06:56pm 03 November 2026
NEWS
വഖഫ് ബോർഡ്: വെല്ലുവിളികളും പുതിയ സമീപനങ്ങളും -എം.സി മായിൻഹാജി (ചെയർമാൻ)
03/11/2026  11:38 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വഖഫ് ബോർഡ്: വെല്ലുവിളികളും പുതിയ സമീപനങ്ങളും -എം.സി മായിൻഹാജി (ചെയർമാൻ)

വളരെയേറെ ഉത്തരവാദിത്തങ്ങളും അധികാരങ്ങളുമുള്ള ഭരണഘടനാസ്ഥാപനമാണ് വഖഫ് ബോർഡ്. സ്വയം ഭരണാവകാശമുള്ള സ്ഥാപനമെന്ന സവിശേഷതയും വഖഫ് ബോർഡിനുണ്ട്. വളരെ കൃത്യമായ നിയമസംവിധാനവും വഖഫ് സ്വത്തിനുണ്ട്. ലിഖിതമായ നിയമങ്ങൾക്കപ്പുറത്ത് ഒരു നേരിന്റെ നേർവഴി വഖഫ് സ്വത്തുക്കൾക്ക് ഉണ്ട് എന്നു പറയാം. അതിനുദാഹരണമാണ് വാക്കാൽ വഖഫ് എഴുതിക്കൊടുക്കാതെ വാക്കാൽ പറഞ്ഞാൽപോലും ആ സ്വത്ത് വഖഫ് ആയി മാറിയിരുന്നു എന്നുസാരം. ദൈവത്തിനുള്ള അഥവാ ദൈവത്തിന്റെ പേരിലുള്ള വിശുദ്ധമായ പ്രവർത്തനമാണ് വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുക എന്നാണ് കരുതപ്പെടുന്നത്.

1954 ലാണ്  ഇന്ത്യയിൽ വഖഫ് ബോർഡ് രൂപീകൃതമാകുന്നത്. അതിനു മുമ്പും വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾ ഉണ്ടായിരുന്നെങ്കിലും ഏകീകൃതമായ ഒരു നിയമവ്യവസ്ഥയും അതു നടപ്പിലാക്കാനുള്ള ചട്ടങ്ങളും രൂപീകരിക്കുന്നത് 1954 ലാണ്. ഇതിന്റെ ചുവടുപിടിച്ചാണ് 1960-ൽ കേരളത്തിൽ വഖഫ് ബോർഡ് നിലവിൽ വരുന്നത്.

വഖഫ് ബോർഡിന്റെ നിയന്ത്രണാധികാരം ചെയർമാനാണ്. ഭരണപരമായ കാര്യങ്ങളിൽ ചെയർമാനെ സഹായിക്കുകയും കൂട്ടായി ചർച്ച ചെയ്ത് തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നത് ഒൻപതംഗ ബോർഡാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ ജുഡീഷ്യൽ അധികാരങ്ങൾ പോലും ഈ ബോർഡിനുണ്ട്. വഖഫ് സംബന്ധമായ തർക്കങ്ങൾ രമ്യമായി പരിഹരിക്കപ്പെട്ടില്ലെങ്കിൽ പിന്നീട് എത്തുന്നത് ഈ വഖഫ് കോടതിയിലാണ്. മറ്റു കോടതികളിലെന്നപോലെ കുറ്റപത്രവും തെളിവെടുപ്പും വിചാരണയും വാദവുമെല്ലാം അവിടെയുമുണ്ട്. അവിടെ തീർപ്പാകാത്ത കാര്യങ്ങൾക്കായി വഖഫ് ട്രിബ്യൂണലിൽ പോകാവുന്നതാണ്. അല്ലെങ്കിൽ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാം. അതായത് വഖഫ് കോടതിയിലെ ഉത്തരവുകൾ കീഴ്‌ക്കോടതികളിൽ ചോദ്യം ചെയ്യാൻ കഴിയില്ല എന്നുസാരം.

