരിക്കുന്നത് വരെ അവ നിലനിർത്തി, പിന്നീട് പുതിയ ഭരണസമിതികളെ തെരഞ്ഞെടുക്കലാണ് സാധാരണ പിന്തുടരുന്ന കീഴ്‌വഴക്കം. എന്നാൽ എൽ.ഡി.എഫ് സർക്കാർ നിയോഗിച്ച വഖഫ് ബോർഡ് അംഗങ്ങളെ പിരിച്ച് വിടണം എന്നാവശ്യപ്പെട്ട് മുസ്ലിംലീഗിലെ ഒരു വിഭാഗം തന്നെ ഹൈക്കോടതിയെ സമീപിച്ചു. മുസ്ലിംലീഗിന്റെ അംഗങ്ങളില്ലാത്ത ഒരു വഖഫ് ബോർഡിനെയോ, ഹജ്ജ് കമ്മിറ്റിയെയോക്കുറിച്ച് മുസ്ലിംലീഗിന് ചിന്തിക്കാൻ പോലുമാകില്ല. നിലവിലെ ബോർഡ് ചെയർമാൻ കെ.എസ് ഹംസയാണ്. അദ്ദേഹം ലീഗ് വിട്ട ആളുമാണ്. അംഗം ഉമർഫൈസി മുക്കം സമസ്തയിലുള്ള മുസ്ലിം പണ്ഡിതനാണെങ്കിലും, ലീഗിന് ചൂട്ട് പിടിച്ച് കൊടുക്കുന്ന ആളല്ല. ഇവർ ഉൾപ്പെടെ നാല് അംഗങ്ങൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സമർപ്പിച്ചിട്ടില്ലെന്നും, ഇവരെ അയോഗ്യരാക്കണം എന്നും ആവശ്യപ്പെട്ട് കൊണ്ടായിരുന്നു ലീഗ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ റിട്ട് പെറ്റീഷൻ നില നിൽക്കില്ലെന്നും, പൊതു താത്പ്പര്യ ഹർജി സമർപ്പിക്കാനുമാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. 

മുസ്ലിംലീഗിന്റെ ഹർജി കോടതി തള്ളിയെങ്കിലും, ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്ജ് രാഷ്ട്രീയ താത്പ്പര്യത്തോടെ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെ, മുസ്ലിംലീഗ് സമർപ്പിച്ച ഹർജി ചൂണ്ടിക്കാട്ടി നിലവിലുള്ള ബോർഡിനെതിരെ 'മുസ്ലിം സമുദായത്തിൽ നിന്ന് തന്നെ പരാതികൾ ഉണ്ടെന്ന്' കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. നിലവിലുള്ള ഭരണസമിതിയെ അസ്ഥിരപ്പെടുത്തുക എന്നതായിരുന്നു മുസ്ലിംലീഗിന്റെ മുഖ്യ ലക്ഷ്യം. വഖഫ് ബോർഡ് ഉദ്യോഗസ്ഥ നിയമനം പി.എസ്.സി വഴി ആക്കുന്നതിനെതിരെ നേരത്തെ ഉറഞ്ഞ് തുള്ളിയവരാണ് മുസ്ലിംലീഗ്. ഇപ്പോഴത്തെ ഹൈക്കോടതി വിധിയോടെ പാണക്കാടും. മറ്റ് ലീഗാഫീസുകളിലും, കോഴിക്കോട് കടപ്പുറത്തും  ഒരു ഇലയനക്കം പോലുമില്ല. ഘോരഘോരം അണികളെ പ്രസംഗത്തിലൂടെ രോമാഞ്ചം കൊള്ളിച്ചിരുന്ന കെ.എം ഷാജിക്കും, ഫാത്തിമ തഹ്‌ലിക്കും ഒരു ഉരിയാട്ടവുമില്ല. വഖഫ് ബോർഡിൽ അമുസ്ലിം പ്രതിനിധ്യമെന്ന നിയമത്തെ ശക്തിയുക്തം എതിർത്തിരുന്ന മുസ്ലിംലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഇപ്പോഴത്തെ കോടതി വിധിയുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പറഞ്ഞത് അത് ഞങ്ങൾ പരിശോധിക്കുമെന്നാണ്. ഇതാണ് മുസ്ലിംലീഗ് സെക്രട്ടറിയുടെ ന്യായീകരണം. ഇനി എന്താണാവോ പരിശോധിക്കുന്നത് എന്നത് വ്യക്തമല്ല. 

