04:21am 08 October 2026
NEWS
‘വീണത് കുളത്തിലേക്ക് മാത്രമല്ല, ലിബറൽ സംസ്കാരത്തിലേക്കും’; വനിതാ മെമ്പറെ കുളത്തിൽ തള്ളിയിട്ട സംഭവത്തിൽ വഹാബ് സഖാഫിയുടെ രൂക്ഷ വിമർശനം
06/10/2026  12:05 PM IST
nila
‘വീണത് കുളത്തിലേക്ക് മാത്രമല്ല, ലിബറൽ സംസ്കാരത്തിലേക്കും’; വനിതാ മെമ്പറെ കുളത്തിൽ തള്ളിയിട്ട സംഭവത്തിൽ വഹാബ് സഖാഫിയുടെ രൂക്ഷ വിമർശനം

മലപ്പുറം: മുസ്ലിം ലീഗ് എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന കുളം ഉദ്ഘാടന ചടങ്ങിനിടെ വനിതാ മെമ്പറെ വെള്ളത്തിലേക്ക് തള്ളിയിട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രമുഖ ഇസ്‌ലാമിക പ്രഭാഷകനും കാന്തപുരം സുന്നി വിഭാഗം നേതാവുമായ വഹാബ് സഖാഫി മമ്പാട്. കുളത്തിലേക്ക് വീണത് ഒരു വനിത മാത്രമല്ലെന്നും, ഇസ്‌ലാമിക മൂല്യങ്ങൾക്ക് വിരുദ്ധമായ ലിബറൽ സംസ്കാരത്തിലേക്കുള്ള വീഴ്ച കൂടിയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.

കുളം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പാർട്ടിയിലെ തന്നെ മറ്റൊരു അംഗം വനിതാ അംഗത്തെ വെള്ളത്തിലേക്ക് തള്ളിയിട്ടത്. സംഭവത്തെ ലിബറൽ സംസ്കാരത്തിന്റെ പ്രതിഫലനമായി വിശേഷിപ്പിച്ച വഹാബ് സഖാഫി, പുതിയ തലമുറയെ ഇത്തരം പ്രവണതകളിൽ നിന്ന് വഴിതിരിച്ചുവിടാൻ മതസംഘടനകളും നേതാക്കളും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.

മുസ്ലിം പെൺകുട്ടികളിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് കെ.എം. ഷാജി നേരത്തെ പങ്കുവെച്ച ആശങ്കകൾ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറയെ വഴിതെറ്റിക്കുന്ന പ്രവണതകൾക്കെതിരെ പണ്ഡിതന്മാരും ഖാളിമാരും കൂടുതൽ സജീവമായി രംഗത്തുവരേണ്ട സമയമാണിതെന്നും വഹാബ് സഖാഫി അഭിപ്രായപ്പെട്ടു.

ലിബറൽ ആശയങ്ങളും നിരീശ്വരവാദ ചിന്തകളും മുസ്ലിം പെൺകുട്ടികളെ സ്വാധീനിക്കുന്ന സാഹചര്യം തടയാൻ വൈകാതെ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്കിടെ മതമൂല്യങ്ങളും പുതുതലമുറയുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ട വിഷയങ്ങളും വീണ്ടും സജീവ ചർച്ചയാകുകയാണ്.

വഹാബ് സഖാഫി മമ്പാട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം:

'മുസ്ലിം പെൺകുട്ടികളിലുണ്ടാകുന്ന മാറ്റത്തെ കുറിച്ച് കെ എം ഷാജി പങ്കുവെച്ച ആശങ്ക എത്രമേൽ ഗൗരവതരമാണ്?.ആ മാറ്റം ശരിയായ പുരോഗതിയാണോ? ഒരു മുസ്ലിം ലീഗ് എം എൽ എയുടെ നേതൃത്വത്തിൽ നടന്ന കുളമുൽഘാടന ചടങ്ങാണ്. അതെ പാർട്ടിയിലെ മെമ്പർ മറ്റൊരു വനിതാ മെമ്പറെ ഉത്ഘാടന ചടങ്ങിന്റ് ഭാഗമായി കുളത്തിൽ തള്ളി യിടുകയാണ്. ഇവിടെ ശരിക്കും വീണ് പോകുന്നത് കുളത്തിലേക്ക് മാത്രമല്ല. ഇസ്ലാം വിരുദ്ധ ലിബറൽ സംസ്‌കാരത്തിലേക്ക് കൂടിയാണ്. ഈ ഒരു തലമുറയെ അഡ്രസ്സ് ചെയ്യാനുള്ള എന്താണ് മത സംഘടനകളുടെ കയ്യിലുള്ളത്? ഇത്തരം മതവിരുദ്ധ ലിബറൽ സംസ്‌കാരത്തിലേക്ക് വീണ് പോകുന്ന പുതിയ ജെൻസിയെ വഴി നടത്താൻ എന്ത് മാർഗമാണ് സമുന്നത ഖാളിമാരുടെ മുമ്പിൽ ഉള്ളത്. മത പണ്ഡിതർക്ക് ഈ ജെൻസിയെ എങ്ങനെയാണ് തിരുത്താൻ കഴിയുക? കെ എം ഷാജിയുടെ ആശങ്ക ഈ സമുദായം മുഖ വിലക്കെടുക്കാതെ പോവരുത്. പുതിയ തലമുറയെ പലതിന്റെയും പേരിൽ വഴി തെറ്റിക്കുന്നത് അഡ്രസ്സ് ചെയ്ത്, പരിഹാരം കാണാൻ മത നേതാക്കളും സംഘടനകളും ഇനിയും വൈകിക്കൂടാ. ലിബറലുകളും നിരീശ്വര വാദികളും മുസ്ലിം പെൺകുട്ടികളെ ഇനിയും സ്വാധീനിക്കാൻ അനുവദിച്ച് കൂടാ'

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img