09:08pm 25 April 2026
NEWS
വൈപ്പിൻ - മുനമ്പം മനുഷ്യച്ചങ്ങല നാളെ (ജനുവരി 5)
04/01/2025  10:18 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വൈപ്പിൻ - മുനമ്പം മനുഷ്യച്ചങ്ങല നാളെ (ജനുവരി 5)

കോട്ടപ്പുറം : വഖഫ് നിയമത്തിൻ്റെ പേരിൽ സ്വന്തം കിടപ്പാടത്തിൻ്റെ റവന്യൂ അവകാശങ്ങൾ നഷ്ടപ്പെട്ട മുനമ്പം - കടപ്പുറം ജനത നടത്തുന്ന നീതിക്കായുള്ള സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ (ജനുവരി 5) വൈകീട്ട് നാലിന് വൈപ്പിൻ മുതൽ മുനമ്പം - കടപ്പുറം സമരപന്തൽ വരെ കോട്ടപ്പുറം - വരാപ്പുഴ രൂപത കളുടെ നേതൃത്വത്തിൽ മനുഷ്യചങ്ങല  സംഘടിപ്പിക്കുന്നു.  എറണാകുളം-അങ്കമാലി അതിരൂപതയുടെയും കൊച്ചി രൂപതയുടെയും ക്രൈസ്തവവിഭാഗങ്ങളുടെയും വൈപ്പിനിലെ എല്ലാ സുമനസുകളുടെയും സഹകരണത്തോടെയാണ് മനുഷ്യചങ്ങല സംഘടിപ്പിച്ചിട്ടുള്ളത്.

വൈകീട്ട് നാലിന് ഫോർട്ട് വൈപ്പിനിൽ നടക്കുന്ന ഉദ്ഘാടനത്തിൽ വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ, സഹായ മെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ എന്നിവർ പങ്കെടുക്കും. മുനമ്പം - കടപ്പുറം സമരപന്തലിൽ നടക്കുന്ന സമാപന സമ്മേളനത്തെ കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അഭിസംബോധന ചെയ്യും. 

കോട്ടപ്പുറം രൂപതയിലെ അഞ്ച് ഫൊറോനകളിൽ നിന്നായി എല്ലാ ഇടവകകളും ചങ്ങലയിൽ പങ്കെടുക്കുന്നുണ്ട്.മുപ്പതിനായിരത്തോളം വരുന്ന ജനങ്ങള്‍ മനുഷ്യചങ്ങലയില്‍ അണിനിരക്കും. മനുഷ്യചങ്ങലക്കു ശേഷം വൈപ്പിൻകരയിലെ ഇടവകകളിൽ മുനമ്പം -കടപ്പുറം ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് സമ്മേളനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. മുനമ്പം - കടപ്പുറം ജനതയുടെ സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനുള്ള നിരാഹാര സമരം 85 ദിവസങ്ങൾ പിന്നിടുകയാണ്. ക്രമീകരണങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img