
പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള അഞ്ചാമത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിലെ തെരഞ്ഞെടുപ്പ് ഫലം, സസ്ഥാന
രാഷ്ട്രീയത്തിൽ അതീവ നിർണ്ണായകമാകും. ഇത് വരെ നടന്ന ഉപതെരഞ്ഞുപ്പുകളിൽ മുന്നണികൾ സിറ്റിംഗ് സീറ്റ് നിലനിർത്തിയതായാണ്
അനുഭവം. എന്നാൽ നിലമ്പൂരിലെ തെരഞ്ഞെടുപ്പ് ചിത്രങ്ങളും, ഭാവങ്ങളും തീർത്തും വ്യത്യസ്തമാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തിരിച്ച് കേറണമെങ്കിൽ, നിലമ്പൂരിലെ വിജയം അനിവാര്യമാണ്. എൽ.ഡി.എഫിനെ സംബന്ധിച്ച് മൂന്നാം തുടർ ഭരണമെന്ന ലക്ഷ്യത്തിലേക്കുള്ള ചവിട്ട് പടിയെന്ന് മാത്രമല്ല, സി.പി.എമ്മിനെ വെല്ലുവിളിച്ച പി.വി അൻവറില്ലാതെ നിലമ്പൂരിൽ വിജയിക്കുമെന്ന് കേരളം മുമ്പാകെ തെളിയിക്കുക കൂടി വേണം. യു.ഡി.എഫുമായും അകന്ന് സർവ്വ സ്വതന്ത്രനായ അൻവറിനാകട്ടെ, തന്റെ തട്ടകത്തിൽ ശക്തി തെളിയിക്കേണ്ടത് നിലനിൽപ്പിന്റെ പ്രശ്‌നവുമാണ്.
തുടക്കത്തിൽ മത്സര രംഗത്ത് നിന്ന് വിട്ട് നിൽക്കാൻ ശ്രമിച്ച ബി.ജെ.പി യ്ക്ക്
പുതിയ പ്രസിഡണ്ട് വന്ന ശേഷം, നില മെച്ചപ്പെടുത്തേണ്ട ബാധ്യതയുമുണ്ട്. നീണ്ട
ഇടവേളയ്ക്ക് ശേഷം ഉപതെരഞ്ഞെടുപ്പിനിറങ്ങിയ എസ്.ഡി.പി.ഐ യ്ക്കും
വോട്ട് വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇടതിന് ശക്തമായ അടിത്തറയുള്ള മണ്ഡലം ആണെങ്കിലും, രാഷ്ട്രീയ നില
നോക്കുമ്പോൾ നിലമ്പൂരിന്റെ ചായ്‌വ് വലത്തോട്ടാണ്. മണ്ഡല പുനർ
നിർണ്ണയത്തിൽ മുന്നണികൾ തമ്മിലുള്ള വോട്ടിംഗ് നില വ്യത്യാസപ്പെട്ടുവെങ്കിലും
അൽപ്പം മേൽക്കൈ യു.ഡി.എഫി ന് തന്നെയാണ്. വയനാട് ലോകസഭാ
മണ്ഡലത്തിന്റെ ഭാഗമാണ് നിലമ്പൂർ നിയോജക മണ്ഡലം. രാഹുൽഗാന്ധി രാജി വെച്ച ഒഴിവിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധിയ്ക്ക് നിലമ്പൂർ മണ്ഡലത്തിൽ നിന്ന് ലഭിച്ച 65.132 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്
യു.ഡി.എഫിന്റെ പ്രതീക്ഷ. ലോകസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നില
നിയമസഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കില്ലെന്ന ഇടത്മുന്നണിയുടെ വാദത്തിൽ
ശരികളുമുണ്ട്. എന്നാൽ പി.വി അൻവർ കൂടി ചേരുമ്പോൾ, യു.ഡി.എഫിന് ഈസി
വാക്കോവർ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷികർ വിലയിരുത്തിയിരുന്നത്.
യു.ഡി.എഫ് ക്യാമ്പിലേക്ക് കേറാതെ ഉടക്കി നിന്ന അൻവർ അപ്രതീക്ഷിത
സ്ഥാനാർത്ഥിയതോടെ ആ അവസ്ഥയ്ക്ക് മാറ്റം വരികയും ചെയ്തു.
