
വഖഫ് ഭേദഗതി നിയമത്തിലെ സുപ്രീംകോടതി നിരീക്ഷണം രാജ്യത്തിന് വലിയ സന്ദേശമാണ് നല്‍കിയിരിക്കുന്നതെന്നും പാര്‍ലമെന്റിനകത്തും പുറത്തും ഇന്ത്യാ മുന്നണിയും കോണ്‍ഗ്രസും ഉയര്‍ത്തിയ ശക്തമായ ആശങ്കകള്‍ ശരിവെയ്ക്കുന്നതാണ് ഇടക്കാല ഉത്തരവെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.
ഒരു ദിവസത്തെ ഹിയറിംഗ് കൊണ്ട് വഖഫ് നിയമത്തിന് സ്റ്റേ ലഭിക്കുമെന്ന് ആരും പ്രതീക്ഷിച്ചിട്ടില്ല. പക്ഷേ, ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്നതാണ് വഖഫ് നിയമം എന്ന നിരീക്ഷണം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നു. പാർലമെന്റിലെ പ്രസംഗത്തിൽ ഉന്നയിച്ച വിഷയങ്ങൾ കോടതി എടുത്ത് പറഞ്ഞതിൽ അഭിമാനമുണ്ട്. താന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച, തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കാര്യവും വൈഷ്ണവോദേവി ക്ഷേത്രത്തിന്റെ കാര്യവും അടക്കമുള്ള പോയിന്റുകള്‍ സുപ്രീം കോടതി എടുത്തുപറഞ്ഞു. അവിടെയൊന്നും ഇല്ലാത്ത നിബന്ധനകൾ വഖഫ് ബോർഡിന്റെ കാര്യത്തിൽ ഭരണഘടനാപരമായി നിലനിൽക്കുന്നതാണോ എന്ന ചോദ്യം സുപ്രീം കോടതി ആവർത്തിച്ചു.
അടിസ്ഥാനപരമായ പാര്‍ലമെന്ററി ബോഡിയായ ജെപിസിയെ നോക്കുകുത്തിയാക്കിയാണ് ഈ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ജെപിസിക്ക് അധികാരങ്ങളൊന്നും ഇല്ലായിരുന്നു. ജെപിസിയിലെ പ്രതിപക്ഷ അംഗങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തി. പാര്‍ലമെന്റിലും പ്രതിപക്ഷ അംഗങ്ങള്‍ ചർച്ചയിൽ ഉന്നയിച്ച ഒരു കാര്യം പോലും അംഗീകരിക്കാന്‍ ഭരണപക്ഷം തയ്യാറായില്ല. ധൃതി പിടിച്ചാണ് വഖഫ് നിയമം പാസാക്കിയത്. രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ, അവരുടെ ആരാധനാ സ്വാതന്ത്രത്തിനെതിരായ, അവരുടെ സ്വത്തുക്കൾ സ്വതന്ത്രമായി കൈകാര്യം ചെയ്യുന്നതിനെതിരായ ശക്തമായ ഭരണഘടനാ ലംഘനമാണ് വഖഫ് നിയമമെന്ന പ്രാഥമിക നിരീക്ഷണം കോടതി നടത്തിയിട്ടുണ്ട്. പ്രാഥമികമായി, ജനാധിപത്യത്തിന്റെ വിജയമായി സുപ്രീംകോടതി ഉത്തരവിനെ കണക്കാക്കുന്നു. ഇത് അന്തിമ ഉത്തരവല്ലെങ്കിൽ പോലും വഖഫ് നിയമം സംബന്ധിച്ച വിശാലമായ ചര്‍ച്ചകള്‍ക്ക് സുപ്രീം കോടതി ഇടപെടല്‍ വഴിയൊരുക്കിയെന്നും വേണുഗോപാല്‍ പറഞ്ഞു.
കേരളത്തില്‍ സംഘപരിവാറിന് വ്യത്യസ്തമായ അജണ്ടയാണുള്ളത്. മതവിദ്വേഷം വളര്‍ത്തി ബിജെപിയെ വളര്‍ത്തുകയാണ് അവരുടെ ലക്ഷ്യം. മുനമ്പം വിഷയത്തിലും അത് തന്നെയാണ് ഉണ്ടായത്. മുനമ്പം വിഷയത്തിൽ ബിജെപി, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വഖഫ് നിയമത്തിന് എതിരാക്കി. മുനമ്പത്തെ ജനങ്ങൾക്ക് നീതി ഉറപ്പാക്കാനാണ് വഖഫ് നിയമം എന്ന് പറഞ്ഞ മന്ത്രി തന്നെ പിന്നീട് വാക്ക് മാറ്റി. മുനമ്പത്തെ വിഷയം പരിഹരിക്കാൻ നിരവധി മാർഗ്ഗങ്ങൾ ഉണ്ടായിട്ടും അത് അവലംബിച്ചില്ല. കേരള സര്‍ക്കാരും മുനമ്പം വിഷയം പരിഹരിക്കാന്‍ ശ്രമിച്ചില്ല.
ക്രിസ്ത്യൻ സഭകൾക്ക് ഈ വിഷയത്തിൽ വന്ന ആശങ്കയാണ് അവർ പ്രകടിപ്പിച്ചത്. അവരെപ്പോലും കേന്ദ്രസർക്കാർ കബളിപ്പിച്ചു. വഖഫ് ബിൽ പാസാക്കാനും അതുവഴി ക്രൈസ്തവ മുസ്ലിം വിരോധം ആളിക്കത്തിക്കാനുമാണ് ബിജെപി ശ്രമിച്ചത്. സഭാ നേതൃത്വങ്ങൾക്ക് കോൺഗ്രസിനെ സംബന്ധിച്ച് ഗുരുതരമായ ആശങ്കയുണ്ടെന്ന് കരുതുന്നില്ല. കോൺഗ്രസിന്റെ നിലപാട് മതങ്ങൾക്ക് അതീതമാണെന്ന് ആർക്കും മനസ്സിലാകുന്ന കാര്യമാണെന്നും വേണുഗോപാൽ പറഞ്ഞു.
തീര്‍ത്തും രാഷ്ട്രീയ പ്രേരിതമായ പകപോക്കലാണ് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ ഇഡി നടപടി. കോണ്‍ഗ്രസ്, നിയമത്തിന്റെ വഴിയിലൂടെ ഇതിനെ നേരിടും. അന്യായമായാണ് ഇഡി പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഇഡിക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
Photo Courtesy - Google











