05:51am 13 November 2026
NEWS
"കാത്തിരിക്കൂ, ഞാൻ വിളിക്കാം" മുഖ്യമന്ത്രിസ്ഥാനം മോഹിക്കുന്ന ഡി കെ ശിവകുമാറിന് രാഹുൽ ഗാന്ധിയുടെ വാട്സ്ആപ് സന്ദേശം
27/11/2025  05:03 PM IST
വിഷ്ണുമംഗലം കുമാർ
കാത്തിരിക്കൂ, ഞാൻ വിളിക്കാം മുഖ്യമന്ത്രിസ്ഥാനം മോഹിക്കുന്ന ഡി കെ ശിവകുമാറിന് രാഹുൽ ഗാന്ധിയുടെ വാട്സ്ആപ് സന്ദേശം

നേതൃമാറ്റം എന്ന വിപ്ലവം നടക്കുമെന്ന് കരുതിയിരുന്ന നവംബർ കടന്നുപോകുമ്പോൾ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അക്ഷമനും നിരാശിതനുമാണ്. രാഹുൽ ഗാന്ധിയുടെ ഇടപെടൽ ഉണ്ടായാലേ എന്തെങ്കിലും നടക്കുകയുള്ളൂ. രാഹുൽ വിചാരിച്ചാലും ശിവകുമാറിന് മുഖ്യമന്ത്രിക്കസേര അത്ര എളുപ്പത്തിൽ കിട്ടുമെന്ന് പറയാനുമാകില്ല. കാരണം കർണാടകം ഭരിക്കുന്ന കോൺഗ്രസ്സിലെ സ്ഥിതിഗതികൾ സങ്കീർണ്ണമാണ്. അനുയായികളെ ഡൽഹിയിലേക്കയച്ച് പരിശ്രമം തുടരുന്നതിനിടയിലാണ് രാഹുലിന്റെ സന്ദേശം തെല്ലാശ്വാസം പകർന്നുകൊണ്ട് ശിവകുമാറിന് ലഭിച്ചത്. "അത് നാലഞ്ചു പേർക്ക് മാത്രമറിയാവുന്ന രഹസ്യമാണ്. കൂടുതൽ വിശദീകരിച്ച് നേതൃത്വത്തെ ബുദ്ധിമുട്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല" നേതൃമാറ്റ ധാരണ സൂചിപ്പിച്ചുകൊണ്ട് ശിവകുമാർ പറയുകയുണ്ടായി.ഹൈക്കമാണ്ടുമായി  അടുപ്പമുള്ള വൈദ്യുതി മന്ത്രി കെ ജെ ജോർജ്ജ്, ആഭ്യന്തരമന്ത്രി ഡോക്ടർ ജി പരമേശ്വര, മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ബസവരാജ് രായ റെഡ്‌ഡി എന്നിവരുടെ പ്രസ്താവനകളാണ് മനസ്സ് തുറക്കാൻ ശിവകുമാറിനെ നിർബന്ധിതനാക്കിയത്. മുഖ്യമന്ത്രിസ്ഥാനം പങ്കിടാനുള്ള ധാരണയൊന്നും രണ്ടരവർഷം മുമ്പ് കോൺഗ്രസ്സ് നിയമസഭാകക്ഷിയോഗം സിദ്ധരാമയ്യയെ നേതാവായി തിരഞ്ഞെടുക്കുമ്പോൾ ഉണ്ടാക്കിയിരുന്നില്ലെന്നാണ് അവർ തുറന്നടിച്ചത്. ആ സാഹചര്യത്തിലാണ് അത് നാലഞ്ചു പ്രമുഖർക്ക് മാത്രമറിയാവുന്ന കാര്യമാണെന്ന് ശിവകുമാർ വെളിപ്പെടുത്തിയത്. ഭവനമന്ത്രി സമീർ അഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്. " ഇപ്പോൾ സിദ്ധരാമയ്യയാണ് നേതാവ്. അടുത്ത ഊഴം ശിവകുമാറിന്റെതാണ്. അടുത്ത തവണയും പാർട്ടിയെ അധികാരത്തിലെത്തിക്കാൻ ഞങ്ങൾ ഒരുമിച്ച് പരിശ്രമിക്കും" ജോർജ്ജും പരമേശ്വരയും സമീർ അഹമ്മദ് ഖാനുമൊക്കെ സിദ്ധരാമയ്യയുമായി വ്യക്തിപരമായി അടുപ്പം പുലർത്തുന്നവരും അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്ത് തുടരണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. അധികാരം പങ്കിടാനുള്ള ധാരണയൊന്നും ഉണ്ടായിരുന്നില്ലെന്ന് സിദ്ധരാമയ്യയും ആവർത്തിച്ചുവ്യക്തമാക്കുന്നു. ഹൈക്കമാണ്ട് ഇടപെട്ട് ആശയക്കുഴപ്പം മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്യുന്നു. അതിനിടയിൽ പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുമായി ശിവകുമാർ ചർച്ച നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുണർത്തി. സിദ്ധരാമയ്യയുടെ അടുത്ത അനുയായിയായ ജാർക്കിഹോളി ശിവകുമാറിന്റെ ശത്രുപക്ഷത്ത് നിൽക്കുന്ന നേതാവാണ്. പിസിസി അധ്യക്ഷപദവി ലഭിച്ചാൽ മന്ത്രിസ്ഥാനം ഉപേക്ഷിക്കാൻ പോലും തയ്യാറായി നിൽക്കുകയാണ് അദ്ദേഹം. മുഖ്യമന്ത്രിയാകാൻ സഹായിച്ചാൽ പിസിസി അധ്യക്ഷനാക്കാമെന്ന് ശിവകുമാർ ജാർക്കിഹോളിയ്‌ക്ക് ഉറപ്പുനല്കിയതായറിയുന്നു. മുപ്പതോളം എം എൽഎ മാരുടെ പിന്തുണയുള്ള ദളിത് നേതാവാണ് ജാർക്കിഹോളി. ഡിസംബർ ഒന്നിന് പാർലമെന്റ് സമ്മേളനം ആരംഭിക്കും മുമ്പ് രാഹുൽ ഗാന്ധി കർണാടക തർക്കത്തിൽ ഇടപെടുമെന്നാണ് സൂചന. രാഹുലും സോണിയയും ഖാർഗെയും ഒന്നിച്ചിരുന്ന് ഒരു പോംവഴി കണ്ടെത്താൻ ശ്രമിക്കും. എന്നാലത് നിലവിലെ സാഹചര്യത്തിൽ നേതൃമാറ്റത്തിലേക്ക് എത്താനിടയില്ല. സി എൽ പിയിൽ ഭൂരിപക്ഷ പിന്തുണ ഇപ്പോഴും തനിക്കാണെന്ന ആത്മവിശ്വാസത്തോടെയാണ് രാഷ്ട്രീയ പ്രതിസന്ധികളെ സമർത്ഥമായി നേരിടാനറിയുന്ന സിദ്ധരാമയ്യ മുന്നോട്ട് പോകുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img