ഇങ്ങനെ ഒട്ടേറെ ചുമതലകളും അധികാരങ്ങളുമുള്ള വഖഫ് ബോർഡ് ഇപ്പോൾ പുനഃസംഘടിപ്പിക്കപ്പെട്ടിരിക്കുന്നു. എം.സി. മായിൻഹാജിയാണ് പുതിയ വഖഫ് ബോർഡ് ചെയർമാൻ. കഴിഞ്ഞ അമ്പതാണ്ടുകളായി കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലത്തിൽ സജീവസാന്നിധ്യമാണ് എം.സി. മായിൻഹാജി. മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയാണ് അദ്ദേഹം. ചുമല ഏറ്റെടുത്തശേഷം അദ്ദേഹം ആദ്യം നൽകുന്ന അഭിമുഖമാണിത്. വഖഫ് ഭരണസംവിധാനത്തെക്കുറിച്ചും ഭാവിയിലുണ്ടാകുന്ന നവീന പ്രവർത്തനങ്ങളെക്കുറിച്ചും വഖഫ് ബോർഡ് ചെയർമാൻ എം.സി. മായിൻഹാജി 'കേരളശബ്ദം' എറണാകുളം ബ്യൂറോ ചീഫ് മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരിയുമായി സംസാരിക്കുന്നു.

? വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാർ അനാവശ്യമായി ഇടപെടുന്നതായി കേൾക്കുന്നുണ്ട്. ഇത് വാസ്തവമാണോ.

വഖഫ് ബോർഡ്-സ്വയംഭരണാവകാശമുള്ള സ്ഥാപനമാണ്. അതായത്  ഭരണഘടനാപരമായി അധികാരങ്ങളും ചുമതലകളും ഉള്ള സ്ഥാപനം. അവിടുത്തെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കൊന്നും അധികാരമില്ല. എന്നാൽ നേരിട്ടല്ലാത്ത രീതിയിൽ വഖഫിനെ തകർക്കാൻ ചില നീക്കങ്ങൾ നടക്കുന്നുണ്ട് എന്നതും വാസ്തവമാണ്.

? 'ഉമീദ്' എന്ന പേരിൽ ഒരു പോർട്ടൽ സ്ഥാപിക്കുകയും വഖഫ് സ്വത്തുക്കളെല്ലാം അതിൽ രജിസ്റ്റർ ചെയ്യണമെന്നൊക്കെയുള്ള പുതിയ നിയമം വഖഫ് ബോർഡിനെ സംബന്ധിച്ചിടത്തോളം സ്വാഗതാർഹമാണോ.

അല്ല എന്നതിന്റെ തെളിവാണല്ലോ ആ നിയമം സംബന്ധിച്ച് വലിയ പ്രതിഷേധങ്ങൾ ഉണ്ടായത്. യുണൈറ്റഡ് വഖഫ് മാനേജുമെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആന്റ് ഡവലപ്പ്‌മെന്റ് എന്നതിന്റെ ചുരുക്കപ്പേരാണ് ഉമീദ്. ഇത് ഒരുപാട് സങ്കീർണ്ണതകളും നിഗൂഢതകളും ഉള്ളതാണ്. അതായത് സദുദ്ദേശ്യത്തോടെയാണെന്ന് കരുതാൻ വയ്യ എന്നുസാരം.

? ഈ നിയമം ശരിയല്ലെങ്കിൽ പ്രതിപക്ഷം പാർലമെന്റിൽ ചോദ്യം ചെയ്യേണ്ടതല്ലേ.

അതിന് പാർലമെന്റിൽ ശരിയായ രീതിയിൽ ഒരു ചർച്ച നടത്തിയില്ലല്ലോ. ഇങ്ങനെയൊരു നിയമം കൊണ്ടുവരുമ്പോൾ തീർച്ചയായും വഖഫുമായി ബന്ധപ്പെടുന്നവരുടെ, അതായത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേൾക്കേണ്ടതല്ലേ. എന്നാൽ ഇക്കാര്യത്തിൽ അതൊന്നും ഉണ്ടായില്ല. ഏകപക്ഷീയമായ രീതിയിൽ കേന്ദ്രസർക്കാർ അത് നടപ്പിലാക്കി എന്നുപറയാം. മുസ്ലീം ലീഗ് ഇതിനെതിരെ ശക്തമായ സമരമൊക്കെ സംഘടിപ്പിച്ചിരുന്നു.

? 'ഉമീദ്'എന്ന പോർട്ടലിൽ വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യണമെന്നല്ലേ ഇതിന്റെ പ്രധാന നിർദ്ദേശം.

അതുമാത്രമല്ല, ഞാൻ പറഞ്ഞല്ലോ ഒരുപാട് സങ്കീർണ്ണതകൾ ഇതുസംബന്ധിച്ചുണ്ട്. വഖഫ് സ്വത്തു സംബന്ധിച്ചുമുണ്ട്. കേരളത്തിലെ അവസ്ഥയല്ല ഇതരസംസ്ഥാനങ്ങളിലേത്. കൃത്യമായ രജിസ്‌ട്രേഷൻ ഇല്ലാത്ത ഒരുപാട് വഖഫ് സ്വത്തുക്കൾ അവിടെയൊക്കെയുണ്ട്. അതിലേക്ക് കണ്ണുവച്ചുകൊണ്ടുള്ള നീക്കമാണ് ഇപ്പോൾ കേന്ദ്രസർക്കാർ നടത്തുന്നത് എന്നു തോന്നുന്നു.

