
മലപ്പുറം: ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ വണ്ടൂരിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയതായി പരാതി. പാറശ്ശേരി കുന്നുമ്മൽ ഫസീല (38) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് കുന്നുമ്മൽ റഷീദ് (48)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയ കറിയെച്ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനിടെ റഷീദ് കത്തിയെടുത്ത് ഫസീലയെ കുത്തുകയായിരുന്നു. നെഞ്ചിന് താഴെയാണ് ഫസീലയ്ക്ക് കുത്തേറ്റത്.
റഷീദ് സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. കൊലപാതകം നടക്കുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
കുത്തേറ്റ ഫസീലയെ ഉടൻ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.










