
ബിഗ് ബോസ് താരം മുത്തുകുമരൻ ജഗദീശനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വാഹിദ അക്ദർ ആത്മഹത്യാശ്രമം നടത്തിയതായി റിപ്പോർട്ട്. ആശുപത്രിയിൽ ചികിത്സയിലാണെന്ന സൂചന നൽകുന്ന വാഹിദയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മുത്തുകുമരനുമായുള്ള ബന്ധത്തിൽ താൻ വഞ്ചിക്കപ്പെട്ടെന്നും കടുത്ത മാനസിക സമ്മർദത്തിലാണെന്നും ആരോപിച്ചുകൊണ്ടാണ് വാഹിദ നേരത്തെ രംഗത്തെത്തിയത്.
‘നിർഭാഗ്യവശാൽ ആശുപത്രിയിൽ ജീവനോടെയുണ്ട്, അതുകൊണ്ട് ആശങ്കപ്പെടേണ്ട’ എന്നായിരുന്നു വാഹിദ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. തന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഉത്തരവാദി മുത്തുകുമരനാണെന്ന് ആരോപിക്കുന്ന വിഡിയോയും ഇൻഫ്ലുവൻസർ നേരത്തെ പങ്കുവച്ചിരുന്നു.
മുത്തുകുമരൻ തന്നെ വിശ്വസിപ്പിച്ച ശേഷം വഞ്ചിച്ചുവെന്നായിരുന്നു വാഹിദയുടെ ആരോപണം. താൻ പറഞ്ഞ കാര്യങ്ങളെല്ലാം നുണയായിരുന്നോ എന്ന് ചോദിച്ച വാഹിദ, ഇനി തന്നെ ബന്ധപ്പെടരുതെന്നും വീണ്ടും മാനസികമായി തളർത്തരുതെന്നും കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു ഈ പ്രതികരണം.
വിവാഹവാഗ്ദാനം നൽകി ബന്ധത്തിലേക്ക് കടന്നുവെന്ന് ആരോപണം
പ്രണയത്തകർച്ചയിലൂടെ കടന്നുപോകുന്ന സമയത്താണ് മുത്തുകുമരനെ പരിചയപ്പെട്ടതെന്നും പിന്നീട് അദ്ദേഹത്തിന്റെ സ്നേഹത്തിൽ വീണുപോകുകയായിരുന്നെന്നും വാഹിദ പറയുന്നു. താൻ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണെന്ന് അറിയാമായിരുന്നിട്ടും വിവാഹം കഴിക്കാമെന്ന് മുത്തുകുമരൻ ഉറപ്പുനൽകിയെന്നാണ് ആരോപണം.
ഈ വാഗ്ദാനത്തിൽ വിശ്വസിച്ചാണ് ശാരീരിക ബന്ധത്തിലേക്ക് കടന്നതെന്നും പിന്നീട് ബന്ധം തുടരാൻ താൽപര്യമില്ലെന്ന് മുത്തുകുമരൻ അറിയിച്ചെന്നുമാണ് വാഹിദയുടെ വെളിപ്പെടുത്തൽ. മാനസികമായും ലൈംഗികമായും ചൂഷണം ചെയ്ത് തന്നെ വഞ്ചിച്ചുവെന്നും വാഹിദ ആരോപിക്കുന്നു. എന്നാൽ, ഈ ആരോപണങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.
സ്വന്തം പ്രണയബന്ധങ്ങളെയും വിവാഹജീവിതത്തെയും കുറിച്ച് തുറന്നുപറഞ്ഞ വിഡിയോയിലൂടെയാണ് വാഹിദ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. പിന്നീട് ഈ വിഡിയോ നീക്കം ചെയ്തു. നിലവിൽ ഇൻസ്റ്റഗ്രാം പ്രൊഫൈലിലെ മറ്റു റീലുകളും നീക്കം ചെയ്തിട്ടുണ്ട്.
മുത്തുകുമരനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതികരണം
വാഹിദയുടെ വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ മുത്തുകുമരനെതിരെ സമൂഹമാധ്യമങ്ങളിൽ നിരവധി പ്രതികരണങ്ങളാണ് ഉയരുന്നത്. ഇരുവരും തമ്മിലുള്ള ബന്ധത്തിലെ തർക്കങ്ങളും അതുമായി ബന്ധപ്പെട്ട മാനസിക സമ്മർദങ്ങളുമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. വിഷയത്തിൽ മുത്തുകുമരന്റെ പ്രതികരണം ലഭ്യമായിട്ടില്ല.
തമിഴ് ബിഗ് ബോസ് സീസൺ 8-ലെ വിജയിയാണ് മുത്തുകുമരൻ ജഗദീശൻ. വ്യത്യസ്തമായ റീലുകളിലൂടെ ശ്രദ്ധ നേടിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് വാഹിദ അക്ദർ.











