
ദോഹ: ഖത്തറിലുള്ള തൃശൂർ ജില്ലയിലെ വാടാനപ്പള്ളി നിവാസികളുടെ കൂട്ടായ്മയായ വാടാനപ്പള്ളി പ്രവാസി സെക്കുലർ അസോസിയേഷൻ (വാപ്സ) “പെരുന്നാൾ മുഹബ്ബത്ത്” എന്ന ശീർഷകത്തിൽ ഈദ് സംഗമം സംഘടിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി വനിതാ വിംഗിന്റെ നേതൃത്വത്തിൽ മൈലാഞ്ചി മത്സരവും നടന്നു. നിഹാല പർവീൻ ഒന്നാം സ്ഥാനവും ഇച്ചു ആഷിഫ്, അലീഷ അർജുൻ തുടങ്ങിയവർ രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി.കുട്ടികളുടെ ഒപ്പന, നൃത്താവിഷ്‌കാരങ്ങൾ, വാപ്സ ടീമിന്റെ ഗാനമേള എന്നിവ ഉൾപ്പെടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
സ്പോർട്സ് മീറ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മത്സരത്തിനായുള്ള ജേഴ്സി പ്രകാശനവും ചടങ്ങിൽ നടന്നു. മെയ് 28ന് ആരംഭിച്ച സ്പോർട്സ് മീറ്റ് ജൂൺ 12ന് സമാപിക്കും. ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൺ, ചെസ്, കാരംസ് തുടങ്ങിയ വിവിധ കായിക ഇനങ്ങളിലെ മത്സരങ്ങൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
ചടങ്ങിൽ വാപ്സ ജനറൽ സെക്രട്ടറി ജലാൽ അയ്നിക്കൽ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് കെ. ഡി. പ്രേംജിത്ത് അധ്യക്ഷത വഹിച്ചു. മനാഫ് അയ്നിക്കൽ, ഷാജി എ. എ., പി. ഡി. ജോർജ്, പി. എസ്. എം. ഹുസൈൻ, അബ്ദു റസാഖ് എന്നിവർ ആശംസകൾ നേർന്നു. സനീഷ് വത്സൻ നന്ദി രേഖപ്പെടുത്തി. ഷെഫീർ വാടാനപ്പള്ളി പരിപാടികൾക്ക് അവതാരകനായി.