അൻവറിപ്പോൾ ഇരു മുന്നണികളോടും വർദ്ധിത വിരോധത്തിലാണ്. തൃണമൂൽ
പത്രിക സാങ്കേതിക കുരുക്കിലകപ്പെട്ട് തള്ളപ്പെട്ടപ്പോൾ സർവ്വ സ്വതന്ത്രനായാണ്
അൻവർ നിലയുറപ്പിച്ചത്. അത് കൊണ്ട് തന്നെ, അൻവർ ഭീഷണിയെ തുടർന്നുള്ള
വോട്ട് ചോർച്ച ഇല്ലാതാക്കാൻ ഇരു മുന്നണികളും നിതാന്ത ജാഗ്രതയിലുമാണ്.
പരമ്പരാഗത വോട്ട് ബാങ്കിൽ വിള്ളൽ വീഴാതിരിയ്ക്കാൻ ശ്രദ്ധ പുലർത്തുന്ന
സി.പി.എമ്മിന് അൻവറും, യു.ഡിഎഫുമായുള്ള കലഹത്തിൽ പ്രതീക്ഷ
അർപ്പിക്കുന്നുമുണ്ട്.
പാർട്ടി കേഡർ സംവിധാനത്തിലൂടെ സി.പി.എമ്മിന്റെ സംസ്ഥാന നേതാക്കളാണ്
പ്രചാരണത്തിന് ചുക്കാൻ പിടിയ്ക്കുന്നത്. മത്സരത്തിന് മടിച്ച് നിന്ന ബി.ജെ.പി
പത്രികാ സമർപ്പണത്തിന്റെ അവസാന ലാപ്പിൽ ക്രൈസ്തവ സ്ഥാനാർത്ഥിയ
ഇറക്കിയാണ് കളത്തിൽ സജീവമായത്. ബി.ജെ.പി യും, എസ്.ഡി.പി.ഐ യും,
അൻവറും ചേർന്ന് പിടിയ്ക്കുന്ന വോട്ടുകൾ ജയാ-പരാജയത്തിൽ
നിർണ്ണായകമാവും. സി.പി.എമ്മിന് ജില്ലയിൽ ഏറ്റവും അധികം പാർട്ടി
മെമ്പർമാരുള്ള മണ്ഡലമാണ് നിലമ്പൂർ. അതേസമയം സ.കുഞ്ഞാലിയുടെ വിജയം
മാറ്റി നിർത്തിയാൽ, മണ്ഡലം ഇടതിനെ തുണച്ചത് സ്വതന്ത്രരെ ഇറക്കിയപ്പോൾ
മാത്രമാണ്. ഇത്തവണ 7.000-ത്തോളം പുതിയ വോട്ടുകൾ മണ്ഡലത്തിൽ
വർദ്ധിച്ചിട്ടുമുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം, സ്വതന്ത്ര സ്ഥാനാർത്ഥിയെ
ഒഴിവാക്കി സി.പി.എം പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുമ്പോൾ
അതിലൂടെ കേഡർ വോട്ടുകൾ ഭദ്രമാവുമെങ്കിലും, മുന്നണിയ്ക്ക് പുറത്തുള്ള
വോട്ടുകൾ എത്രത്തോളം സമാഹരിക്കാനാവുമെന്ന പ്രശ്‌നവും വലുതാണ്.
യു.ഡി.എഫിന്റെ പരമ്പരാഗത വോട്ട് ബാങ്കിൽ കടന്ന് കേറാമെന്ന
പ്രതീക്ഷയിലാണ് ക്രിസ്ത്യൻ സ്ഥാനാർത്ഥിയെ ബി.ജെ.പി പരീക്ഷിയ്ക്കുന്നത്.
അതിന് നേരിയ ഗുണഫലമുണ്ടായെന്നും വന്നേക്കാം. അതേസമയം ലോകസഭാ
തെരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടുകൾ, ഉപതെരഞ്ഞെടുപ്പിൽ കിട്ടില്ലെന്ന ആശങ്കയും
ബി.ജെ.പി യ്ക്കുണ്ട്.