ഹർജികൾ നാല്

സംസ്ഥാന വഖഫ് ബോർഡ് പുന:സംഘടിപ്പിക്കണം എന്നാവശ്യപ്പെട്ട് നാല് ഹർജികളാണ് ഹൈക്കോടതിയിലെത്തിയത്. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്ജാണ് ഒന്ന്. 'അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ്സർവീസാണ്' രണ്ടാമത്തെ ഹർജി. സ്റ്റാലിൻ വി.എം എന്ന സ്റ്റാലിൻ ദേവനാണ് മൂന്നാമത്തെ ഹർജി സമർപ്പിച്ചത്. 'ദാവൂദി ബോറ' വിശ്വാസിയാണെന്ന് പറയപ്പെടുന്ന 'സാജിദ് ഹുസൈൻ ഖതയ' ആണ് നാലാമത്തെ ഹരജിക്കാരൻ. 89,000 ത്തോളം വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷകൾ കേരള വഖഫ് ബോർഡിന് ലഭിച്ചപ്പോൾ അതിൽ 'ഷിയ' വിഭാഗത്തിന്റേതായ അപേക്ഷകൾ രണ്ടെണ്ണം മാത്രമായിരുന്നു. അതാകട്ടെ അപൂർണ്ണവും. ഈ വിഭാഗത്തിൽപ്പെടുന്ന ആളാണ് നാലാമത്തെ ഹർജിക്കാരൻ എന്നു പറയപ്പെടുന്നു. ഇതിൽ 135/2026 നമ്പർ ഹർജിയിൽ സംസ്ഥാന സർക്കാരിന് വേണ്ടി അണ്ടർ സെക്രട്ടറി ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലത്തിൽ 2025 ലെ കേന്ദ്ര വഖഫ് ഭേദഗതി നിയമത്തിലെ സെക്ഷൻ 14 നടപ്പാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

കേരളത്തിലെ മുസ്ലിം വിശ്വാസികൾക്കും, അവരുടേതായ പരശ്ശതം സംഘടനകൾക്കും ഇപ്പോഴുള്ള വഖഫ് ബോർഡിൽ പൂർണ്ണ വിശ്വാസം ഉണ്ടായിരിക്കെ, ഈ നാല് ഹർജിക്കാർക്കും വഖഫ് ബോർഡിൽ എന്താണ് കാര്യം എന്ന ചോദ്യം അവശേഷിക്കുന്നുണ്ടെങ്കിലും, ഇവർക്കെല്ലാം സംസ്ഥാന സർക്കാരിന്റെ പിന്തുണയുണ്ട് എന്നതാണ് യാഥാർത്ഥ്യം. ക്രൈസ്തവ വിഭാഗത്തിന്റെ വിശ്വാസപരമായ സ്വത്ത് കൈകാര്യം ചെയ്യുന്നതിന് രണ്ട് നോൺ ക്രൈസ്തവ പ്രതിനിധികളെ വെക്കണമെന്നോ, ദേവസ്വം  ബോർഡിൽ  നോൺ ഹിന്ദു പ്രതിനിധികളെ വെക്കണമെന്നോ നിയമം ഉണ്ടാക്കിയാൽ അതത് മതവിഭാഗം അതംഗീകരിക്കില്ല എന്ന കാര്യം വ്യക്തമാണ്. അത്തരത്തിലുള്ള ഒരു നിയമം കൊണ്ടുവന്നാൽ എത്രത്തോളം അത് നടപ്പാക്കാൻ കഴിയും എന്നതും പഠിക്കേണ്ടതുണ്ട്. മുസ്ലിംകളുടെ മേൽ കേന്ദ്രസർക്കാർ അത്തരമൊരു നിയമം അടിച്ചേൽപ്പിക്കുന്ന വഖഫ് ഭേദഗതി നിയമം സെക്ഷൻ  പതിനാലിനെതിരെ കേരളത്തിലെ  മുസ്ലിം സംഘടനകൾ  ഉൾപ്പെടെ കോടതിയിൽ ചോദ്യം ചെയ്യുന്നുണ്ട്. അതിൽ  സി.പി.എമ്മും, മുസ്ലിംലീഗുമെല്ലാം ഉൾപ്പെട്ടിട്ടുണ്ട്. ഈ നിയമ പോരാട്ടത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന നിലപാടാണ്  കേരള സർക്കാർ ഇപ്പോൾ അനുവർത്തിച്ചിട്ടുള്ളത്.

