03:41am 29 August 2026
NEWS
വാളയാർ പെൺകുട്ടികളുടെ അമ്മ കുട്ടികളുടെ സാന്നിധ്യത്തിൽ പ്രതിയുമായി ലൈം​ഗികബന്ധത്തിലേർപ്പെട്ടിരുന്നെന്ന് സിബിഐ കുറ്റപത്രം

07/02/2025  11:37 AM IST
nila
വാളയാർ പെൺകുട്ടികളുടെ അമ്മ കുട്ടികളുടെ സാന്നിധ്യത്തിൽ പ്രതിയുമായി ലൈം​ഗികബന്ധത്തിലേർപ്പെട്ടിരുന്നെന്ന് സിബിഐ കുറ്റപത്രം

മരിച്ച വാളയാർ പെൺകുട്ടികളുടെ അമ്മ ഒന്നാം പ്രതിയുമായി "കുട്ടികളുടെ സാന്നിധ്യത്തിൽ" ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നെന്ന് സിബിഐ കുറ്റപത്രം. മൂത്ത മകളെ ഒന്നാം പ്രതി ബലാത്സംഗം ചെയ്തെന്ന് അറിഞ്ഞ ശേഷം തൻ്റെ ഇളയ മകളെ "ലൈംഗിക പീഡനത്തിന് ഒന്നാം പ്രതിയെ പ്രേരിപ്പിച്ചു" എന്ന് സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നു എന്നാണ് റിപ്പോർട്ട്.  ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

രണ്ടാഴ്‌ച മുമ്പാണ് സിബിഐ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കേസിലെ ഒന്നാം പ്രതി മദ്യവുമായി വീട്ടിൽ വരുന്നത് അമ്മ പ്രോത്സാഹിപ്പിച്ചെന്നും ഇവരുടെ ഭർത്താവും ഇതിന് കൂട്ടുനിന്നിരുന്നു എന്നുമാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നതെന്നാണ് റിപ്പോർട്ട്. 2016 ഏപ്രിലിൽ ഇളയ മകളെ ഒന്നാം പ്രതി ചൂഷണം ചെയ്യുന്നതിന് അമ്മ സാക്ഷ്യം വഹിച്ചിരുന്നു. രണ്ടാഴ്‌ച്ച കഴിഞ്ഞ് കുട്ടികളുടെ പിതാവും ഇതേ കാഴ്‌ച കണ്ടു. എന്നിട്ടും മൂത്ത മകളെ ഇതേ പ്രതി ലൈംഗിക ചൂഷണം ചെയ്ത കാര്യം മാതാപിതാക്കൾ പൊലീസിനെ അറിയിച്ചില്ല. മാത്രമല്ല പ്രതിയുമായി സൗഹൃദം തുടരുകയും ചെയ്തു. മൂത്ത മകൾ മരിച്ചിട്ട് പോലും ഇളയ മകളെ പ്രതിയുടെ വീട്ടിലേക്ക് ദമ്പതികൾ പറഞ്ഞയച്ചു. ചേച്ചിക്ക് സംഭവിച്ചതെല്ലാം ഇളയകുട്ടിക്കും അറിയാമായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ സിബിഐ ചൂണ്ടിക്കാട്ടുന്നത്.

2017 ജനുവരി 13ന് ആണ് വാളയാറിൽ മൂത്ത പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മാർച്ച് നാലിന് ഇളയ പെൺകുട്ടിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പതിമൂന്നും ഒമ്പതും വയസായിരുന്നു കുട്ടികൾക്ക്. വിചാരണക്കോടതി പ്രതികളെയെല്ലാം വെറുതെ വിട്ടതിനെ തുടർന്നാണ് കേസ് സിബിഐയിലേക്കെത്തുന്നത്. മക്കൾക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി പെൺകുട്ടികളുടെ അമ്മ വലിയ പ്രതിഷേധമാണ് നടത്തിയത്. നീതി വൈകുന്നതിൽ പ്രതിഷേധിച്ച് ഇവർ തല മുണ്ഡനം ചെയ്യുകയുമുണ്ടായി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img