മായം കലർന്നപ്രചാരണ തന്ത്രങ്ങൾ
തെരഞ്ഞെടുപ്പ് വേളയിൽ സ്ഥിരം പ്രയോഗിക്കാറുള്ള പദമാണ് ചൂട് പിടിച്ച
പ്രചാരണം എന്നത്. എന്നാൽ നിലമ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണം
അതിനപ്പുറം എന്തെല്ലാമോ ആണെന്ന് തോന്നിപ്പോകും. ആ രീതിയിലാണ്
കാര്യങ്ങൾ മുന്നേറിയത്. മന്ത്രിമാരുടെയും നേതാക്കളുടേയും വൻ പട തന്നെ
മണ്ഡലത്തിൽ തമ്പടിച്ചിട്ടുണ്ട്. ഓരോ നേതാവും ഓരോ തരത്തിലുള്ള
പ്രസ്താവനകളുമായാണ് വോട്ടർമാരെ നേരിടുന്നത് എന്നതും കൗതുകം. 14 പേർ
പത്രിക സമർപ്പിച്ചിരുന്നുവെങ്കിലും, 10 പേരാണ് മത്സര രംഗത്ത് ശേഷിച്ചത്. ഇതിൽ
പി വി അൻവറിന്റെ അപരനുൾപ്പടെ നാല് പേർ പത്രിക പിൻവലിക്കുകയും
ചെയ്തു. മണ്ഡലത്തിന്റെ വികസന വിഷയങ്ങൾക്കപ്പുറം, വിവാദങ്ങളും
ആരോപണങ്ങളും മാത്രമാണ് പ്രചാരണത്തിൽ നിറഞ്ഞ് നിന്നത്. മുഖ്യമന്ത്രിയുടെ
മലപ്പുറംവിരുദ്ധ പരാമർശം. കോൺഗ്രസ്സിന്റെ മലപ്പുറം ജില്ലാ രൂപീകരണ
വിരുദ്ധ നിലപാട്, ദേശീയപാത തകർച്ച. ക്ഷേമ പെൻഷൻ മുടക്കം, എന്നിങ്ങനെ
'പന്നിക്കെണിയിൽ കുരുങ്ങി വിദ്യാർത്ഥി മരണപ്പെട്ടതുമായി' ബന്ധപ്പെട്ട
തർക്കങ്ങൾ എന്നിങ്ങനെ മുന്നേറിയ പ്രചാരണം 'വെൽഫയർ പാർട്ടിയുടേയും,
പി.ഡി.പിയുടേയും, ഹിന്ദു മഹാസഭയുടേയും' പിന്തുണ സംബന്ധിച്ച തർക്കങ്ങൾ
ഇടത്-വലത് മുന്നണികൾ രൂക്ഷാക്കിയപ്പോൾ. ഇരുമുന്നണികളും വർഗ്ഗീയ കാർഡ്
ഇറക്കുന്നതായി ബി.ജെ.പി യും പ്രചാരണായുധമാക്കി.
ഇടത് മുന്നണിയെ പിന്തുണയ്ക്കുമെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി
(പി.ഡി.പി). യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ പിന്തുണക്കുമെന്ന്
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെൽഫെയർ പാർട്ടി. ഇടത്പക്ഷ
പിന്തുണയോടെ വിജയിച്ച നിലമ്പൂർ നഗരസഭാ കൗൺസിലർ എരഞ്ഞിക്കൽ
ഇസ്മായിലും സംഘവും എൽ.ഡി.എഫിനെ വെട്ടിലാക്കി തൃണമൂൽ
കോൺഗ്രസ്സിൽ ചേർന്ന് അൻവറിനെ പിന്തുണയ്ക്കുന്നതായി വാർത്താ
സമ്മേളനവും വിളിച്ച് കൂട്ടി. ജെ.ഡി.എസ് ദേശീയ കൗൺസിലർ കൂടിയാണ്
എരത്തിക്കൽ ഇസ്മയിൽ. അഖില ഭാരത ഹിന്ദു മഹാസഭ എൽ.ഡി.എഫ്
സ്ഥാനാർത്ഥി എം. സ്വരാജിനെ പിന്തുണക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് സ്വാമി
ദത്താത്രേയ സായി സ്വരൂപനാഥ് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
തന്ത്ര-കുതന്ത്രങ്ങൾ
പ്രാദേശിക വിഷയങ്ങളിൽ ഇരുമുന്നണി നേതാക്കളും അതിർ വരമ്പില്ലാതെ
ഇടപെടുന്നുണ്ട്. അനന്തു എന്ന വിദ്യാത്ഥി പന്നിക്കെണിയിൽ കുരുങ്ങി ഷോക്കേറ്റ്
മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ഇരു മുന്നണികളും പരസ്പരം പഴി ചാരി
പ്രതിഷേധ ഷോ ശക്തമാക്കിയിരുന്നു. വനം വകുപ്പിനും, കെ.എസ്.ഇ.ബിയ്ക്കുമാണ് സംഭവത്തിന്റെ ഉത്തരവാദിത്വം എന്നാരോപിച്ച് വഴിക്കടവ്
സെക്ഷൻ ഓഫീസിലേക്ക് യു.ഡി.എഫ് മാർച്ച് നടത്തി. അനന്തുവിന്റെ
കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്ന് പ്രതിപക്ഷ നേതാവ്
വി.ഡി സതീശൻ ആവശ്യപ്പെട്ടു. സംഭവത്തിന്റെ ഉത്തരവാദിത്വം വഴിക്കടവ്
പഞ്ചായത്തിന് ആണെന്ന് ആരോപിച്ച് യു.ഡി.എഫ് ഭരിയ്ക്കുന്ന വഴിക്കടവ്
പഞ്ചായത്ത് ഓഫീസിലേക്ക് എൽ.ഡി.എഫ് പ്രവർത്തകരും മാർച്ച് നടത്തി.
