05:10am 27 July 2026
NEWS
വഖഫ് ഭേദഗതി: കോൺഗ്രസിന് അകത്തളത്തിൽ തർക്കം, ലീഗ് അതൃപ്തി പ്രകടിപ്പിച്ചു
04/04/2025  09:22 AM IST
സുരേഷ് വണ്ടന്നൂർ
വഖഫ് ഭേദഗതി: കോൺഗ്രസിന് അകത്തളത്തിൽ തർക്കം, ലീഗ് അതൃപ്തി പ്രകടിപ്പിച്ചു

വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കിയതോടെ കേന്ദ്രസർക്കാരിന് വലിയ വിജയം. വാഗ്വാദങ്ങളും ബഹളങ്ങളും ഒരുപോലെ നിറഞ്ഞിരുന്ന ചർച്ചയിൽ, പ്രതിപക്ഷ നേതാക്കളുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ബിൽ പാസാക്കുന്നതിൽ സർക്കാർ കർക്കശ നിലപാട് കൈക്കൊണ്ടു.

ബിൽ പാസാകുന്നതിന് പിന്നാലെ, രാഷ്ട്രപതിയുടെ ഒപ്പുവയ്ക്കൽ മാത്രം ശേഷിച്ചിരിക്കെ, മുൻവിധികളിൽ നിന്നും വ്യത്യസ്തമായ ഒരു രംഗമാണ് പ്രതിപക്ഷത്ത് രൂപപ്പെടുന്നത്. ലോക്‌സഭയിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നിർഭാഗ്യവശാൽചർച്ചയ്ക്ക് എത്താതിരുന്നത് മുസ്ലിം ലീഗിന് കടുത്ത അതൃപ്തിയാണ്. പ്രത്യേകിച്ച് വയനാടിൽ നിന്നും വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച പ്രിയങ്ക ഗാന്ധിയുടെ അഭാവം ഏറെ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.


ഇതേ തുടര്‍ന്ന്, രാജ്യസഭയിലെ ചർച്ചയില്‍ കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും വഖഫ് ഭേദഗതിയെ കടുത്ത ഭാഷയിൽ വിമർശിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളിൽ ഇടപെടലാണിതെന്നും, ബി.ജെ.പി.യുടെ ലക്ഷ്യം മതാധിഷ്ഠിത ധ്രുവീകരണമാണെന്നും അവർ ആരോപിച്ചു.
മുസ്ലിം ലീഗിന്റെ ദേശീയ നേതാവ് അഡ്വ. ഹാരിസ് ബീരാനും ബില്ലിനെ ഭരണഘടനാവിരുദ്ധവും മതേതര സ്വഭാവം തകർക്കുന്നതുമെന്നുമാണ് വിമർശിച്ചത്.


ഭേദഗതിയിലെ പ്രധാന മാറ്റങ്ങൾ:

  • ഇനി മുതൽ ഏതൊരു ഭൂമിയെയും വഖഫായി പ്രഖ്യാപിക്കാൻ സാധിക്കില്ല.
  • വഖഫ് ബോർഡിന്റെയും ട്രൈബ്യൂണലിന്റെയും തീരുമാനം അന്തിമമല്ല.
  • ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ 90 ദിവസത്തെ സമയപരിധി.
  • ചരിത്ര സ്മാരകങ്ങളെ വഖഫായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അവ റദ്ദാക്കും.
  • പട്ടികവർഗങ്ങളുടെ ഭൂമി വഖഫായി പ്രഖ്യാപിക്കുന്നത് പൂർണമായും നിരോധനം.

ബിൽ പാസായതോടെ നിയമപരവും രാഷ്ട്രീയപരവുമായ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img