? അമുസ്ലീങ്ങൾ വഖഫ് ബോർഡിൽ ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ടല്ലോ.

ഉവ്വ്. അതൊക്കെയാണ് സർക്കാർ നീക്കത്തിൽ സംശയമുണ്ടാക്കുന്നത്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അവരുടെ സ്വത്തുക്കൾ സംരക്ഷിക്കാം. മതസംഘടനകളെ സംബന്ധിച്ചും കാലാകാലങ്ങളായി നടന്നുപോരുന്ന രീതിയാണത്. ദേവസ്വം ബോർഡ് ക്ഷേത്രസ്വത്തുക്കൾ സംരക്ഷിച്ച് പരിപാലിക്കുന്നു. ക്രിസ്തീയ സഭകൾ അവരുടെ സമ്പത്തും സ്വത്തും സംരക്ഷിക്കുന്നു.  അവിടൊന്നും ഇതര മതസ്ഥർക്കൊന്നും ഭരണപരമായ പങ്കാളിത്തമില്ല. പിന്നെന്തിനാണ് വഖഫ് ബോർഡിൽ മാത്രം മുസ്ലീം ഇതര സമുദായത്തിൽപ്പെട്ട രണ്ടുപേരെയെങ്കിലും നിയമിക്കണമെന്ന നിയമം കൊണ്ടുവരുന്നത്? ഇത് തികഞ്ഞ വിവേചനമല്ലേ? ഇത് മതനിരപേക്ഷ രാജ്യത്തിന് യോജിക്കുന്ന രീതിയാണോ?

? ഭരണഘടനാ വിരുദ്ധവും ജനവിരുദ്ധവുമാണ് നിയമമെങ്കിൽ  കോടതിയിൽ ചോദ്യം ചെയ്യാമല്ലോ.

ഉവ്വ്. ചെയ്തിട്ടുമുണ്ട്. ഇതുസംബന്ധിച്ച് ഇപ്പോൾ സുപ്രീം കോടതിയിൽ കേസ് നടക്കുകയാണ്. കോടതി പരിഗണിക്കുന്ന കേസ്സായതുകൊണ്ട് ഇതേക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. നീതിപൂർവ്വമായ ഒരു വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

? മുൻ സംസ്ഥാന സർക്കാരും വഖഫ് ബോർഡിന് അനുകൂലമല്ലാത്ത രീതിയിൽ പ്രവർത്തിച്ചിരുന്നു എന്നു കേട്ടിരുന്നു. അതായത് വെൽഫയർ ഫണ്ട് തടഞ്ഞുവയ്ക്കുകയും മറ്റും ചെയ്തിട്ടില്ലേ?

അത് ശരിയാണ്. ക്ഷേമപ്രവർത്തനങ്ങൾക്കും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും മറ്റുമായി ഒന്നരക്കോടി രൂപ വഖഫ് ബോർഡിന് നൽകിയിരുന്നു. കഴിഞ്ഞ സർക്കാർ കുറെ വർഷങ്ങളായി ഇത് നൽകിയിരുന്നില്ല. മറ്റു രീതിയിൽ ഫണ്ടു സമാഹരിച്ചാണ് ഞങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയത്. വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്യുന്ന പള്ളികളുമായി ബന്ധപ്പെട്ടാണ് ആ സഹായം ചെയ്തിരുന്നത്.

? എല്ലാ പള്ളികളും വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്യേണ്ടതല്ലേ. അങ്ങനെ രജിസ്റ്റർ ചെയ്യാത്ത പള്ളികളുമുണ്ടോ.

പൊതുവെ എല്ലാ പള്ളികളും രജിസ്റ്റർ ചെയ്യാറുണ്ടെങ്കിലും ചെയ്യാത്ത പള്ളികളും ഉണ്ട്. പ്രത്യേകിച്ചും വരുമാനം വളരെക്കുറവുള്ള പള്ളികൾ. വരുമാനത്തിന്റെ അഞ്ചുശതമാനം വഖഫ് ബോർഡിനുള്ളതാണ്. എന്നാൽ ചില പള്ളികൾക്ക് അതിനുള്ള അവസ്ഥ ഉണ്ടാകില്ല. വേണമെങ്കിൽ നിർബന്ധമായി രജിസ്റ്റർ ചെയ്യിക്കാം. അതിനുള്ള അധികാരം വഖഫ് ബോർഡിനുണ്ട്. എങ്കിലും ഇത്തരം കാര്യങ്ങളിൽ വഖഫ് ബോർഡ് മൃദുസമീപനം സ്വീകരിക്കുകയാണ് പതിവ്.