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ മാർച്ച് ഉദ്ഘാടനം
ചെയ്തു. കാട്ടു പന്നികളെ വെടിവെച്ച് കൊല്ലാമെന്ന് സർക്കാർ പാസ്സാക്കിയ
നിയമം വഴിക്കടവ് പഞ്ചയത്ത് നടപ്പാക്കാത്തതാണ് മരണത്തിന് കാരണമെന്നും,
വന സംരക്ഷണ നിയമം പരിഷ്‌ക്കണമെന്ന ആവശ്യം ലോകസഭയിൽ ഇത് വരെ
കോൺഗ്രസ്സ് ഉന്നയിച്ചട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ചുരുക്കത്തിൽ വീണ്
കിട്ടിയ അവസരം പ്രചാരണത്തിൽ ഉൾപ്പെടുത്താൻ ഇരു മുന്നികളും പരമാവധി
മത്സരിച്ചു. എല്ലാ വിഭാഗം നേതാക്കളും അനന്തുവിന്റെ വീട്ടിലെത്തി പരമാവധി
കണ്ണീർ വാർക്കുകയും ചെയ്തു.
അവലോകനങ്ങൾ
സമൂഹ മാധ്യമ പ്രചാരണങ്ങളിൽ യു.ഡി.എഫ് പിറകിലാണെന്നാണ് മുസ്ലിംലീഗ്
അവലോകന യോഗത്തിൽ ഉയർന്ന വിമർശം. 'വാർ റൂം' ഒരുക്കിയെങ്കിലും
പ്രചാരണത്തിൽ മേൽക്കൈ നേടാൻ ആയിട്ടില്ലെന്നും, എൽ.ഡി.എഫിന്റെ
സംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, യു.ഡി.എഫ് സമൂഹ മാധ്യമ
പ്രചാരണങ്ങളിൽ ഏറെ പിറകിലാണെന്നുമായിരുന്നു യോഗത്തിലെ വിമർശം.
പ്രചാരണം അവസാന ലാപ്പിലെങ്കിലും പഴുതടച്ച നീക്കം നടത്തണമെന്നും,
ഇക്കാര്യത്തിൽ വീഴ്ച ഉണ്ടാകരുതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പ്രവർത്തകരെ
ഓർമ്മപ്പെടുത്തി. സോഷ്യൽ മീഡിയാ പ്രചാരണത്തിന്റെ ചുമതല യൂത്ത്‌ലീഗ്
നേതാവ് പി.കെ ഫിറോസിനാണ്. 2016-ൽ ആര്യാടൻ ഷൗക്കത്ത് നേരിട്ട അത്ര തന്നെ
എതിർപ്പുകൾ ഇപ്പോൾ മണ്ഡലത്തിൽ ഇല്ലെന്നും, സാമുദായിക
സംഘടനകളുമായി ഷൗക്കത്ത് സൗഹൃദം നില നിർത്തുന്നതിനാൽ ആ നിലക്കുള്ള
എതിർപ്പിന് കുറവുള്ളതായും യോഗം അഭിപ്രായപ്പെട്ടു. ഷൗക്കത്ത് വിരദ്ധ
വോട്ടുകൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി സ്വരാജിന് ലഭിയ്ക്കില്ലെന്ന
വിലയിരുത്തലും യോഗത്തിലുണ്ടായി. അതേസമയം പ്രചാരണത്തിൽ വൻ
തോതിലുള്ള മുൻകൈ നേടിയതായും. പതിനായിരത്തിനോ, അതിന് മുകളിലോ
വോട്ടുകൾക്ക് എൽ.ഡി.എഫ് സ്ഥാനാർത്ഥി സ്വരാജ് വിജയിക്കുമെന്നാണ് ഇടത്
പാളയത്തിലെ വിലയിരുത്തൽ. സ്വതന്ത്രനായ അൻവറാകട്ടെ, മറ്റൊരു തന്ത്രമാണ്
പയറ്റിയത്. അഭ്യുതകാംക്ഷികളായ വോട്ടർമാർ ഒരു രൂപാ വീതം തന്റെ ബാങ്ക്
എക്കൗണ്ടിലേയ്ക്ക് അയക്കണമെന്നാവശ്യപ്പെടുകയായിരുന്നു. തനിയ്ക്ക്
ലഭിയ്ക്കുന്ന വോട്ടുകളുടെ എണ്ണം നിജപ്പെടുത്തുന്നതിനായിരുന്നു ഇത്. 75.000
വോട്ടുകൾ താൻ നേടുമെന്ന് അൻവറും അവകാശപ്പെടുന്നു. സാധാരണക്കാരുടെ