ഒഴിച്ചിട്ട ക്വാട്ട

ഓരോ സംസ്ഥാനവും അവരുടെ ഭരണപരവും, നിയമപരവുമായ തീരുമാനങ്ങൾ അനുസരിച്ച് മാത്രമേ വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കേണ്ടതുള്ളൂ. വഖഫ് ബോർഡിന്റെ ഭേദഗതി നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയിൽ കേസ്സ് നടക്കുന്നതിനാലാണ് കഴിഞ്ഞ സർക്കാർ രണ്ട് അമുസ്ലിം പ്രതിനിധികളുടെ ക്വാട്ട  ഒഴിച്ചത്. ഇപ്രകാരം ചെയ്തത് കേരളം മാത്രമല്ല. തമിഴ്‌നാട് വഖഫ് ബോർഡും അമുസ്ലിം  പ്രതിനിധികളുടെ  ക്വാട്ട ഒഴിച്ചിട്ടാണ് വഖഫ് ബോർഡ് പുനസംഘടന നടത്തിയത്. തമിഴ്‌നാട്  വഖഫ്  ബോർഡ് ചെയർമാൻ രാമനാഥപുരം പാർലമെന്റ് അംഗവും, മുസ്ലിംലീഗ് നേതാവുമായ കെ നവാസ്ഖനിയാണ്. മുസ്ലിംലീഗ് ഭരിക്കുന്ന രാജ്യത്തെ  ഒരേയൊരു വഖഫ് ബോർഡും തമിഴ്‌നാട്ടിലേതാണ്. മുസ്ലിംലീഗ് തമിഴ്‌നാട് നേതാവ് നവാസ്ഖനി ചെയർമാനായ തമിഴ്‌നാട് വഖഫ് ബോർഡ് എടുത്ത അതേ നയമാണ് പിണറായി സർക്കാറും സ്വീകരിച്ചത്.  കേരള വഖഫ്  ബോർഡ്  സുപ്രീം  കോടതിയിൽ നൽകിയ ഹരജി തീർപ്പാക്കിയ ശേഷമേ ഒഴിച്ചിട്ട 'അമുസ്ലിം പ്രതിനിധികളുടെ  ക്വാട്ട' നികത്തുകയുള്ളൂ എന്ന് കോടതിയിൽ  പറയേണ്ടതിന് പകരം, സർക്കാറിന്റെ അഡ്വക്കേറ്റ് ജനറൽ എതിർ ഹർജിക്കാരെ പിന്തുണയ്ക്കുകയായിരുന്നു. കേന്ദ്ര സർക്കാറിനെതിരെ സംസ്ഥാന വഖഫ് ബോർഡും, നിരവധി മുസ്ലിം സംഘടനകളും സുപ്രീംകോടതിയെ സമീപിച്ചിരിക്കെ, ആ കേസ്സിനെ അടപടലം പൊളിക്കുന്ന ഏർപ്പാടാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഇപ്പോൾ നടത്തിയത്. മുൻ ഗവർണർ ഡോ. ആരിഫ്ഖാന്റെ അഭിഭാഷകനായിരുന്ന ജാജുബാബുവിനെ അഡ്വക്കേറ്റ് ജനറലായി നിയമിച്ചപ്പോൾ തന്നെ ശക്തമായ എതിർപ്പുകൾ ഉയർന്നതാണ്. യു.ഡി.എഫിലോ, കെ.പി.സി.സി യിലോ ചർച്ച നടത്താതെ ഏകപക്ഷീയമായാണ് അഡ്വക്കേറ്റ് ജനറലിനെ നിയമിച്ചതെന്ന് ആരോപിച്ചത് കോൺഗ്രസ്സ് നേതാക്കൾ തന്നെയാണ്. മുസ്ലിംലീഗിന്റെ തമിഴ്‌നാട്ടിലെ നിലപാടിനെ കൂടിയാണ് കേരളത്തിലെ മുസ്ലിംലീഗ് ഭരണകൂടം കോടതിയിൽ പല്ലിളിച്ച് കാട്ടുന്നത്.