? പൊതുവെ പരാതികൾക്ക് ഇടനൽകാതെയാണല്ലോ വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ. പിന്നെങ്ങനെയാണ് ഒരുപാട് കേസുകൾ ഉണ്ടാകുന്നത്.

അത് വഖഫ് ബോർഡുമായുള്ള പ്രശ്‌നങ്ങളല്ല. പള്ളികളിൽ ഉണ്ടാകുന്ന ചെറിയ തർക്കങ്ങളാണ്. ഏതാണ്ട് അഞ്ഞൂറോളം കേസുകൾ ഇപ്പോൾ തന്നെ ഉണ്ടെന്ന് തോന്നുന്നു. ഇതെല്ലാം തന്നെ പള്ളിയുടെ ഭരണകാര്യങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതാണ്. അവിടെ ആ തർക്കം തീരാതെയാകുമ്പോൾ വഖഫ് ബോർഡിനെ സമീപിക്കും. ഞങ്ങൾ അത് രമ്യമായി പരിഹരിക്കാനുള്ള നടപടി സ്വീകരിക്കും.

? പള്ളികളിലെ തർക്കങ്ങൾ കേസായി കോടതികളിലെത്താറുണ്ടോ.
സാധാരണഗതിയിൽ ഇല്ല. പള്ളികളുമായി ബന്ധപ്പെട്ടുണ്ടാകുന്ന കേസുകൾ വഖഫിൽ തന്നെ തീർക്കാനുള്ള സംവിധാനമുണ്ട്.

? പരാതിക്കാരെ വിളിച്ചുവരുത്തി പരസ്പരം പറഞ്ഞുതീർക്കുകയാണോ പതിവ്.

അതൊരുമാർഗ്ഗമാണ്. പക്ഷേ എല്ലാ കേസുകളും അങ്ങനെ തീരണമെന്നില്ല. വഖഫ് ബോർഡിന് രണ്ടുതരം സിറ്റിംഗുകളുണ്ട്. ചെയർമാനും എല്ലാം അംഗങ്ങളും അതിൽ പങ്കെടുക്കും. അഡ്മിനിസ്‌ട്രേറ്റീവ് സിറ്റിംഗും. ജുഡീഷ്യൽ സിറ്റിംഗും. ഭരണപരമായ കാര്യങ്ങൾ ചർച്ച ചെയ്യാനാണ് അഡ്മിനിസ്‌ട്രേറ്റീവ് സിറ്റിംഗ്. കേസുകൾ കൈകാര്യം ചെയ്യാൻ ജുഡീഷ്യൽ സിറ്റിംഗാണ്. അതൊരുതരത്തിൽ പറഞ്ഞാൽ സമാന്തര കോടതി തന്നെയാണ്. കേസും വാദവും വിസ്താരവും വിധിയുമെല്ലാം കൃത്യമായി നടക്കും. ബോർഡിലെ എല്ലാ അംഗങ്ങളും അതിൽ പങ്കെടുക്കും. മാസത്തിൽ ഇങ്ങനെ രണ്ടു ജുഡീഷ്യൽ സിറ്റിംഗ് ഉണ്ടാകും. ജുഡീഷ്യൽ അധികാരങ്ങളും  ഉണ്ട്. തീരുമാനങ്ങൾ അഥവാ വിധി പ്രസ്താവിക്കുന്നത്  വളരെ അവധാനതയോടെയാണ്. വിഷയത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചിട്ടാണ് അംഗങ്ങൾ ചർച്ച ചെയ്ത് അന്തിമ തീരുമാനത്തിൽ എത്തുക. ഈ തീരുമാനം പ്രഖ്യാപിക്കുകയാണ് പതിവ്.

? ഇതിൽ വിയോജിപ്പുകൾ ഉണ്ടായാലോ? കോടതി വിധികൾ പോലും ചോദ്യം ചെയ്യപ്പെടുന്നുണ്ടല്ലോ?

ഉവ്വ്. ഇവിടെയും സമാനമായ സംവിധാനമുണ്ട്. ഈ വിധിയിൽ വിയോജിപ്പുള്ളവർക്ക് വഖഫ് ട്രിബ്യൂണലിൽ പരാതി കൊടുക്കാം. ട്രിബ്യൂണൽ വിധിക്കെതിരെ അപ്പീൽ പോകണമെങ്കിൽ ഹൈക്കോടതിയിൽ മാത്രമേ സാധിക്കുകയുള്ളൂ. കീഴ്‌ക്കോടതികളിൽ അപ്പീൽ കൊടുക്കാനാകില്ല.