സ്ഥാനാർത്ഥി ആയാണ് മത്സരിക്കുന്നതെന്ന് പ്രഖ്യാപിച്ച് പ്രകടനമായി നിലമ്പൂർ
താലൂക്ക് ഓഫീസിലെത്തി, ഒരോ വീതം കർഷകൻ, ഓട്ടോതൊഴിലാളി, റബ്ബർ
ടാപ്പിംഗ് തൊഴിലാളി എന്നിവരുമായാണ് അൻവർ നാമനിർദ്ദേശ പത്രിക
സമർപ്പിച്ചിരുന്നത്. യു.ഡി.എഫും, എൽ.ഡി.എഫും തമ്മിലുള്ള രാഷ്ട്രീയ
മത്സരമാണെന്ന് ഇരു മുന്നണികളും അവകാശപ്പെടുന്നെങ്കിൽ കൂടി പി.വി അൻവർ
ഗോദയിലുള്ളത് വലിയ ചലനം സൃഷ്ടിക്കുമെന്ന് നിരീക്ഷിക്കുന്നവരും ഏറെയാണ്.
അൻവറും,തൃണമൂലും
അൻവറിന്റെ ടി.എം.സി സ്ഥാനാർത്ഥി പത്രിക നിരസിച്ചതിൽ മമതാ ബാനർജി
കടുത്ത അതൃപ്തിയിലാണെന്നാണ് അറിയുന്നത്. പാർട്ടി യുടെ കേരള ഘടകം
കൺവീനർ കൂടി യായ അൻവറിന്റെ പത്രിക തള്ളപ്പെട്ടത് ബോധപൂർവ്വം
വരുത്തിയ സാങ്കേതിക പിഴവ് മൂലമാണെന്നാണ് തൃണമൂൽ നേതൃത്വം
വിലയിരുത്തിയിട്ടുള്ളത്. തൃണമൂലും. കോൺഗ്രസ്സും തമ്മിൽ ദേശീയ തലത്തിൽ
അത്ര നല്ല ബന്ധത്തിലല്ല. ബംഗാളിലെ കാളിഗഞ്ച് നിയോജക മണ്ഡലത്തിലെ ഉപ
തെരഞ്ഞെടുപ്പിൽ ടി.എം.സി സ്ഥാനാർത്ഥിക്കെതിരെ കോൺഗ്രസ്സ് പത്രിക
നൽകിയത് മമതയെ ചൊടിപ്പിച്ചിരുന്നു. ഇതിന് പകരമായി, നിലമ്പൂരിൽ
കോൺഗ്രസ്സിനെതിരെ അൻവർ മത്സരിയ്ക്കമെന്ന് മമതാ ബാനർജിയ്ക്ക് പ്രത്യേക
താൽപ്പര്യവും ഉണ്ടായിരുന്നു. പാർട്ടിയുടെ പൂവും പുല്ലും ചിഹ്നത്തിൽ
മത്സരിക്കാൻ അൻവറിനാണെങ്കിൽ താത്പ്പര്യവുമില്ലായിരുന്നു. കാരണം
മലയാളികൾക്ക് ഈ ചിഹ്നം അത്ര പരിചിതമല്ല എന്നാണ് അൻവർ
വിലയിരുത്തിയത്. തന്റെ ഭാഗ്യ ചിഹ്നമായ ഒട്ടോറിക്ഷ ഇത്തവണയും
ചിഹ്നമായി ലഭിയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു അൻവർ. മമതയെ
പിണയ്ക്കാതെ തന്നെ മത്സരിക്കാനാണ് അൻവർ നീക്കം നടത്തിയത്. തൃണമൂൽ
കോൺഗ്രസ്സ്, ബംഗാളിൽ മാത്രം രജിസ്റ്റർ ചെയ്ത പാർട്ടി ആയതിനാൽ ആ പാർട്ടി
സ്ഥാനാർത്ഥിയായി മറ്റൊരു സ്റ്റേറ്റിൽ മത്സരിക്കണമെങ്കിൽ, പാർട്ടി കേന്ദ്ര
കമ്മറ്റിയുടെ അനുമതിപത്രം കൂടാതെ പത്രികയോടൊപ്പം, പത്രികയിൽ 10
വോട്ടർമാർ ഒപ്പിടുക കൂടി വേണം. ഇപ്രകാരം 10 പേർ ഒപ്പിടാത്ത കാരണമാണ് ആ
പത്രിക തള്ളിയതും. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി എന്ന പുതിയ
രാഷ്ട്രീയ മുന്നണിയുമായാണ് അൻവറിപ്പോൾ മത്സര രംഗത്തുള്ളത്. പാർട്ടി
ചിഹ്നമില്ലെങ്കിലും സ്വന്തം സ്ഥാനാർത്ഥിയാണ് അൻവറെന്ന് തൃണമൂൽ കോൺഗ്രസ്സ്
ദേശീയ സമിതി വ്യക്തമക്കിയട്ടുണ്ട്.