 തുടക്കം മധ്യപ്രദേശ്

ഇസ്ലാമിക നിയമപ്രകാരം മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്കായി സ്വത്തുക്കൾ വിട്ടുകൊടുക്കുന്നതിനെയാണ് വഖഫ് എന്ന് പറയുന്നത്. ഈ സ്വത്തുക്കളുടെ സംരക്ഷണവും ഭരണനിർവ്വഹണവും ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുന്ന നിയമപരമായ സ്ഥാപനമാണ് വഖഫ് ബോർഡ്. ആ വഖഫ് ബോർഡിനെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി വഖഫ് ഭേദഗതി നിയമം കൊണ്ടുവന്നത്. വഫഫ് ഭേദഗതി നിയമം പാർലമെന്റിൽ അവതരിപ്പിച്ചത് മുതൽ രാഷ്ട്രീയവും, നിയമപരവുമായ വിവാദങ്ങൾക്ക് അത് വഴിമരുന്നിട്ടിരുന്നു. അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തിയാൽ ബോർഡ് ഭരണത്തിൽ കൂടുതൽ സുതാര്യതയും, വൈവിധ്യവും കൊണ്ടുവരാനാകുമെന്നാണ് കേന്ദ്ര സർക്കാറിന്റെ പക്ഷം. എന്നാൽ ഇത് വഖഫ് സ്ഥാപനങ്ങളുടെ സ്വയം ഭരണത്തിൽ കൈകടത്തലാണെന്നാണ് വിവിധ മുസ്ലിം സംഘടനകളും, പ്രതിപക്ഷവും ചൂണ്ടിക്കാട്ടിയത്. പുതിയ നിയമ വ്യവസ്ഥകൾ സുപ്രീം കോടതിയിലും ചോദ്യം ചെയ്യപ്പെട്ടിരുന്നു. വഖഫ് ബോർഡിന്റെ പുതിയ നിയമ പ്രകാരം രാജ്യത്ത് ആദ്യമായി മധ്യപ്രദേശ് സംസ്ഥാനമാണ് വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചത്. ഇത് രാജ്യവ്യാപകമായ രാഷ്ട്രീയ- നിയമ- സാമൂഹിക ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ഇവിടെ 10 അംഗ വഖഫ് ബോർഡിൽ ആദ്യമായി രണ്ട് അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തി. ബി.ജെ.പി മധ്യപ്രദേശ് മീഡിയ പാനലിസ്റ്റായ മനോജ് മാൽപാനി, ഗുനയിൽ നിന്നുള്ള അനിമേഷ് ഭാർഗ്ഗവ എന്നിവരായിരുന്നു പുതിയ അംഗങ്ങൾ. നിലവിലെ ബോർഡ് ചെയർമാൻ സൻവർ പട്ടേൽ തന്നെയാണ് വീണ്ടും ചെയർമാനായത്. വഖഫ് ഭേദഗതി നിയമ പ്രകാരം രണ്ട് അമുസ്ലിം അംഗങ്ങളെ സംസ്ഥാന സർക്കാരുകൾക്ക് നാമ നിർദ്ദേശം ചെയ്യാം. മാത്രമല്ല ശിയ- സുന്നി, പിന്നോക്ക മുസ്ലിം വിഭാഗങ്ങൾക്കും, സ്ത്രീകൾക്കും നിർബന്ധിത പ്രാതിനിധ്യം നൽകുന്ന വ്യവസ്ഥകളും ഈ നിയമത്തിലുണ്ട്. മുൻ കേന്ദ്രമന്ത്രി നജ്മ ഹെപ്തുള്ള, ആതിഫ് അഖീൽ, ഫൈസാൻ ഖാൻ, ഫാത്തിമ ചൗധരി, ഷൈസ്ത സുൽത്താൻ, ഷബാനാ ഖാൻ എന്നിവരും മധ്യപ്രദേശ് വഖഫ് ബോർഡിൽ അംഗങ്ങളാണ്. 