? മുനമ്പത്തെ ഭൂമിവിഷയങ്ങൾ അതിസങ്കീർണ്ണമല്ലേ? അത് എങ്ങനെ പരിഹരിക്കാമെന്നാണ് വഖഫ് ബോർഡ് കരുതുന്നത്.

മുനമ്പത്തെ ഭൂമിവിഷയം സങ്കീർണ്ണമാണെന്ന് പറഞ്ഞുകൂടാ. രേഖകൾ പ്രകാരം വഖഫ് സ്വത്താണെന്ന് വ്യക്തമായതുമാണ്. പക്ഷേ അതിന്റെ പരിഹാരത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ കുറച്ച് സങ്കീർണ്ണതകളുണ്ട് എന്നത് വാസ്തവമാണ്. വഖഫ് ബോർഡിന് ഏകപക്ഷീയമായി പരിഹരിക്കാൻ കഴിയുന്ന വിഷയമല്ല അത്. കാരണം അതൊരു ഭൂമി വിഷയം മാത്രമല്ല. അവിടെ ജീവിക്കുന്നവരുടെ പ്രശ്‌നം കൂടിയാണ്. അതിന് സർക്കാരിന്റെ ഇടപെടൽ ഉണ്ടാവുക എന്നതേ കരണീയമായിട്ടുള്ളൂ. കാരണം ആ പ്രശ്‌നത്തിന്റെ ഒരുവശം പുനരധിവാസമാണ്. അത് സർക്കാരിനെ ചെയ്യാൻ കഴിയൂ. ഇപ്പോഴുള്ളത് മാനവീയ മുഖമുള്ള ഒരു സർക്കാർ ആണെന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ടുതന്നെ എല്ലാവർക്കും സ്വീകാര്യമായ നീതിയുക്തമായ നടപടി സർക്കാർ ഭാഗത്തുനിന്നും ഉണ്ടാകും എന്നാണ് ഞങ്ങൾ കരുതുന്നത്. വ്യവസ്ഥാപിതമായ നിയമവും ചട്ടവും നോക്കിയാണ് വഖഫ് ബോർഡ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ കൃത്യമായ ഒരു പ്രവർത്തന ശൈലിയും വഖഫിനുണ്ട്. മുനമ്പം പ്രശ്‌നം സർക്കാർ രമ്യമായി പരിഹരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

? 'ഉമീദ്' പോർട്ടൽ നിയമം നിലവിൽ വന്നാൽ അത് കേരളത്തിനുപുറത്തുള്ള സ്വത്തുക്കളെ സാരമായി ബാധിക്കും എന്നുപറഞ്ഞല്ലോ. കേരളത്തിലെ വഖഫ് പ്രവർത്തനങ്ങൾ കാര്യക്ഷമമാണെന്ന് ഉറപ്പു പറയാൻ കഴിയുമോ.

തീർച്ചയായും. ഞാൻ നേരത്തെ സൂചിപ്പിച്ചുവല്ലോ. വഖഫ് ബോർഡിനു കൃത്യമായ നിയമവും ചട്ടങ്ങളുമുണ്ട്. അത് പൂർണ്ണമായും പാലിച്ചാണ് പ്രവർത്തിക്കുന്നത്. ഇതുഞാൻ വെറുതെ പറയുന്നതല്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കുന്നതാണ്. 
കുറെക്കാലം മുമ്പ് കേന്ദ്രമന്ത്രിയായിരുന്ന റഹ്മാൻഖാന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ സമഗ്രമായി പരിശോധിച്ച് വിലയിരുത്തുകയുണ്ടായി. അതൊരു പാർലമെന്ററി കമ്മിറ്റിയായിരുന്നുവെന്നും ഓർക്കണം. അവരുടെ പരിശോധനയിൽ ഏറ്റവും മികച്ച വഖഫ് പ്രവർത്തനങ്ങൾ നടക്കുന്നത് കേരളത്തിലാണ് എന്നു കണ്ടെത്തുകയുണ്ടായി. അത് കേരളത്തിലെ വഖഫ് ബോർഡിനെ സംബന്ധിച്ച് വലിയൊരു ബഹുമതി തന്നെയാണ്. മുമ്പോട്ടും ആ സൽപ്പേര് നിലനിർത്തണം-ആ ലക്ഷ്യത്തോടെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW
img