കലങ്ങിത്തെളിയും
കത്രിക ചിഹ്നത്തിലാണ് അൻവർ മത്സരിക്കുന്നത്. കേരള രാഷ്ട്രീയത്തിൽ അൻവർ
മുന്നോട്ട് വെച്ച രാഷ്ട്രീയം നിലമ്പൂർ തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചാകും ഇനി
മുന്നോട്ട് നീങ്ങുക. അൻവർ എന്ന രാഷ്ട്രീയക്കാരനെ കേരളത്തിന്
പരിചിതമായിരുന്നില്ല. ദേശീയ പോരാട്ടങ്ങളിൽ കോൺഗ്രസ്സിന് കരുത്ത് പകർന്ന
ഒരു കുടുംബ പശ്ചാത്തലം അൻവറിനുണ്ടെന്ന് പറയാം. പഠന കാലത്ത്
കെ.എസ്.യു പ്രവർത്തകനായിരുന്നു. അക്കാലം മുതൽ തന്നെ കെ
കരുണാകരനുമായും. കെ മുരളീധരനുമായുമൊക്കെ അടുത്ത ബന്ധവും അൻവർ
പുലർത്തിയിരുന്നു. എന്നാൽ മലപ്പുറത്തെ കോൺഗ്രസ്സുകാർക്കിടയിൽ അൻവർ
വേണ്ട വിധം സുപരിചിതനുമായിരുന്നില്ല. പരമ്പരാഗതമായ കോൺഗ്രസ്സ്
കുടുംബം എന്നതിനപ്പുറം അൻവറിന് രാഷ്ട്രീയത്തേക്കാൾ താത്പ്പര്യം
കച്ചവടത്തോടായിരുന്നു. റിയൽ എസ്റ്റേറ്റ് രംഗത്താണ് അൻവർ സജീവമായത്.
കരുണാകരൻ ഡി.ഐ.സി രൂപീകരിച്ച വേളയിൽ അൻവർ ഡി.ഐ.സി യിൽ
അംഗമായതോട് കൂടിയാണ് അൻവറിന്റെ രാഷ്ട്രീയ ചുവട് വയ്പ്പ്. 2011-ലെ
നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശം ഇതായിരുന്നു. അൻവർ രണ്ടാം
സ്ഥാനത്തെത്തി. അന്ന് സി.പി.ഐ സ്ഥാനാർത്ഥി അഷ്റഫ് കാളിയത്തിനെ നാലാം
സ്ഥാനത്തേക്ക് പിന്തള്ളി. 2016-ൽ തട്ടകം മാറ്റി അൻവർ നിലമ്പൂരിലെത്തിയപ്പോൾ,
സ്വന്തം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കതെ, ഇടത് പക്ഷം അൻവറിനെ പിന്തുണച്ചു.
ആദിവാസി പിന്നോക്ക വിഭാഗ മേഖലകളിൽ ഉണ്ടായിരുന്ന യു.ഡി.എഫ്
വോട്ടുകളിലായിരുന്നു അൻവർ കണ്ണ് നട്ടിരുന്നത്. അമിത വിജയ പ്രതീക്ഷകൾ
പുലർത്തിയിരുന്ന കോൺഗ്രസ്സ് നേതൃത്വത്തിന് കടുത്ത തിരിച്ചടി നൽകി കൊണ്ട്
എതിരാളിയായ ആര്യാടൻ ഷൗക്കത്തിനെ അൻവർ മലർത്തിയടിച്ചു.