വിവാഹവും വഖഫ് ബോർഡിൽ

 മുസ്ലിംകൾ ഇതര മതസ്ഥരെ വിവാഹം കഴിക്കാൻ മുൻകൂട്ടി അനുമതി വാങ്ങണമെന്നും, നിക്കാഹ് നടത്തിക്കൊടുക്കുന്ന മൗലാനമാർ രജിസ്റ്റർ ചെയ്യണമെന്നും മധ്യപ്രദേശ് വഖഫ് ബോർഡിന് നിർദ്ദേശമുണ്ട്. ഈ വിഷയത്തിൽ ബോർഡ് അധികാര പരിധി മറികടക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഇതിനെതിരെ മുസ്ലിം പുരോഹിതൻമാർ രംഗത്ത് വന്നിട്ടുണ്ട്. വഖഫ് ബോർഡിന്റെ അധികാരം വഖഫ് സ്വത്തുക്കളുടെ മാനേജ്‌മെന്റിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതാണ്. അതല്ലാതെ നിക്കാഹ് പോലുള്ള മതപരവും, വ്യക്തിപരവുമായ വിഷയങ്ങളിൽ ഇടപെടാനല്ലെന്നും മുസ്ലിം മത പണ്ഡിതൻമാർ പറയുന്നു. വിവാഹങ്ങൾക്ക് അനുമതി നൽകുന്ന ഒരു അതോറിറ്റിയായി പ്രവർത്തിക്കാൻ വഖഫ് ബോർഡിന് അധികാരമില്ല. അതേസമയം ഭാവിയിൽ കുടുംബത്തർക്കങ്ങൾ കുറയ്ക്കുന്നതിനും, കാര്യങ്ങൾ സുതാര്യമാക്കുന്നതിനും വിവാഹം നടത്തിക്കൊടുക്കുന്ന മൗലാനമാർ രജിസ്റ്റർ ചെയ്യുന്നത് ഉപകരിച്ചേക്കുമെന്നും മുസ്ലിം മതപണ്ഡിതൻമാർ ചൂണ്ടിക്കാട്ടുന്നു. സാധാരണ നിലയിൽ പള്ളിയിലെ ഇമാമുമാരോ മതപണ്ഡിതൻമാരോ ആണ് വിവാഹം നടത്തി കൊടുക്കുന്നതും, 'നിക്കാഹ് നാമ' യിൽ ഒപ്പിടുന്നതും. പുതിയ നിർദ്ദേശമനുസരിച്ച് ഇതര മതസ്ഥനേയോ, മതസ്ഥയേയാ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അവർക്ക് വഖഫ് ബോർഡിന്റെ അനുമതി നിർബന്ധമാണെന്നാണ് പുതിയ നിർദ്ദേശം

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img