ആര്യാടൻമാരുടെ കുടുംബ ആധിപത്യത്തിനെ അൻവർ ഉയർത്തിയ സ്വര
ഫലമായിരുന്നു ആ വിജയത്തിന് പിന്നിൽ. നിലമ്പൂരിലെ കോൺഗ്രസ്സ് കുത്തക
അവസാനിപ്പിച്ചു എന്ന് സ്വാഭാവികമായും പ്രചരിച്ചു. അത് ശരി
വയ്ക്കുന്നതായിരുന്നു 2021-ലെ തെരഞ്ഞെടുപ്പ് ഫലം. അൻവർ വീണ്ടും
നിലമ്പൂരിന്റെ എം.എൽ.എ ആയി.
സതീശനും അൻവറും
കോൺഗ്രസ്സുമായി ദേശീയ തലത്തിൽ സ്വരച്ചേർച്ച ഇല്ലാത്ത തൃണമൂൽ
കോൺഗ്രസ്സിൽ അഭയം പ്രാപിച്ച അൻവറിന്. യു.ഡി.എഫിലെത്താൻ അത്
വിലങ്ങ് തടിയായി. നിലവിലുണ്ടായിരുന്ന സ്വീകാര്യതയ്ക്ക് മങ്ങലേൽക്കുന്ന
തരത്തിലാണ് അൻവറിന്റെ രാഷ്ട്രീയം തുടർന്ന് ചലിച്ചത്. അൻവർ തന്നെ
ഉണ്ടാക്കിയ ഒരു ഉപ തെരഞ്ഞെടുപ്പിൽ അൻവർ നായകനും, പ്രതി നായകനും
ആയി മാറി. നിരുപാധിക പിന്തുണ നൽകി, യു.ഡി.എഫിൽ കേറിക്കൂടാനുള്ള
സാധ്യത പരീക്ഷിക്കുന്നതിന് പകരം, സമ്മർദ്ധ ബ്ലാക്മെയിൽ രാഷ്ട്രീയമാണ്
അൻവർ പയറ്റിയത്. രാഷ്ട്രീയ വിജയത്തിനായി അദ്ദേഹം കണ്ടെത്തിയ
വഴികളെല്ലാം തന്നെ ചീറ്റി. ഒടുവിൽ ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി എന്ന
പേരിൽ ഒരു മുന്നണി രൂപീകരിച്ചു. തൃണമൂൽ കോൺഗ്രസ്സിന്റെ പേരിൽ അൻവർ
നൽകിയ ഒരു സെറ്റ് പത്രിക തള്ളിയതോടെ, ആ പാർട്ടിയുടെ പേരോ ചിഹ്നമോ
ഉപയോഗിച്ച് അൻവറിന് പ്രചാരണം നടത്താൻ സാധിച്ചതുമില്ല. ബംഗാൾ
മുഖ്യമന്ത്രി മമത ബാനർജിയെ ഉൾപ്പെടെയുളള പ്രമുഖരെ കേരളത്തിലെത്തിച്ച്
പ്രചാരണം നടത്താനുള്ള അൻവറിന്റെ നീക്കങ്ങളും ഇതോടെ ചീറ്റി. കോൺഗ്രസ്സ്
സ്ഥാനാർഥി പരാജയപ്പെട്ടാൽ, അത് അൻവറിന്റെ രാഷ്ട്രീയത്തിനുള്ള
തിരിച്ചടിയാകും. അൻവർ പരാജയപ്പെട്ടാലും അതേ അവസ്ഥ തന്നെ.
മറ്റൊരർത്ഥത്തിൽ അമിതാവേശം കാണിച്ച് സ്വയം എരിഞ്ഞടങ്ങിയേക്കാവുന്ന
ചിത്രം.
മലപ്പുറം ജില്ലാ പോലീസ് സുപ്രണ്ടിന്റെ ക്യാമ്പ് ഓഫീസ് പരിസരത്ത് നിന്ന്
അനധികൃതമായി മരം മുറിച്ച് കടത്തിയ സംഭവത്തിൽ ഒറ്റയാൾ സമരവുമായി
അൻവർ രംഗത്ത് വന്നതോടെയാണ് സി.പി.എം നേതൃത്വവുമായി അൻവർ
അകലാനിടയാകുന്നത്. അത് പിന്നീട് തുടർ വാർത്തകൾക്ക് വഴി മരുന്നായി
മാറുകയും ചെയ്തു. പാർട്ടിയേയും, മുഖ്യമന്ത്രിയേയും പോർ വിളിച്ച് ഇടത്
പാളയത്തിൽ നിന്ന് അൻവർ പടിയിറങ്ങിയത് സി.പി.എമ്മിന് രാഷ്ട്രീയപരമായ
തിരിച്ചടിയായി. പല ഘട്ടങ്ങളിലും അവ്യക്തതയാണ് അൻവറിന്റെ
നിലപാടുകളിൽ നിഴലിച്ചത്. നിലനിൽപ്പിനായി ചേക്കാറാൻ ഇടം കിട്ടാത്തത് മൂലം.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ അൻവർ പല തവണ
ആഞ്ഞടിച്ചിരുന്നു. ആരേയും ബഹുമാനിക്കാത്ത രീതിയാണ് വി.ഡി.
സതീശന്റേതെന്നും, ഹിറ്റ്‌ലർ ശൈലിയിലേക്ക് സതീശൻ മാറിയതായും അൻവർ
ആരോപിച്ചു. കരുണാകരന്റെ കൂടെ മന്ത്രിയായിട്ടുള്ള കുഞ്ഞാലിക്കുട്ടിക്ക്
പോലും സതീശൻ വില കൽപ്പിച്ചില്ലെന്നും, വി.ഡി. സതീശന്റെ നിലപാടുകൾ 2026-
ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വൻ തിരിച്ചടി നൽകും. നിലമ്പൂരിൽ
വി.എസ് ജോയിയെ സ്ഥാനാഥിയാക്കാഞ്ഞത് സതീശന്റെ ഗ്രൂപ്പുകാരനല്ലാത്തത്
കൊണ്ടാണെന്നും അൻവർ ആരോപിച്ചു. നിലമ്പൂർ സീറ്റിൽ താനില്ലാതെ
വിജയിക്കാൻ യു.ഡി.എഫിന് കഴിയില്ല എന്നായിരുന്നു തുടക്കം തൊട്ടുള്ള
അൻവറിന്റെ നിലപാടും.
അൻവറിന്റെ സമ്മർദ്ദ തന്ത്രങ്ങളെയെല്ലാം ചെറുത്ത് നിലകൊണ്ട പ്രതിപക്ഷ
നേതാവ് വി.ഡി സതീശൻ, പ്രതിപക്ഷ നേതാവായ ശേഷം ഉണ്ടായ ഉപതെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന്റെ മൂന്ന് സീറ്റുകളിലും മുൻ കാലത്തേക്കാൾ ഇരട്ടിയിലധികം ഭൂരിപക്ഷം നേടിയാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ
വിജയിച്ചത്. മൂന്നിടത്തും പ്രചാരത്തിന് നേതൃത്വം നൽകിയതും വി.ഡി സതീശൻ
തന്നെയായിരുന്നു. സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റായ നിലമ്പൂരിൽ,
അൻവറിന്റെ സമ്മർദ്ധത്തിനും. തത്പ്പര്യത്തിനും വഴങ്ങാതെ തന്നെ
കോൺഗ്രസ്സിന് വിജയിക്കാനാകും എന്നാണ് വി.ഡി സതീശൻ വ്യക്തമാക്കിയത്.
കാര്യങ്ങൾ അങ്ങനെയാണ് സംഭവിക്കുന്നതെങ്കിൽ, വി.ഡി സതീശന്റെ
കിരീടത്തിൽ പൊൻ തൂവൽ ഉയരും. മറിച്ച് നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത്
പരാജയപ്പെടുന്ന അവസ്ഥയാണ് ഉണ്ടാകുന്നതെങ്കിൽ, കേരള രാഷ്ട്രീയത്തെ
ഇളക്കിമറിച്ച അൻവറിന്റെ വെളിപ്പെടുത്ത ലുകളെല്ലാം വൃഥാവിലാകുമെന്ന്
മാത്രമല്ല, മുസ്ലിംലീഗും, കോൺഗ്രസ്സിലെ മറു വിഭാഗവും സതീശനെ പുകച്ച്
ചാടിക്കുകയും ചെയ്യും. എന്താണ് ഉണ്ടാവുക. കാത്തിരിക്കുക. നിലമ്പൂരിലെ
വോട്ടുകൾ എണ്ണിത്തീരും വരെ.
.











